അദ്വൈതമതം മാര്‍ഗ്ഗം

ആത്മസംസ്‌കൃതരും സനാതനധര്മ്മിഷ്ഠരുമായ മനുഷ്യസൃഷ്ടി

ആത്മമോചനം

ആത്മാവിനെ വസ്തുവിചാരം ചെയ്തറിയുന്നതാണ്; അറിയിക്കുന്നതാണ് ആത്മമോചനകര്‍മ്മം. ആത്മീയതയുടെ ബാലപാഠം അറിയുവാന്‍ പാടില്ലാത്ത ശരാശരി മനുഷ്യരെ ബോധവത്കരിക്കുകയാണ് ഈ കര്‍മ്മത്തിന്‍റെ പ്രധാനലക്ഷ്യം. രൂപമില്ലാത്ത സ്വയം പ്രകാശിക്കുന്ന ബ്രഹ്മം രൂപം കൊള്ളുന്നതാണ് മനുഷ്യാത്മാവ്. അഹം ബ്രഹ്മാസ്മി “ഞാന്‍ എന്ന ആത്മാവ് ബ്രഹ്മമാകുന്നു” എന്ന് ബൃഹദാരണ്യകോപനിഷത്ത് ഉദ്ഘോഷിക്കുന്നു. അയമാത്മാ ബ്രഹ്മ, “ഈ ആത്മാവ് ബ്രഹ്മമാകുന്നു” എന്ന് മാണ്ഡൂക്യോപനിഷത്ത് പ്രഖ്യാപിക്കുന്നു. ബ്രഹ്മം ആത്മാവായി രൂപം കൊള്ളുന്നതുകൊണ്ട് ബ്രഹ്മമല്ലാതാകുന്നില്ല. ബ്രഹ്മമുഖത്തുനിന്നും രൂപം കൊള്ളുന്നതാണ് മുഖ്യപ്രാണന്‍ തുടങ്ങിയ പ്രാണശക്തികളെല്ലാം. പ്രാണന്‍ പരിണമിച്ചുണ്ടാകുന്നതാണ് സ്ഥൂലസൂക്ഷ്മകാരണശരീരങ്ങള്‍. രൂപം കൊള്ളുന്ന ആത്മാവ് ത്രിഗുണമയമാണ്. കേവലാത്മാവിന്‍റെ പ്രതിബിംബമായ ജീവന്‍ സൂക്ഷ്മശരീരത്തില്‍ സ്ഥിതിചെയ്യുന്നു. പരമാത്മാവില്‍ നിന്നും സ്പന്ദിക്കുന്ന ശക്തിയാണ് ജീവാത്മാവ്. ജീവാത്മാവെന്ന സങ്കല്‍പം കൊണ്ട് അത് പരമാത്മാവല്ലാതാകുന്നില്ല. അതു കൊണ്ട് ഛാന്ദോക്യോപനിഷത്ത് തത്ത്വമസി എന്ന് അരുളുന്നത്. “അത് നീയാകുന്നു” എന്ന്! നിന്നില്‍ നിന്നും അന്യമായി ഒന്നുമില്ല എന്നു വേദാന്തശാസ്ത്രം അടിവരയിടുന്നു. ജീവന്‍ സ്ഫുരിക്കുന്ന സൂക്ഷ്മശരീരത്തില്‍ വിളങ്ങുന്ന ആത്മാവ് മോക്ഷോപാധിയായി ആര്‍ജിച്ചെടുക്കുന്നതാണ് സ്ഥൂലശരീരം. അവിദ്യാകല്പിതമായ പ്രാപഞ്ചികജീവിതം നയിച്ച് കര്‍മ്മപൂര്‍ത്തി വരാതെ ദേഹമുപേക്ഷിച്ച് പോകുകയും കര്‍മ്മഗതിപോലെ ജീവാത്മാവ് ജനനമരണചക്രത്തില്‍ ചുറ്റിത്തിരിയുകയും ചെയ്യുന്നു. ഇന്ദ്രിയശരീരങ്ങള്‍ക്ക് ആശ്രയമായിരിക്കുന്ന ബ്രഹ്മശരീരിക്ക് നാശമില്ല. ഇന്ദ്രിയശരീരങ്ങള്‍ ജനിക്കുക, നിലനില്‍ക്കുക, വളരുക, പരിണമിക്കുക, ക്ഷയിക്കുക, നശിക്കുക എന്നീ ആറ് (ഷഡ്) വികാരങ്ങളോടുകൂടിയതാണ്. സ്ഥൂലജഡമുപേക്ഷിക്കുന്ന ആത്മാവ് സൂക്ഷ്മശരീരത്തിലേക്ക് മറയുകയാണ് ചെയ്യുന്നത്. പതിനേഴ് തത്വങ്ങളോടുകൂടിയതാണ് സൂക്ഷ്മാത്മാവ് അഥവാ സൂക്ഷ്മശരീരം. 

