എന്നുടെ ദേശം കേരളദേശം
മന്നിനുപൊട്ടായ് വിലസ്സുംദേശം
മാതൃകാപരവും സുന്ദരവുമായ ഒരു കേരളമാണ് കവി വിഭാവന ചെയ്യുന്നത്. ഇവിടെ ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യനും ബൗദ്ധ്യനും എല്ലാം സമാധാനത്തോടും സ്നേഹത്തോടും കഴിയുമ്പോഴാണ് കേരളം ഭൂലോകവാസികള്‍ക്ക് പൊട്ടുപോലെ വിളങ്ങുന്നത്.
ജാതിഭേദംമതദ്വേഷ-
മേതുമില്ലാതെ സര്‍വ്വരും
സോദരത്വേനവാഴുന്ന
മാതൃകാസ്ഥാനമാണ് നാരായണഗുരു വിഭാവന ചെയ്തത്.
ഭ്രാന്താലയം എന്ന് പുകള്‍പെറ്റ കേരളത്തെ ബോധാലയമാക്കിയ ജ്ഞാനവരിഷ്ഠനാണ് നാരായണഗുരു. മനുഷ്യനെ പണിഞ്ഞു പരിഷ്ക്കരിക്കുക എന്നതായിരുന്നു ആദ്യത്തെ ശില്പിതന്ത്രം. ജാതിയുടെ പേരില്‍ ഛിന്നഭിന്നമായിക്കിടന്നിരുന്ന മലയാളികളുടെ മനസ്സിനെ പരിശുദ്ധമാക്കി കൂട്ടിയോജിപ്പിക്കുക എന്ന സാഹസിക യജ്ഞമാണ് അദ്ദേഹം നിര്‍വ്വഹിച്ചത്. ബ്രാഹ്മണരും അബ്രാഹ്മണരും തമ്മില്‍ കാണുന്നത് അയിത്തം. തൊട്ടാല്‍ പുല. അത്ര മ്ലേച്ഛമായിരുന്നു ആ കാലഘട്ടം. ജാതിമതദേശഭേദങ്ങള്‍ ഇല്ലാതെ സവര്‍ണ്ണനേയും അവര്‍ണ്ണനേയും ഒരുകൊടിക്കീഴില്‍ അണിനിരത്തി, അവരോടൊപ്പം നടന്നു. അവരോടൊപ്പം ഉണ്ണുകയും ഉറങ്ങുകയും ചെയ്തു. അവരെ ബോധവല്‍ക്കരിച്ചു. ഈശ്വരനെ ആരാധിക്കുവാന്‍ ക്ഷേത്രം നിര്‍മ്മിച്ചു നല്കി. ആരാധിച്ച് അറിവ് നേടാന്‍ ഉപദേശിച്ചു. ഈഴവര്‍ക്കു മാത്രമല്ല മറ്റുസമുദായക്കാര്ക്കും നന്നാകുവാന്‍ വേണ്ട സഹായങ്ങളും സാരോപദേശങ്ങളും നല്കി. മെഴുവേലിക്കു പോകുന്ന മാര്‍ഗ്ഗമദ്ധ്യേ കമ്മാള സമുദായത്തിന് ഒരു ക്ഷേത്രം സ്ഥാപിച്ചുകൊടുത്തു. ഇത് സിദ്ധേശ്വരം ക്ഷേത്രം എന്നറിയപ്പെടുന്നു. വര്‍ക്കലയില്‍ കുറവര്‍ സമുദായത്തിനായി ഒരു വിദ്യാലയം സ്ഥാപിച്ചു നല്കി.
1898 (1070) ഈട്ടമ്പലം എന്ന സ്ഥലത്ത് ഒരു പെണ്‍പള്ളിക്കൂടത്തില്‍ പ്രവേശനം ആവശ്യപ്പെട്ടതിന്റെ പേരില്‍ പുലയരെ മേലൂട്ടുകാര് അതികഠിനമായി ഉപദ്രവിച്ചു. വലിയ ലഹള നടന്നു. ഈ സംഭവത്തില്‍ ഗുരുദേവന് ഏറെ വേദനിച്ചു. തന്റെ അനുയായികളെ പുലയരെ രക്ഷിക്കുവാന്‍ അവിടേക്കയച്ചു. അവരുടെ നേതാക്കډാരില്‍ ചിലരെ അരുവിപ്പുറത്ത് വിളിച്ചുവരുത്തി സ്വതസിദ്ധവും സ്നേഹമസ്രിണവുമായ തലോടല്‍ കൊണ്ട് അവരെ സമാശ്വസിപ്പിച്ചു. അതിനുശേഷം അവിടെയൊരു ലഹളയുമുണ്ടായിട്ടില്ല. ഇതായിരുന്നു കേരളത്തിന്റെ അന്നത്തെ മുഖം. വിദ്യകൊണ്ട് പ്രബുദ്ധരാകുവാനും സംഘടനകൊണ്ട് ശക്തരാകുവാനും ആഹ്വാനം ചെയ്തുകൊണ്ട് അരുവിപ്പുറത്ത് വെച്ച് എസ്.എന്‍.ഡി.പി.യോഗത്തിന് ബീജാവാപം നല്കി. അതിനുശേഷം മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റിയുണ്ടായി. അയ്യങ്കാളിയുടെ നേതൃത്വത്തില്‍ സിദ്ധനര്‍ സൊസൈറ്റിയും പുലയര്‍ മഹാസഭയുമുണ്ടായി. എല്ലാറ്റിനും എസ്.എന്‍.ഡി.പി.യോഗമായിരുന്നു മാതൃസംഘടന, മാതൃകാസംഘടനയും. ഈ സംഘടനാനേതാക്കളെല്ലാം ഒരു കൊടിക്കീഴില്‍ അണിനിരന്നു.
