നാരായണഗുരു

ഗുരുവാക്ക്

മാടനാശാന്‍ തന്‍റെ ഓമല്‍പുത്രന് നല്‍കിയ തിരുനാമമാണ് നാരായണന്‍. നാണുവായി വളര്‍ന്നു, നാടും വീടും ഉപേക്ഷിച്ചു. സര്‍വ്വസംഗപരിത്യാഗിയായി, അവധൂതനായി നാടാകെ അലഞ്ഞു. ഈ നാടിന്‍റെ നാഡിമിടിപ്പ് മനസ്സിലാക്കി. തീരാദുഃഖവും ദുരിതവുമായിരുന്നു അവരുടെ ഹൃദയ വിപഞ്ചികയില്‍ അലയടിച്ചുകൊണ്ടിരിക്കുന്നത്. 

അന്യദുഃഖം സ്വന്തദുഃഖമായിരുന്നു. അവര്‍ക്കുവേണ്ടി ആ വന്ദ്യപുരുഷന്‍ സ്വയംബലിയായി. മരുത്വാമലയുടെ നിടിലത്തില്‍ മഞ്ഞും മഴയും ചൂടുമെല്ലാം സഹിച്ച് തപസ്സനുഷ്ഠിച്ചു. ഒടുവില്‍ സകല പ്രകൃതിയും കീഴടങ്ങി. സത്യസാക്ഷാത്ക്കാരം നേടി. അരുവിപ്പുറത്ത് പ്രത്യക്ഷദൈവമായി അവതരിച്ചു. തീരാദുഃഖിതരായി അജ്ഞാനത്തിന്‍റെ മൂടല്‍മഞ്ഞില്‍ പൊതിഞ്ഞ പതിതവര്‍ഗ്ഗത്തെ ഉദ്ധരിച്ച് ഉദയസൂര്യനെപ്പോലെ ജ്ഞാനപ്രകാശം ചൊരിഞ്ഞു പ്രകാശിച്ചു. ആ ദിവ്യദീപ്തിയില്‍ മൂടല്‍മല ഒഴിഞ്ഞുമാറി. പ്രതീക്ഷയുള്ള ജനതയായി. ജീവിതം അവര്‍ക്ക് വന്യമല്ലെന്നായി. എല്ലാം നശിച്ച പുരുഷാരത്തെ ഉദ്ധരിച്ചുകൊണ്ട് നാരായണനായി. അവിടുന്ന് സത്യത്തില്‍ നിന്നും അണുവിട വ്യതിചലിക്കാതെ സ്വധര്‍മ്മം അനുഷ്ഠിച്ചു. സനാതനമായ ആ ധര്‍മ്മമാര്‍ഗ്ഗത്തിലൂടെ ധര്‍മ്മഭ്രംശം സംഭവിച്ച ജനസമൂഹത്തെ നയിച്ചു. ആത്മീയമായ അടിത്തറ പാകി. ഭൗതികോല്‍ക്കര്‍ഷമേകി. അങ്ങനെ നാരായണന്‍ നാരായണഗുരുവായി സ്വയം അഭിഷിക്തനായി. ലോകസേവനം വൈദികവിധിപ്രകാരം അനുഷ്ഠിച്ച് വിശ്വഗുരുവായി വാഴ്ത്തപ്പെട്ടു. അവിടുത്തെ മതം “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന ധര്‍മ്മമായി ലോകത്ത് സ്ഥാപിക്കപ്പെട്ടു. ഒരു ശക്തിക്കും പോറലേല്‍പ്പിക്കാനാവാത്ത വിധം അത് ലോകത്ത് ഉരുകിയുറച്ചുകഴിഞ്ഞു. ഗുരു ഏവര്‍ക്കും മാര്‍ഗ്ഗദര്‍ശിയാണ്. സ്വയം പ്രകാശിക്കുന്ന സാക്ഷാല്‍ പരബ്രഹ്മമാണ്. വിരിഞ്ചനും വിഷ്ണുവും മഹേശ്വരനുമാണ്. സങ്കല്പത്താല്‍ ഉളവായ ത്രിമൂര്‍ത്തികള്‍ക്ക് ദേവത്വമാണുള്ളത്. ബ്രഹ്മത്തില്‍ ഉള്ളതാണ് ദേവന്‍. നരനില്‍ തന്നെ ദേവത്വമുള്ളതുകൊണ്ട് നാരായണഗുരു ദേവനായി. സൃഷ്ടി, സ്ഥിതി, സംഹാരകാരകനും നാരായണനാകുന്നു. 

