ഉടയാട

ഗുരുകവനം

ഉടയാട (കവിത)

മമഹൃദന്തേയുണര്‍ന്നുവിലസ്സുന്ന
പത്മനാഭപ്രതിഭാവിലാസമേ!
പുല്‍കൊടിയിലും പുല്ലുമാടത്തിലും
മോടിയെഴും മണിമേടതന്നിലും
മാനത്തും മാരിവില്ലിലുമന്‍പെഴും
മണ്ണില്‍ വര്‍ഷിക്കും നിര്‍മ്മലനീരിലും
ഉച്ചവെയിലേറ്റുര്‍വിയുണങ്ങുമ്പോള്‍
ഉര്‍വ്വീന്ദ്രിയം നനച്ചും തണുപ്പിച്ചും
പച്ചപ്പട്ടുധരിച്ച പ്രകൃതിയെ
പത്മനാഭനുടയാടയാക്കിയും
പ്രകൃതിയേവമച്ഛനുമമ്മയും
സ്നേഹമോതും വഴിവിളക്കും വിഭോ!
അമ്മയെപ്പോലെ കാടിനെകാക്കണം
മാനഹാനിവരുത്താതിരിക്കണം
ധനം മോഹിച്ചുകാടിനെ ദ്രോഹിച്ചു
സര്‍വ്വനാശമശാന്തിനിശാപാതം
സമ്പത്തെപ്പോഴും നില്ക്കുകില്ലാര്‍ക്കുമെ-
ന്നോതീടുന്നാത്മതത്ത്വം വിഭോ! ഭവാന്‍
കൊണ്ടുപോവില്ലയാശിപ്പവയൊന്നും
സ്വപ്നസന്നിഭം ഭൂവാസ സങ്കല്പം
കണ്ണടച്ചുതുറക്കുന്നമാത്രയില്‍
മണ്ണുമണ്ണായിമാറുന്ന കാഴ്ചകള്‍
പുത്തന്‍ മര്‍ത്ത്യന്‍റെ കണ്ണുതുറക്കട്ടെ!
കല്‍മഷങ്ങളകന്നു പോയീടട്ടെ!
ഏകബീജത്തിലുണ്ടായ മര്‍ത്ത്യരില്‍
ഏകാത്മസത്യം ശാശ്വതസംപാദ്യം.

Sign up now & get regular updates