വിശ്വമാകെ വ്യാപിച്ചു കിടക്കുന്ന വിശ്വപ്രാണന്‍റെ ഒരംശം മാത്രമാണ് ഇന്ത്യയുടെ ആത്മാവ്. ഈ അണ്ഡകടാഹശക്തി നൂറ്റിയിരുപത്തഞ്ചുകോടി ജനങ്ങളില്‍ മാത്രമല്ല സ്ഫുരിച്ചു പ്രകാശിക്കുന്നത്. ശ്രീരാമകൃഷ്ണ പരമഹംസരും ശ്രീനാരായണ പരമഹംസനും സ്വാമി വിവേകാനന്ദനും മഹാത്മാഗാന്ധിയുമെല്ലാം ഇന്ത്യയുടെ ആത്മാവു തൊട്ടറിഞ്ഞ മഹാത്മാക്കളായിരുന്നു.
പുരുഷാര്‍ത്ഥം തേടിയുള്ള യാത്രയില്‍ നരേന്ദ്രന്‍ ശ്രീരാമകൃഷ്ണ പരമഹംസരെ കണ്ടുമുട്ടി, ഗുരുവായി അംഗീകരിച്ചു. അങ്ങനെ ഗുരുത്വമുണ്ടായപ്പോള്‍ നരേന്ദ്രന്‍റെ ആത്മാവുണര്‍ന്ന് യോഗിയായി, വിവേകാനന്ദനായി. 1891-ല്‍ അമേരിക്കയില്‍ നടന്ന സര്‍വ്വമത സമ്മേളനത്തില്‍ “അമേരിക്കയിലെ എന്‍റെ സഹോദരീ സഹോദരډാരേ” എന്നു സംബോധന ചെയ്തുകൊണ്ടാണ് വിവേകാനന്ദസ്വാമികള്‍ തന്‍റെ വിഖ്യാത ചിക്കാഗോപ്രഭാഷണം ആരംഭിച്ചത്. ഇന്ത്യയിലെ സഹോദരډാരെപ്പോലെ അമേരിക്കയിലെ ജനങ്ങളെയും കാണുവാനുള്ള കണ്ണ് സ്വാമികള്‍ക്കുണ്ടായി. അദ്ദേഹത്തിന്‍റെ അകളങ്കമായ സ്നേഹവും സമഭാവനയുമാണ് അമേരിക്കക്കാരെ വീഴ്ത്തിയ ശക്തി. ഭാരതീയരുടെ വിശാലഹൃദയം അവരെ ഹഠാദാകര്‍ഷിച്ചു. സിസ്റ്റര്‍ നിവേദിതയെപ്പോലെയുള്ളവര്‍ യുവസന്ന്യാസിയുടെ ശിഷ്യഗണങ്ങളായി. ആത്മബന്ധം കൊണ്ടാണ് സഹോദരപ്രണയം പുഷ്പിതമാകുന്നത്.
മനുഷ്യനില്‍ സ്പന്ദിക്കുന്ന ശക്തിതന്നെയാണ് സകല ജീവജാലങ്ങളിലും സ്പന്ദിക്കുന്നത്. മൃഗങ്ങളും ജന്തുക്കളും പക്ഷികളും ഷഡ്പദങ്ങളും മാത്രമല്ല, മലകള്‍ക്കും പര്‍വ്വതങ്ങള്‍ക്കും ആകാശത്തിനും സമുദ്രത്തിനും ആധാരമായൊരു ശക്തിയുണ്ട്. അതാണതിന്‍റെ ആത്മാവ്. പര്‍വ്വതങ്ങളിലും കടലിലുമെല്ലാം ജീവികളുണ്ട്. അവയ്ക്കും ആത്മാവുണ്ട്. നډയും തിډയും കയ്പും മധുരവും വിഷവും അമൃതുമെല്ലാം കലര്‍ന്നുകിടക്കുന്ന ഈ ജീവകോടികളെല്ലാം പ്രകൃതിയുടെ ആവാസവ്യവസ്ഥയ്ക്ക് അനുപേക്ഷണീയമാണ്. ഓരോ ജീവിയിലും സാരമായി ഒരു മൂല്യമുണ്ട്. ഈ ജൈവവൈവിദ്ധ്യങ്ങളെല്ലാം ജനിച്ചവരുടേയും നാളെ ജനിക്കാനുള്ളവരുടേയും സുഗമമായ നിലനില്‍പ്പിന് ആവശ്യമാണ്. മൂക്കറ്റം കാണാന്‍ കണ്ണില്ലാത്ത മനുഷ്യന്, ഭാവി തലമുറയ്ക്കു വേണ്ടി എങ്ങനെ കരുതിവയ്ക്കാന്‍ കഴിയും. ഒരു ജീവിയേയും കൊല്ലുവാനും തിന്നുവാനും വംശനാശം വരുത്തുവാനും മനുഷ്യനവകാശമില്ല. മനുഷ്യനെപ്പോലെ മറ്റു ജീവികള്‍ക്കും സ്വതന്ത്രമായി