ആദിനാരായണന്‍ പുരുഷാകാരം പൂണ്ടവതരിച്ചതാണ് ശ്രീനാരായണന്‍. അന്ത്യകാലത്തിന്‍റെ അധിപതിയും വേദാധികാരിയുമാണ് നാരായണന്‍. നാരായണഗുരു എവിടെയും പൂജ്യ-പൂജക ഭാവമുള്ളതാണ്. കലിയുഗവാസികള്‍ക്ക് അമൃതോപമമാണ് നാരായണനാമം. ജډങ്ങളറ്റ് മുക്തിലഭിക്കുന്ന അറിവിന്‍റെ അമൃതകുംഭമാണത്. സ്വയം എല്ലാം അറിയുന്നതിനാല്‍ സര്‍വ്വജ്ഞനായി വാഴ്ത്തപ്പെടുന്നു. നാം അറിയാത്തതായൊന്നുമില്ലെന്നും എന്നിട്ടും ഈ അരുമയെ ആരും അറിയുന്നില്ലെന്നും അവിടുന്ന് പരിതപിക്കുന്നു. വാദിക്കാനും ജയിക്കാനുമല്ല; അറിയാനും അറിയിക്കാനുമാണ് ആ വേദസാരജ്ഞന്‍ വിജ്ഞാപനം ചെയ്തതെങ്കിലും നാരായണഗുരുദേവന്‍ എന്ന തിരുനാമത്തെപ്പോലും വിവാദവിഷയമാക്കുന്ന കാലമാണിത്. കാലത്തെ നാം തിരിച്ചറിയണം. കലിയുടെ കാപട്യം ആരും കാണുന്നില്ല. മനുഷ്യന്‍ മനുഷ്യനെ വെറുക്കുന്നു. സ്നേഹം മരുമരീചികയാകുന്നു. ഒരൊറ്റ ജനത എന്ന ഗുരുദേവ മീമാംസ മറന്നുപോകുന്നു. കള്ളവും കൊള്ളയും കൊലയും ലൈംഗീകചൂഷണങ്ങളും മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും അതിപ്രസരവുമെല്ലാം മനുഷ്യനെ ജന്തുസമാനം അധഃപതിപ്പിച്ചിരിക്കുന്നു. മനുഷ്യനെ മറന്നുപോയിരിക്കുന്നു. ശരീരമാണ് മനുഷ്യന്‍ എന്ന ബോധം അവന് എല്ലാ അധമചിന്തകള്‍ക്കും ഇടം നല്‍കുന്നു. രാജ്യം എല്ലാ അര്‍ത്ഥത്തിലും ചീഞ്ഞുനാറുന്നു. ഈ ദുരവസ്ഥയില്‍ നിന്നും മനുഷ്യനെ രക്ഷിക്കുവാനുള്ള ഒറ്റമൂലിയാണ് ശ്രീനാരായണന്‍റെ ധര്‍മ്മസംഹിതകള്‍. ശ്രീനാരായണനെ പാരായണം ചെയ്യുവാന്‍ ആഗ്രഹിക്കുന്ന സഹോദരീസഹോദരډാരേ! ഗൃഹസ്ഥാശ്രമികളെന്നോ സന്ന്യസ്ഥശിഷ്യരെന്നോ ഉള്ള ഭേദം വെടിഞ്ഞ് തികഞ്ഞ ജാഗ്രത പാലിക്കേണ്ട കാലമാണിത്. സംഘം സംഘമായിത്തിരിഞ്ഞ് ഗൃഹസന്ദര്‍ശനം നടത്തി ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ട കാലമാണിത്. 

ഈ വിനീതശിഷ്യന്‍റെ ആദര്‍ശബോധത്തിനുള്ളില്‍ വിളങ്ങിക്കൊണ്ടിരിക്കുന്ന ശ്രീനാരായണന്‍ പ്രപഞ്ചമാകെ വ്യാപിച്ചുനില്‍ക്കുന്ന പുരുഷാകാരമാണ്. എല്ലാ പ്രപഞ്ചസൃഷ്ടികളിലും ആ ബ്രഹ്മതത്ത്വം കൊളുത്തിവച്ചിരിക്കുന്നു. ബ്രഹ്മതത്ത്വം പ്രകാശിപ്പിക്കുന്ന മുഖ്യ തത്ത്വമാണ് മനസ്സ്. മനസ്സാണ് സര്‍വ്വപ്രധാനം. മനസ്സ് ജഡരൂപമാണ്. മനസ്സിനെ പ്രകാശിപ്പിക്കുന്നതാണ് ആത്മാവ് അഥവാ ബ്രഹ്മം. 

