ധര്‍മ്മ ഏവ പരം ദൈവം
ധര്‍മ്മ ഏവ മഹാധനം
ധര്‍മ്മ സര്‍വ്വത്ര വിജയീ
ഭവതു ശ്രേയസ്സേ നൃണാം
പ്രപഞ്ചത്തിന് ഒക്കെ ആധാരമായിരിക്കുന്ന പരമമായ ദൈവത്തെ ധര്‍മ്മം എന്നു രണ്ടക്ഷരത്തില്‍ സംഗ്രഹിച്ച് രചിച്ചിരിക്കുന്ന ഒരു കൃതിയാണ് ധര്‍മ്മം. ധര്‍മ്മം ഒന്നേയുള്ളൂ. അങ്ങനെയുള്ള ധര്‍മ്മം ഭൂവാസികള്‍ക്കെല്ലാം മോക്ഷത്തിനുതകട്ടെ എന്നാണ് ആ കാവ്യകുലോത്തമന്റെ ഭാവനാനിര്‍ഭരമായ പ്രാര്‍ത്ഥന.
ഈ കാവ്യകോകിലത്തിന്റെ കീഴില്‍ കൂവിത്തെളിഞ്ഞ മറ്റൊരു കാവ്യകുബേരനായിരുന്നു യുക്തിവാദികൂടിയായ സഹോദരന് അയ്യപ്പന്. ധര്‍മ്മം വേണം ധര്‍മ്മം വേണം ധര്‍മ്മം വേണം മനുഷ്യന് എന്നാണ് സഹോദരന് അയ്യപ്പന് പാടിയത്. ധര്‍മ്മം പ്രപഞ്ചത്തിന്റെയാകെ അധിഷ്ഠാനമാകുന്നു. അതുപോലെ ഓരോ ജീവന്റേയും ജീവിതത്തിന്റേയും നാരായവേരാണ് ധര്‍മ്മം. ഈ ധര്‍മ്മശക്തിയാണ് എല്ലാവരേയും നടത്തേണ്ടത്. ഈ പ്രപഞ്ചമാകെ വ്യാപിച്ചു നില്ക്കുന്ന ധര്മ്മശക്തിതന്നെയാണ് ബ്രഹ്മം.
പ്രാണന്, മനസ്സ്, ബുദ്ധി, ഇന്ദ്രിയശരീരങ്ങള് എല്ലാം ധര്മ്മരൂപങ്ങളാകുന്നു. മുഖ്യപ്രാണനില്‍ സ്ഫുരിക്കുന്ന ശക്തിയാണു ധര്‍മ്മം. കണ്ടറിയുന്നതും കേട്ടറിയുന്നതും മണത്തറിയുന്നതുമായ കര്മ്മരൂപങ്ങളെല്ലാം ധര്മ്മരൂപത്തില് ഉദിച്ചു നിലനില്ക്കുന്നു. കര്‍മ്മരൂപം തന്നെയാണ് ആത്മാവ്. ആത്മാവ് ഹൃദയാന്തര്‍ഭാഗത്ത് ഒളിഞ്ഞിരിക്കുന്നു. ധര്‍മ്മപദം മനസ്സിലാക്കി ആരാധിച്ചാല്‍ ആത്മാവിനെ മറച്ചിരിക്കുന്ന അജ്ഞാനമറ മാറി, ആത്മാവ് സ്വയം പ്രകാശിച്ചു നില്ക്കുന്ന അനുഭവം സാധകനുണ്ടാകും.
