സേവാശ്രമത്തിന്റെ സ്വാനുഭവമന്ത്രം
പ്രാര്‍ത്ഥന, മനനം, ധ്യാനം, തപസ്സ് (യോഗം), സാക്ഷാത്കാരം.
മനുഷ്യാ നീ പ്രാര്‍ത്ഥിക്കുക!
നിന്റെ രക്ഷയ്ക്കും മുക്തിക്കും ഈ കലിയുഗത്തില്‍ നീ അവശ്യം ചെയ്യേണ്ടത് പ്രാര്‍ത്ഥന മാത്രമാണ്. പഞ്ചമഹാപാപങ്ങളായ മദ്യപാനം, ഹിംസ, വ്യഭിചാരം, പരദ്രോഹം, ബഹുദൈവാരാധന ഇവ മനസ്സാവാചാകര്‍മ്മണാ ഉപേക്ഷിച്ച് ഗുരു കല്പിതങ്ങളായ ദേഹശുദ്ധി, വാക്ശുദ്ധി, മനഃശുദ്ധി, ഗൃഹശുദ്ധി, കര്‍മ്മശുദ്ധി എന്നീ പഞ്ചശുദ്ധികളനുഷ്ഠിച്ച് പ്രഭാതപ്രദോഷങ്ങളില്‍ സകുടുംബം നിഷ്ഠയോടെ ഏകദൈവത്തില്‍ മനാര്പ്പണം ചെയ്ത് നിസ്വാര്‍ത്ഥമായി വേണം പ്രാര്‍ത്ഥിക്കുവാന്‍.
സ്വാമി ഗുരുധര്‍മ്മാനന്ദന്‍
ഭഗവാന് ശ്രീനാരായണന്റെ ഭക്തിമാര്‍ഗ്ഗം ഈശ്വരാരാധന വിലക്കപ്പെട്ടിരുന്ന ഒരു ജനതയുടെ ആശയും ആവേശവുമായിരുന്നു. ഈശ്വരാരാധനയിലൂടെയാണ് ജനതതിക്ക് അറിവും ജീവിതപുരോഗതിയും ഉണ്ടാകേണ്ടത്. ഈ തിരിച്ചറിവാണ് അരുവിപ്പുറം ശിവക്ഷേത്രത്തിന്റെ സംസ്ഥാപനത്തിനു പ്രേരകം. ക്ഷേത്രപ്രവേശനത്തിനുവേണ്ടിയുള്ള രാജകീയപ്രക്ഷോഭങ്ങളും ഇതിന്റെ ഭാഗമായിരുന്നു. യുക്തിഭദ്രമായ അടിത്തറയില്‍ കെട്ടിപ്പൊക്കിയതാണ് ശ്രീനാരായണഗുരുവിന്റെ മഹത്തായ ക്ഷേത്രസങ്കല്പം. ഗുരുവിന്റെ ഈ ആദ്ധ്യാത്മിക നവോത്ഥാനപ്രസ്ഥാനം യുക്തിവാദികളും വിപ്ലവകാരികളും പരിഷ്കര്‍ത്താക്കളും പണ്ഡിതന്മാരും പാമരന്മാരും എല്ലാം ഒരുപോലെ അംഗീകരിച്ച സത്യമാണ്. ഈ വിപ്ലവചിന്തയില്നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ഉണ്ടായതാണ് കേരളത്തിലെ രാഷ്ട്രീയ, സാമുദായിക സംഘടനകളെല്ലാം. നവോത്ഥാനകാലഘട്ടം കഴിഞ്ഞു, ആത്മീയതയുടെ ദീപനാളം എരിഞ്ഞടങ്ങി, പകരം നൈമിഷികങ്ങളായ ഭൗതികസിദ്ധാന്തങ്ങള്‍ തലക്കനം വച്ചുവാഴുകയാണ്. ഈ ആശയപുഷ്പങ്ങള് സ്വീകരിച്ച് അര്‍ഘ്യപൂജാദികള്‍ അനുഷ്ഠിക്കുവാന്‍ ആളില്ലാതെയായി. ആശയം ആമാശയപരമായി ചുരുങ്ങി.
