ദൈവം ചിത്രമോ, ശില്പമോ, സങ്കല്പമോ അല്ല. അതൊരു യാഥാര്‍ത്ഥ്യമാണ്. അനുഭവമാണ്. മാറ്റമില്ലാത്ത സത്യമാണ്. അറിവാണ്. ആനന്ദമാണ്. നീ സത്യം ജ്ഞാനം ആനന്ദം എന്ന് ദൈവദശകം ഉപനിഷദ്യുക്തിയിലും എഴുതിക്കാണുന്നു. അറിവിന്റെ, അക്ഷരങ്ങളുടെ ആവിഷ്ക്കാരമാണ് കല. ആത്മസത്യത്തിലേക്കും അറിവിലുമേറിയ അറിവിലേക്കും അടുക്കുവാനുള്ള മാധ്യമമായി കലയെ സ്നേഹിക്കുകയും ഉപാസിക്കുകയും ചെയ്യേണ്ടതു മനുഷ്യന്റെ ധര്‍മ്മമാണ്.
കവിതയുടെയും കഥയുടെയും ബീജം സത്യമായിരിക്കണം. കലയെ കഥകളാക്കി ചിത്രങ്ങളാക്കി കാലയാപനത്തിനുള്ള വകയാക്കി കലാദേവതയെ വസ്ത്രാക്ഷേപം ചെയ്തും പലവിധത്തില്‍ പീഡിപ്പിച്ചും ഉദരപൂരണം നിര്‍വ്വഹിക്കുകയാണ് ആധുനിക കലോപാസകര്‍. ‘ഉദരം നിമിത്തം ബഹുകൃതവേഷം’ എന്നൊരു ചൊല്ലുണ്ട്. പഴഞ്ചൊല്ലുകളെല്ലാം യാഥാര്‍ത്ഥ്യമാകുന്ന കാലമാണിത്. യഥാര്‍ത്ഥ കലാകാരനെ വിചാരം ചെയ്തറിയാതെ ജീവിതാഭിനയം സുഖപ്രദമാവുകയില്ല. അഭിനയവും ജീവിതവും രണ്ടും രണ്ടാണ്. പണവും പ്രശസ്തിയുമല്ല വലുത്. കുടുംബജീവിതം സ്വച്ഛസുന്ദരവും ആനന്ദകരവും ആകുന്നതിലാണ് വിജയം. പ്രപഞ്ചശില്പിയായ ഈശ്വരനാണ് യഥാര്‍ത്ഥ കലാകാരന്. ആത്മരൂപത്തില്‍ ഹൃദയത്തില്‍ കളിയാടുന്ന കലാകോവിദനാണ് ദൈവം. അവിടുത്തെ അഭിനയവേദിയാണ് പ്രപഞ്ചം എന്ന ചിത്രശാല. ഈ ചിത്രശാലയിലെ കാഴ്ചകളെ നാം കാണുന്നുള്ളൂ. കാഴ്ചക്കാരനെ ആരും കാണുന്നില്ല. ശരീരമാകുന്ന ചിത്രങ്ങള്‍ക്കുള്ളില്‍ മറഞ്ഞിരുന്നുകൊണ്ട് മനുഷ്യന്റെ വിഢ്ഢിവേഷം കണ്ട് രസിക്കുമ്പോള്‍ തന്നെ വേദനപ്പെടുകയും ചെയ്യുന്നുണ്ടാവും. പ്രപഞ്ചചിത്രം വരച്ച ചിത്രകാരനെ കണ്ടെത്തി മഹത്വപ്പെടുത്തേണ്ട കടമ മനുഷ്യനുള്ളതാണ്. പ്രപഞ്ചശില്പിയുടെ ഇച്ഛാശക്തിയാണ് പ്രപഞ്ചകല്പനയില് ഇതള്‍ വിരിഞ്ഞ് വിലസ്സുന്നത്. എല്ലാം ശാസ്ത്രീയമായി അനാവരണം