


ദൈവാനുഭവത്തിന്റെ വറ്റാത്ത ഉറവ
ഞാന്‍ ചന്ദ്രദാസ്. മാവേലിക്കര താലൂക്കില്‍ ചെട്ടികുളങ്ങരയാണെന്റെ സ്വദേശം. കുന്നത്ത് കുടുംബാംഗമാണ്. വീട്ടുപേര് കുന്നത്ത് ഗുരുഭവനം.
ശ്രീനാരായണഗുരുവിനെ ഈശ്വരനായി അറിഞ്ഞ്, ആ അനുഭവത്തിന്റെ വെളിച്ചത്തില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് കുറേ വര്‍ഷങ്ങളായി. ഞാന്‍ മിലിറ്ററി സര്‍വ്വീസില്‍ നിന്ന് വിരമിച്ച ആളാണ്. 1981-82 കാലഘട്ടത്തില്‍ ആണ് ഞാന്‍ സര്‍വ്വീസില്‍ പ്രവേശിച്ചത്. ആദ്യ സര്‍വ്വീസ് ജമ്മു കാഷ്മീരില്‍ പാകിസ്ഥാന് ബോര്‍ഡറിലായിരുന്നു. ഒരു വര്‍ഷം പൂര്‍ത്തിയാക്കി അവധിക്ക് നാട്ടിലേക്ക് തിരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് അകാരണമായി എന്റെ വലതുകാലിന്റ ചലനശേഷി പൂര്‍ണ്ണമായി നഷ്ടപ്പെട്ടു. ക്യാമ്പിലെ പരിശോധനയും മറ്റും കഴിഞ്ഞ് എന്നെ അഗ്നൂറിലുള്ള മിലിറ്ററി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. ഒരു മാസത്തെ ചികിത്സകള്‍ക്ക് ശേഷവും കാലിന്റെ ചലനസ്വാതന്ത്ര്യം പൂര്‍ണ്ണമായും തിരികെ കിട്ടിയില്ല. വളരെ പരിമിതിപ്പെട്ട രീതിയില്‍ മാത്രമേ കാല് ചലിപ്പിക്കാന്‍ കഴിയുമായിരുന്നുള്ളൂ. മിലിട്ടറി സര്‍വ്വീസല്ലേ, കാലിന് ചലനസ്വാതന്ത്ര്യം ഇല്ലാതെ അവിടെ ജോലി തുടരാനും കഴിയില്ല. തുടര്‍ ചികിത്സകള്‍ക്കായി നാട്ടിലേക്കയച്ചു.
സാധാരണ നാട്ടുകാരെപ്പോലെ ക്ഷേത്രങ്ങളും മന്ത്രതന്ത്രങ്ങളും തിരുമ്മും ഒക്കെയും ഉണ്ട്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി മാറാരോഗങ്ങള്‍ വരെ മാറ്റിക്കൊടുക്കുന്ന ഒരു സന്ന്യാസി മാവേലിക്കര ചെറുകോല്‍ ഈഴക്കടവില്‍ ഉണ്ടെന്ന് കേട്ടറിവുണ്ടായിരുന്നു. അതൊന്ന് പരീക്ഷിക്കാമെന്ന കുടുംബാംഗങ്ങളുടെയെല്ലാം അഭിപ്രായം മാനിച്ച് മാതാപിതാക്കള്‍ എന്നെയും കൂട്ടി ഈഴക്കടവിലെ ധര്മ്മാശ്രമത്തിലെത്തി. ശാരീരികമായി ഉണ്ടായ തളര്‍ച്ചയുടെ വിവരങ്ങള്‍ വിശദമാക്കി പറഞ്ഞു കേള്‍പ്പിച്ചു. കണ്ണടച്ചിരുന്ന് സശ്രദ്ധം എല്ലാം കേട്ട ഗുരുധര്മ്മാനന്ദജി വളരെ ആശ്വാസം പകര്‍ന്നുകൊണ്ട് അവധി തീരുംവരെ എല്ലാ ഞായറാഴ്ചയും സമൂഹപ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ നിര്‍ദ്ദേശിച്ചു. അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിച്ച് ഞായറാഴ്ച പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തു. എന്നും അദ്ദേഹം വേദിയില്‍ വിളിച്ചിരുത്തി രോഗവിവരങ്ങള്‍ പറഞ്ഞ,് ദൈവത്തില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കും. ഒരു