പിതൃപിണ്ഡം

ഗുരുവാക്ക്

കടന്നു പോകുന്നവരുടെ യാത്രയ്ക്ക് വിഘ്നം ഉണ്ടാക്കുന്നതാകരുത് മരണശേഷം ചെയ്യുന്ന ക്രിയകള്‍. ജീവിച്ചിരിക്കുമ്പോള്‍ അവരുടെ ഭൗതികവും ആത്മീയവുമായ ക്ഷേമത്തിനുതകുന്ന ശുശ്രൂഷകള്‍ നല്ല മന സ്സോടെ ചെയ്യുന്നതാണ് യഥാര്‍ത്ഥ ശേഷക്രിയ.

മരണാനന്തരം പരേതാത്മാവിനുവേണ്ടി ചെയ്യുന്ന കര്‍മ്മവും ക്രിയകളുമൊന്നും ആത്മാവ് സ്വീകരിക്കു ന്നില്ല. കാരണം, ദേഹം ത്യജിക്കുന്ന ആത്മാവിന് രൂപമില്ല. വായും വയറും ചുണ്ടും ചിറിയുമില്ല. അരൂപിയായ പരേതാത്മാവിനുവേണ്ടി ചെയ്യുന്ന യാതൊരു ക്രിയയും പരേതര്‍ക്ക് യാതൊരു ഗുണവും ചെയ്യുന്നില്ല, എന്നുമാത്രമല്ല, ഇത് അവരുടെ മേല്‍ഗതി തടയുന്നു. ആത്മാവ് തത്ത്വത്തില്‍ അടങ്ങിയിരിക്കുന്ന പൊരുളാണ്. ആത്മാവിനെ സംബന്ധിച്ച് യാതൊരു അവബോധവും ഇല്ലാതെ അജ്ഞാനത്തിന്‍റെ കറുത്തിരുണ്ട മൂടുപടം ധരിച്ച പുരുഷാരം ഒരു ചടങ്ങെന്ന നിലയില്‍ ധാരാളം പണം ചെലവഴിച്ച് പിതൃതര്‍പ്പണം നടത്തിപ്പോരുന്നു. ഇതിന്‍റെ പ്രത്യാഘാതം ഭയാനകം തന്നെ! 

എന്താണ് പിണ്ഡം?

മനുഷ്യന്‍ അനുഭവിക്കുന്ന ബാഹ്യവിഷയങ്ങളുടെ സൂക്ഷ്മാവശിഷ്ടമാണ് ആത്മാവില്‍ അടിഞ്ഞുകൂടുന്ന പിണ്ഡം. ഇന്ദ്രിയവിഷയങ്ങളുമായി മനസ്സ്, കണ്ണ്, കാത് തുടങ്ങിയ പഞ്ചേന്ദ്രിയങ്ങളില്‍ ഒരുമിക്കുമ്പോള്‍ അനുഭവമാകുന്ന വിഷയസൂക്ഷ്മതډാത്രകള്‍ മനസ്സില്‍ തങ്ങിനില്‍ക്കുന്നു. ഈ തډാത്രകളെ ശബ്ദരൂപസ്പര്‍ശരസഗന്ധാദികള്‍ എന്നറിയപ്പെടുന്നു. ജാഗ്രത്താവസ്ഥയില്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഈ മാലിന്യങ്ങള്‍ സുഷുപ്തിയില്‍ സൂക്ഷ്മാത്മാവില്‍ കലരുന്നു. ഇപ്രകാരം സൂക്ഷ്മാത്മാവില്‍ ശേഖരിക്കപ്പെടുന്ന കര്‍മ്മമാലിന്യത്തെ അജ്ഞാനം എന്നറിയപ്പെടുന്നു. കാലങ്ങള്‍ കൊണ്ട് ആത്മാവില്‍ അടിഞ്ഞുകൂടുന്ന അജ്ഞാനശേഖരമാണ് പിണ്ഡം. സ്ഥൂലജഡം മാറി മറയുന്നതുകൊണ്ട് മരണം പൂര്‍ണ്ണമാകുന്നില്ല. ജീവന്‍ സ്പന്ദിച്ചു നില്‍ക്കുന്ന സൂക്ഷ്മാത്മാവും അതിനാശ്രയമായ കാരണാത്മാവും നിലനില്‍ക്കുന്നു. സൂക്ഷ്മാത്മാവിന്‍റെ മരണം കൊണ്ടേ ജീവന് ആയുരന്തം (മോക്ഷം) ഉണ്ടാകുന്നുള്ളൂ.