ഭഗവാന് ശ്രീനാരായണന് അരുവിപ്പുറത്തു കൊളുത്തിയ ഈശ്വരചിന്തയുടെ പുനരാഖ്യാനമാണ് ശ്രീനാരായണഗുരുധര്മ്മാനന്ദ സേവാശ്രമം പ്രകാശനം ചെയ്യുന്നത്. ജാതിമതാദിഭേദചിന്തകളുടെ തായ്വേരറുക്കുവാനുള്ള ശക്തമായ ആയുധം ഈ സങ്കീര്‍ത്തനങ്ങളില്‍ അന്തര്‍ഭവിച്ചിരിക്കുന്നു. അന്ധവിശ്വാസങ്ങളും ദുര്‍മന്ത്രവാദം തുടങ്ങിയ അനാചാരങ്ങളും ഇവിടെ ഭസ്മീകരിക്കപ്പെടുന്നു. മനുഷ്യജീവന്റെ തുടക്കവും ഒടുക്കവും ഈ തത്ത്വചിന്തയെ പൂര്ണ്ണനിലാവുപോലെ ചേതോഹരമാക്കുന്നു. ശ്രീനാരായണദര്‍ശനങ്ങളെ ദൃഷ്ടാന്തമാക്കി പ്രപഞ്ചത്തിലെ നിഗൂഢരഹസ്യങ്ങള്‍ വിളങ്ങുന്ന അത്യുദാത്തമായ കര്മ്മഭാവനയെ ഈ സങ്കീര്‍ത്തനങ്ങള്‍ മനോഹരമാക്കുന്നു. നിത്യനൂതനമായ ആത്മീയതയുടെ മഹാവെളിച്ചത്തിലാണ് ശ്രീനാരായണന് ഒരു നവലോക സൃഷ്ടി നിര്‍വ്വഹിച്ചതെന്ന യാഥാര്‍ത്ഥ്യം പുരോഗമനജനതയുടെ ഓര്‍മ്മയിലിരിക്കട്ടെ!
ഭക്തിയും പ്രാര്‍ത്ഥനയും ഒരു കാന്തികദണ്ഡിന്റെ രണ്ട് അഗ്രങ്ങള്‍ പോലെ പരസ്പരപൂരകങ്ങളാണ്. കര്‍മ്മ മലിനതകള്‍ കഴുകിക്കളഞ്ഞ് ആത്മാവിന് കാന്തിയും മൂല്യവും നല്‍കാനുള്ള കാന്തികശക്തി പ്രാര്‍ത്ഥനയ്ക്കുണ്ട്. അന്തര്‍മുഖനും ഏകനുമാണീശ്വരന്. അതിനാല്‍ ഏകദൈവത്തില്‍ ദൃഷ്ടിയുറപ്പിച്ച് ഫലാപേക്ഷകൂടാതെ ഭജിക്കേണ്ടതാണ്. ഭക്തിയ്ക്കും പ്രാര്‍ത്ഥനയ്ക്കും വാദ്യഘോഷങ്ങളോ മറ്റാര്ഭാടങ്ങളോ ആവശ്യമില്ല. ഏകാഗ്രതയില്ലാത്ത പ്രാര്‍ത്ഥന ഫലപ്രദമല്ല. രോഗത്തിന് ഔഷധവും രോഗിക്ക് വൈദ്യനുമാണ് പ്രാര്‍ത്ഥന. ഈ തിരിച്ചറിവിലൂടെ ആത്മശുശ്രൂഷയുടെ ദിവ്യപ്രാപ്തി നേടാം. ഗുരു നിഷിദ്ധങ്ങളായി കല്പിച്ചിട്ടുള്ള പഞ്ചമഹാപാപങ്ങള്‍ ഉപേക്ഷിച്ച് പഞ്ചശുദ്ധിയോടുകൂടിവേണം ഈശ്വരാരാധനയ്ക്കു തയ്യാറാകുവാന്‍.
പഞ്ചധര്‍മ്മങ്ങള്‍ | പഞ്ചമഹാപാപങ്ങള്‍ | പഞ്ചശുദ്ധികള്‍ |
സത്യം | മദ്യപാനം | മനഃശുദ്ധി |
പഞ്ചധര്‍മ്മങ്ങള്‍ മുന്‍നിര്‍ത്തി പഞ്ചപാപങ്ങള്‍ മനസ്സാവാചാകര്‍മ്മണാ ഉപേക്ഷിക്കുക. പഞ്ചശുദ്ധികള്‍ അനുഷ്ഠിക്കുക. ഭയഭക്തി വിശ്വാസത്തോടെ സകുടുംബം പ്രാര്‍ത്ഥനാനിര്‍ഭരരായി ധര്‍മ്മക്ഷയം വരുത്താതെ ജീവിക്കുക. സത്യപരിശോധനയോടുകൂടി പ്രാര്‍ത്ഥിക്കുക. ആര്‍ഭാടവും വഴിപാടുകളും ആഭിചാരക്രിയകളും ഒഴിവാക്കുക. ധര്‍മ്മശക്തി നമ്മെ അനുഗ്രഹിക്കും.

