ആത്മീയയാത്ര

ഗുരുവാക്ക്

പുകയും പൊടിയും കരിയുമില്ലാതെ സ്വച്ഛസുന്ദരമായി സ്വയം പ്രകാശിച്ചു നില്‍ക്കുന്ന കെടാവിളക്കാണ് ആത്മസത്യം. മനുഷ്യന് യാത്ര ചെയ്യുവാനുള്ള വഴിവിളക്കാണ് ആത്മാവ്. ഈശ്വരാംശമാണ് ആത്മാവിലും വിളങ്ങുന്നത്. ഈശ്വരപൂര്‍ണ്ണതയും ആത്മാവില്‍ തന്നെയുണ്ട്. ഈ സത്യം ചിന്തിച്ചറിയേണ്ടതാണ്.

സത്യം തന്നെയാണ് ജ്ഞാനവും ആനന്ദവുമെല്ലാമായി വിരാജിക്കുന്നത്. വ്രതശുദ്ധിയാണ് തീര്‍ത്ഥാടനത്തിനു പ്രധാനം. ശബരിമലയും മെക്കയും ജറുസലേമും പോലെ സര്‍വ്വപ്രധാനമാണ് ശിവഗിരിതീര്‍ത്ഥാടനവും. ആത്മാവിലേക്കുള്ള യാത്രയുടെ ഭാഗമാകണം തീര്‍ത്ഥാടനം. ആത്മാവില്‍ നിന്നുണ്ടാകുന്ന സുഖാനുഭൂതിയാണ് തീര്‍ത്ഥാടനം. ഈ പുണ്യതീര്‍ത്ഥത്തില്‍ കുളിക്കണം, ഇത് കുടിക്കണം. അങ്ങനെ ഒരു കുളിസംഘമുണ്ടാകണം. ഇതാണ് ശിവഗിരി തീര്‍ത്ഥാടനം കൊണ്ടുണ്ടാകേണ്ട ദിവ്യമായ അനുഭവം. ഈ കുളിസംഘമാണ് ശിവഗിരി ഭരിക്കേണ്ട ധര്‍മ്മസംഘം. ജാതി, മത, ദേശ ഭേദം കൂടാതെ എല്ലാ ജനങ്ങളും ഒന്നിച്ചുചേരേണ്ട പുണ്യസ്ഥാനമാണ് ശിവഗിരി. വിദ്യാഭ്യാസം, കൃഷി, കച്ചവടം, ആരോഗ്യം, ശുചിത്വം തുടങ്ങി മനുഷ്യജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രഭാഷണം സംഘടിപ്പിക്കണം എന്നായിരുന്നു ഗുരുവിന്‍റെ തീര്‍ത്ഥാടന പ്രഖ്യാപനം. ഉപനിഷത്ത് സാരങ്ങള്‍ അലിഞ്ഞുചേര്‍ന്ന സാരഗര്‍ഭങ്ങളായ പ്രഭാഷണമാണ് അവിടെ നടത്തേണ്ടത്. ഈശ്വരവിശ്വാസികള്‍ക്കും ഭക്തര്‍ക്കുമുള്ളതാണ് ശിവഗിരി. മതാന്ധډാര്‍ക്കും ദൈവമില്ലെന്നു പറയുന്നവര്‍ക്കും സത്യം എന്ന വാക്കിനെ ഭയക്കുന്നവര്‍ക്കും ആരാധനാലയങ്ങളില്‍ എന്താണ് കാര്യം? അദ്ദ്വൈതമാണ് ശിവഗിരിയുടെ മുഖമുദ്ര. നാരായണഗുരുവിന്‍റെ അനുമതിയോടും ആശീര്‍വാദത്തോടും കൂടി തുടങ്ങിയതാണ് ശിവഗിരിതീര്‍ത്ഥാടനം. നാഗമ്പടം ക്ഷേത്രത്തില്‍ വച്ചാണ് തീര്‍ത്ഥാടനത്തിനുള്ള തീരുമാനമുണ്ടാകുന്നത്. അതൊക്കെ ചരിത്രത്തിലെ മഷിയുണങ്ങാത്ത രേഖകള്‍. ശബരിമല തീര്‍ത്ഥാടകര്‍ കറുപ്പുവേഷം എടുത്തിരിക്കുന്നു അതുകൊണ്ട് ശിവഗിരി തീര്‍ത്ഥാടകര്‍ക്ക് പീതാംബരവേഷം ധരിക്കുവാന്‍ അനുമതി നല്കി. ശബരിമല തീര്‍ത്ഥാടകരേയും