പിതൃപിണ്ഡത്തിന് പ്രതീകാത്മകമായി ഉണ്ടാക്കുന്നതാണ് അരിവറ്റിച്ച് കാക്കകള്‍ക്ക് നല്‍കുന്ന ബലിച്ചോറ്. പിതൃബലി സമര്‍പ്പിക്കുന്ന വ്യക്തിയുടെ സങ്കല്പശക്തി പരേതാത്മാവിന്‍റെ മേല്‍ഗതി തടയുന്നു. കൂടാതെ പിതൃക്കള്‍ തിരിഞ്ഞ് ആ വ്യക്തിയുടെ ശ്വാസവായുവില്‍ക്കൂടി ഉള്ളില്‍ പ്രവേശിക്കുന്നു. പിതൃ അവരുടെ ഹൃദയത്തില്‍ കൂടുകൂട്ടുന്നു. ഇങ്ങനെ പിതൃക്കളില്‍ അടിഞ്ഞുകൂടിയിരുന്ന മാലിന്യങ്ങള്‍ അവരുടെ രക്തത്തില്‍ കലരുന്നു. പരേതന്‍റെ വാസന ക്രമേണ ആ വ്യക്തിയുടെ വാസനയായിത്തീരുന്നു. വാസനയില്‍ കലരുന്ന പിതൃക്കള്‍ ക്രമേണ അവരുടെ മനസ്സിനെ കീഴ്പ്പെടുത്തി രാജാധിരാജനായി വാണരുളുന്നു. അങ്ങനെ ആധുനിക ജനത ഒരു നിയന്ത്രണവുമില്ലാത്ത ഭീകരവാഹനം പോലെ അപകടത്തിലേക്കും നാശത്തിലേക്കും പതിച്ചുകൊണ്ടിരിക്കുന്നു. പരേതരുടെയും അവരുടെ കൂട്ടാളികളായ ദുര്‍ദ്ദേവതകളുടെയും പ്രലോഭനത്തില്‍പ്പെട്ട് വന്‍പിച്ചൊരു ജനത മദ്യത്തിനും മയക്കുമരുന്നിനും അടിമകളാകുന്നു. ചിലര്‍ മാന്ത്രികډാരോ ജ്യോതിഷികളോ ആകുന്നു. ചിലര്‍ കള്ളപ്രവാചകډാരോ ആള്‍ദൈവങ്ങളോ ആകുന്നു. ലൈംഗീകാതിക്രമം, വിവാഹമോചനം, അനധികൃത സ്വത്ത് സമ്പാദനം, തട്ടിപ്പ് സംഘങ്ങള്‍, കുട്ടിക്കുറ്റവാളികള്‍ തുടങ്ങി കൊടുംകുറ്റവാളികള്‍ വരെ ആധുനിക സമൂഹത്തില്‍ കാണുന്ന മൂല്യച്യുതി! ഇതിനെല്ലാം കാരണം നാമറിയാതെ നമ്മില്‍ കടന്നുകൂടിയിരിക്കുന്ന തമോശക്തികള്‍ തന്നെ.