ചെയ്തതാണ്. വാസനയുള്ള ഒരാള്‍ക്ക് ചിത്രം വരയ്ക്കാന്‍ കാന്വാസുവേണം. പെന്സിലുവേണം. പടം വരയ്ക്കുന്ന ആളിന്റെ ബുദ്ധിയും മനസ്സുമാണ് ചിത്രമാകുന്നത്. അവരുടെ ആത്മാവാണ് ചിത്രം. അതുപോലെ പ്രപഞ്ചചിത്രം ആലേഖനം ചെയ്യാനും ഒരു ക്യാന്‍വാസ് വേണം. ആശയം വേണം. അളവുതെറ്റാത്ത കണക്കു വേണം. ഇതെല്ലാം ഒത്തിണങ്ങുമ്പോഴാണ് പ്രപഞ്ചചിത്രമാകുന്നത്. വിസ്തൃതമായ ഒരു കണ്ണാടി. നിശ്ചലമായ പ്രതലം. ഈ കണ്ണാടിയില്‍ വരച്ചതാണ് പ്രപഞ്ചമെന്ന ചിത്രശാല. തന്റെ തന്നെ സങ്കല്പംകൊണ്ട് ആത്മാവുതന്നെ കണ്ണാടിയായും ചിത്രസമൂഹമായി ഏകമായും പ്രകാശിക്കുകയാണ്. ആകാശം, ഭൂമി, സൂര്യചന്ദ്രാദികള്‍, പര്‍വ്വതങ്ങള്‍, സമുദ്രങ്ങള്‍, തടാകങ്ങള്‍, മറ്റനേകം നീര്‍ച്ചാലുകള്‍, ഘോരവനങ്ങള്‍, മനുഷ്യര്‍, മൃഗങ്ങള്‍, പക്ഷികള്‍, ജന്തുക്കള്‍, ഉരഗവര്‍ഗ്ഗങ്ങള്‍, പുല്ലും പുല്‍ച്ചാടിയുമെല്ലാം ഒരേ ക്യാന്‍വാസിലെ ചിത്രങ്ങളാണ്. എന്നാല്‍ തന്റെ തന്നെ ഇശ്ചാശക്തി കൊണ്ട് മനസ്സെന്ന കണ്ണാടി പലതെന്നും ചിത്രങ്ങള്‍ പലതായും പ്രത്യേകം പ്രത്യേകം വേര്തിരിഞ്ഞതുപോലെ അനുഭവപ്പെടുകയാണ്. സൃഷ്ടികളില്‍ സാരമോ നിസ്സാരമോ ആയി യാതൊന്നുമില്ല. സമഭാവനയില്‍ വിരിഞ്ഞ പൂക്കളാണെല്ലാം. രാവും-പകലും പോലെ എല്ലാം ഒന്നിനൊന്നു വിരുദ്ധമായി കാണുന്നു. എല്ലാ ജീവജാലങ്ങളിലും ആണ്-പെണ് വ്യത്യാസം കാണാം. അവിടുത്തെ ദിവ്യാനുഭൂതിയില്‍ ഉദയം ചെയ്ത രണ്ട് നക്ഷത്രങ്ങളാണ് സ്ത്രീയും പുരുഷനും. രണ്ടിനും തുല്യ പ്രകാശമാണുള്ളത്. ഓരോ നക്ഷത്രത്തിനും നിന്നു പ്രകാശിക്കുവാനുള്ള സ്ഥാനം സൃഷ്ടിയോടൊപ്പം നിശ്ചയിച്ചിട്ടുണ്ട്. പ്രകൃതിനിയമം അനുസരിച്ച് ഭൂമിപോലും അതിന്റെ അച്ചുതണ്ടില്‍ സമയനിഷ്ഠയോടെ ഭ്രമണം ചെയ്യുന്നു. സൂര്യന് ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നു.
