ഈശ്വരാരാധന

ഗുരുവാക്ക്

ഈശ്വരാരാധനയുടെ പ്രാധാന്യം തിരിച്ചറിയുവാന്‍ കഴിയാതിരുന്ന ഒരു ഇരുണ്ട കാലഘട്ടത്തിലാണ് ശ്രീനാരായണഗുരു ഈശ്വരഭക്തിയുടെ, ഭജനത്തിന്‍റെ, നെയ്ത്തിരി അരുവിപ്പുറത്ത് തെളിച്ചു വച്ചത്. ഈശ്വരഭക്തിയുടെ ആ മഹനീയ മാതൃക ഇന്നും കെട്ടണയാതെ ഈ മണ്ണില്‍ പ്രകാശിക്കുന്നുണ്ട്.

പക്ഷേ, ആ ദൈവമുദ്രയുടെ നേര്‍ക്കൊന്നു നോക്കുവാനും കൈകൂപ്പി സ്വയം ഒന്നു വണങ്ങുവാനുമുള്ള മനഃശക്തി പുത്തന്‍ തലമുറയ്ക്ക് നഷ്ടമായിരിക്കുന്നു. സകലതിനും സമയമുണ്ട്, ഭക്തിയുടെ പരിപാലനത്തിനു മാത്രം സമയമില്ല. സത്യത്തില്‍ നിന്നും ഏറെ അകന്നുപോയതിന്‍റെ ലക്ഷണം. ഭക്ഷണം ശരീരങ്ങളെ പരിപോഷിപ്പിക്കുന്നതുപോലെ ഭക്തിയും പ്രാര്‍ത്ഥനയും പ്രാണന് ഭക്ഷണമാണ്. ഭക്ഷണം എപ്രകാരമോ അതുപോലെ ഭക്തിയും പ്രാര്‍ത്ഥനയും ഓരോ വ്യക്തിക്കും ആവശ്യമാണ്. രക്തം, അസ്ഥി, മാംസം, മജ്ജയാദികൊണ്ടുണ്ടാക്കപ്പെട്ട ഓരോ മനുഷ്യജീവിക്കും ഒഴിച്ചുകൂടാനാവാത്തതാണ് ഈശ്വരാരാധന. ആത്മീയവും ലൗകികവും പരസ്പരപൂരകമാകുമ്പോഴാണ് മനുഷ്യജീവിതം ധന്യമാകുന്നത്. ഭാവനാ പൂര്‍ണ്ണമായ ഭക്തി ഇന്ന് അപൂര്‍വ്വമാണ്. ഭക്തിയും പൂജയും ഇല്ലാത്തതുകൊണ്ടാണ് ജനം ഭൗതികതയില്‍ മാത്രം അള്ളിപ്പിടിച്ചു കിടക്കുന്നത്. ڇഈശ്വരാരാധന എല്ലാ ഭവനങ്ങളിലും എല്ലാ ഹൃദയങ്ങളിലുമെത്തണംڈ എന്ന് ശ്രീനാരായണഗുരു അരുളിച്ചെയ്തിട്ടുണ്ട്. ആ സന്ദേശം ഏറ്റെടുത്ത ശിഷ്യഗണങ്ങള്‍ അതിന്‍റെ സാക്ഷാത്കാരത്തിനായി യത്നിച്ചു. “കൊല്ലുവാന്‍ കൊലയാനപോലെ അണഞ്ഞിടും മലമായയെ” പ്രതിരോധിക്കുവാനുള്ള ശക്തമായ ആയുധമാണ് ഈശ്വരാരാധന. ഭക്തിയെന്നാല്‍ അവനവനോട് തന്നെയുള്ള നീതീകരണവും സ്നേഹവുമാണ്.

ഏതുനാമത്തില്‍ ഈശ്വരാരാധന നടത്തിയാലും ദൈവം ഒന്നേയുള്ളൂ എന്ന സങ്കല്പമുണ്ടാകണം. ക്ഷേത്രങ്ങളും പള്ളികളും ബിംബങ്ങളും കുരിശും ചന്ദ്രക്കലയും ആത്മപ്രതീകം മാത്രം. ആത്മീയത പ്രകടനമാണെന്ന് കരുതരുത്. ദൈവത്തെ അറിയുവാന്‍ കുറുക്കുപായങ്ങളൊന്നുമില്ല. സത്യപരിശോധനമാത്രമാണ് ദൈവകൃപയ്ക്കുള്ള ഉപാധി. ദൈവസഹായം വേണം എന്നുള്ളവര്‍ ചിന്താശുദ്ധി, വാക്ശുദ്ധി, കര്‍മ്മശുദ്ധി, ദേഹശുദ്ധി, ഗൃഹശുദ്ധി എന്നീ പഞ്ചശുദ്ധികള്‍ അനുഷ്ഠിക്കേണ്ടതാണ്. ശുദ്ധീകരണം ഭക്തിയുടെ ഭാഗമാണ്. അത് വീട്ടില്‍ നിന്ന് തുടങ്ങണം. ശുദ്ധീകരണജീവിതം രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കും. വ്യക്തിയിലെ അഴുക്കു കഴുകി കളയുമ്പോള്‍ സമൂഹത്തില്‍ അഴുക്കില്ലാതാകും. ഇന്ന് എല്ലാ അര്‍ത്ഥത്തിലും രാജ്യം ദുര്‍ഗ്ഗന്ധപൂരിതമാണ്. സമയാസമയങ്ങളില്‍ ഭക്ഷണം കഴിക്കുന്നതുപോലെ പ്രഭാത-പ്രദോഷങ്ങളില്‍ നിലവിളക്കുതെളിച്ച് കുടുംബസമേതം ഭജിക്കേണ്ടതാണ്. വിളക്ക് തെളിക്കുമ്പോള്‍ വീട്ടിലെ ഇരുളു മാറും, പ്രാര്‍ത്ഥിക്കുമ്പോള്‍ ഹൃദയാന്ധകാരം മാറും. നിലവിളക്കില്‍ കിഴക്ക്, പടിഞ്ഞാറ്, വടക്ക് ദിക്കുകളിലേക്ക് ദീപനാളം തെളിയിക്കണം. ഇത് “ത്രിമൂര്‍ത്തി സങ്കല്‍പ്പം”. അഞ്ചുതിരി “പഞ്ചഭൂതസങ്കല്‍പം”. ഏഴു തിരി “ഋഷിസങ്കല്‍പം”. ദീപനാളം ഒന്നോ രണ്ടോ ആയാല്‍ ശക്തി പ്രസരിപ്പുണ്ടാവില്ല. അവനവന്‍റെ ഉള്ളിലുള്ള ഈശ്വരനെ അറിഞ്ഞ് അതിനെ മഹത്ത്വപ്പെടുത്തി മോക്ഷമടയുവാനുള്ളതാണ് മഹത്തായ മനുഷ്യജډം. അതാണ് സ്വധര്‍മ്മാനുഷ്ഠാനം. മഹാഭാരതവും ഭഗവത്ഗീതയും അനുശാസിക്കുന്നതും മറ്റൊന്നല്ല.

