മനസ്സും പ്രകൃതിശക്തിയും

ഗുരുവാക്ക്

സര്‍വ്വഭൂതവുമാത്മാവി-
ലാത്മാവിനെയുമങ്ങനെ
സര്‍വ്വഭൂതത്തിലും കാണു
മവനെന്തുള്ളു നിന്ദ്യമായ്

പരമാത്മ സൂര്യനില്‍ രൂപം കൊള്ളുന്നതാണ് ആത്മാവും മനസ്സും പ്രകൃതിസമൂഹവും. പ്രകൃതിശക്തികളുടെ കലവറയാണ് മനസ്സെന്ന സൂക്ഷ്മേന്ദ്രിയം. സൂര്യോദയത്തില്‍ ഹിമ കണങ്ങള്‍ പോലെ ആത്മപ്രകാശമുണ്ടായി മറയുന്നതാണ് ജീവമനസ്സ്. ജീവാവയവങ്ങളില്‍ സര്‍വ്വപ്രധാനമാണ് മനസ്സും ബുദ്ധിയും. 

മനസ്സ് പ്രകൃതിയിലും പ്രകൃതി മനസ്സിലുമായി പരസ്പരാകര്‍ഷണ-വികര്‍ഷണ ഭാവത്തില്‍ സ്പന്ദിച്ച് പ്രത്യക്ഷാനുഭവം നല്‍കുന്നു. ഈ പ്രത്യക്ഷാനുഭവമാണ് അറിവ്. അറിവ് ഏകമാണ്, അനന്തവുമാണ്. അഖണ്ഡമായ അറിവിലെ ശക്തി മുഴുവന്‍ രണ്ടായി പകുത്ത് പ്രകാശിപ്പിക്കുന്നതാണ് സമയും അന്യയും അഥവാ വിദ്യയും അവിദ്യയും. ഈ രണ്ടുതരം ശക്തിയും ചേരുന്നതാണ് പ്രകൃതിശക്തിയും മനസ്സും. മനസ്സിന്‍റെ ശക്തി അപാരമാണ്. ഇന്ദ്രിയങ്ങള്‍ ആത്മാവിന് അന്യമായതുകൊണ്ടാണ് അന്യയെന്ന് പേരുണ്ടായത്. മനസ്സ് ഇന്ദ്രിയങ്ങളില്‍ പ്രകാശിക്കുമ്പോള്‍ ശക്തിയും അറിവും പലതായി ചിന്നിച്ചിതറി പോകുന്നു. പലതായി ചലിച്ചുകൊണ്ടിരിക്കുന്ന മനസ്സിനെ ഏതെങ്കിലും പ്രതീകങ്ങളെ ആശ്രയിച്ച് ആലംബമുളളതാക്കി, ക്രമേണ അത്മാവെന്ന ബിന്ദുവിലേക്ക് കേന്ദ്രീകരിച്ച്, ഏകാഗ്രപ്പെടുത്തി പരീക്ഷിച്ചാല്‍, മനസ്സ് വിശ്വസ്വരൂപമായ “സമ”യില്‍ ലയിച്ച് നിറചൈതന്യമായി പരിലസിക്കും. പ്രകൃതിയില്‍ കാണപ്പെടുന്ന വൈദ്യുത്, അയസ്കാന്ത, നിരാകരണ ശക്തികളെല്ലാം മനസ്സിന്‍റെ പ്രകടനപരതയില്‍ വരുന്ന ശക്തികളാണ്. ഇത്തരം ശക്തികളെല്ലാം മനസ്സിലുളളപ്പോള്‍ മനസ്സിനെ കളങ്കപ്പെടുത്താതെ സൂക്ഷിച്ച് പരിപാലിച്ചാല്‍ സൂഷ്മം അറിയുവാനുളള യന്ത്രോപകരണമാക്കി ഉണര്‍ത്താനും ഉയര്‍ത്താനും മനുഷ്യനു കഴിയും. ശുദ്ധചൈതന്യമായി, നിറമനസ്സാകണം. മനസ്സ് കേവലാത്മാവായി, വിശ്വചൈതന്യമായി പ്രകാശിക്കുമ്പോഴാണ് പുതിയ മനുഷ്യരുണ്ടാകുന്നത്. അവരാണ് ആത്മസഹോദരങ്ങള്‍. അവരുടേതാണ് ലോകം. അവരുടെ വാഴ്ചയാണ് ഉണ്ടാകാന്‍ പോകുന്നത്. നാരായണഗുരുവാണ് അവരുടെ പടനായകന്‍.