സഞ്ചരിക്കുവാനും ഇരയെടുക്കുവാനും അവകാശമുണ്ട്. ഇന്നത്തെ ഭാരതീയനിലുദിച്ചിരിക്കുന്നത് ദു:സ്വാതന്ത്ര്യമാണ്. അത് നശിക്കാനുള്ളതാണ്. മാതാപിതാക്കളെ അനുസരിക്കാതെ കണ്ണിറുക്കി കൈവീശി വശീകരണപ്രവര്‍ത്തനങ്ങളുമായി വരുന്ന പുരുഷനൊപ്പം പ്രേമം പൊഴിച്ച് ഇറങ്ങിപ്പോകുന്നതാണോ സ്വാതന്ത്ര്യം? മാതാ, പിതാ, ഗുരു, ദൈവം-ഇതാണ് ഭാരതീയന്‍റെ പൈതൃകസമ്പത്ത്. ഭരണാധികാരികള്‍ക്കും നിയമം മാത്രം പോരാ. രാഷ്ട്രത്തിന്‍റെ ധാര്‍മ്മിക അടിത്തറ ഇളക്കുന്നതാകരുത് നിയമവ്യാഖ്യാനം. ആധുനിക ഭാരതത്തില്‍ സ്വാമി വിവേകാനന്ദന്‍ വിഭാവന ചെയ്ത വിശ്വസാഹോദര്യമുണ്ടോ? ശ്രീനാരായണഗുരു അരുവിപ്പുറത്ത് കുഴിച്ചിട്ട നിധിയും സാര്‍വ്വജനനീയമായ സാഹോദര്യസന്ദേശം ആണ്. നബിതിരുമേനി വിഭാവന ചെയ്തതും മറ്റൊന്നല്ല. ഭാരതത്തില്‍ വളര്‍ന്ന് മണ്ണടിഞ്ഞുപോയ സാര്‍വ്വസാഹോദര്യത്തിന്‍റെ പുനരുത്ഥാനമാണ് നാരായണഗുരു ഈ രാജ്യത്ത് നിര്‍വ്വഹിച്ചത്. മതമല്ല വലുത്. മനുഷ്യരെല്ലാം സമډാരും സഹോദരീസഹോദരډാരുമാണ് എന്ന മഹത്തായ സന്ദേശമാണ് വിവേകാനന്ദ സ്വാമികള്‍ ചിക്കാഗോപ്രസംഗത്തിലൂടെ ലോകത്തിന് നല്‍കിയ സന്ദേശം.
ഐതിഹാസികമായ ചിക്കാഗോ പ്രസംഗത്തിന്‍റെ സ്മരണ പുതുക്കുന്ന ഓരോ ഭാരതീയനും ഒന്നാലോചിക്കണം, മതവൈരം വെടിഞ്ഞ് സാഹോദര്യം പുലരുന്ന ഒരു നവഭാരതം കെട്ടിപ്പടുക്കുവാന്‍ നമുക്കു കഴിഞ്ഞോ? കേരളം സന്ദര്‍ശിച്ചപ്പോള്‍ ജാതിയുടെ പേരില്‍ മനുഷ്യര്‍ക്കിടയിലെ തൊട്ടുകൂടായ്മ കണ്ട് “കേരളം ഒരു ഭ്രാന്താലയം” എന്നു വിളിച്ചുപറഞ്ഞ ധീരയോധാവായിരുന്നു സ്വാമി വിവേകാനന്ദന്‍. ഇവിടെ ഇന്നും ജാതീയമായ അസമത്വം നിലനില്‍ക്കുന്നു. സംവരണം എന്ന കീറാമുട്ടി പരിഹാരം കാണാതെ അവശേഷിക്കുന്നു. പാക്കിസ്ഥാനും ഇന്ത്യയും പോലെ വൈരാഗ്യം ഈ ജാതികളില്‍ നിലനില്‍ക്കുന്നു. ജാതി വിഷവും മതവൈരവും ഒടുങ്ങാതെ പിന്‍തുടരുമ്പോള്‍ സാഹോദര്യത്തിന് എന്താണ് പ്രസക്തി? മനുഷ്യമനസ്സില്‍കൂടിയാണ് സ്വച്ഛഭാരതം ഉണ്ടാകേണ്ടത്. അതിന് അടിസ്ഥാനപരമായി മനുഷ്യമനസ്സിനെ പരിഷ്ക്കരിക്കണം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പിഴുതുകളയണം. മാനവചിത്തം ഉഴുതുമറിച്ച് സത്യധര്‍മ്മാദികളുടെ മൂല്യഗുണമുള്ള വിത്തു വിതയ്ക്കണം. അങ്ങനെ വിവേകാനന്ദനും മഹാത്മജിയും നാരായണഗുരുവും സ്വപ്നം കണ്ട നവഭാരതം കെട്ടിപ്പടുക്കാം.
ഓം ശാന്തി.

