കൊടുങ്കാറ്റിലെ കപ്പിത്താന്‍

ആത്മസാക്ഷ്യം

കൊടുങ്കാറ്റിലെ കപ്പിത്താന്‍

ഞാന്‍, ഹരിനിവാസില്‍ ഹബിലാല്‍. മാവേലിക്കര ചെട്ടികുളങ്ങരയാണെന്‍റെ സ്വദേശം.

ചെറുപ്പകാലം മുതല്‍ മാതാപിതാക്കളോടൊപ്പം ആശ്രമത്തില്‍ പോവുകയും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുകയും ആ മാര്‍ഗ്ഗത്തില്‍ ജീവിച്ചുവരികയും ചെയ്യുന്നു. ഭഗവല്‍ കാരുണ്യത്താല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ എനിക്ക് താമസംവിനാ ജോലിയും ലഭിച്ചു. പങ്കുവയ്ക്കു വാനായി ഒരുപാട് അനുഭവങ്ങള്‍ എനിക്ക് ഗുരു കാരുണ്യത്താല്‍ സേവാശ്രമദ്വാരാ ലഭിച്ചിട്ടുണ്ട്. അതിലൊരു വേറിട്ട അനുഭവം പങ്കുവയ്ക്കുവാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ മര്‍ച്ചന്‍റ് നേവിയില്‍ സെക്കന്‍റ് ഓഫീസറായി ജോലിനോക്കുന്ന കാലം. ചരക്കുകപ്പലായതുകൊണ്ട് ജീവനക്കാരായി ആളുകള്‍ വളരെ കുറവാകും. സംഭവം നടക്കുന്ന കപ്പലില്‍ അന്ന് എന്നെക്കൂടാതെ പതിനഞ്ച് ജീവനക്കാരുണ്ട്. ഇന്ത്യാക്കാരനായി ഞാന്‍ മാത്രം. കപ്പല്‍ യാത്രതിരിച്ചാല്‍ പിന്നെ ഞങ്ങള്‍ക്കൊരു ദേശം, ഒരു ഭാഷ, ഒരു ലക്ഷ്യം. വൈവിദ്ധ്യങ്ങള്‍ക്കവിടെ സ്ഥാനമില്ല. പ്രസക്തിയും. കപ്പല്‍ സുരക്ഷിതമായി അടുത്ത തീരത്തെ ത്തിക്കണം എന്ന ലക്ഷ്യം മാത്രം. പിറന്നനാള്‍ മുതല്‍ ആശ്രമവും ഭക്തിയും പ്രാര്‍ത്ഥനയുമൊക്കെ ജീവി തത്തിന്‍റെ ഭാഗമായിട്ടുള്ളതുകൊണ്ട് ഏതൊരവസ്ഥയെയും അവസരത്തെയും പ്രാര്‍ത്ഥനാനിര്‍ഭരമായ മനസ്സോടെ സമീപിക്കാന്‍ സാധിക്കുന്നു. ഏതു പ്രതിസന്ധിഘട്ടത്തെയും ഗുരുവില്‍ അഥവാ ദൈവത്തിലര്‍പ്പിച്ച് സമര്‍പ്പണത്തോടെ തരണം ചെയ്യാനുള്ള മനസ്സാന്നിദ്ധ്യം കൈമുതലായുണ്ട്. കൈമുതല്‍ എന്നു പറയുമ്പോള്‍ എന്‍റെ വൈഭവം എന്നല്ല മറിച്ച് ഗുരു എന്നിലൂടെ പ്രകടിപ്പിക്കുന്ന സിദ്ധിയെന്നേ അര്‍ത്ഥമാക്കാവൂ.