ധര്‍മ്മത്തില്‍ വാഴുന്ന ശക്തിയെ കാണാതെ
കര്മ്മവിഭേദത്താലജ്ഞരായി
സന്താപമഗ്നരായാലംബഹീനരായ്
കാലം കഴിക്കുന്ന മര്‍ത്ത്യരേയും
പാലിക്ക സദ്ഗുരോ ചിന്തയാംദീപത്തെ
കാട്ടുക നീങ്ങട്ടെ മൗഢ്യമെല്ലാം
ധര്‍മ്മരഹസ്യം പ്രകാശനം ചെയ്യുന്നതാണ് ധര്‍മ്മാനന്ദഗുരുവിന്റെ ഈ ജ്ഞാനവല്ലരി. ധര്‍മ്മരൂപമായ ബ്രഹ്മത്തില്‍ ഉള്ളതാണ് കര്‍മ്മരൂപം. പ്രപഞ്ചസൃഷ്ടിയോടൊപ്പം കര്മ്മവുമുണ്ടായി. ധര്‍മ്മവും കര്‍മ്മവും അനുപൂരകങ്ങളാകുന്നു. കര്‍മ്മം മോക്ഷത്തിനുള്ളതാണ്. കണ്ണും, കാതും, ശബ്ദവുമൊക്കെ ധര്മ്മരൂപങ്ങളാണ്. കണ്ണുകൊണ്ടുനോക്കുമ്പോള് അതില്‍ കാകദൃഷ്ടിയുണ്ടാകാന് പാടില്ല. കേള്‍ക്കുന്നതിലും വാക്കുകളിലുമൊന്നും കളങ്കം പാടില്ല, സത്യസമീക്ഷയാകണം. അപ്പോഴെ കര്‍മ്മം മോക്ഷത്തിനുതകുകയുള്ളു.
ചിന്തയും വാക്കും കര്‍മ്മവുമെല്ലാം സത്യം പരിപോഷിപ്പിക്കാന്‍ ഉതകണം. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം ഇവയാണ് പുരുഷാര്‍ത്ഥങ്ങള്‍. പുരുഷാര്‍ത്ഥങ്ങള്‍ നേടുവാനുള്ളതാണ് മനുഷ്യജന്മം. കര്‍മ്മം കൊണ്ട് അര്‍ത്ഥകാമങ്ങള്‍ നേടാം. ധര്‍മ്മംകൊണ്ട് മോക്ഷവും. സകല കര്‍മ്മവും സത്യം പരിപോഷിപ്പിക്കുവാന്‍ വേണ്ടിയുള്ളതാകണം. സത്യം പരിപോഷിപ്പിക്കുന്ന കര്‍മ്മം ഏതോ അതാണ് ധര്‍മ്മം. അസത്യം കര്‍മ്മമാണ്, അധര്‍മ്മം. സത്യാനുഭവം നേടാതെ ആര്‍ക്കും മോക്ഷം ലഭിക്കുകയില്ല.
കര്‍മ്മരൂപമായ ശരീരാന്തര്‍ഭാഗത്ത് ധര്‍മ്മരൂപമായ ആത്മാവ് മറഞ്ഞിരിക്കുന്നു. സത്യവും സ്വത്വവും തിരിച്ചറിയാതെ, നന്മയോ തിന്മയോ ആയ നിരവധി കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുമ്പോള്‍ ഭേദബുദ്ധി വളരുകയും ഇരുണ്ട ഒരു അജ്ഞാനമറ ഉണ്ടാകുകയും ചെയ്യുന്നു. ഈ മായാമറ ഹൃദയഗുഹയില്‍ ഒളിച്ചിരിക്കുന്ന ആത്മാവിനെ മറച്ചുകളയുന്നു. ധര്‍മ്മരൂപമായ ഒരുദൈവത്തെ വിധിപ്രകാരം ഉപാസിച്ചാല്‍ അജ്ഞാനമറ മാറി സ്വയം പ്രകാശമുള്ള ആത്മാവ് സൂര്യതുല്യം പ്രകാശിച്ചു നില്ക്കുന്ന അനുഭവമുണ്ടാകും. അതാണ് എല്ലാവിധ അജ്ഞാനത്തെയും ചുട്ടുകളയുന്ന ജ്ഞാനസൂര്യന് അഥവാ ധര്‍മ്മശക്തി. ധര്‍മ്മത്തില്‍ വാഴുന്ന ശക്തിയെ തിരിച്ചറിഞ്ഞ് ആ ധര്മ്മരൂപത്തെത്തന്നെ സാക്ഷാത്കരിക്കുവാന്‍ ധര്മ്മാനന്ദഗുരു ഉപദേശിക്കുന്നു.