ശിവഗിരി തീര്‍ത്ഥാടകരേയും തിരിച്ചറിയുവാന്‍ ഇതുകൊണ്ടു സാധിക്കും. ഗൃഹസ്ഥാശ്രമികള്‍ക്കെല്ലാം ചേരുന്നതാണീ വേഷം. മഞ്ഞവേഷം ധരിക്കുന്നവരായിരുന്നു ഭഗവാന്‍ കൃഷ്ണനും ശ്രീബുദ്ധനും. ഏറെ ആശയങ്ങളുടെ ചിഹ്നമാണ് ഈ കൊടിക്കൂറ. ജാതിപറയുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കും ഈ കൊടിപിടിക്കാന്‍ എന്താണവകാശം? സഹനത്തിന്‍റെയും സ്നേഹത്തിന്‍റെയും സഹകരണത്തിന്‍റെയും മാര്‍ഗ്ഗത്തിലൂടെ ജാതിമതാദി ഉച്ചനീചത്വങ്ങളെയെല്ലാം ജയിച്ചതിന്‍റെ അടയാളമാണ് പീതപതാക. ഉത്തമഭക്തډാര്‍ക്കു മാത്രം ചേരുന്നതാണ് പീതാംബരം. ഭക്തന്‍ എങ്ങനെയുള്ളവനാണെന്നു ഗുരു ഉപദേശിക്കുന്നു. മദ്യവര്‍ജ്ജനം, അവ്യഭിചാരം, അഹിംസ, സത്യം, അസ്തേയം എന്നീ പഞ്ചധര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നവനാണ് ഭക്തന്‍. അതായത് മദ്യപാനം, വ്യഭിചാരം, ഹിംസ, പരദ്രോഹം, ബഹുദൈവാരാധന എന്നീ പഞ്ചപാപങ്ങള്‍ മനസ്സാ, വാചാ,കര്‍മ്മണാ ഉപേക്ഷിക്കുന്നവരും മനഃശുദ്ധി, വാക്ശുദ്ധി, ശരീരശുദ്ധി, ഗൃഹശുദ്ധി, കര്‍മ്മശുദ്ധി എന്നീ പഞ്ചശുദ്ധികള്‍ അനുഷ്ഠിക്കുന്നവരുമാണ് യഥാര്‍ത്ഥ ഭക്തരും മനുഷ്യരും. അവര്‍ക്കു സത്യവെളിച്ചം ലഭിക്കും. പാദചാരികളായും വാഹനത്തിലും തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാം എന്നു വിധിയുണ്ട്. ശബരിമലയിലേക്കുള്ള കാനന പാത പ്രസിദ്ധമാണ്. കല്ലും മുള്ളും ചവുട്ടി വിശന്നും ദാഹിച്ചും ക്ലേശം സഹിച്ച് സന്നിധിയിലെത്തുന്നതാണ് ഈശ്വരനിഷ്ടം. കുരിശ്ശെടുക്കുവാന്‍ കഴിയുന്നവര്‍ പിന്നാലെ വരുവിന്‍ എന്നാണ് യേശുദേവന്‍റെ കല്പന. ക്ലേശം സഹിച്ച് മലകയറി, പമ്പാസ്നാനം കഴിഞ്ഞ് പടി ചവിട്ടി അയ്യപ്പന്‍റെ മുന്‍പില്‍ പാപങ്ങളെല്ലാം ഇറക്കി വച്ച് പുതിയൊരു മനുഷ്യനായി മടങ്ങി പോകാം. അക്കാലത്ത് പൂങ്കാവനവും അയ്യപ്പനും അവിടെ കുടിയിരുന്നു. ഇന്നിപ്പോള്‍ അയ്യപ്പന്‍ ബ്രഹ്മര്‍ഷി പദത്തിലേക്കുയര്‍ന്നു. തപസ്സുചെയ്ത് മുക്തനായിരിക്കുന്നു. കാലത്തിന്‍റെ പ്രത്യേകത മൂലം തീര്‍ത്ഥാടനകേന്ദ്രങ്ങളെല്ലാം കച്ചവടകേന്ദ്രങ്ങളും വിനോദസഞ്ചാരകേന്ദ്രങ്ങളുമായി തീര്‍ന്നിരിക്കുന്നു.

