കായിക്കരയില്‍ കണ്ടുമുട്ടിയ ബാലനോട് ‘കുമാരു നമ്മുടെ കൂടെ പോരുന്നോ’ എന്ന് ഗുരു ആരാഞ്ഞു. തിരുവനന്തപുരത്ത് ആനന്ദവല്ലീശ്വരം ക്ഷേത്രത്തിലെ പുനസമാഗമത്തില്‍ രണ്ടുവരി പദ്യം ചൊല്ലിയിട്ട് അടുത്തവരി പൂരിപ്പിക്കുവാന്‍ ആവശ്യപ്പെട്ടു. ഗുരുവിന് മുന്പില് കുമാരു തന്റെ പ്രതിഭ പ്രകാശിപ്പിച്ചു. പരീക്ഷജയിച്ച് അവിടുത്തെ ശിഷ്യനായി.
ഓം.
കോലത്തുകരകുടികൊണ്ടരുളും
ബാലപ്പിറചൂടിയവാരിധിയേ! (ഗുരുദേവന്)
കാലന്കനിവറ്റുകുറിച്ചുവിടു-
ന്നോലപ്പടിയെന്നെയയയ്ക്കരുതേ (കുമാരനാശാന്)
വൈകാതെ കുമാരുവിനെ ഡോ. പല്പുവിനോടൊപ്പം ബാംഗ്ലൂരിലയച്ച് പഠിപ്പിച്ചു. വിദ്യാഭ്യാസം കുമാരുവിനെ എന്തിനുംപോന്ന യോദ്ധാവാക്കി. നാരായണഗുരുവും കുമാരനാശാനും അക്ഷരാഗ്നികൊണ്ട് പട നയിച്ചു. ജാതി രാക്ഷസ്സനെതിരായ കുരിശുയുദ്ധം. ശ്രീനാരായണന്റെ ദര്‍ശന സമീക്ഷകളും ആശാന്റെ രചനകളും മാത്രമാണിതിനു സാക്ഷി.
ജാതിയെന്ന വിഷവൃക്ഷത്തിന്റെ തായ്വേരറുക്കുവാന് ഒരു സംഘശക്തി ആവശ്യമായി. അനേകകാലത്തെ പ്രയത്ന ഫലമായി ഡോ. പല്പു, കുമാരനാശാന് തുടങ്ങിയ അനേകം മഹാډാരുടെ നേതൃത്വത്തില്‍ നാരായണഗുരുവിന്റെ ആശീര്‍വാദത്തോടെ ശ്രീനാരായണധര്‍മ്മ പരിപാലന യോഗം ഉദയംകൊണ്ടു. താന്‍ അരുവിപ്പുറത്ത് സഹവാസം തുടങ്ങിയ കാലം മുതല്‍ ദുഃഖ-ദുരിത-രോഗബാധകളുമായി ചുറ്റും കൂടിയ അധഃസ്ഥിത ജനതയെചേര്ത്തൊരു ഭജനസംഘമുണ്ടാക്കി. അതാണ് അരുവിപ്പുറം ക്ഷേത്രയോഗം. ഇത് വിപുലപ്പെടുത്തി രജിസ്റ്റര്‍ ചെയ്തതാണ് “ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം”. ജാതി നശീകരണമായിരുന്നു ഇതിന്റെ ലക്ഷ്യം.