പങ്കമറ്റങ്കമില്ലാതെ
പരിപാവനമായ് സദാ
മനസ്സില്‍ മനമായ് തന്നില്‍
തനിയേ പ്രോല്ലസിച്ചിടും.
(ഈശാവാസ്യോപനിഷത്ത്) 

ശരീരത്തില്‍ അവയവങ്ങള്‍ പോലെ മനസ്സിന് അവയവങ്ങള്‍ ഒന്നുമില്ല. ആത്മാവില്‍ നിന്നും സ്വയംഭൂവായി ഉദിച്ചുയര്‍ന്ന് ഇന്ദ്രിയങ്ങളെ ആശ്രയിച്ച് അറിവ് പ്രകാശിപ്പിക്കുന്ന ആത്മാംശമാണ് മനസ്സ്. നൈസര്‍ഗ്ഗീകമായി സ്ഫടികസമാനം വിളങ്ങുന്ന ജലംപോലെ നിര്‍മ്മലമാണത്. നിര്‍മ്മലമായ മനസ്സില്‍ വിഷയങ്ങള്‍ അനുഭൂതി പകരുമ്പോഴാണ് മനസ്സതിന്‍റെ നൈസര്‍ഗ്ഗീകവാസനയില്‍ നിന്നും അകന്ന് കളങ്കപ്പെടുന്നത്. മനസ്സ് കളങ്കപ്പെടാതെ പരിപാവനമായി സൂക്ഷിക്കേണ്ടതാണ്. മനസ്സ് ഇന്ദ്രിയങ്ങളില്‍ നിന്നും പിന്തിരിഞ്ഞാല്‍ ബ്രഹ്മമായി, ആദിമഹസ്സായി പ്രകാശിക്കും. മനതത്ത്വം തിരിച്ചറിഞ്ഞാല്‍ പരസ്പര മത്സരം ഒഴിവാകും; ജ്ഞാനാമൃതം പൊഴിക്കും. മനസ്സ് സ്വച്ഛന്ദമായാല്‍ ആഴത്തിലുള്ള അറിവുണ്ടാകും. മനസ്സ് അസ്വസ്ഥമായാല്‍ അറിവ് ചുരുങ്ങി ഇരുള്‍ വ്യാപിക്കും. മദ്യത്തിലും മയക്കുമരുന്നിലും അഭിരമിക്കുന്ന ആധുനിക ജനമനസ്സുകള്‍ എത്ര വലിയ തമോഗര്‍ത്തത്തിലാണ് വീണുകിടക്കുന്നതെന്ന് ശാസ്ത്രകുതുകികള്‍ ആലോചിച്ചുനോക്കുന്നുണ്ടോ? ഇപ്പോള്‍ അധികം ആളുകളും ഒരു ഭ്രാന്തമായ സംസ്കാരത്തിലേക്ക് വഴുതിവീണിരിക്കുന്നു. മനസ്സിനെ പരിപാവനമാക്കി ആത്മാശ്രയമുള്ളതാക്കിത്തീര്‍ക്കുകയാണ് വേണ്ടത്. ഇക്കാലഘട്ടത്തിലെ മനുഷ്യനെ വിദ്യുډതികളാക്കുന്നതാകണം ആനുകാലിക പ്രസിദ്ധീകരണങ്ങള്‍.

ധര്‍മ്മത്തില്‍ കാണുന്ന ശക്തിയെ കാണാതെ
കര്‍മ്മവിഭേദത്താലജ്ഞരായി
സന്താപമഗ്നരായാലംബഹീനരായ്
കാലംകഴിക്കുന്ന മര്‍ത്ത്യരേയും
ചിന്തയാംദീപത്തെ കാട്ടുക സത്ഗുരോ
ഓടിമാറട്ടെ മൗഢ്യമെല്ലാം

ശുഭം

Sign up now & get regular updates