“അഹിംസ പരമോ ധര്‍മ്മഃ” എന്നാണ് ആര്‍ഷവചനം. ഒരു മനുഷ്യന്റെ പരമമായ ധര്‍മ്മമാണ് അഹിംസാപരിപാലനം. ശ്രീബുദ്ധനും മഹാത്മാഗാന്ധിയുമൊക്കെ അഹിംസാധര്‍മ്മം അനുഷ്ഠിച്ച് പരമപദം പൂകിയവരാണ്. ഭാരതത്തിന് സ്വാതന്ത്ര്യം നേടിത്തന്നതും അഹിംസാവ്രതം കൊണ്ടാണ്. അഹിംസയില്‍ കൂടിയ ഒരു ശക്തി ഭൂമിയിലില്ല.
കൊല്ലരുത് കാട്ടാളാ (മാനിഷാദ) ഋഷിശബ്ദം. ഈ ഋഷിവചനം മഹാത്മാഗാന്ധിയിലൂടെ, നാരായണഗുരുവിലൂടെ പ്രതിധ്വനിച്ചു കൊണ്ടിരിക്കുന്നു. സഹജീവികളെ കൊന്നുതിന്നുന്നത് ജډാവകാശം പോലെയാണ് ആളുകള്‍ പറയുന്നത്. ഇത്രയും വിവേകശൂന്യത മലയാളിക്കു പാടുണ്ടോ?
മാട്ടിറച്ചി, ആട്ടിറച്ചി, പോത്തിറച്ചി, കോഴിയിറച്ചി-ഈ മൂകജീവികളെയൊക്കെ യാതൊരു ദയയുമില്ലാതെ കശാപ്പുചെയ്ത് രുചികരമായ ഭക്ഷണമാക്കി തീന്മേശയില് സ്ഥാനം പിടിക്കുന്നു. കൊന്നു തിന്നുവാന്‍ മനുഷ്യന് ആരാണ് അവകാശം തന്നത്. മനുഷ്യന് ജډനാ സസ്യഭുക്കാണ്. സസ്യാഹാരമാണ് ഏറ്റവും ശുദ്ധമായ ഭക്ഷണം. വിഷമില്ലാത്ത പച്ചക്കറികള്‍ കൃഷി ചെയ്തുണ്ടാക്കണം. മലിനപ്പെട്ട ആഹാരമാണ് മാംസം. മനുഷ്യന്റെ ശരീരഘടന സസ്യഭക്ഷണത്തിന് അനുയോജ്യമാണ്. പട്ടി, പൂച്ച, കടുവാ, പുലി, സിംഹം തുടങ്ങിയ ഹിംസ്ര ജീവികളുടെ ആഹാരപദാര്‍ത്ഥമാണ് മാംസം. ഈ ജന്തുവര്‍ഗ്ഗത്തിന്റെ വായും മോന്തയും പല്ലും ചിറിയും കുടലുമെല്ലാം മാംസം ഭക്ഷിക്കുവാന്‍ തക്ക യന്ത്രസംവിധാനം ഉള്ളതാണ്. കൂര്‍ത്തു മൂര്‍ത്ത ബലമുള്ള പല്ലും കട്ടികൂടിയ മോണയും മാംസം ഭക്ഷിക്കുവാന്‍ അനുയോജ്യമാണ്. മാംസം മുറിച്ചു വിഴുങ്ങിയാലും ദഹിപ്പിക്കുവാനുള്ള ശക്തി അവയ്ക്കുണ്ട്. മനുഷ്യന്റെ പല്ലും മോണയും കുടലുമെല്ലാം താരതമ്യേന മൃദുവും ബലമില്ലാത്തതുമാണ്. മറ്റുജീവികളുടെ രക്തം മനുഷ്യരക്തത്തില്‍ കലരുമ്പോള്‍ രക്തഘടനയില് മാറ്റമുണ്ടാകും. രക്താണുക്കള്‍ രോഗാണുക്കളായി മാറും. പല്ല് പുഴുപിടിക്കുന്നു. പല്ലിന് ദ്വാരവും വേദനയും വരുത്തുന്നത് ഈ അണുക്കളാണ്. പല്ലിനു ബലക്ഷയം, മലിനപ്പെട്ട ആഹാരശീലം കൊണ്ടുണ്ടാകുന്നതാണ്. കൊളസ്ട്രോള്‍ വര്‍ദ്ധിക്കും. ഹൃദയാഘാതം, ക്യാന്‍സര്‍, ക്ഷയം, കുടല്പ്പുണ്ണ് തുടങ്ങിയ അനേകരോഗങ്ങള്‍ വിളിച്ചുവരുത്തുന്നതാണ് മാംസാഹാരം. എല്ലാ രോഗത്തിനും ഇന്നു നൂതന ചികിത്സയുണ്ടെന്നു പറഞ്ഞേക്കാം. രോഗം വരുത്തിയിട്ട് വേണോ ഔഷധക്കുടുക്കയാകാന്? രോഗം വരാതെ സൂക്ഷിക്കണം. രോഗപ്രതിരോധശക്തി മനുഷ്യനുണ്ടാക്കിയെടുക്കണം. മരുന്നിന് അടിപ്പെടാതെ ജീവിക്കുവാന്‍ വിശേഷബുദ്ധിയുള്ള മനുഷ്യന് കഴിയും.
കട്ടികൂടിയ ആഹാരം ദഹിപ്പിക്കുവാനുള്ള യന്ത്ര സംവിധാനം മനുഷ്യനില്ല. ഉമിനീര്, കരള്‍ തുടങ്ങിയ ഗ്രന്ഥികളും കിഡ്നിയും കൂടുതല്‍ അധ്വാനിക്കേണ്ടിവരും. മാംസഭോജിയുടെ വിയര്‍പ്പുപോലും ദുര്‍ഗ്ഗന്ധപൂരിതമാണ്. ധാരാളം രോഗാണുക്കള്‍ വിയര്‍പ്പില്‍ കൂടി പുറന്തള്ളുന്നു. എല്ലാ രോഗബീജങ്ങളും മനുഷ്യന്റെ ഉള്ളിലാണ്. എന്തിന് കൊതുകിനേയും പാവം പട്ടികളേയും കുറ്റം പറയുന്നു. അവറ്റകള്‍ക്ക് വളരാനും ഉപദ്രവകാരികളാകാനും വേണ്ട സൗകര്യം ഒരുക്കികൊടുത്തതാരാണ്? അറവുശാലകളില്‍ നിന്നും പുറംതള്ളുന്ന മാംസാവശിഷ്ടങ്ങള്‍ തിന്ന് നായ്ക്കള്‍ കൂത്താടുന്നു. ഈ മാലിന്യങ്ങളെല്ലാം ചെന്നടിയുന്ന ജലത്തിലല്ലേ കൊതുക് മുട്ടയിട്ടു പെരുകുന്നത്. മലയാളിയുടെ ആരോഗ്യപരിപാലനത്തിന് അവന്റെ മനസ്സുമാറണം. ശരിയായ ഭക്ഷണരീതി സ്വീകരിക്കണം. അറവുശാലകള്‍ അടച്ചുപൂട്ടണം. മൃഗീയ സ്വഭാവം ആധുനിക ജനതയില്‍ പ്രകടമാണ്. അന്യജീവികളുടെ പാപശാപാദികളേറ്റ് ജനം പിടയുകയാണ്.
മറ്റു ജീവികളെ കൊല്ലുന്നതു കൊടും പാപമാകുന്നു. കൊല്ലാവ്രതം എത്രയും ശ്രേഷ്ഠമാണ്. തിന്നാനാളുള്ളതുകൊണ്ടാണ് കൊല്ലുന്നത്. തിന്നാവ്രതവുമുത്തമം. മാംസം തിന്നാതിരിക്കുന്നത് ഏറ്റവും നല്ല കാര്യമാണ്. തിന്നാനാളില്ലെങ്കില് കൊല്ലുകയില്ല. കൊല്ലാത്തവന്‍ നല്ല ഗുണമുള്ള പുരുഷനാണ്. അല്ലെങ്കില്‍ മൃഗത്തിനു തുല്യനവന്‍.