ജഡം വെടിയുന്ന പരേതാത്മാവ് സകല പ്രാണികളിലേക്കും പ്രവേശിക്കുകയും അന്തരീക്ഷവായുവില്‍ അലഞ്ഞുതിരിഞ്ഞ് ശേഷിക്കുന്നവരില്‍ പ്രവേശിക്കുകയും ചെയ്യുന്നു. ഇരുള്‍ മൂടിയ ആസുരലോകവാസികള്‍, അന്തരചാരികള്‍ എന്നും ഭഗവാന്‍ ഇവയെ വിശേഷിപ്പിക്കുന്നുണ്ട്.  അവരുടെ ജീവിതാഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാനായി വീണ്ടും ജനിക്കേണ്ടി വരുന്നു. നാലു യുഗങ്ങളിലും ജനിച്ചുമരിച്ച ആത്മാക്കളുടെ മോചനകാലമാണ് ഈ കലിയുഗാന്ത്യം. ധര്‍മ്മാനന്ദഗുരുസ്വാമികളുടെ കാലം മുലാണ് ഈ കര്‍മ്മം ആരംഭിച്ചത്. 

ആരൂപികളായ പരേതാത്മാക്കളെ പരിശുദ്ധമായ മറ്റൊരു രൂപശരീരത്തില്‍ പ്രവേശിപ്പിക്കുന്നു (അദ്ധ്യാരോപം ചെയ്യിക്കുന്നു). ഈ സമയം രൂപശരീരം സുഷുപ്തിയിലാകുന്നു. അരൂപാത്മാവ് രൂപശരീരത്തെ ആശ്രയിച്ച് രൂപം കൊള്ളുന്നു. ഉറങ്ങിക്കിടക്കുന്ന ശരീരത്തില്‍ കൂടി പരേതാത്മാവ് ഉണര്‍ന്ന് വന്ന് രൂപചിത്തത്തെ ആശ്രയിച്ച് ചിത്തവൃത്തി ആരംഭിക്കുന്നു. പരേതരില്‍ ഉറങ്ങിക്കിടന്ന തത്വരഹസ്യങ്ങള്‍ ഉണരുന്നു. സങ്കല്പം, വാസന, ബുദ്ധി, മനസ്സ് ഇവയുണ്ടാകുന്നു. ഇതര വികാരവിചാരങ്ങള്‍ ഉണ്ടാകുന്നു. പരേതരുടെ ജീവിതകാലരഹസ്യങ്ങള്‍ സ്വപ്നത്തില്‍ എന്ന പോലെ രൂപശരീരിയെ ആശ്രയിച്ച് വെളിവാക്കപ്പെടുന്നു. പരേതരുടെ വികാരവിചാരങ്ങളെല്ലാം ആ കര്‍മ്മജഡത്തെ ആശ്രയിച്ച് പ്രകടമാകുന്നു. ജീവശരീരിയെ പരമാത്മപുരുഷന്‍ വിചാരണചെയ്യെുന്നതും ഈ ഘട്ടത്തിലാണ്. ഈ സമയം ജീവന്‍ സ്ഫുരിച്ചു വിളങ്ങുന്ന സൂക്ഷമശരീരം അവര്‍ക്ക് കരുതിയിരുന്ന ജ്ഞാനാഗ്നിയില്‍ വച്ച്  ദഹിപ്പിച്ച് സംസ്കരിക്കുന്നു. ജഡം അഗ്നിയില്‍ ദഹിക്കുന്നതുപോലെ സൂക്ഷ്മശരീരം ഭഗവത്പ്രഭയില്‍ ദഹിച്ച് ലയനം നടക്കുന്നു. അപ്പോഴാണ് ഒരാളുടെ മരണം പൂര്‍ണ്ണമാകുന്നത്. മാറ്റത്തോടുകൂടിയ ജീവശരീരി നശിച്ച് മറയുന്നു. നാശമില്ലാത്ത ആത്മാവ് പരമാത്മാവില്‍ ലയിച്ച് മറയുന്നു. 

കര്‍മ്മജഡത്തില്‍ വരുത്തി കാണിക്കുന്നത് ജീവന്‍റെ ചലനമാണ്. ജീവന്‍റെ ഉത്പത്തിയിലുണ്ടായ ചലനം, അതാണ് പ്രകടമാകുന്നത്. പ്രകൃതിയിലെല്ലാം കാണുന്നത് ആദിമസ്പന്ദനമാണ്. ജീവന്‍റെ സ്പന്ദനമാണ് കര്‍മ്മജഡത്തില്‍ പ്രകടമാകുന്നത്. പരമാത്മാവിനെ സംബന്ധിച്ചാണ് പഠനം. സ്വയം നിശ്ചലം നിന്ന് പ്രകാശിക്കുന്നതാണ് പരമാത്മാവ്. സ്പന്ദനമുള്ളതും പരമാത്മാവില്‍ നിന്ന് പ്രകാശിക്കുന്നതുമാണ് ജീവാത്മാവ്. ഈ തത്വപ്രകാരം പരമാത്മാവില്‍ നടക്കുന്ന കര്‍മ്മമാണ് ആത്മമോചനം. കര്‍മ്മയോഗിയുടെ നിര്‍വികല്പചിത്തത്തില്‍ പ്രകാശിക്കുന്ന ചിത്തസൂര്യനാണ് പരമാത്മാവ്. കര്‍മ്മയോഗിയുടെ സങ്കല്പം പോലെ കര്‍മം ആരംഭിക്കുന്നു. ആത്മാക്കള്‍ ശുദ്ധീകരിക്കപ്പെടുന്നു. ഇതാവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. കോടിക്കണക്കിന് ആത്മാക്കള്‍ മോചിക്കപ്പെടുന്നു. അത്രയും അജ്ഞാനാന്ധകാരം നീങ്ങുന്നു. ഈ കര്‍മ്മാനുഭവമെന്നോണം ലക്ഷോപലക്ഷം പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 