പ്രഭാതത്തില്‍ പക്ഷികള്‍ അവരുടെ ഭാഷയില്‍ കീര്‍ത്തനം ചൊല്ലി ഇരതേടി പറന്നു പോകുന്നു. ഇരുട്ടാകുന്നതിനുമുന്‍പ് (സന്ധ്യ) അവ കൂടണയുന്നു. മനുഷ്യന് മാത്രം ഇതിന് അപവാദമായി തീര്‍ന്നിരിക്കുന്നു. അവന് പ്രകൃതിനിയമങ്ങള്‍ ലംഘിച്ച് രാത്രിയെ പകലാക്കുന്നു. നിദ്രാദേവതയുടെ ശാപം അവനെ അസ്വസ്ഥനാക്കുന്നു. മദ്യവും മയക്കുമരുന്നും ഉറക്കഗുളികകളും അവരെ ഭ്രാന്തരാക്കുന്നു. വര്ത്തമാനവിശേഷങ്ങള്ٹ വായനക്കാര്‍ ഒരു പുനര്‍വായനയ്ക്ക് വിധേയമാക്കട്ടെ! നിയമലംഘകര്‍ക്കു കഠിനമായ ശിക്ഷയുണ്ട്. യഥാര്‍ത്ഥ ചിത്രകാരനെ വിചാരം ചെയ്തറിഞ്ഞാല് ഈ വിഢിവേഷം കെട്ടി ആടേണ്ടി വരികയില്ല. കാലയാപനത്തിനുള്ള ഉപാധിയല്ല കല. ഓരോ കലാരൂപങ്ങളുടെയുള്ളിലും ആദൃശ്യമായി പ്രകാശിച്ചുകൊണ്ടിരിക്കുന്ന ലാവണ്യമാണ്, ശുദ്ധചൈതന്യമാണ്, പ്രപഞ്ചചിത്രമെഴുതിയ കലോപാസകന്. ആത്മമനസ്സ് ഫ്രെയിമുകളിലാക്കുന്നു. ചിത്രങ്ങള്‍ പലതാണെന്ന തോന്നല്‍ ഉളവാകുന്നു. ഒരേമഷികൊണ്ട് ഒരേ ക്യാന്‍വാസില്‍ അന്തര്സൗന്ദര്യം മുഴുവന്‍ ചാലിച്ചെഴുതിയ ചിത്രങ്ങള്‍ പ്രത്യേകം പ്രത്യേകം വേര്‍പെട്ടപോലെ തോന്നുന്ന അനുഭവം ചിത്രകാരന്റെ ഇശ്ചാശക്തി ഒന്നു മാത്രമാണ്.
വെളുപ്പ്, ചുമപ്പ്, കറുപ്പ് എന്നീ ത്രിവര്‍ണ്ണങ്ങള്‍ കാച്ചിക്കുറുക്കിയ ഹരിതതീരം. ഇവയെല്ലാം ചാലിച്ചെടുത്ത സപ്തവര്‍ണ്ണങ്ങള്‍. വര്‍ണ്ണം ചാതുര്വര്ണ്ണ്യവ്യവസ്ഥയെ സൂചിപ്പിക്കുന്നില്ല. ജഗദീശ്വരന്റെ തന്നെ സൗന്ദര്യബോധവും ഭാവതീവ്രതയും പ്രകാശിപ്പിക്കുന്നതാണ് സപ്തവര്‍ണ്ണങ്ങളും വര്‍ണ്ണനകളും. സപ്തവര്‍ണ്ണങ്ങള്‍ ചാലിച്ചെടുത്ത പഞ്ചഭൂതാത്മകമായ തന്റെ സഞ്ചാരദേശങ്ങളായ ഒരു മനോഹരചിത്രം തെളിയുന്നു. അത് മാഞ്ഞുമറയുന്നു. മറ്റൊരുപറ്റം ചിത്രങ്ങള്‍ തെളിഞ്ഞു. ഈ ചിത്രങ്ങള്‍ക്കെല്ലാം ജീവനിട്ടതാരാണ്? ശബ്ദവും ചലനവും രാഗവും താളവും ഭാവനയും പകര്ന്നുതരുന്നതാരാണ്? അനാദിയായി തുടരുന്ന ഈ പ്രപഞ്ചതാളം ആരുടേതാണ്? അത് തിരിച്ചറിയേണ്ടത് വിശേഷബുദ്ധി ലഭിച്ചിട്ടുള്ള മനുഷ്യനാണ്. ജീവചേതനയുടെ ക്ഷണികത അനാവരണം ചെയ്തിരിക്കുന്ന കപട നടനശാലയാണീ പ്രപഞ്ചം. ചിത്രങ്ങള്‍ എത്രമാഞ്ഞു മറഞ്ഞാലും അനശ്വരമായി നിലനില്‍ക്കുന്നതാണ് ആത്മാവെന്ന വിശ്വപ്രതിഭ.
