അവിദ്യയിലുദിക്കുമാശകള്‍
വിദ്യയിലലിച്ചു ശൂന്യമായ്
ബോധസൂര്യനായ് പരക്കും
നിത്യവിസ്മയം ഗുരു!
ഇഹത്തിലും പരത്തിലും
പരന്നു വിസ്തൃതം സ്വനം
ദേഹിദേഹമെന്നുരച്ച
നാദശോഭയും കൃതം
ഇടംവലം ക്ഷണംനിരന്ന്
ശുദ്ധബോധതന്ത്രികള്‍, ഘനം
നിറഞ്ഞ ജ്ഞാനവാചികേളു-
രപ്പു ഗന്ധവാഹകന്‍…
മനം ഹനിച്ചു തപം കടുത്ത്
ശിവം തൊടും പകലന്തിയില്‍
ദേഹമില്ല… ദേഹിയില്‍ പിറന്ന-
ജ്ഞാന സൂര്യനും ദൃഢം
മൗനമുദ്രിതം ജ്ഞാനബോധനം
അക്ഷരങ്ങളായ് പിറക്കുമക്ഷയഖനി
നീന്തിയുള്‍ത്തടം കരുത്തുതേടുകില്‍
ശക്തിയായി നീ ജ്വലിക്ക ഭക്തരില്‍
ഏകമൊന്നതില്‍ രൂപഭംഗിയായ്
മാറുമെന്നുടല്‍ അഗ്നിതാനതില്‍
ഞാനുമില്ല നീയുമില്ലിഹ!
ശുദ്ധശോഭ ബ്രഹ്മമുദ്രയില്‍
നമോ നാദം ബ്രഹ്മകമലം
യഥോ വന്ദ്യം ചിത്ത് പ്രപഞ്ചം
നമോ രൂപം അക്ഷരബ്രഹ്മം
യഥോ വന്ദ്യം ജ്ഞാനമൂര്‍ത്തിം…