എല്ലാവരുമാത്മസഹോദരരെ-
ന്നല്ലേ പറയേണ്ടതിതോര്‍ക്കുകില്‍ നാം.
കൊല്ലുന്നതുമെങ്ങനെ ജീവികളെ-
ത്തെല്ലും കൃപയറ്റു ഭുജിക്കയതും.
കൊല്ലാവ്രതമുത്തമമാമതിലും
തിന്നാവ്രതമെത്രയുമുത്തമമാം
എല്ലാമതസാരവുമോര്ക്കിലതെ-
ന്നല്ലേ പറയേണ്ടതു ധാര്‍മ്മികരേ!
(ജീവകാരുണ്യപഞ്ചകം)
പ്രകൃതിയുടെ ഒരംശമാണ് മറ്റുജീവികളേപ്പോലെ മനുഷ്യനും. പ്രകൃതിക്ക് അലംഘനീയമായ ചില നിയമങ്ങളുണ്ട്. അത് എല്ലാ മനുഷ്യര്‍ക്കും ബാധകമാണ്. അമ്മയുടെ മുലപ്പാല്‍ നുണയാനേ കുഞ്ഞിനവകാശമുള്ളൂ. അമ്മയുടെ മാംസം ഭക്ഷണമാക്കുവാന്‍ കുഞ്ഞിനവകാശമില്ല. ഈ പ്രകൃതിനിയമം ഇല്ലായിരുന്നുവെങ്കില്‍ മനുഷ്യമാംസം മനുഷ്യന് ഭക്ഷണമാക്കുമായിരുന്നു. ഈ പ്രകൃതിയുടെ ഭാഗമായ അന്യജീവികളും മനുഷ്യരും തമ്മില്‍ സഹോദരബന്ധമാണുള്ളത്. പിന്നെ എങ്ങനെ സഹജീവികളെ കൊന്നു തിന്നും? ഒരു ജീവിയേയും കൊല്ലുവാനും തിന്നുവാനും മനുഷ്യനവകാശമില്ല. പശുവിന്റെ പാല് പശുക്കുട്ടിക്കുള്ളതാണ്. എന്നാല്‍ പണക്കൊതിയരായ മനുഷ്യര്‍ കുട്ടിക്ക് വായ നനയാന്‍ പോലും പാലു കൊടുക്കാതെ മുഴുവന്‍ പിഴിഞ്ഞു വില്‍ക്കുന്നു. പണം വാങ്ങി കള്ളുകുടിക്കുന്നവരുമെല്ലാം മാടിനെ വെട്ടി ഭക്ഷണമാക്കുന്നു. ഇങ്ങനെ ആധുനിക മനുഷ്യന് പ്രകൃതിനിയമങ്ങളെല്ലാം നിസ്സാരവത്ക്കരിക്കുകയാണ്. പ്രകൃതിയോട് ഇണങ്ങി ജീവിക്കേണ്ട മനുഷ്യന് പ്രകൃതിയെ വെല്ലുവിളിക്കുകയാണ്. പ്രകൃതി തിരിഞ്ഞടിക്കുന്നുമുണ്ട്. കാലാകാലങ്ങളില്‍ മഴ ലഭിക്കുന്നില്ല. ചുട്ടുപൊള്ളുന്ന ചൂട്. സൂര്യാഘാതമേറ്റ് മനുഷ്യന് പിടയുന്നു. ചിലര്‍ മരിക്കുന്നു. കുടിക്കാനും കുളിക്കാനും ശുദ്ധജലമില്ല. ജലമില്ലാതെ ജീവികള്‍ ചത്തൊടുങ്ങുന്ന കാലം വിദൂരമല്ല. പ്രകൃതിയുടെ താളപ്പിഴകള്‍ മനസ്സിലാക്കി മനുഷ്യന് പ്രകൃതിയെ സ്നേഹിക്കുവാന്‍ പഠിക്കണം. മനസ്സു പ്രകൃതിയിലും പ്രകൃതി മനസ്സിലുമായി അന്യോന്യം ബന്ധപ്പെട്ടു വര്‍ത്തിക്കുകയാണ്.