ദിവസം തലയില്‍ കൈവച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ പാകിസ്ഥാന് അതിര്‍ത്തിയില്‍ ജോലി ചെയ്യുമ്പോള്‍ ശത്രുക്കളുടെ വെടിയേറ്റ് മരിച്ച ഒരാത്മാവ് എന്നില്‍ ആവേശിച്ചതോടെയാണ് കാല് തളര്‍ന്ന് പോയതെന്ന് വെളിവാക്കപ്പെട്ടു. സ്വാമി ആ പരരേതാത്മാവിനെ കര്‍മ്മജഡത്തില്‍ വരുത്തി വെടിയേറ്റുമരിക്കുന്ന സമയത്തുണ്ടായിരുന്ന കെടുതികളെല്ലാം പ്രാര്‍ത്ഥനയിലൂടെ പരിഹരിച്ച് മോചിപ്പിച്ചു. അതോടുകൂടി കാലിന്റെ ചലനശേഷി പൂര്‍ണ്ണമായി തിരികെ കിട്ടി. ഒരു വല്ലാത്ത അത്ഭുതമായിരുന്നു എനിക്കത്. പുതിയ അറിവും. തിരികെ ക്യാമ്പിലെത്തിയ ഞാന്‍ അന്വേഷിച്ചപ്പോഴാണ് അതിര്‍ത്തി പോസ്റ്റുകളില്‍ കാവല്‍ കിടക്കുമ്പോള്‍ യാതൃശ്ചികമായി ഒന്നു മയങ്ങിയാല്‍ തലയ്ക്ക് അടിയേല്‍ക്കുന്ന ഒരു പ്രവണത പലര്‍ക്കും അനുഭവപ്പെട്ടിട്ടുള്ളതായി അറിയാന്‍ കഴിഞ്ഞത്. പരേതാത്മാക്കളുടെ ഈ ജാഗ്രത കാവല്‍ഭടډാരിലേക്ക് വ്യാപരിക്കുക പതിവായിരുന്നത്രേ!
ആ അനുഭവം എന്നെ ഒരു അടിയുറച്ച ശ്രീനാരായണഗുരുദേവ ഭക്തനാക്കി. അവധിക്ക് വരുമ്പോഴൊക്കെ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്നത് പതിവാക്കി. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായി. ഇരുപത് വര്‍ഷത്തെ സര്‍വ്വീസ് പൂര്‍ത്തീകരിച്ചാണ് മടങ്ങിയത്.
ധര്‍മ്മാനന്ദഗുരുവിന്റെ ദിവ്യസമാധിക്ക് ശേഷവും ആ ഭക്തിമാര്‍ഗ്ഗം ഉപേക്ഷിച്ചില്ല. പ്രാര്‍ത്ഥനയും ആചാരഅനുഷ്ഠാനവുമൊക്കെ ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. പലരും ചോദിക്കാറുണ്ട് ക്ഷേത്രത്തില്‍ ചെല്ലാത്തതെന്തുകൊണ്ടെന്ന്. യഥാര്‍ത്ഥ ദൈവം ആത്മാവാണെന്നും ആ ജീവാത്മാവിന്റെ കര്മ്മപൂര്ത്തീകരണത്തിനായി ആര്‍ജ്ജിച്ചെടുക്കുന്ന ഗാത്രമാണ് യഥാര്‍ത്ഥ ക്ഷേത്രമെന്നും ശരീരശുദ്ധിയും ആത്മീയശുദ്ധിയും ആര്‍ജ്ജിച്ച് ശരീരത്തെ ക്ഷേത്രമാക്കി മാറ്റാനാണ് ആശ്രമം പഠിപ്പിക്കുന്നത്. അമ്പലങ്ങളില്‍ ബിംബങ്ങളില്‍ സങ്കല്പിച്ച് പ്രതിഷ്ഠിക്കുന്ന ജീവനില്ലാത്ത ഓജസ്സില്ലാത്ത ദൈവങ്ങളെയാണ് കാട്ടിത്തരുന്നത്. നമ്മിലിരിക്കുന്ന ദൈവമാണ് നമ്മെ രക്ഷിക്കുന്നതും ശിക്ഷിക്കുന്നതും എന്നറിഞ്ഞാല്‍ പിന്നെ മറ്റൊന്നിനും സ്ഥാനമില്ല. അപ്പോഴാണ് ഗുരുപ്രസാദം അഥവാ ദൈവപ്രസാദം. അതിലൂടെയാണ് ദുഃഖദുരിതാദികളില് നിന്ന് മോചനം ലഭിക്കുന്നതെന്ന് ധര്മ്മാനന്ദഗുരുവും ഇപ്പോള്‍ ജ്ഞാനാനന്ദഗുരുവും അനുഭവത്തിലൂടെ നമ്മെ പഠിപ്പിക്കുന്നു. ഒരനുഭവം കൂടി പറയാം.
