


സാന്ത്വനത്തിന്‍റെ ഗുരുസ്പര്‍ശം
ഞാന്‍ സുജാതാ ഗോപാലകൃഷ്ണന്‍. ചെങ്ങന്നൂര്‍ കാരയ്ക്കാട്ട് കോമളത്ത് കുടുംബാംഗമാണ്. സേവാശ്രമത്തില്‍ എത്തിയതിനു ശേഷം എനിക്കും കുടുംബത്തിനും ധാരാളം ദിവ്യാനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും ആശ്രമത്തില്‍ നിന്ന് എനിക്കുണ്ടായ ആദ്യാനുഭവം വായനക്കാരുമായി പങ്കുവയ്ക്കാമെന്ന് ആഗ്രഹിക്കുന്നു.
2012 ലായിരുന്നു എല്ലാത്തിന്‍റെയും തുടക്കം. പെട്ടന്നൊരു പനി. താങ്ങാനാവാത്ത കുളിര്. വെയിലത്തിറങ്ങി നിന്നിട്ടും ചൂടറിയുന്നില്ല. കഷായമായിരുന്നു പ്രഥമ ചികിത്സ. 2 ദിവസം കഴിഞ്ഞപ്പോള്‍ തൊണ്ടയ്ക്ക് എന്തോ ഒന്ന് ഇരിക്കുന്നതുപോലെ അനുഭവപ്പെട്ടു. പനിയുടെ ഭാഗമെന്ന് കരുതി ഗൗനിച്ചില്ല. നാലാം ദിവസമായപ്പോഴേക്കും തൊണ്ടയ്ക്ക് ചൂടനുഭവപ്പെടാന്‍ തുടങ്ങി. സ്പര്‍ശിക്കുമ്പോള്‍ ഉള്ളില്‍ കുമിളകള്‍പോലെ എന്തോ ഒരു ഫീല്‍ ഉണ്ടായി. ക്രമേണ തൊണ്ടയ്ക്കുണ്ടായ ചൂട് വായിലും അനുഭവപ്പെട്ട് തുടങ്ങി. കാരയ്ക്കാട്ട് പാറയ്ക്കലുള്ള ഹോമിയോ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി. മൂന്ന് ദിവസത്തെ മരുന്ന് കഴിഞ്ഞിട്ടും മാറ്റമൊന്നുമുണ്ടായില്ല.
ഭര്‍ത്താവിന്‍റെ ചിറ്റപ്പന്‍റെ ഒരു മകനുണ്ട് ഡോ. അനില്‍ ദത്ത്. അദ്ദേഹത്തിന്‍റെ അഭിപ്രായം ചോദിക്കാമെന്ന് കരുതി വിളിച്ചു സംസാരിച്ചു. എങ്ങോട്ടും പോകണ്ട നേരെ ആലപ്പുഴ ജില്ലാ ആശുപത്രിയിലെത്താനായിരുന്നു നിര്‍ദ്ദേശം. അദ്ദേഹം പറഞ്ഞതനുസരിച്ച് ആലപ്പുഴ ജില്ലാ ആശുപത്രിയിലെ തന്നെ ഡോ.രതീഷിനെ കണ്ട് രോഗവിവരങ്ങളൊക്കെ സംസാരിച്ചു. അദ്ദേഹം പ്രാഥമിക പരിശോധനകളൊക്കെ നടത്തി കുറച്ച് മരുന്നുകള്‍ക്ക് കുറിച്ച് തന്നു. ആ മരുന്നിന്‍റെ കോഴ്സ് തീരുന്ന ദിവസം വീണ്ടും കൊണ്ട് കാണിക്കാന്‍ നിര്‍ദ്ദേശിച്ച് ഞങ്ങളെ മടക്കി. മരുന്ന് പൂര്‍ത്തിയായിട്ടും രോഗത്തില്‍ ഒരു ഭേദവും ഉണ്ടായില്ല.
ഡോക്ടറെ കണ്ടപ്പോള്‍ എം.ആര്‍.ഐ സ്കാന്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. റിപ്പോര്‍ട്ടു വന്നപ്പോള്‍ ഡോക്ടറെ വീണ്ടും കണ്ടു. എല്ലാം വിശദമായി നോക്കിയ ഡോക്ടര്‍ ശാസ്ത്രീയമായ ഏകവഴി ഓപ്പറേഷനാണ്, ഒരു നാല്-നാലര മണിക്കൂര്‍ എടുക്കുന്ന ഓപ്പറേഷന്‍. ഡോക്ടര്‍ ഒന്ന് കൂടി ചോദിച്ചു. തൊണ്ടക്കേ മുഴ എങ്ങനെ മനസ്സിലായി. സാധാരണ ഈ ക്യാന്‍സര്‍ മൂന്നാമത്തെയോ നാലാമത്തെയോ സ്റ്റേജ് ആയ ശേഷമേ രോഗി അറിയാറുള്ളു വത്രേ. ക്യാന്‍സറെന്ന് കേള്‍ക്കുന്നതു തന്നെ ഭയമായിരുന്നു. സ്വന്തം തൊണ്ടയ്ക്കെന്നത് ചിന്തിക്കാന്‍തന്നെ വയ്യ. അപ്പൊഴാണ് ഓപ്പറേഷനും പിന്നെ വേണ്ടി വരുന്ന കീമോതെറാപ്പിയും മറ്റും.
ഈ ദിവസങ്ങളില്‍ എന്‍റെ ഭര്‍ത്താവിന്‍റെ മൂത്ത സഹോദരി ഓലകെട്ടിയമ്പലത്തിലുള്ള ഉമാദേവി ചെട്ടികുളങ്ങര സേവാശ്രമത്തില്‍ ഭജനം പാര്‍ക്കുന്നുണ്ടായിരുന്നു. ആ ചേച്ചിക്ക് ചെറുപ്പം മുതലുണ്ടായിരുന്ന കലശലായ ആസ്ത്മ രോഗം 65 മത്തെ വയസ്സില്‍ സേവാശ്രമത്തിലെ പ്രാര്‍ത്ഥനയിലൂടെ സുഖപ്പെട്ടത് ഞങ്ങള്‍ക്ക് നന്നായി അറിയാവുന്നതാണ്. ആശുപത്രി വിവരങ്ങളൊക്കെ അറിയിക്കാനായി ഉമേച്ചിയെ വിളിച്ചു. വിവരങ്ങളൊക്കെ കേട്ടപ്പോള്‍ ചേച്ചിയാണ് ആദ്യം നീ ആശ്രമത്തിലേക്ക് വന്നാല്‍ ജ്ഞാനാനന്ദസ്വാമിജിയോട് പറയാം, ഓപ്പറേഷന് ഒന്നും പോകണ്ട എന്ന് പറഞ്ഞത്. ഉമേച്ചിതന്നെ സ്വാമിജിയോട് സംസാരിച്ചു. അദ്ദേഹം നിര്‍ദ്ദേശിച്ചതനുസരിച്ച് ഭവനത്തില്‍ ആശ്രമവിധിപ്രകാരമുള്ള ശുദ്ധീകരണമൊക്കെ വരുത്തി വൃതാനുഷ്ഠാനത്തോടും 41 ദിവസം താമസ്സിച്ച് ഭജിക്കാനുള്ള തയ്യാറെടുപ്പോടും കൂടി ഞായറാഴ്ച സേവാശ്രമത്തിലെത്തി സ്വാമിജിയെ കണ്ടു. രോഗവിവരങ്ങളൊക്കെ പറഞ്ഞു. സമൂഹപ്രാര്‍ത്ഥനയില്‍ പങ്കുകൊണ്ടു.
അതൊരു കര്‍ക്കിടകം ഒന്നാം തീയതി ആയിരുന്നു. ഒരു പുതിയ അനുഭവമായിരുന്നു എനിക്ക് ആ ദിവസങ്ങള്‍ സമ്മാനിച്ചത്. 41 ദിവസം ഭക്തിസാന്ദ്രമായ സേവാശ്രമാന്തരീക്ഷത്തില്‍ സ്വാമിജിയുടെ പരിരക്ഷയില്‍ കഴിഞ്ഞു. ജീവിതത്തിലെ മറക്കാനാവാത്ത ഒരദ്ധ്യായമായി അത് മാറി. 41 ദിവസത്തെ ഭജനം പൂര്‍ത്തിയാകുമ്പോഴേക്കും നവജീവന്‍ കിട്ടിയ അനുഭവമായിരുന്നു. ക്യാന്‍സര്‍ രോഗവുമായാണ് ആശ്രമത്തിലേക്ക് വന്നതെന്ന കാര്യം പോലും പിന്നോര്‍ക്കേണ്ടി വന്നിട്ടില്ല. ഓര്‍ക്കാന്‍ ദൈവത്തെ ശ്വാസനിശ്വാസങ്ങളില്‍ ഉരച്ചു ചേര്‍ത്തിരുന്നു സ്വാമിജി. 8 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇത് എഴുതാന്‍ വേണ്ടിയാണ് ആ സന്ദര്‍ഭങ്ങളൊക്കെ ഓര്‍ക്കുന്നതു തന്നെ. ഭഗവാന്‍ ശ്രീനാരായണന്‍റെ പ്രത്യക്ഷമായ പ്രവര്‍ത്തനം നടക്കുന്ന സേവാശ്രമം മനുഷ്യമനസ്സില്‍ മാത്രമല്ല ലോകത്തിന്‍റെ നെറുകയില്‍ പ്രതിഷ്ഠിക്കപ്പെടേണ്ട ദൈവസങ്കേതമാകുന്നു. ഭഗവാന്‍റെ കൃപാകടാക്ഷത്തിന് എല്ലാ മനുഷ്യരും യോഗ്യരായി ഭവിക്കട്ടെ!