കുമാരനാശാന് ജനറല്‍ സെക്രട്ടറിയായും ഡോ. പല്പു വൈ. പ്രസിഡന്റായും ശ്രീനാരായണഗുരു ആജീവനാന്ത രക്ഷാധികാരിയായും (പ്രസിഡന്റ്) തെരഞ്ഞെടുക്കപ്പെട്ടു. ജാതിയുടെ കയ്പുനീര് വളരെ അനുഭവിച്ചവരാണ് യോഗത്തിന്റെ ഭരണസമിതിയില്‍ ചേര്‍ക്കപ്പെട്ടത്. പല്‍പ്പുവും കുടുംബവും വിദ്യാഭ്യാസത്തിനായി കഷ്ടനഷ്ടങ്ങള്‍ സഹിച്ചു. വിദ്യാഭ്യാസം കഴിഞ്ഞ് ഉദ്യോഗത്തിനപേക്ഷിച്ചിട്ട് ഈഴവനെന്ന ഒറ്റക്കാരണത്താല്‍ ജോലിലഭിച്ചില്ല! വഴി നടക്കാനവകാശമില്ല! ക്ഷേത്രപ്രവേശനമില്ല!! ഈശ്വരാരാധന ബ്രാഹ്മണര്‍ക്ക് മാത്രം അവകാശപ്പെട്ടതെന്ന് വയ്പ്. നായര്‍ മുതല്‍ മേലോട്ടുള്ളവര്‍ക്ക് സ്ഥാനം ബ്രാഹ്മണര്‍ക്ക് പിന്നില്‍. ഈഴവന് തൊട്ട് താഴോട്ടുള്ളവരുടെ ദയനീയാവസ്ഥ ചിന്തിക്കാവുന്നതിലും അപ്പുറമാണ്. അന്ധവിശ്വാസത്തിലും അനാചാരത്തിലും മുങ്ങിത്താണുകൊണ്ടിരുന്ന ജനത, അവരെ എങ്ങനെ ഉദ്ധരിച്ചെടുക്കാം എന്നാലോചിച്ചതിന്റെ ഫലമാണ് അരുവിപ്പുറം ക്ഷേത്രം. പ്രപഞ്ചോല്പത്തിപോലെ എല്ലാ സൃഷ്ടിരഹസ്യങ്ങളും അടങ്ങുന്നതാണ് അരുവിപ്പുറം ക്ഷേത്രം. പ്രതീക കല്പനയോടൊപ്പം അറിവ് അഥവാ പരമാത്മാവിനെ അവിടെ ആലേഖനം ചെയ്തിരിക്കുന്നു. അജ്ഞാനമാകുന്ന ഇരുട്ടില്‍ മൂടപ്പെട്ടുകിടന്നിരുന്ന ജനതയെ വെളിച്ചത്തിലേക്ക് നയിക്കുന്നതിന്റെ ആദ്യപടിയായി ക്ഷേത്രസംസ്ഥാപനം. സ്വയം പ്രകാശിക്കുന്ന ആത്മാവിനാണ് മൂര്‍ത്തരൂപം നല്കി അഭിഷേകം ചെയ്തിരിക്കുന്നത്. അടുത്തുകാണുന്ന നദിയില്‍ കുളിച്ചാല്‍ ഇന്ദ്രിയങ്ങള്‍ ശുദ്ധമാകും. സത്യപരിശോധനകൊണ്ട് അന്തഃകരണശുദ്ധി-ആത്മശുദ്ധി-നേടണം. അപ്പോഴാണ് ഈശ്വരാരാധന അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. അടിസ്ഥാനപരമായി ആത്മവിദ്യയുള്ളവരെ ആരും അകറ്റിനിര്ത്തുകയില്ല’. ജാതി ചിന്തയെ മറികടക്കാനുള്ള ഗുരൗഷധം. ഭൗതികവിദ്യാഭ്യാസം കൊണ്ടുമാത്രം ജീവിതത്തിന് ചുവര് പിടിപ്പിക്കുവാന്‍ കഴിയുകയില്ല. ക്ഷേത്രസംസ്ഥാപനം കൊണ്ടും ഗ്രന്ഥരചനകൊണ്ടും ആത്മവിദ്യയാണ് ഗുരു വിഭാവനം ചെയ്യുന്നത്. മതപരമായ പഠനത്തോടെ ഭൗതിക വിദ്യാഭ്യാസത്തിനാവശ്യമായ അടിത്തറ പാകിത്തന്നു. അറിവില്ലാത്ത മനസ്സില്‍ മുളക്കുന്ന ജാതിചിന്തയ്ക്ക് അടിസ്ഥാനമില്ലെന്ന് ജാതിനിര്‍ണ്ണയം എന്ന കൃതി തെളിയിക്കുന്നു.