പരിഷ്ക്കരണപ്രവര്ത്തനം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തി. ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ടുകൊണ്ട് 1099 (1924) -ല്‍ വൈക്കം സത്യാഗ്രഹം നടക്കുന്ന കാലം. മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ ഒരു സവര്‍ണ്ണജാഥ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. ജാഥ ടി.കെ.മാധവന്റെ ജډദേശമായ കണ്ണമംഗലത്തുള്ള തറവാട്ടിലെത്തി. അദ്ദേഹത്തിന്റെ അമ്മ വെള്ളിമൊന്തയില്‍ ഗോതമ്പ് കഞ്ഞി ജാഥാ ക്യാപ്റ്റന്‍ മന്നത്ത് പത്മനാഭന് വിനയപൂര്‍വ്വം നല്കി സ്വീകരിച്ചു. ജാഥാംഗങ്ങള്‍ക്ക് ചിരട്ടക്കപ്പിലായിരുന്നു കഞ്ഞി. അവിടെവച്ച് ജാതിരാക്ഷസ്സന്റെ ഉഗ്ര-പ്രതീകാത്മക-രൂപം ഉണ്ടാക്കി പരസ്യമായി തീകൊളുത്തി. തുടര്‍ന്ന് ജാഥ ശിവഗിരി മഠത്തിലെത്തി ശ്രീനാരായണഗുരുവിനെ കണ്ട്, വന്ദിച്ച്, പ്രദക്ഷിണം വെച്ചാണ് തിരുവനന്തപുരത്തേക്ക് യാത്ര തുടര്‍ന്നത്. ഇങ്ങനെ ജാതിയില്ലാത്ത ഒരു ഹിന്ദു സമൂഹം ഈ നാട്ടില്‍ ഉണ്ടായതാണ്. ഈ പരിഷ്ക്കരണ പ്രവര്‍ത്തനത്തിന്റെ ആദ്യ വെടി അരുവിപ്പുറത്ത് നിന്നും മുഴങ്ങി. അതിന്റെ പ്രതിധ്വനി ഇന്നും കെട്ടടങ്ങിയിട്ടില്ല. കളവങ്കോടത്ത് സ്ഥാപിച്ച ഓങ്കാര പ്രതിഷ്ഠയോടെ മനുഷ്യന്റെ പ്രാകൃതമുഖം കഴുകി ശുദ്ധമാക്കി അന്തര്‍മുഖ സൗന്ദര്യം കണ്ട് ജډം സഫലമാക്കുവാന്‍ പറയാതെ പറഞ്ഞു. ആത്മബോധമുള്ള മനുഷ്യനെയാണ് ശ്രീനാരായണഗുരു ഇവിടെ സൃഷ്ടിച്ചത്.
ശ്രീനാരായണഗുരുവിന്റെ അക്കാലത്തുണ്ടായിരുന്ന പരിഷ്ക്കരണ സംഘടനകളെല്ലാം തന്നെ ഇന്ന് ജാതിസംഘടനകളായിച്ചുരുങ്ങി. ഓരോ സംഘടനയും അവകാശങ്ങള്‍ക്കുവേണ്ടി മത്സരം ആരംഭിച്ചു. സാര്‍വ്വജനനീയമായ സാഹോദര്യം ഒരു സങ്കല്പം മാത്രമായി. മനുഷ്യന് എന്തിനും പോരുന്നവരായി. ഓരോ വ്യക്തിയും വിഷജീവികളെപ്പോലെ വിഷം ചീറ്റന്നു. ചില സംഘടനകളും വ്യക്തികളും ജാതിവിഷം ചീറ്റുന്നു. ചിലവ വര്‍ഗ്ഗീയവിഷം ചീറ്റുന്നു. ക്ഷേത്രങ്ങളും പള്ളികളും മസ്ജിദുകളും ദൈവശാസ്ത്രം വിറ്റഴിച്ച് പണമുണ്ടാക്കുവാനുള്ള കുറുക്കുവഴികള്‍ തേടുന്നു. ദൈവവെളിച്ചം മനുഷ്യനില്‍ നിന്നും മറയുന്നത് ആരും അറിയുന്നില്ല.