പേരായിരം പ്രതിഭയായിരമിങ്ങവറ്റി-
ലാരാലെഴും വിഷയമായിരമാം പ്രപഞ്ചം
ഓരായ്കില്‍ നേരിതു കിനാവുണരുംവരെയ്ക്കും
നേരാമുണര്‍ന്നളവുണര്‍ന്നവനാമശേഷം.
എന്ന് അദ്വൈതദീപികയില്‍ പ്രപഞ്ചനം ചെയ്തിരിക്കുന്നു.
സ്വപ്നത്തില്‍ കാണുന്ന കാഴ്ചകള്‍ ജാഗ്രത്തില്‍ കാണാനില്ല. അതുപോലെ ആരെയും ഹഠാദാകര്‍ഷിക്കുന്ന ഈ പ്രപഞ്ചത്തില്‍ ഉള്ള കാഴ്ചകളൊന്നും സത്യമല്ല. കാഴ്ചക്കാരന് മാത്രമാണ് സത്യം. ദൈവത്തിന്റെ മായാവിലാസമാണെന്നു കരുതി വേണം ഓരോരുത്തരും ഇതെല്ലാം അനുഭവിക്കുവാന്‍.
കല പരിപോഷിപ്പിക്കുവാന്‍ വേണ്ടി മത്സരമാകാം. മത്സരിച്ചു കലാതിലകപട്ടം ചൂടാനുള്ളതല്ല കല. പേരിനും പ്രശസ്തിക്കും വേണ്ടി കലയെ ചൂഷണം ചെയ്യുന്നത് കലാബോധമില്ലാത്തതുകൊണ്ടാണ്. കലയുടെ കേന്ദ്രസ്ഥാനമാണ് മനുഷ്യഹൃദയം.
ത്വത്പദമേവ കലയതി ഹൃദയം സംസാരാത്മതാരയക്രിപയ എന്ന് സ്വാമി ധര്‍മ്മതീര്‍ത്ഥരും തന്റെ ഗുരുസ്തുതിയില്‍ എഴുതി കാണുന്നു. എല്ലാ ജീവികളുടേയും ഹൃദയാന്തര്ഭാഗത്തുനിന്നും സൃഷ്ടികര്‍ത്താവിന്റെ പദചലനം ആരംഭിക്കുന്നു. കണ്ണ് കാണുന്നതും കാത് കേള്‍ക്കുന്നതും മൂക്ക് മണക്കുന്നതും നാവ് രസമറിയുന്നതും തൊലി സ്പര്‍ശനസുഖം അറിയുന്നതും ഹൃദയസ്പന്ദനത്തോടൊപ്പം ദൈവത്തിന്റെ പദചലനമുണ്ടാകുന്നതിന്റെ പ്രത്യക്ഷാനുഭവമാണ്.
കാമം, ക്രോധം, ലോഭം, രാഗം, ദ്വേഷം, മോഹം, മദം, മാത്സര്യം ആദി ഷഡ്വൈരികള്‍ പ്രകൃതിയുടെ ഭാഗമാണ്. രക്തത്തിന്റെ ഭാഗമായിരിക്കുന്ന അഷ്ടവൈരിയെ വൈരാഗ്യം കൊണ്ട് യോഗികള്‍ കീഴ്പ്പെടുത്തും എന്ന് വേദാന്തശാസ്ത്രം. മദ്യം, മാംസം, മത്സ്യം തുടങ്ങിയ ഭക്ഷണപാനീയങ്ങളും വ്യഭിചാരം, ഹിംസ, തുടങ്ങിയ പാപവൃത്തികളും ഉപേക്ഷിച്ച് സാത്വിക ബുദ്ധി വളര്‍ത്തി രാഗദ്വേഷാദികളെ നിയന്ത്രിച്ച് മനസ്സിനേയും ശരീരങ്ങളേയും വരുതിയിലാക്കി ലൗകികജീവിതം ധന്യമാക്കുവാന്‍ നാരായണഗുരുവിന്റെ പഞ്ചധര്‍മ്മങ്ങള്‍ ഉപദേശിക്കുന്നു.
