അജ്ഞാനം വേരറ്റുപോയിടേണം
അക്ഷരദീപം തെളിഞ്ഞിടേണം
ആത്മാവിലായിരം സൗരഭങ്ങള്‍
ആദിത്യശോഭ പരത്തിടേണം
അഖണ്ഡമാനന്ദം ചിദ് സ്വരൂപം
ആത്മപ്രതിഭകളേറെവേറെ
ആദ്യന്തമില്ലാത്തനുഭവമീ സത്യം
ആമോദമോടുദിച്ചന്തരംഗം
അക്ഷരഹാരം മൗനം മനോജ്ഞം
അക്ഷരവൈരികള്‍ രാഗദ്വേഷം
അത്തലേറ്റും ഹാ! മനോവൈരിയെ
അക്ഷരാഗ്നിചുടും ചാരരൂപം
അക്ഷരശ്രേണികളര്ക്കബിംബം
അത്ഭുതമക്ഷരവിശ്വരൂപം
അംഗസംഗങ്ങളില്ലാത്തയോഗി
അംശുമാനാശയദാര്ശനികന്
അരുളും പൊരുളും തിരയാതെ
അഖണ്ഡസത്യമറിഞ്ഞിടാതെ
അക്ഷരശൂന്യത കോടതികള്‍
ആയുധമാക്കിവിധിക്കരുതേ
അഗ്നിതൊട്ടുകളിക്കരുതേ
അഗ്നിപൊള്ളിക്കും പുരംനശിക്കും
അഗ്നികത്തിജ്ജ്വലിക്കും പ്രളയം
അതിലെരിഞ്ഞടങ്ങട്ടഹന്ത
അരുവിപ്പുറത്തുദിച്ച ശിവ
അണയാതെ പൊലിയാതെയിന്നും
ആനന്ദമേകും മനസ്സുകളില്‍
ആ ചന്ദ്രതാരം വിളങ്ങിടട്ടെ!
അമ്പലമക്ഷരദുര്ഗ്ഗം തീര്‍ത്ഥം
അറിവാണവിടെ പ്രതിഷ്ഠാമൂര്‍ത്തി
ആത്മപ്രതീകമാണമ്പലങ്ങള്
ആത്മനിഷേധമീ ബിംബപൂജ
തമ്പുരാന് തമ്പുരുമീട്ടിടുന്നു
അന്തഃകരണം തനിത്തങ്കമാക്കാന്‍
അമ്പലവാതില്‍ തുറന്നിടേണം
ജാതിമതഭേദമകറ്റിടേണം.
അമ്പലമുറ്റം പാവനചിത്തം
അതാചാരവിചാരം പാപം! ശപ്തം
ഭഗവാനും ഭക്തനും ഭേദമില്ലാ
തൊന്നായി വിളങ്ങുന്ന വിശ്വചിത്തം
നാമരൂപങ്ങളേതുമാകട്ടെ!
അവിടേക്കു ദൈവം പ്രകാശനീയം
ആണിനും പെണ്ണിനുമമ്പാടിയില്
സമാവകാശം ജന്മസിദ്ധം വിഭോ!