ഒരു മാതൃകാലോകത്തിനുവേണ്ടിയാണ് നാരായണഗുരു സ്വജീവിതം ബലിയര്‍പ്പിച്ചത്. ഈ ബലിദാനം വൃഥാവിലാകുകയില്ല. ഇന്നീനാട് കള്ളډാരുടേയും കൊള്ളക്കാരുടേയും പണക്കൊതിയډാരുടേയും തട്ടിപ്പുകാരുടേയും മദ്യപാനികളുടേയും നാടായി മാറിയിരിക്കുന്നു. ആധുനിക വിദ്യാഭ്യാസം കൊണ്ട് എന്ത് നേടിയെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഈ അഴിഞ്ഞാട്ടത്തിനൊരു മാറ്റം ദൈവം ആഗ്രഹിക്കുന്നു. പ്രകൃതിയെ ഒന്നു ചലിപ്പിച്ചതാണ് പ്രളയം. ഒപ്പം സ്ത്രീ പ്രവേശം സംബന്ധിച്ചുണ്ടായ ശബരിമലപ്രക്ഷോഭം. ഇത് രണ്ടും ഈ അണ്ഡകടാഹ ശക്തിയുടെ വെളിപ്പെടലാണ്. ഈ അണ്ഡകടാഹശക്തിയുടെ പുരുഷരൂപമാണ് ശ്രീനാരായണഗുരു.
നാമജപം നല്ലതാണ്. അത് ഓരോ മനുഷ്യന്റേയും ആത്മോത്ക്കര്ഷത്തിനുള്ളതാണ്. മഹാസമാധിയോടെ എല്ലാം കഴിഞ്ഞുവെന്നാണ് എല്ലാവരുടേയും ധാരണ. അറിവിന്റെ വിത്ത് മുളപ്പിക്കാന്‍ പാകമാക്കിയിട്ടിരുന്ന മണ്ണില്‍ ചൊറുതണം പോലെയുള്ള രാഷ്ട്രീയ കളകളാണ് വളര്‍ന്നുവന്നത്. സത്യത്തിന്റെ, സ്നേഹത്തിന്റെ, സമാധാനത്തിന്റെ പുല്ക്കൊടികള് ഈ രാഷ്ട്രീയ ഇത്തിളുകള്‍ വീണ് നശിച്ചു. ഒരുതുള്ളി ചോര ചീന്താതെ ഒരു മഹാവിപ്ലവം ഗുരു ഇവിടെ നിര്‍വ്വഹിച്ചു. എന്നാല്‍ പിന്നാലെ വന്നവര്‍ രക്തം ചീന്തിക്കൊണ്ടാണ് വിപ്ലവം ചമച്ചത്. കേരളമണ്ണ് ചുവന്നു. നാടാകെ രക്തസാക്ഷി മണ്ഡപങ്ങള്‍ ഉയര്‍ന്നു. ഇത് കേരളദേശത്തെ പാപപങ്കിലമാക്കി. നാടിന്റെ ശോഭ കെട്ടു. മദ്യമൊഴുക്കിക്കൊണ്ട് മറ്റെന്തെല്ലാം നډകള്‍ രാജ്യത്ത് ചെയ്താലും അവയെല്ലാം മറയപ്പെട്ടുപോകും. ക്ഷേത്രങ്ങളില്‍ താണജാതിയില്‍പ്പെട്ട അനേകം യുവാക്കളെ ശാന്തിക്കാരായും കഴകക്കാരായും നിയമിച്ചു. മദ്യം മനുഷ്യന്റെ ബോധമണ്ഡലത്തെ മരവിപ്പിക്കുന്ന വിഷമാണ്. ബോധത്തിന്റെ പ്രതീകകല്പനയാണ് ബുദ്ധി. ബുദ്ധിയിലാണ് വിദ്യ വിളങ്ങുന്നത്. മദ്യം കഴിപ്പിച്ച് മനുഷ്യനെ ബോധഹീനനാക്കിയാല് ഇവിടെ മനുഷ്യരുണ്ടാവുകയില്ല. സ്നേഹം കൊടുത്ത് സ്നേഹം വാങ്ങേണ്ട മനുഷ്യന് തെരുവിലിറങ്ങി പല്ലിന് പല്ല് ചോരയ്ക്ക് ചോര എന്ന വിവേകശൂന്യത പ്രകടിപ്പിക്കുന്നു. ഒരുകൂട്ടര്‍ മുഷ്ടിചുരുട്ടി ഈങ്കുലാബ് വിളിക്കുമ്പോള്‍ മറ്റൊരുകൂട്ടര്‍ താളമേളങ്ങളോടെ നാമജപം നടത്തി പ്രതിരോധിക്കുന്നു. രണ്ടും ചുക്കുംചുളയുമില്ലാത്ത ശബ്ദഘോഷം മാത്രം. നാമജപം നല്ലതാണ്. അത് വ്യക്തികളുടെ ആത്മസുഖത്തിനുവേണ്ടിയാകണം. ഒരു വ്യക്തി ആത്മചോദിതനായിമാറിയാല് മറ്റുള്ളവരിലേക്കും ആത്മസുഖം വ്യാപിക്കും.
“അവനവനാത്മസുഖത്തിനാചരിക്കുന്നവ,
യപരന്ന് സുഖത്തിനായ് വരേണം” എന്നാണല്ലോ ഗുരുമതവും
ഓം ശാന്തി.