“യാതൊന്നിനെ ആരാധിക്കുന്നുവോ നീ അതായിത്തീരും. പിശാചിനെ ആരാധിക്കുന്നവന്‍ പിശാചിലായിത്തീരും ഈശ്വരനെ ആരാധിക്കുന്നവന്‍ ഈശ്വരനിലും ആയിത്തീരും” എന്ന ഗീതാവചനം ഓര്‍ക്കുക. ദൈവാധിവാസത്തിനുള്ള ഹൃദയം മലീമസമായാല്‍ അവിടം പിന്നെ പിശാചിന് മാത്രമേ അനുയോജ്യമാകൂ എന്ന ധര്‍മ്മാനന്ദഗുരുവിന്‍റെ തിരുമൊഴികള്‍ ഇവിടെ സ്മരണാര്‍ഹമാകുന്നു. വിഗ്രഹത്തില്‍ ആത്മസത്യത്തിന്‍റെ സ്ഥൂലവും കണ്ണാടിയില്‍ സൂക്ഷ്മഭാവത്തില്‍ പ്രണവവും അനാവരണം ചെയ്ത് നാരായണഗുരു എന്താണ് പറഞ്ഞു തരുന്നത്? സ്ഥൂലം ദേഹം, സൂക്ഷ്മം ആത്മാവ്. നിന്‍റെ ദൈവം നിന്നില്‍ തന്നെ വാഴുന്നു!

വര്‍ക്കലയില്‍ ബലിയിടാന്‍ വരുന്നവര്‍ ശിവഗിരിയില്‍ വന്ന് ശാരദയെ കണ്ടുവണങ്ങി പോകട്ടെ എന്നാണ് ഗുരു കല്പിച്ചത്. ശാരദയെ വണങ്ങുന്നവര്‍ക്ക് അറിവുണ്ടാകും. അറിവുള്ളവര്‍ അര്‍ത്ഥശൂന്യമായ കര്‍മ്മങ്ങള്‍ക്കൊന്നും വഴിപ്പെടുകയില്ല. ഇതാണ് ഗുരുവാക്യത്തിന്‍റെ പൊരുള്‍.

ഒരിക്കല്‍ ആലുവാ അദ്വൈതാശ്രമത്തില്‍ ഗുരു വിശ്രമിക്കുന്നു. അടുത്തുകൂടി ഒഴുകുന്ന മനോഹരിയായ പെരിയാര്‍. പിതൃബലിയിടുവാന്‍ ആയിരക്കണക്കിനാളുകള്‍ എത്തിയിരിക്കുന്നു. ഒരു ഭക്തന്‍ ഗുരു സന്നിധിയില്‍ ഇത് ഉണര്‍ത്തിച്ചു. “നീ ചെന്ന് ഒന്നുകൂടി നോക്ക്. ആളുകള്‍ കുറവാണ്” ഗുരു മൊഴിഞ്ഞു. പരിശോധിച്ച് ഉറപ്പുവരുത്തി പഴയ പല്ലവി ആവര്‍ത്തിച്ച ഭക്തനോട് “തന്‍റെ കരത്തില്‍ തൊട്ടുകൊണ്ട് അങ്ങോട്ട് വീണ്ടും നോക്കുക എന്ന് ഗുരു കല്പിച്ചു”. ഭക്തന്‍ അപ്രകാരം ആവര്‍ത്തിച്ചു. അത്ഭുതം ബലിത്തറയില്‍ മനുഷ്യരൂപങ്ങള്‍ ഒന്നോ രണ്ടോ മാത്രം. നായ, നരി, കാള, പോത്ത് തുടങ്ങിയ ജീവികളായിട്ടാണ് മറ്റു മനുഷ്യരെ കണ്ടത്. അറിവില്ലെങ്കില്‍ കര്‍മ്മഗതിക്കനുസൃതമായി മനുഷ്യാത്മാവിന് മറ്റു ജീവികളുടെ രൂപമുണ്ടാകും. ബുദ്ധിയുള്ളവരാരും സ്വയം നശിക്കുകയില്ല.