മനുഷ്യാണാം മനുഷ്യത്വം
ജാതിര്‍ഗോത്വം ഗവാം യഥാ
ന ബ്രാഹ്മണാദിരസ്യൈവം
ഹാ! തത്ത്വം വേത്തി കോപി ന.
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതില്‍
ഒരു ജാതിയില്‍നിന്നല്ലോ പിറന്നീടുന്നു സന്തതി
നര ജാതിയിതോര്ക്കുമ്പോളൊരു ജാതിയിലുള്ളതാം
നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും
പറയന്താനുമെന്തുള്ളതന്തരം നരജാതിയില്‍?
പറച്ചിയില്‍ നിന്നു പണ്ടു പരാശരമഹാമുനി
പിറന്നു മറസൂത്രിച്ച മുനി കൈവര്‍ത്തകന്യയില്‍
ഇല്ലജാതിയിലൊന്നുണ്ടോവല്ലതും ഭേദമോര്‍ക്കുകില്‍
ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ.
പശുവിനതിന്റെ പശുത്വം പോലെ മനുഷ്യത്വപരമായ ഇടപെടല്‍ കൊണ്ടാണ് മനുഷ്യനെ തിരിച്ചറിയേണ്ടത്. പാല് ചുരത്തുക എന്നത് പശുവിന്റെ സ്വഭാവം. മനുഷ്യന് പരസ്പരം സ്നേഹിക്കുകയും സഹകരിക്കുകയുമാണ് വേണ്ടത്. ഈ പ്രമാണ വാക്യമനുസരിച്ച് ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യ-ശൂദ്രാദി ഭേദമൊന്നും മനുഷ്യരിലില്ല, സൃഷ്ടിസങ്കല്പത്തിലും.
സ്ത്രീയോനിയില് നിന്ന് ജനിക്കുന്നവരെല്ലാം മനുഷ്യരാണ്. അവര്‍ക്കൊരു ജാതിയേയുള്ളൂ. ഒരു മതമേയുള്ളൂ. ഒരു ദൈവമേയുള്ളൂ. നരവര്ഗ്ഗത്തില് നിന്നും ജനിക്കുന്നത് നരജാതി, ജന്തുവര്‍ഗ്ഗത്തില്‍ നിന്നും ജന്തുജാതി, ഇഴവര്ഗ്ഗത്തില് നിന്നും ഇഴജാതി. ഇങ്ങനെ ജാതി ശാസ്ത്രീയമായി തിരിക്കാം. ഭേദമുള്ളത് ശരീരഘടനയില്‍-ലിംഗഭേദം-മാത്രം.
