“മദ്യം വിഷമാണ്, അത് ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്”-ശ്രീനാരായണഗുരു മനുഷ്യമനസ്സുകളെ അന്നും ഇന്നും എന്നും ഓര്‍മ്മപ്പെടുത്തുന്നു, ഉപദേശിക്കുന്നു. സ്വതന്ത്ര ഭാരതത്തില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തുന്നതിനെ മഹാത്മജി അനുകൂലിച്ചിരുന്നു. “മദ്യപാനം എരിതീയില്‍ ചാടുന്നതുപോലെയും ആഴക്കയത്തില്‍ മുങ്ങുന്നതുപോലെയും ആപല്ക്കരമാണ ്” എന്ന് മഹാത്മജി രേഖപ്പെടുത്തിയിരിക്കുന്നു. നാരായണഗുരുവിന്റെ ഉപദേശ സംഹിതകള്‍ക്ക് യാതൊരു വിലയും കല്പിക്കാത്ത അധാര്‍മ്മികത കേരളമണ്ണില്‍ ഒരു സാമൂഹിക ദുരന്തമായിത്തീര്ന്നിരിക്കുന്നു. മദ്യഗന്ധം കേരളത്തെ ദുര്‍ഗ്ഗന്ധപൂരിതമാക്കുന്നു. മദ്യബീജത്തില് നിന്നും പിറന്നു വളരുന്ന തലമുറ മദ്യാസക്തരാകുന്നതില് എന്താണ് അതിശയം? വിതയ്ക്കുന്നത് കൊയ്യുന്നു. അത് പ്രകൃതി നിശ്ചയമാണ്. ഭാരതത്തില്‍ മുന്തിയ അളവില്‍ മദ്യം കുടിച്ചു തീര്‍ക്കുന്ന സംസ്ഥാനം കേരളമാണ്. 10 വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ ഏതെങ്കിലും ലഹരി സാധനങ്ങള്‍ ഉപയോഗിക്കുന്നവരാണ്. ബാറുകളില്‍ മാത്രമല്ല, മുറുക്കാന്‍ കടകളില്‍ പോലും മദ്യവും മയക്കുമരുന്നും സുലഭം! വിദേശമദ്യമെന്നോ, സ്വദേശമദ്യമെന്നോ, വ്യാജമദ്യമെന്നോ ഇതിന് വ്യത്യാസമില്ല. ഏത് മദ്യം കുടിച്ചാലും ലഹരിക്കും, വെളിവ് കെടും. മദ്യത്തിന് വീര്യം പോരാ എന്ന് തോന്നുന്നവര്‍ മയക്കുമരുന്നുകളിലേക്ക് തിരിയും.
ലഹരി വില്പന കുടില്‍ വ്യവസായമെന്നത് കടന്ന് വന്‍കിട വ്യവസായമായി വളര്‍ന്ന് പടര്‍ന്ന് പന്തലിച്ചിരിക്കുന്നു. അമ്മയാകേണ്ട സ്ത്രീകളും മദ്യവില്പനയിലും മദ്യപാനത്തിലും ഒട്ടും പിന്നിലല്ല. സ്വര്‍ണ്ണക്കടത്തിലും മനുഷ്യക്കടത്തിലും സോളാര്‍ തട്ടിപ്പുപോലെ രാജ്യത്തു നടക്കുന്ന ഒട്ടുമിക്ക തട്ടിപ്പുകളിലും സ്ത്രീകളെ കവചമായി മുന്നില്‍ നിര്‍ത്തുന്നു! ആഭിജാത്യവും കുലമഹിമയും കെട്ടുപോയിരിക്കുന്നു.