എന്റെ ഭാര്യ പ്രസന്ന കായംകുളം എസ്സ്. എന്‍ സെന്‍ട്രല്‍ സ്കൂളില്‍ അദ്ധ്യാപികയായി ജോലിനോക്കുന്ന സമയത്താണ് തൊണ്ടക്ക് വേദനയും മുഴയും ഉണ്ടാവുകയും തീരെ സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്തത്. പല ഡോക്ടര്‍മാരെയും സമീപിച്ച് വിദഗ്ധ പരിശോധനകള്‍ നടത്തി. അവസാനം തൈറോയിഡ് ഗ്രന്ഥിയില്‍ മുഴ സ്ഥിരീകരിച്ചു. പത്ത് ദിവസത്തിനുള്ളില്‍ മുഴ നീക്കം ചെയ്യണമെന്നും അത് ക്യാന്‍സറായി രൂപപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഡോക്ടര്‍ അറിയിച്ചു. ഞങ്ങള്‍ ആകെ ധര്‍മ്മ സങ്കടത്തിലായി. സന്തോഷവും സന്താപവുമൊക്കെ സേവാശ്രമത്തിലേക്ക് എത്തി സ്വാമിജിയുമായി പങ്ക് വെക്കുന്നതാണ് പതിവ്. ഇതിനും ഗുരുവിന്റെ ചികിത്സ മതി എന്നുറപ്പിച്ച് ഞങ്ങളാശ്രമത്തിലെത്തി എല്ലാ വിവരങ്ങളും സ്വാമിജിയെ ധരിപ്പിച്ചു. 41 ദിവസം ആശ്രമത്തില്‍ ഭജനം പാര്‍ക്കാന്‍ സ്വാമിജി നിര്‍ദ്ദേശിച്ചു. നിര്‍ദ്ദേശം സ്വീകരിക്കുകയും ഭജനം യഥാവിധി പൂര്‍ത്തീകരിക്കുകയും ചെയ്തു. അപ്പോഴേക്കും വേദനയും മുഴയും അപ്രത്യക്ഷമാകുന്നതുപോലെ ഇല്ലാതെയായി. സംസാരിക്കാനുള്ള ശേഷിയും പൂര്‍ണ്ണമായി തിരിച്ചുകിട്ടി.
സ്റ്റെതസ്കോപ്പും സ്കാനിംഗും മരുന്നും തെറാപ്പിയും ഒന്നുമില്ലാതെ കൈവരുന്ന രോഗശാന്തിയില്‍ തെളിയുന്ന ഗുരുവിന്റെ തേജോരൂപമാണ് എനിക്കെന്റെ ദൈവം. ദൈവാനുഭവത്തിന്റെ വറ്റാത്ത ഉറവയാണ് ധര്മ്മാനന്ദഗുരുവിലും പിന്നെ ജ്ഞാനാനന്ദഗുരുവിലും എനിക്ക് അനുഭവിക്കാനായത്. എന്തു ദുഃത്തിനും എന്തു രോഗത്തിനും സ്വാമിക്കുത്തരമുണ്ട്. അത് തന്നെ ഭക്തന്റെ ധന്യത. സത്യത്തെ അന്വേഷിക്കുന്ന, അറിയാന്‍ ശ്രമിക്കുന്ന ഭക്തന് മാത്രം കൈവരുന്ന സൗഭാഗ്യമാണ് ദൈവാനുഗ്രഹം. ആ അനുഗ്രഹം ഓരോരുത്തരേയും ദൈവത്തോളമെത്തിക്കാന് സഹായിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ശ്രീനാരായണധര്‍മ്മം ജയിക്കട്ടെ!