പ്രകൃതിയെ ഹരിതാഭമാക്കുന്നത് ആത്മസൗന്ദര്യമാണ്. ഈ ഹരിതഭംഗി മനുഷ്യന്‍റെ മനസ്സിലാണ് പച്ചപിടിക്കേണ്ടത്. സത്യം, ധര്‍മ്മം, സ്നേഹം, ദയ തുടങ്ങിയ മൂല്യങ്ങളാണ് മനസ്സിനെ ഹരിതാഭമാക്കുന്നത്. ആധുനിക മനുഷ്യന്‍റെ മനസ്സിലെ പച്ചപ്പെല്ലാം ഉണങ്ങിക്കരിഞ്ഞുകൊണ്ടിരിക്കുന്നു. അതിന്‍റെ പ്രത്യാഘാതമാണ് പ്രകൃതിക്കുണ്ടായ പരിസ്ഥിതിദോഷം. മനുഷ്യന്‍ നന്നായാല്‍ പ്രകൃതിയും നന്നാകും. പ്രകൃതിയുടെ സ്പന്ദനം മനസ്സും മനസ്സിന്‍റെ സ്പന്ദനം പ്രകൃതിയും പരസ്പരം പങ്കുവയ്ക്കുന്നു. പ്രകൃതിയും മനുഷ്യനും തമ്മില്‍ ഇണങ്ങി പോകേണ്ടതാണ്. സര്‍വ്വ ജീവജാലങ്ങളും മനുഷ്യനുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രാണഭയം കൂടാതെ സ്വതന്ത്രമായി ജീവിക്കുവാനുളള അവകാശം മനുഷ്യനെന്നപോലെ അന്യജീവികള്‍ക്കുമുണ്ട്. ഈ മൂക ജീവികളെ കൊന്നു തിന്നാതെയും ഉപദ്രവിക്കാതെയും അവയെ ജീവിക്കാന്‍ അനുവദിക്കേണ്ടത് മനുഷ്യന്‍റെ കടമയാണ്. അതി വിസ്മയകരവും മനോഹരവുമായ ഈ ഏദന്‍ തോട്ടത്തിന്‍റെ സൂക്ഷിപ്പുകാരന്‍ കൂടിയാണ് മനുഷ്യന്‍. പക്ഷി-മൃഗാദികളെ വളര്‍ത്തി കൊന്നു തിന്നുകയും, വിറ്റു പണമാക്കുകയും ചെയ്യുന്ന മനുഷ്യന്‍റെ അജ്ഞത എത്ര വലുതാണ്. ഇതെല്ലാം മനസ്സിന്‍റെ തകര്‍ച്ചയെ സൂചിപ്പിക്കുന്നു.

ഇന്ന് അധികം പേരും ഏതെങ്കിലും തരത്തില്‍ മനോവൈകല്യമുള്ളവരാണ്. ഭ്രാന്ത് മാത്രമല്ല മനോവൈകല്യം. ലഹരികള്‍ക്ക് അടിമയാകുന്നതും, ആത്മഹത്യ ചെയ്യുന്നതും, നശീകരണ പ്രവണതകളും, ഭീഷണിമുഴക്കി അധികാരികളെ ഭയപ്പെടുത്തുന്നതും, കണ്ണുകാണാത്തതും, കാതുകേള്‍ക്കാത്തതും, കൈക്കൂലി വാങ്ങുന്നതും, സ്വാര്‍ത്ഥത വച്ചുപുലര്‍ത്തുന്നതും, പണത്തോടുളള ആര്‍ത്തിയുമെല്ലാം മനസ്സിന്‍റെ വൈകല്യവും, മനസ്സിന്‍റെ തകര്‍ച്ചയും, മൂല്യശോഷണവുമാണ് സൂചിപ്പിക്കുന്നത്. പ്രകൃതിയുടെ നിലനില്‍പ്പും സന്തുലിതാവസ്ഥയും നിലനിര്‍ത്തുവാന്‍ എല്ലാ ജീവജാലങ്ങളുടെയും നിലനില്‍പ്പ് അവശ്യമാവശ്യമാണ്. സഹോദര പ്രണയമെഴുന്ന ജീവികളെ കൊന്നു ഭക്ഷണമാക്കുവാന്‍ ഒരു വേദഗ്രന്ഥവും അനുശാസിക്കുന്നില്ല. ഭാരതീയ സംസ്കാരത്തിന്‍റെ വേര് അഹിംസയില്‍ നിന്നാണ് രൂപം കൊണ്ടിരിക്കുന്നത്. രാമനിലെ അഹിംസാപുരുഷനെ കണ്ടെത്താന്‍ മഹാത്മാഗാന്ധിക്കേ കഴിഞ്ഞിട്ടുള്ളു. യാതൊരു ആദര്‍ശ ബോധവുമില്ലാത്ത പുത്തന്‍ ജനത തിന്നും, കുടിച്ചും, പുകച്ചും വെളിവുകെട്ട് നാടിന്‍റെ, കാടിന്‍റെ പച്ചപ്പെല്ലാം വെട്ടി നശിപ്പിക്കുന്നു. ശുദ്ധജലം കിട്ടാക്കനിയാക്കുന്നു. ഇവിടെ ഭരണചക്രം പോലും തുരുമ്പെടുത്തുകൊണ്ടിരിക്കുമ്പോള്‍ മനസ്സെത്ര തമോക്രീഡയ്ക്ക് വിധേയമാകുന്നു എന്നു ചിന്തിച്ചാല്‍ മതി. മനസ്സിന്‍റെ അസ്തിത്വം മനുഷ്യനിന്നും അറിയുന്നില്ല. മനുഷ്യന്‍ ഇനിയും നന്നായില്ല. 

ഓം ശാന്തി.

Sign up now & get regular updates