ഇസ്ലാം മതസ്ഥരും നോമ്പാചരിക്കുന്നുണ്ട്. പ്രവാചകന്‍റെ നാമത്തില്‍ ആടുമാടുകളെ കുരുതി കൊടുക്കുന്നു. പ്രവാചകന്‍റെ നാമത്തില്‍ മാംസം ഭക്ഷിക്കുന്നു. ക്രിസ്തീയസമൂഹവും നോമ്പു നോക്കും. നോമ്പ് വീടുമ്പോള്‍ കാള, കോഴി തുടങ്ങിയ ജീവികളെ കശാപ്പുചെയ്യുന്നു. അവരുടെ വിശപ്പടക്കുന്നു. ഒരു ജീവിയെയും കൊന്നുതിന്നുവാന്‍ ഒരു പ്രമാണവും അനുവദിക്കുന്നില്ല. ആര്‍ഭാടമില്ലാതെയും മിതമായിമാത്രം ഭക്ഷണം കഴിച്ചും സുഖങ്ങള്‍ ത്യജിച്ചും ഭക്തിപൂര്‍വം ഉദ്ഗീതങ്ങള്‍ പാടി പോകുന്നതാണ് തീര്‍ത്ഥയാത്ര. ശബരിമലയില്‍ പലപ്പോഴും തീപിടുത്തമുണ്ടായിട്ടുണ്ട്. പുല്‍മേടുമരണം പോലെയുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതെല്ലാം വ്രതശുദ്ധിയില്ലായ്മയുടെ ഫലം കൊണ്ടുണ്ടാകുന്ന ദൈവകോപമാണ്. മെക്കയില്‍ ഇരുമ്പുവടം പൊട്ടി ധാരാളം പേര്‍ മരിച്ചു. ഒരു എന്‍ജിനീയര്‍ പറഞ്ഞതിങ്ങനെ: പള്ളിയിലെ ഇരുമ്പു ചങ്ങല അല്ലമിന്‍ അറിയാതെ പൊട്ടുകയില്ല, മനുഷ്യനെക്കൊണ്ട് അവിടെ കടന്നുചെന്ന് വടം പൊട്ടിക്കുവാന്‍ സാദ്ധ്യമല്ല. ഇതൊക്കെ വലിയ ദുസ്സൂചനകളാണ്. പ്രവാചകമനസ്സിന്‍റെ ശാപം ഏറ്റു പിടയുകയാണ് മനുഷ്യര്‍. ജന്തുവിന്‍റെ കഴുത്തുവെട്ടുന്നതുപോലെ തീവ്രവാദികള്‍ മനുഷ്യന്‍റെ കഴുത്തുവെട്ടി പ്രദര്‍ശിപ്പിക്കുന്നില്ലേ? സാര്‍വ്വലൗകികമായ സാഹോദര്യമാണ് ഇസ്ലാമിന്‍റെ മതം.

ഇന്ന് ഗോത്രങ്ങള്‍ തമ്മില്‍ യുദ്ധം, രാഷ്ട്രങ്ങള്‍ തമ്മില്‍ യുദ്ധം, ധിക്കാരികളെയെല്ലാം സ്തബ്ധരാക്കികൊണ്ട് ഒളിപ്പോരാളികളുടെ മിന്നലാക്രമണം. കൊടും ഭീകരതയ്ക്കെതിരെ രാഷ്ട്രങ്ങള്‍ തമ്മില്‍ കൈകൊര്‍ക്കുന്നെങ്കിലും ഭീകരാക്രമണത്തിനൊരു കുറവുമുണ്ടാകുന്നില്ല. ലോകരാഷ്ട്രങ്ങളെ നമിക്കുന്നവരെല്ലാം ഭയന്നു കഴിയുകയാണ്. ഇത് മനസ്സിന്‍റെ തകര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. സത്യധര്‍മ്മാദിമൂല്യങ്ങളുടെ ശോഷണം. ആത്മബോധമുള്ള മൂല്യാധിഷ്ഠിത രാഷ്ട്രം കെട്ടിപ്പടുക്കുകയാണാവശ്യം. കള്ളപ്പണത്തിന്‍റെ ആധിക്യം ഭാരതീയരുടെ മൂല്യശോഷണത്തെ സൂചിപ്പിക്കുന്നു. പണത്തിന്‍റെ മൂല്യം അപ്പാടെ ഇല്ലാതാക്കിയ നടപടി വെളിച്ചത്തിന്‍റെ നാമ്പാണ് തെളിച്ചത്. ധാര്‍മ്മികതയുടെ തിരിച്ചുവരവാണ് സൂചിപ്പിക്കുന്നത്. മനുഷ്യമനസ്സിന്‍റെ നിലവാരത്തകര്‍ച്ച ഭയാനകമായൊരവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. സമാധാനം ഒരിടത്തുമില്ല. അതെവിടെ നിന്നു കിട്ടും എന്നാലോചിക്കണം.