ഒരിക്കല്‍ കുട്ടനാട്ടില്‍ കാരിച്ചാല്‍ എന്ന സ്ഥലത്ത് നിന്നും കുട്ടികളില്ലാത്ത ദമ്പദികള്‍ ശിവഗിരിമഠത്തില്‍ എത്തി ഗുരുസമക്ഷം സങ്കടം ഉണര്‍ത്തിച്ചു. ഒപ്പം പിതൃക്കളുടെ ദോഷം മാറുവാന്‍ ഒരു തിലഹവനം നടത്തണമെന്നും അവര്‍ അറിയിച്ചു. “അതിനു തിലഹവനം ആവശ്യമില്ല” എന്നും “സന്താനങ്ങളുണ്ടാകും അവരെ പോറ്റുവാന്‍ പണം കരുതിയാല്‍ മതി” എന്ന ഉപദേശവും ഗുരുദേവന്‍ നല്‍കി. അവര്‍ തിലഹവനത്തിന ് കരുതിയിരുന്ന പണം ശിവഗിരിമഠത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അന്നദാനം നടത്തി അവര്‍ മടങ്ങി. അധികം വൈകാതെ അവര്‍ക്കു സന്താനമുണ്ടായതു ചരിത്രത്തിന്‍റെ ഭാഗം. 

ലുപ്തപിണ്ഡപിതൃപ്രതിക്രിയ ചെയ്വതിന്നുമിതൊന്നിനും
ക്ലിപ്തമില്ലയെനിക്കു താവകപാദസേവനമെന്നിയേ
ലബ്ധവിദ്യനിവന്‍ ഭവത്കൃപയുണ്ടിതെങ്കിലനന്യസം-
തൃപ്തിയും പദഭക്തിയും വരുമാശു ഷണ്‍മുഖ പാഹിമാം.
(ഷണ്‍മുഖസ്തോത്രം) 

എനിക്ക് വിദ്യയുണ്ട്. വിദ്യാദേവതയെ ഉപാസിക്കുന്ന എനിക്ക് പിതൃപിണ്ഡം തയ്യാറാക്കുവാനും വര്‍ഷം തോറും പുതുക്കുവാനുമൊന്നും സമയമില്ല. ഈശ്വരഭക്തികൊണ്ടും ഭജനംകൊണ്ടും പിതൃക്കള്‍ ശുദ്ധരാകും. മുക്തരാകും. ڇവിദ്യകൊണ്ടു പ്രബുദ്ധരാകുകڈ എന്ന മാനവികസന്ദേശത്തിന്‍റെ ഉദ്ദേശലക്ഷ്യം എന്താണ്? വിദ്യാഭ്യാസരംഗവും ദൈവവുമൊക്കെ പണമുണ്ടാക്കുന്ന ഉപോത്പന്നങ്ങളായി തീര്‍ന്നപ്പോള്‍ മനുഷ്യന്‍ ബുദ്ധിപരമായി എത്ര അധഃപതിച്ചു എന്ന് കാലികസംഭവവികാസങ്ങള്‍ വായിച്ചു നോക്കിയാല്‍ വ്യക്തമാകും. കടന്നുപോകുന്ന പിതൃഭൂതരെ ദൈവത്തില്‍ സമര്‍പ്പിച്ചു ഭജിക്കുക. ബാക്കി ദൈവത്തിനു വിടുക. പിന്നെ പിതൃക്കളെക്കുറിച്ചു ചിന്തിക്കാതെ ദൈവത്തെക്കുറിച്ച് മാത്രം ചിന്തിക്കുക. നല്ല നാളെയുടെ വാക്താക്കളാകുക. ഉന്നതമായ സംസ്കാര സമ്പത്ത് കാത്തുസൂക്ഷിക്കുക. ഇതാണ് കാലത്തിനാവശ്യം. 

ഓം! ലോകാസമസ്താ സുഖിനോഭവന്തു!

Sign up now & get regular updates