75000 ടണ്‍ കേവുഭാരമുള്ള കപ്പല്‍. ഹുങ്കാരത്തോടെ വീശിയടിക്കുന്ന കാറ്റില്‍ അത് ആടിയുലഞ്ഞു. തിര മാലകള്‍ കപ്പലിനെ വിഴുങ്ങുവാനെന്നവണം ചീറിയടുക്കുന്നു. നിയന്ത്രണം അസാദ്ധ്യമായതോടെ വേഗത മൂന്ന് നോട്ടിക്കല്‍ മൈലായി കുറച്ചു. ജീവനക്കാര്‍ ഭയചകിതരും വിഹ്വലരുമായി. പരസ്പരം ഉറ്റുനോ ക്കിയും മൗനമായി ആശ്വസിപ്പിച്ചും പ്രാര്‍ത്ഥിച്ചുമിരിക്കെ കപ്പലിന്‍റെ നിയന്ത്രണം പ്രകൃതിയേറ്റെടുത്തു. കാറ്റിന്‍റെ വേഗതയെ അതിജീവിക്കാന്‍ കഴിയുന്ന വേഗതയിലല്ലാതിരുന്ന കപ്പലിനെ കാറ്റ് പുറകോട്ടടിച്ചു! രണ്ട് നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ കപ്പല്‍ പിന്നോട്ട് നീങ്ങാന്‍തുടങ്ങി. ആര്‍ക്കും ഒന്നും ചെയ്യാനാവുന്നില്ല. ആവുകയുമില്ല. ജപ്പാനിലെ ചിബാപോര്‍ട്ടില്‍ നിന്നും യാത്രതിരിച്ച് അധികമായിട്ടില്ല. രണ്ട് ദ്വീപ് സമൂഹങ്ങള്‍ക്കിടയിലൂടെയാണ് യാത്ര. ഇടുങ്ങിയജലപാത. നിയന്ത്രണംവിട്ട കപ്പല്‍ ഇരു വശങ്ങളിലുമുള്ള പാറക്കെട്ടുകളില്‍ ഇടിച്ചു തകരാം. അതിശക്തമായ പേമാരിയും കാറ്റും തുടരുകയാണ്. എന്തും പ്രതീക്ഷിക്കാം. സെക്കന്‍റ് ഓഫീസറായ എനിക്ക് നിയന്ത്രണം ഏറ്റെടുക്കാനുള്ള സമയമാകുന്നു. ഭഗവാന്‍ ശ്രീനാരായണ തൃപ്പാദങ്ങളില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരുന്നു. ഞാന്‍ ഇതിനിടയില്‍ എങ്ങനൊക്കയോ ഗുരുനാഥനായ സ്വാമി ജ്ഞാനാനന്ദജിക്ക് ഫോണ്‍ ചെയ്ത് വിവരങ്ങള്‍ ധരിപ്പിച്ചു. പ്രാര്‍ത്ഥിക്കാം, വിഷമിക്കേണ്ടാ, നീയും പ്രാര്‍ത്ഥിച്ചോളൂ. എന്നദ്ദേഹം സമാശ്വസിപ്പിച്ചു. പ്രാര്‍ത്ഥനാനിരതമായ മനസ്സോടെ ജീവനക്കാരെല്ലാം നോക്കി നില്‍ക്കെ ഡ്യൂട്ടിയ്ക്ക് കയറി. കാറ്റിന്‍റെ വേഗതയെ മറികടക്കാനായി വേഗതവര്‍ദ്ധിപ്പിച്ചാല്‍ അപകടമാണ്. കാറ്റും മഴയും പ്രകൃതിയും ഒക്കെ ഞാന്‍ മറന്നു. ആത്മവിശ്വാസത്തോടും സമചിത്തത കൈവിടാതെയും ജോലിയില്‍ മുഴുകി. കായശക്തികൊണ്ട് ഇവിടെ ഒന്നും ചെയ്യാനില്ല. ഞാനുറക്കെ ചൊല്ലി: 

നരകാവാരിധി നടുവില്‍പെട്ടു ഞാന്‍
കരകാണാതെയുഴലുമ്പോള്‍
ഭവമൃതിഹരാ! ഗുരുവരായെന്നെ
കരകേറ്റീടണേ ഗുരുദേവാ!
കരകാണാതെ ഞാനുഴലുമ്പോഴെന്നെ
കനിവോടു വന്നു രക്ഷിച്ച
കരുണകാരനാം ഗുരുദേവാ അങ്ങേ
തിരുപാദത്തില്‍ നമിക്കുന്നേന്‍.

സാഹചര്യത്തിന് ഏറ്റവുമനുയോജ്യമായ ഈ പ്രാര്‍ത്ഥനാ ശകലം നാവില്‍, ഓടിയെത്തിയതാണത്. എന്നും ചൊല്ലാറുള്ള പ്രാര്‍ത്ഥനയെ അല്ലത്. എന്നിട്ടും നാവിലത് ഓടിയെത്തി. അതാണ് സേവാശ്രമം. പ്രാര്‍ത്ഥനയാണെല്ലാം. അതിശയം! പ്രകൃതിയും അതിനു മുന്നില്‍ നമിച്ചു നിന്നു. മിനിട്ടുകള്‍ക്കുള്ളില്‍ പിന്നോട്ട് ചലിച്ചു കൊണ്ടിരുന്ന കപ്പലിന്‍റെ പ്രയാണം മുന്നോട്ടായി. കാറ്റും പേമാരിയും ഇപ്പോഴും പഴയപടി തുടരുന്നതേയുള്ളൂ എന്നോര്‍ക്കണം. സഹപ്രവര്‍ത്തകരില്‍ ആശ്വാസത്തിന്‍റെ തിരയിളക്കം. എല്ലാവര്‍ക്കും അറിയണം. ഞാനാര്‍ക്കാണ് ഫോണ്‍ ചെയ്തതെന്ന്, എന്താണ് പ്രാര്‍ത്ഥിച്ചതെന്ന്. എന്‍റെദൈവം എന്നെ മാത്രമല്ല കപ്പലും അതുവഹിക്കുന്ന ചരക്കും എന്നെക്കൂടാതെയുള്ള പതിനഞ്ച് ജീവനക്കാരെയും രക്ഷിച്ചു. യാതൊന്നിനെയും നിയന്ത്രിക്കാന്‍ നമുക്കാവില്ല, നിയന്താവിനെ അതിനാവു എന്ന് ഞാനൊരിക്കല്‍ കൂടി അനുഭവിച്ചറിഞ്ഞു. നാലുമണിക്കൂറിലധികം തകര്‍ത്താടിയ ആ കൊടുങ്കാറ്റിലും പേമാരിയിലും കാലദേശ, ഭാഷാ ഭേദങ്ങളില്ലാത്ത ദൈവമാണ് രക്ഷയായത്. ആ ജഗത്പിതാവിനെ പ്രണമിക്കുന്നു. ശ്രീനാരായണധര്‍മ്മം ജയിക്കട്ടെ!

ഹബിലാല്‍