നമ്മുടെ ദേഹയാത്രയെ നയിക്കുന്ന ഈശ്വരാംശമായ പുരുഷനാണ് ആത്മാവ്. അത് സത്യത്തില്‍ അധിഷ്ഠിതമാണ്. എല്ലാ തീര്‍ത്ഥാടനങ്ങളും ആത്മാവിലേക്ക് തിരിയുവാനുള്ള വഴിവിളക്കുകളാണ്. ഭൗതികാനുഭവങ്ങളുടെ നശ്വരതയും ആത്മാനുഭവത്തിന്‍റെ അനശ്വരതയും ഓരോ തീര്‍ത്ഥാടകനും മനസ്സിലാക്കണം. അതുകൊണ്ടാണ് പ്രാസംഗികര്‍ എല്ലാ വിഷയങ്ങളെക്കുറിച്ചും ക്ലാസുകള്‍ എടുക്കണമെന്ന് ഗുരു അരുളിയത്. ആത്മീയരസാമൃതം കലര്‍ത്തിയ മധുര പ്രഭാഷണമാണ് ശിവഗിരിയില്‍ നടക്കേണ്ടത്. ശിവഗിരിയിലെത്തി നല്ല മനുഷ്യനാകണം. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന മാനവികസന്ദേശം ഓരോ തീര്‍ത്ഥാടകനിലും വേരോടണം. ഒരു പുതിയ മനുഷ്യന്‍ പിറക്കണം. അതാകട്ടെ തീര്‍ത്ഥാടനത്തിന്‍റെ ലക്ഷ്യം.

അറിവും ആനന്ദവും ആത്മസത്യത്തില്‍ നിന്നു ലഭിക്കുന്നതാണ്. വ്യക്തിസമാധാനവും ലോകസമാധാനവും മനുഷ്യമനസ്സില്‍ നിന്നുണ്ടാകേണ്ടതാണ്. മനസ്സ് വിഷയക്കറകളുമേന്തി ജഡത്തില്‍ മാത്രം വിളങ്ങിയാല്‍ പോരാ, അതിന്‍റെ പൂര്‍വ്വരൂപമായ ആത്മാവിലേക്കും തിരിയണം. ശരീരവും ആത്മാവും ഒന്നാണ്. ഒരു നാണയത്തിന്‍റെ രണ്ടുവശം പോലെയാണ്. ഒന്നിനെ വിട്ട് മറ്റൊന്നിന് നിലനില്പ്പില്ല. ആ സത്യം തിരിച്ചറിഞ്ഞ് ശരീരത്തിലും ആത്മാവിലും മനസ്സിനെ ഒരുപോലെ വിന്യസിക്കേണ്ടതാണ്. ആത്മാവ് സുഖസ്വരൂപനാണ്. ആത്മാവില്‍ നിന്നാണ് മനഃസുഖവും സമാധാനവും ലഭിക്കുന്നത്. എന്നാല്‍ മനഃസ്വച്ഛതയും ലോകസമാധാനവും അങ്ങനെ ലഭിക്കുന്നതല്ല. ആത്മാവില്‍ നിന്നുമുണ്ടാകുന്നതാണ് ആത്മശാന്തിയും ലോകശാന്തിയും. “ഓം, ലോകാ സമസ്താ സുഖിനോ ഭവന്തു” എന്ന ഋഷിദര്‍ശനം പുതിയ ജനതക്കുണര്‍വേകട്ടെ! എന്ന ആശംസയോടെ ഈ അക്ഷരപ്രസാദം വായനക്കാരിലേക്ക് വിനയപൂര്‍വ്വം വയ്ക്കുന്നു.

ഓം ശാന്തിഃ

Sign up now & get regular updates