എല്ലാ ആവിഷ്കാരങ്ങളും എല്ലാ കാലത്തും ആത്മാവിലാണ് നടന്നിട്ടുള്ളത്. ആത്മാവ് സ്വപ്രകാശിതനും സ്വാനുഭവസ്ഥനുമാണ്. ആത്മാവിനെ മറച്ച് ഒരു രഹസ്യവും സാധ്യമല്ല. നډയോ, തിډയോ ആയ കര്‍മ്മഫലം അവരവര്‍ക്കുള്ളതാണ്. ഇന്നൊരുവന് ചെയ്യുന്ന പുണ്യ-പാപ കര്‍മ്മഫലം നാളെ അനുഭവിച്ചേ മതിയാകൂ. അപ്പോള്‍ പണവും പ്രതാപവുമൊന്നും തുണക്കു കാണുകയില്ല. ആവിഷ്ക്കാര കര്‍ത്താവായ ശുദ്ധചൈതന്യമായ ആത്മാവിനെയാണ് കലാകാരന് തിരിച്ചറിയേണ്ടത്.
മനുഷ്യന് തിരിച്ചറിയുവാനുള്ള മുഖ്യ വസ്തു അവനെത്തന്നെയാണ്. യാഥാര്‍ത്ഥ്യ ബോധമില്ലാതെ കലയാകുന്ന ചേല വാരിച്ചുറ്റി വേഷംമാറി രംഗബോധമില്ലാതെ അഭിനയിക്കുന്നത് അപകടകരമാണ്. കലാദേവതയെ ചതിക്കുന്നതും വസ്ത്രാക്ഷേപം ചെയ്യുന്നതും ബ്രഹ്മഹത്യാദി പാപമാണ്. പാപം ശനിയാകും, ശരമാകും. മുനവച്ച് പാപിയുടെ നേരെ തിരിഞ്ഞു ചോദ്യം ചെയ്യും. ചിലപ്പോള്‍ കുത്തി നോവിക്കും. കാരാഗൃഹം വിധിമതമാകും. പാപി, നീ പൊട്ടിച്ചിരിക്കും. ഭ്രാന്തമായ ചിരി. എല്ലാ പ്രകൃതിശക്തിയും അവനെ(അവളെ) എതിര്‍ക്കും. നായ്കൂട്ടം ഒറ്റയായും പറ്റമായും ഓലിയിടും. കടിച്ചുകീറും. തേനീച്ചക്കൂട്ടങ്ങള്‍ പറ്റമായിളകി കുത്തിക്കൊല്ലും. കൊതുകുപട ശീല്‍ക്കാരത്തോടെ പാടി എതിരേല്ക്കും.
ആ വാദ്യവിദ്വാന്റെ കളിത്തൊട്ടിലാണ് മനുഷ്യചിത്തം. ആത്മാവു പറയുകയോ, ചിന്തിക്കുകയോ, വികാരപ്പെടുകയോ ചെയ്യുന്നില്ല. അങ്ങനെയുള്ള യോഗാത്മാവാണ് ശരീരധര്‍മ്മങ്ങളെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. ഈ സത്യം തിരിച്ചറിയണം. മാറ്റമില്ലാത്ത പരമാത്മപ്രീതി നിലനിര്‍ത്തുകയാണ് മനുഷ്യധര്‍മ്മം. ഭക്തചിത്തം ആത്മാവിന്റെ സിംഹാസനമാണ്, കാലത്തിന്റെ മണിമുഴക്കം അതാ അടുത്തുകഴിഞ്ഞു.
ഉണരുവിന്‍! ഉത്ബുദ്ധരാകുവിന്!
ഓം ശാന്തിഃ