കലിയുഗത്തില്‍ ധര്മ്മച്യുതിക്കു കാരണം ഹിന്ദുമതത്തിലെ ജാതിസമ്പ്രദായവും വിഗ്രഹാരാധന തുടങ്ങിയ അനാചാരങ്ങളുമായിരുന്നു. 1921 കാലഘട്ടം, വൈക്കം ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡുകളില്‍ ഈഴവര്‍ തുടങ്ങി “അയിത്ത” ജാതികള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. സഹോദരനയ്യപ്പന്, റ്റി.കെ.മാധവന്, സത്യവ്രതസ്വാമികള്‍ തുടങ്ങിയവര്‍ നിയമം ലംഘിച്ച് റോഡില്‍ക്കൂടി നടന്ന് ചരിത്രം കുറിച്ചു. തിരുവിതാംകൂറിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നായിരുന്ന ഇതിന് നാലു ചുറ്റും മതിലുകളുണ്ടായിരുന്നു. ക്ഷേത്രപ്രവേശനത്തിനുവേണ്ടി റ്റി. കെ. മാധവന്റെ ശ്രമഫലമായി മഹാത്മജിയുടെയും ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ 1924 മാര്‍ച്ചില്‍ വൈക്കം സത്യഗ്രഹം ആരംഭിച്ചു. ഇത് 1925 നവംബര്‍ 29 വരെ ദീര്‍ഘിച്ചു. കുഞ്ഞപ്പി എന്ന പുലയനും ബാഹുലേയന് എന്ന ഈഴവനും ഗോവിന്ദപ്പണിക്കര്‍ എന്ന നായരുമായിരുന്നു ആദ്യത്തെ സത്യഗ്രഹികള്‍. ഇവരെ പോലീസ് തടയുകയും അറസ്റ്റ്ചെയ്യുകയും ചെയ്തു. കെ. പി. കേശവമേനോന്, റ്റി. കെ. മാധവന് എന്നിവരായിരുന്നു രണ്ടാം ദിനത്തിലെ സത്യഗ്രഹികള്‍. ഈ സമരഭടډാരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി, 6 മാസത്തെ തടവിന് ശിക്ഷിച്ചു.
മന്നത്തു പത്മനാഭന്, എന്‍. കൃഷ്ണപിള്ള, എം. എന്‍. നായര്‍, വി.അച്യുതാനന്ദന് തുടങ്ങി അനേകം മഹാരഥډാര്‍ സത്യഗ്രഹപന്തലിലേക്ക് വന്നു. അഹിന്ദുക്കളും വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുത്തിരുന്നു. സത്യഗ്രഹം ഹിന്ദുവിനെ പരിഷ്ക്കരിക്കാനാകയാല് അഹിന്ദുക്കളുടെ സഹായം സത്യഗ്രഹത്തിനാവശ്യമില്ലെന്നായിരുന്നു മഹാത്മജിയുടെ അഭിപ്രായം. സത്യഗ്രഹികള്‍ക്ക് ശാരീരികവും മാനസികവുമായ പീഢ ഏറെയുണ്ടായി. സമരസേനാനികളുടെ കണ്ണില്‍ ചുണ്ണാമ്പെഴുതി, കാതില്‍ ഈയം ഉരുക്കിയൊഴിച്ചു, മര്‍ദ്ദനം ഏല്പിച്ചു. നീലകണ്ഠന് നമ്പൂതിരിപ്പാട്, റ്റി. ആര്. കൃഷ്ണസ്വാമി അയ്യര്‍, കേളപ്പജി എന്നീ സമുന്നത വ്യക്തിത്വങ്ങളും അവര്‍ണ്ണരും ഒന്നിച്ചുനിന്നു പോരാടിയതുകൊണ്ടാണ് പില്ക്കാലത്ത് ക്ഷേത്രപ്രവേശന വിളംബരമുണ്ടായത്.
ജാതിയെ ഉډൂലനം ചെയ്യാനവതരിച്ച ശ്രീനാരായണഗുരു 1924 സെപ്റ്റംബര്‍ 24-ാം തീയതി വൈക്കം സത്യഗ്രഹികളെ നേരില്‍ സന്ദര്‍ശിച്ച് മൂന്ന്-നാല് ദിവസം അവര്‍ക്കൊപ്പം തങ്ങി. ഖദര്‍ വസ്ത്രം ധരിച്ചിരുന്ന അവിടുന്ന് മഹാത്മജിയുടെ ഖാദിഗ്രാമത്തെ ഏറെ ആദരവോടെ കാണുകയുണ്ടായി. കൈത്തറി നൂല് നൂല്ക്കുന്ന തൊഴില്‍ ശാലകള്‍ ശീവഗിരിയിലും അദ്വൈതാ ശ്രമത്തിലും സ്ഥാപിച്ചു.