അനേകം പ്രകൃതിശക്തികളുടെ ഒരു കലവറയാണ് മനുഷ്യശരീരം. അതില്‍ വൈദ്യുതശക്തി, അയസ്ക്കാന്തശക്തി, നിരാകരണശക്തി മുതലായ പ്രകൃതിശക്തികള്‍ ഉള്‍പ്പെടുന്നു. ഭക്ഷണപദാര്‍ത്ഥങ്ങളില്‍ നിന്നും വേര്‍തിരിയുന്ന പോഷകമൂല്യം ഓജസ്സായി തലച്ചോറില്‍ ശേഖരിക്കപ്പെടുന്നു. ശുദ്ധഭക്ഷണത്തില് നിന്നുണ്ടാകുന്ന ഓജസ്സ് നല്ല ബുദ്ധിയും ആരോഗ്യവുമുള്ള ശരീര ഘടകങ്ങള്‍ നിര്‍മ്മിക്കുന്നു. ശവക്കറി ശാപ്പിടുന്നവരുടെ ഓജസ്സ് മലിനപ്പെട്ടതാണ്. അവരുടെ ഓജസ്സ് മേദസ്സായി മാറുന്നു. രോഗികളാകുകയും ബുദ്ധിക്ഷയമുണ്ടാകുകയും വെറും ഉപരിപ്ലവമായ ചിത്തവും പഠനവുമാണവരെ നയിക്കുന്നത്. ശുദ്ധമായ ഓജസ്സ് ഓക്സിജന്‍, നൈട്രജന്‍, സോഡിയം, കാര്‍ബണ്‍, ഹീലിയം വിവിധതരം ആസിഡുകള്‍, കാല്‍സ്യം ഫോസ്ഫേറ്റ് ഗന്ധകം അയഡിന്‍, ഉപ്പ്, ഇരുമ്പ്, ചെമ്പ്, സ്വര്‍ണ്ണം തുടങ്ങിയ മൂലകങ്ങളും ദ്രവ്യങ്ങളുമായി തലച്ചോറില്‍ ശേഖരിക്കപ്പെടുന്നു. അയഡിന്‍ കുറവുള്ള രോഗിക്ക് കൃത്രിമമായി അയഡിന്‍ ഉപ്പില്‍ കലര്ത്തികൊടുക്കാതെ അവര്‍ക്കാവശ്യമായ അയഡിന്‍ അവരുടെ ശരീരത്തില്‍ ശാസ്ത്രം നിര്‍മ്മിച്ചുകൊടുക്കുകയാണ് വേണ്ടത്. ഓക്സിജന്‍ കിട്ടാതെ രോഗി ചെന്നാല്‍ കൃത്രിമശ്വാസം കൊടുക്കാതെ പ്രകൃതി ദത്തമായ ഓക്സിജന്‍ അവരുടെ ശരീരത്തില്‍ ഡോക്ടര്‍ ഉണ്ടാക്കി കൊടുക്കണം. ഇതാണ് ഭാരതീയ ഋഷീശ്വരډാര്‍ പരീക്ഷിച്ചറിഞ്ഞ സമ്പത്ത്. മനുഷ്യനാവശ്യമായ ഘടകങ്ങളെല്ലാം നിര്‍മ്മിക്കുന്ന ഒരു നിര്‍മ്മാണ ശാലകൂടിയാണ് മനുഷ്യശരീരം. മനുഷ്യനവനെ പുനര്‍നിര്‍മ്മിക്കുന്ന വിദ്യയാണ് വിദ്യാഭ്യാസം കൊണ്ട് നേടേണ്ടത്.
ഓം ശാന്തി.