ഖഡ്ഗി അവതാരമായ ശ്രീനാരായണന്‍റെ അന്ത്യവാഴ്ച അറിയിക്കുന്നതാണ് ഈ കര്‍മ്മചലനം. മനുഷ്യഹൃദയത്തില്‍ പതിയിരിക്കുന്ന ധര്‍മ്മവൈരികള്‍ മനുഷ്യമനസ്സിനെ കീഴ്പ്പെടുത്തി സകല കഠോരവൃത്തികള്‍ക്കും പ്രചോദനം നല്‍കുന്നു. അങ്ങനെ അധര്‍മ്മവ്യാപനം പൂര്‍ണ്ണതപ്രാപിച്ചു. ജനം അതിന്‍റെ പരിപ്രേക്ഷകരായി. എന്നാല്‍ ധര്‍മ്മശക്തിയായ ഈശ്വരനെ അറിയുവാന്‍ ആരുമില്ലാതെ പോയി. മനുഷ്യനെന്തിനോവേണ്ടി പരക്കം പായുകയാണ്. ഒരു ലക്ഷ്യവുമില്ലാത്ത ഓട്ടം. ദൈവത്തെ അറിയുന്നില്ലെങ്കില്‍ പതനം സുനിശ്ചിതമാണ്. 

ചില സമയം കര്‍മ്മവേദിയില്‍ അനുസരണയില്ലാത്ത ചില ആത്മാക്കള്‍ പ്രത്യക്ഷപ്പെടും.  ചിലര്‍ ഉപദ്രവകാരികളാകും. അവയെ കര്‍മ്മയോഗി വാക്കാലമര്‍ത്തുന്നു. ഭ്രാന്തന്മാരുടെ ആത്മാവാണെങ്കില്‍ അനക്ഷരം പറയും, ഉപദ്രവകാരിയാകും. അവനെ ബന്ധിക്കുക, അവന്‍റെ കരചരണങ്ങള്‍ സ്തംഭിപ്പിക്കുക, മരവിപ്പിക്കുക എന്ന ശബ്ദമുയര്‍ത്തും. അതോടൊപ്പം ആത്മാക്കള്‍ കരങ്ങള്‍ കൂട്ടിക്കെട്ടി ചങ്ങലയിട്ടതുപോലെ നിശ്ചലമാകും. ചിലര്‍ സ്തംഭിച്ചു നില്‍ക്കും. താളടിയാക്കുക എന്നുച്ചരിക്കുമ്പോള്‍ അവ നിലം പതിക്കും. ഇതൊന്നും കര്‍മ്മജഡം അറിയുന്നില്ല. അതൊരുപകരണം മാത്രം. പിന്നെ വാക്കാല്‍ സ്തംഭനവും ബന്ധനവും നീക്കി ആത്മാവിന് ബോധം നള്‍കി  മോചിപ്പിക്കും. അതുപോലെയുള്ള ജീവചലനവും പ്രവര്‍ത്തനവുമാണ് ലോകമാകെ കാണുവാന്‍ കഴിയുന്നത്. കുറേ പരമാണുക്കള്‍ അണുവികരണം നടത്തി. രൂപാണുക്കള്‍, അതിസൂക്ഷ്മങ്ങളായ രോഗാണുക്കള്‍, അതാണ് കൊറോണ. ഭൗതികവാദികളും നാസ്തികരുമായ ചൈനക്കാരില്‍ ആദ്യത്തെ പരീക്ഷണം വച്ചു. അതില്‍ വിജയിച്ച കൊറോണ നേരെ കേരളത്തില്‍! ചൈനയിലെപ്പോലെ സത്യനിഷേധവും ഭൗതികവാദവുമാണല്ലോ കേരളത്തില്‍ ഭൂരിപക്ഷവും. 

സത്യം അസത്യം, ധര്‍മ്മം അധര്‍മ്മം, പുണ്യം പാപം, വിദ്യ അവിദ്യ, ഇങ്ങനെ ധര്‍മ്മാധര്‍മ്മങ്ങളെയും സത്യാസത്യങ്ങളേയും വേര്‍തിരിച്ച് ബോധവത്കരിച്ച് അസത്യത്തില്‍ നിന്നും സത്യത്തിലേക്കും അവിദ്യയില്‍ നിന്നും വിദ്യയിലേക്കും ഭക്തരെ നയിച്ച് മതപ്രബോധനം നടത്തുകയായിരുന്നു ധര്‍മ്മാനന്ദഗുരു.