ആ കര്‍മ്മയോഗിയുടെ വാക്കുതന്നെ ധര്‍മ്മരൂപമായ അഗ്നിയായിരുന്നു. അവിടുന്ന് കര്‍മ്മം കൊണ്ട് സത്യം പരിപോഷിപ്പിച്ച് കര്‍മ്മവേദിയില്‍ മായാശക്തി ചലിച്ച് ഇളകുമ്പോള്‍ നീ സ്തംഭിക്കൂ! നീ മരവിക്കൂ! ചലിച്ചു മോചിക്കൂ! എന്നൊക്കെ തിരുമൊഴിവീഴുമ്പോള് അതുപോലെ സംഭവിച്ചിരിക്കും. വേദനകൊണ്ടുപിടയുന്ന രോഗിയെ ആ ദയാനിഥി നോക്കി നിനക്കിപ്പോള്‍ രോഗശമനമുണ്ടാകും എന്നു കല്പിച്ചാല് മതി രോഗം മാറും. ഒരിക്കല്‍ ചെന്നിത്തല വയലില്‍ പ്രാവേലില്‍ കുട്ടിയുടെ മകന് വാമദേവന് അക്രമാസക്തനായി. ഭീകരമായ ഭ്രാന്ത് മറ്റള്ളവരുടെ സഹായത്തോടെ മകനെ സമീപത്തെ തെങ്ങില്‍ ചങ്ങലയില്‍ പൂട്ടിയിട്ടു. കൈയില്‍ ചങ്ങലയിട്ടു പൂട്ടി വിഷമത്തോടെ പിതാവായ കുട്ടി ആശ്രമത്തില്‍ വന്നു. ഗുരുവിനെ മുഖം കാണിച്ചു. വിഷമം അറിയിച്ചു. കുറേ നേരം ധ്യാനനിമഗ്നനായശേഷം കുട്ടി പൊയ്ക്കോ മകന്റെ ഭ്രാന്ത് നീ ചെല്ലുമ്പോള്‍ മാറും എന്നരുളി ചെയ്തു. വാമദേവനെ ഭ്രാന്തനാക്കിയ ഓരോ ബാധയും സത്യം ചെയ്തൊഴിഞ്ഞുമാറി മണിക്കൂറുകള്‍ക്കുള്ളില്‍ പ്രാവേലില്‍ കുട്ടിയുടെ മകന് വാമദേവനെ, ബന്ധനത്തില്‍ നിന്നും മോചിപ്പിച്ചു. ചിത്തഭ്രമം നീങ്ങി. അങ്ങനെ ആ മഹാമാനുഷി ധര്‍മ്മവും കര്‍മ്മവും അനുപൂരകമാക്കി സത്യാനുഭവം നേടി ജീവന്മുക്തി പദത്തില്‍ വര്‍ത്തിച്ച് ധര്മ്മാനന്ദന് എന്ന ദീക്ഷാനാമം അന്വര്‍ത്ഥമാക്കി. ജീവിതാന്ത്യം വരെ മോക്ഷപദത്തില്‍ നിന്നുകൊണ്ട് അദ്ദ്വൈതമതാചാര്യനായി വിളങ്ങി. ജാതിമതാദിഭേദബുദ്ധിയൊഴിച്ച് മാനവസമുദായത്തെ ഒന്നായി സോദരത്വേന കണ്ടുകൊണ്ടു നിസ്തന്ദ്രമായി കര്‍മ്മങ്ങള്‍ അനുഷ്ടിച്ചു. നാരായണഗുരുവിനെപ്പോലെ ലോകത്തിന്റെ മുന്പില് അവിടുന്ന് ഗുരുപദവി നേടിയെടുത്തു. തന്റെ കാലശേഷമേ കല്കി അവതാരത്തിന്റെ പൂര്ണ്ണമഹിമ ലോകത്തില്‍ ഉദയം ചെയ്യുകയുള്ളു എന്ന് അവിടുന്ന് പ്രവചിച്ചിരുന്നു. ഓരോന്നിനും അതിന്റെ കാലവും സമയവുമുണ്ട്. 2050 ആകുമ്പോഴേക്കും ലോകം നാരായണഗുരുവിനെ അംഗീകരിക്കുകയും സ്തുതിക്കുകയും ചെയ്തുകൊള്ളും. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ശ്രീനാരായണധര്‍മ്മം സാക്ഷാത്കരിക്കപ്പെട്ടുകൊള്ളും.