മഹാറാണി റീജന്റിന്റെ ഭരണകാലം. വൈക്കത്തുനിന്നും മന്നത്തു പത്മനാഭന്റെയും ഡോ. എം. പെരുമാള്‍ നായിഡുവിന്റെയും നേതൃത്വത്തില്‍ രണ്ടുസംഘങ്ങളായി തിരുവനന്തപുരത്തേക്ക് ജാഥ. മന്നത്തുപത്മനാഭന്റെ നേതൃത്വത്തിലുള്ള സവര്‍ണ്ണജാഥ ചെട്ടികുളങ്ങരയിലെത്തിയപ്പോള് റ്റി. കെ. മാധവനും അമ്മയും ചേര്‍ന്ന് സ്വീകരിച്ചു. അദ്ദേഹത്തിന് വെള്ളിമൊന്തയില്‍ ഗോതമ്പ് കഞ്ഞി നല്കി ആദരിച്ചു, മറ്റുള്ളവര്‍ക്ക് ഖദര്‍ കപ്പുകള്‍ എന്നു പേരുള്ള ചീകിമിനുക്കി ചിത്രപ്പണിനടത്തിയ ചിരട്ടകളിലും. ജാതിരാക്ഷസ്സന്റെ ഘോരരൂപമുണ്ടാക്കി ആ സദസ്സില്‍ അഗ്നിക്കിരയാക്കി; പ്രതീകാത്മകമായി അസുരവധം നടത്തി. ജാഥകള്‍ തിരുവനന്തപുരത്തെത്തി അമ്മമഹാറാണിയെ കണ്ട് നിവേദനം സമര്‍പ്പിച്ചു. മടക്കയാത്രയില്‍ ശിവഗിരിമഠത്തിലെത്തി നാരായണഗുരുവിനെ പ്രദക്ഷിണംവച്ചു വണങ്ങി.
വൈക്കം സത്യഗ്രഹവും സവര്ണ്ണജാഥയുമൊക്കെ മതനവീകരണത്തിന്റെ ഭാഗമായിരുന്നു. ജാതിനശീകരണത്തിന്റെ ഭാഗമായി സഹോദരനയ്യപ്പന് നടപ്പിലാക്കിയ മിശ്രവിവാഹം ഇന്ന് നാടിന്റെ മുക്കിലും മൂലയിലും നടക്കുമ്പോള്‍ ഈ മണ്ണില്‍ എവിടെയാണ് ജാതി? ഇന്ന്, ജാതി കടലാസ്സില്‍ മാത്രമാണ്. കാലം അത് മായിച്ചുകളായിതിരിക്കില്ല.
കയര്‍ പാമ്പെന്നു തോന്നുന്നത് കാഴ്ചക്കുറവുകൊണ്ടാണ്, ജാതിയുണ്ടെന്നു തോന്നുന്നത് അറിവില്ലായ്മകൊണ്ടും. മനുഷ്യന് മനുഷ്യനെ തിരിച്ചറിയുന്നതാണ് ഉത്കൃഷ്ടമായ അറിവ്. നവോത്ഥാനത്തിനുശേഷം തുടര്‍ന്ന് പഠിക്കേണ്ടത് മനുഷ്യനെക്കുറിച്ചായിരുന്നു. അടിസ്ഥാനമായിരുന്നു ഗുരു ഒരുക്കിത്തന്നത്. മനുഷ്യന് സത്യത്തിനുനേരെ കണ്ണടച്ചു. ഭൗതികവാദം തലപൊക്കി, ശാസ്ത്രത്തിന്റെ വളര്‍ച്ച ദ്രുതഗതിയിലായി, ആദര്‍ശശുദ്ധിയില്ലാത്ത ഭൗതികശാസ്ത്ര രസതന്ത്രത്തിലേക്ക് ജനം തിരിഞ്ഞു. ആശയം ആമാശയപരമായി. രാഷ്ട്രീയം ഇതിന് പ്രോത്സാഹനമായി. മതവും ഈശ്വരനും ഭൗതിക തലത്തില്‍ കാണേണ്ടതല്ലെന്നും അത് ഹൃദയത്തിന്റെ കാര്യമാണെന്നും മഹാത്മജി അഭിപ്രായപ്പെട്ടിട്ടുണ്ട്.