എല്ലാ വെളിവുകേടിന്റെയും പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഘാതകന് മദ്യമോ മയക്കുമരുന്നുകളോ ആണ് എന്ന് പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. മനസ്സിനെ മദിപ്പിക്കുന്ന എല്ലാ ലഹരിപദാര്‍ത്ഥങ്ങളും മദ്യത്തിന്റെ ഗണത്തില്‍ പെടുന്നു. വൈദ്യശാസ്ത്രവും മതങ്ങളും പ്രമാണങ്ങളും അംഗീകരിക്കാത്ത മദ്യം ഉണ്ടാക്കണമെന്നും വില്‍ക്കണമെന്നും കുടിക്കണമെന്നും ആര്‍ക്കാണ് നിര്‍ബന്ധം? മദ്യ മുതലാളിമാര്‍ക്ക്! മദ്യം ഉണ്ടാക്കാതിരുന്നാല്‍ കുടിക്കാന്‍ ആളുണ്ടാവുകയില്ല. അപ്പോള്‍ ആരാണ് ഈ രാജ്യത്ത് നരകം പണിയുന്നത്? അഗ്നിയില്‍ ആകൃഷ്ടരായി ശലഭങ്ങള്‍ വീണു നശിക്കുന്നതുപോലെ മദ്യത്തില്‍ ആകൃഷ്ടരായി ജനം അനുനിമിഷം മരിച്ചുകൊണ്ടിരിക്കുന്നു. മദ്യവില്പനശാലകളിലെ നീണ്ട നിര ഇതിനു തെളിവാണ്.
പാവങ്ങള്‍ പാടത്തും പണിശാലയിലും പണിചെയ്തു സമ്പാദിച്ചുകൊണ്ടുവരുന്ന പണം മദ്യമുതലാളിമാരുടെ ഖജനാവ് കൊഴുപ്പിക്കുന്നു. വീടുകളില്‍ പട്ടിണി. കുടുംബഭദ്രതയോ നശിക്കുന്നു! ഭാര്യാഭര്‍ത്തൃ ബന്ധത്തില്‍ തകര്‍ച്ചയുണ്ടാകുന്നു. പണ്ടൊക്കെ അപൂര്‍വ്വമായിരുന്ന വിവാഹമോചനം ഇന്ന് സര്‍വ്വസാധാരണമായിരിക്കുന്നു. കൃഷിപ്പണി ചെയ്തും ആടുമാടുകളെ വളര്‍ത്തിയും അഭിമാനമായി ജീവിച്ചിരുന്ന ജനതയെ കൂടുതല്‍ ധനം ഉണ്ടാക്കാം എന്നു മോഹിപ്പിച്ച് മദ്യമേഖലയിലേക്ക് വലിച്ചിഴച്ച് മദ്യത്തൊഴിലാളിയാക്കി. ഈ നീച ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളിക്ക് ലഭിക്കുന്നതോ തുച്ഛമായ ശമ്പളവും. ബാറടച്ചിടണമെന്ന് പറയുമ്പോഴും മുതലാളി തൊഴിലാളിയെ കവചമാക്കി ന്യായവാദം നടത്തുന്നു. മദ്യ വില്പന പൊടിപൊടിക്കാം എന്നു കരുതേണ്ട. എല്ലാവരേയും എല്ലാക്കാലത്തും പറ്റിക്കാം എന്നു കരുതരുത്. എല്ലാം മനസ്സിലാക്കുന്ന ഒരു ജനത ഇവിടെയുണ്ട്. കുറച്ച് തൊഴിലാളികളും ഏറെ മദ്യപ്രഭുക്കډാരുമല്ല ഈ രാജ്യത്തിന്റെ സമ്പത്ത്. അന്തസ്സും ആഭിജാത്യവും വിവേകബുദ്ധിയുമുള്ള നല്ലൊരു ജനവിഭാഗം ഈ രാജ്യത്തുണ്ട്. അവരില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. അവര്‍ക്കും ഭയമില്ലാതെ സമാധാനത്തോടെ പുലരുവാന്‍ കഴിയണം. ദുഷ്ടനിഗ്രഹത്തിനായി പരശുരാമന് അവതരിച്ച മണ്ണാണിത്, രാക്ഷസ്സരെ നിഗ്രഹിക്കുവാന് ശ്രീരാമനും. പാപികളുടെ ശുദ്ധീകരണത്തിനായി ക്രിസ്തുദേവന് കുരിശുമരണം വരിച്ചു. നബിയോ, അവസാനനിമിഷം സത്യധ്വംസനം ചെയ്യുന്ന ശത്രുവിന് നേരെ വാളെടുത്ത് യുദ്ധം ചെയ്ത് ദൈവസാമ്രാജ്യം സ്ഥാപിച്ചു. ശ്രീമദ് ശങ്കരാചാര്യരും ശ്രീനാരായണഗുരുവും ജനിച്ച മണ്ണുകൂടിയാണിത്. ഈ ദിവ്യജ്യോതിസ്സുകള്‍ ഒരു തേജോഗോളമായി ലോകത്തിന്റെ നെറുകയില്‍ ഇടിത്തീപോലെ ജ്വലിക്കുന്നുണ്ട് എന്നു നാം അറിയുന്നത് നന്ന്. “നല്ലൊരു ജനസമൂഹത്തെ ചതിച്ചും വെളിവുകെടുത്തിയും സമ്പാദിക്കുന്ന പണം രാഷ്ട്രത്തിന്റെ വികസന പ്രവര്ത്തനങ്ങള്ക്കുപയോഗിക്കുവാന് പാടില്ല” എന്നാണ് ഗാന്ധിജിയുടെ ദര്‍ശനം. ഗാന്ധിജിയുടെ ജډദേശമായ ഗുജറാത്തില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയിരുന്നു. തത്വശാസ്ത്രപരമായി ഗാന്ധിജിക്കുണ്ടായിരുന്ന സംശയങ്ങള്‍പോലും നീക്കിക്കൊടുത്തത് നാരായണഗുരുവാണ്. എന്നിട്ടും ഗുരു ജനിച്ച നാട്ടില്‍ മദ്യ നിരോധനം ഇന്നും ഉണ്ടായിട്ടില്ല. നാരായണഗുരുവിനെ കേരളത്തില്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ അവഗണിക്കുകയാണ്. മദ്യ വിഷയത്തില്‍ ഒരു ചുവട് മുന്നോട്ട് വച്ചത് ശ്രീ. ഏ.കെ.ആന്റണി ആയിരുന്നു. ആ മാന്യവ്യക്തിയെ നാം നാടുകടത്തിവിടുകയും ചെയ്തു.
മഹാത്മജിയുടെ നാട്ടില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയതുപോലെ മദ്യവര്‍ജ്ജന ബോധവല്‍ക്കരണത്തോടൊപ്പം മദ്യനിരോധനവും കേന്ദ്രഗവണ്മെന്റ് ഏര്‍പ്പെടുത്തേണ്ടതാണ്. ഭാരതം ലഹരി വിരുദ്ധ രാഷ്ട്രമാകണം. വിദ്യാഭ്യാസമുള്ള ആരോഗ്യമുള്ള ഒരു ജനതയാണ് രാഷ്ട്രത്തിന്റെ കരുത്ത്. ഞാന്‍ പ്രധാനമന്ത്രിയായാല്‍ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തും എന്നാണ് മഹാത്മജി പറഞ്ഞത്. അതേ ആര്‍ജ്ജവവും ഉത്സാഹവും ബഹുമാനപ്പെട്ട നരേന്ദ്രമോദി സര്‍ക്കാരിനുണ്ടായാല്‍ ഒരു നവഭാരതം കെട്ടിപ്പടുക്കുവാന്‍ കഴിയും.
സത്യം നശിക്കുന്നതല്ല. അധര്‍മ്മത്തിനു മീതെ അതുദിച്ചുയരുക തന്നെ ചെയ്യും. മദ്യവര്‍ജ്ജനം ധര്‍മ്മ സംസ്ഥാപനത്തിന് അനിവാര്യമാണ്. സ്വധര്‍മ്മാനുഷ്ഠാനം നമ്മെ സംസ്കരിക്കും. നിര്‍മ്മല ചിത്തരാക്കും. സുമനസ്സുകളുടെ ഏകീകരണം ആത്മപ്രകാശത്തിനു കാരണമാകും. ശ്രീനാരായണ ധര്‍മ്മം ജയിക്കട്ടെ!
സ്വാമി ഗുരു ജ്ഞാനാനന്ദന്‍