കാട്ടാളനായിരുന്ന രത്നാകരന്‍ പോലും ഋഷിയായത്, മനുഷ്യനായത്, ഭക്തികൊണ്ടും ജപധ്യാനം കൊണ്ടുമാണ്. സ്പതര്‍ഷികളുടെ ഉപദേശപ്രകാരം കാട്ടിലെ മരച്ചുവട്ടില്‍ “ആമരം ഈമരം” എന്ന് ജപിച്ചുകൊണ്ടിരുന്നു. ജപം ശക്തിയാര്‍ജ്ജിച്ചപ്പോള്‍ ജപം മരാ…. മരാ…..എന്നായി. ജപം പൂര്‍ണ്ണമായപ്പോള്‍ “രാമ രാമ” എന്ന പൂര്‍ണ്ണനാമം നാവില്‍ വിളങ്ങി. ഭക്തിയും ഭജനവും പടിപടിയായി വളര്‍ത്തി കാട്ടാളന്‍ മനുഷ്യനായി. ഇതുപോലെ ഭക്തി ഓരോരുത്തര്‍ക്കും പടിപടിയായി വളര്‍ത്തി പരിപുഷ്കലമാക്കേണ്ടതാണ്. ഈശ്വരപൂജയ്ക്ക് മനസ്സ് പാകമാകണം. മനസ്സാണ് പൂജാപുഷ്പം. ശൈശവകാലം മുതല്‍ സന്താനങ്ങളെ ഭക്തിയും പ്രാര്‍ത്ഥനയും പരിശീലിപ്പിച്ച് ആദര്‍ശധീരډാരും ഉത്തമപൗരډാരുമാക്കി വളര്‍ത്തേണ്ടതാണ്. കലിരാക്ഷസന്‍റെ നീരാളിപ്പിടുത്തത്തില്‍ നിന്നും രക്ഷപെടുവാനുള്ള ഏകമാര്‍ഗ്ഗമാണ് ഈശ്വരാരാധന. നിരീശ്വരത്വവും യുക്തിവാദവും എല്ലാകാലത്തും ഉണ്ടായിരുന്നതും ഉള്ളതുമാണ്. അതിനെയൊക്കെ അതിജീവിച്ചവരാണ് പൂര്‍വ്വസൂരികള്‍. പുരോഗമനത്തിന്‍റെ പേരില്‍ പാവനമായതൊക്കെയുപേക്ഷിച്ചാല്‍ ഭാവി ഭയാനകമായിരിക്കും. കലിവിഷം അധികം ജനങ്ങളുടെ രക്തത്തിലും അലിഞ്ഞുചേര്‍ന്നിരിക്കുന്നു. വിദ്വേഷവും വിരഹവും വേദനയും പകയുമില്ലാതെ എന്തുണ്ട് മിച്ചം? ദുര്‍മരണങ്ങളും അകാലമരണങ്ങളും അരുംകൊലകളും അപ്രതീക്ഷിതമായി കടന്നു വരുമ്പോള്‍ പരിഭവിച്ചിട്ടു കാര്യമില്ല. ഈശ്വരാരാധനയുടെ അഭാവത്തെയാണ് ഇതൊക്കെയും സൂചിപ്പിക്കുന്നത്.

നാമെല്ലാം ഭാരതീയരാണെന്നും ഭാരതം ഋഷികളുടെ നാടാണെന്നും അഭിമാനിക്കുന്നു. ആ പൂര്‍വ്വ പിതാക്കډാരുടെ പിന്‍ഗാമികളാണ് ഇന്നുള്ളവര്‍ എന്ന സത്യം മറക്കരുത്. എന്തുകൊണ്ട് അവരുടെ പാദമുദ്രകളെ ഇന്നുള്ളവര്‍ പിന്തുടരുന്നില്ല? ഋഷി പറഞ്ഞതാണ് മഹാത്മാഗാന്ധിയും ശ്രദ്ധാനന്ദ സ്വാമിജിയും പറഞ്ഞത്. അവരോട് നാം, ഭാരതീയര്‍ എങ്ങനെയാണ് പ്രതികരിച്ചത്? ആലോചിച്ചുനോക്കുക?
കലൗ നാമസങ്കീര്‍ത്തനം

Sign up now & get regular updates