1112 തുലാമാസത്തില്‍ ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് ക്ഷേത്രപ്രവേശനം വിളംബരം ചെയ്തു. ബ്രാഹ്മണ-അബ്രാഹ്മണ ഭേദമില്ലാതെ മജ്ജയും മാംസവും ചോരയും നീരുമുള്ള ഏതൊരു മനുഷ്യനും ക്ഷേത്രത്തില്‍ പ്രവേശിക്കാം. പൂജാവിധികള്‍ പഠിച്ച് ശ്രീകോവിലില്‍ പൂജ ചെയ്യാം. സത്യം ഇതാണെങ്കിലും ജാത്യാചാരം വച്ചുപുലര്‍ത്തുന്ന പുരോഹിതവര്‍ഗ്ഗം ഇന്നും ആധിപത്യം പുലര്‍ത്തുന്നു. ഈ ദുഷ്ടവാഴ്ച അവസാനിക്കണം. നാരായണഗുരുവിന്റെ അവതാരത്തോടുകൂടി രാജവാഴ്ച പോലും അവസാനിച്ചു. മന്ത്രം കാണാപാഠം പഠിച്ച് എത്രകാലം പൂജിച്ചാലും മനസ്സു നിര്മ്മലമാകുന്നില്ലെങ്കില് ഒരു പുരോഹിതന്റെയും പൂജ ഒരു ദേവതയാലും സ്വീകരിക്കപ്പെടുകയില്ല. ദേവിദേവډാരെല്ലാം ക്ഷേത്രങ്ങളില്‍ നിന്നും അപ്രത്യക്ഷരാകുകയാണ്. അതാണല്ലോ അഷ്ടമംഗല്യ പ്രശ്നങ്ങള്‍ക്കും പരിഹാരക്രിയകള്‍ക്കും ആധാരം. ആചാരവിചാരാദികളിലെല്ലാം കാലോചിതമായ മാറ്റമുണ്ടാകുമ്പോഴാണ് ദേവതാശക്തി പ്രതിബിംബിക്കുന്നത്.
ജാതിചര്ച്ചകളാണ് കേരളത്തില്‍ മുന്തിനില്ക്കുന്നത്. ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ അബ്രാഹ്മണനായ സുധീറിനെ കീഴ്ശാന്തിയായി നിയമിച്ചുപോലും. അവര്ണ്ണന് ശാന്തിപ്പണി ചെയ്താല്‍ ആചാരഭംഗമുണ്ടാകും, ദേവി കോപിക്കും എന്ന് ക്ഷേത്രസംഘടനയും തന്ത്രിയും. ചരിത്രം ഉറങ്ങുന്ന ഈ മണ്ണില്‍ ചരിത്രം അറിയാത്തവരാണ് വിവേകശൂന്യമായി പെരുമാറുന്നത്. മനുഷ്യനെ പരസ്പരം അകറ്റുന്നത് ആചാരമാണെങ്കില്‍ അത് ഉപേക്ഷിക്കേണ്ടതല്ലേ?
മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെത്താന്
പരസ്പരം സ്നേഹിക്കപ്പെടേണ്ടവരാണ് മനുഷ്യര്‍. സ്നേഹം മനുഷ്യന്റെ സഹജതയാണ്. സ്നേഹമാണ് ലോകത്തിന്റെ ഗതി-വിഗതി നിര്‍ണ്ണയിക്കുന്നത്. സ്നേഹമില്ലായ്മ മരണം തന്നെയാകുന്നു.
ഓം ശാന്തിഃ

