പാപാന്ധകാരത്തില്‍ പൊള്ളുന്ന പാരിടം
പാപം കിനിയുന്നു പ്രാണന്
പിടയുന്നു
പേടിപ്പെടുത്തുന്ന രോഗം പടരുന്നു
പ്രതിരോധചങ്ങലക്കണ്ണിയിളകുന്നു
പാപസ്ഫുലിംഗങ്ങളാലിംഗനം ചെയ്തു
ചുമ്മാതെ ചുംബനം ശംഭോ, ശിവ! ശിവ!
ലിംഗഭേദങ്ങളില്ലാതെയാലിംഗനം
അമ്പാടിയിലമ്മയ്ക്കുډാദമാധുരി
ദേശാടനക്കിളി പാടിപ്പറന്നുപോയ്
വിശ്വങ്ങളെല്ലാം ജയിച്ച ചിറകടി
വിശ്വാസികളേറെ താലപ്പൊലിയേന്തി
വിശ്വങ്ങളെല്ലാമലങ്കരിച്ചു വിഭോ!
വേദത്തിലില്ലാത്തയംഗചലനങ്ങള്
ക്ഷേത്രകലയോ ഭദ്രേ ഹാ! ചൊല്ലു ശാന്തം
ശ്രുതിയുക്തിയാദികള്ക്കൊട്ടും നിരക്കാത്ത
അംഗചലനങ്ങള്‍ സുന്ദരസ്വപ്നങ്ങള്‍
ചുണ്ടിലെ ചൂണ്ടയില്‍ വീഴുന്നോരായിരം
ചെമ്പനും സ്രാവും മുറ്റും ചൂടന്‍ ചൂരയും
സങ്കോചമില്ലാതെ സാഗരമുത്തേ നീ
മുത്തം കൊടുത്താല്‍ മൂകനുണരുമോ?
പൊന്നും പണവും പ്രതാപവുമീശ്വരാ
കല്പിതം ക്ഷണികം കാലവിലോഭിനി
രാഗദ്വേഷാദിരോഗാണു സങ്കുലം
സംക്രമിക്കുന്നു സംഹാരരുദ്രയായ്
യുവതീയുവാക്കളില്‍ ആലിംഗനക്കലി
മൂത്ത യുവത്വം പകര്‍ന്നു പരസ്പരം
പരസ്യചുംബനം ചുമ്മാതാഘോഷിച്ചു
നാടും നഗരവും നാണിച്ചു നിന്നുപോയ്
ഭാവിലോകത്തിന്റെ സുന്ദരസ്വപ്നങ്ങള്‍
ഭീതി പരത്തുന്നു പാപക്കുരിശ്ശേന്തി
കാരുണ്യമില്ലാതെ കൊറോണക്കൊലയാളി
പെയ്തൊഴിയാതെയനന്തമായ് നീളുന്നു
ഭാരതഖണ്ഡത്തിനാകെ അപമാനം
വാരിച്ചൊരിഞ്ഞവതാര പൂജ്യമേ!
മാതൃത്വമില്ലാതെ മാതാവെന്നോതുന്നു
ഹാ! മായാവിലാസം അജ്ഞാനസാധന
അഭിനയകാലം കഴിഞ്ഞു സോദരി
കാലമടുക്കുന്നരങ്ങൊഴിഞ്ഞീടുക.