


പ്രകൃതിയും ഗുരുവിനധീനം
ഭഗവാന്‍ ശ്രീനാരായണന്‍ സശരീരനായി കഴിഞ്ഞിരുന്നപ്പോള്‍ അവിടുന്ന് പ്രകൃതിയെ നിയന്ത്രിച്ചിരുന്നതായി കേട്ടിട്ടുണ്ട്. അതില്‍ അത്ഭുതം കൊള്ളുക മനുഷ്യ സഹജമാണ്. ഞാനും വ്യത്യസ്തനായിരുന്നില്ല. എന്നാല്‍ മഹാസമാധിക്കു ശേഷവും അനുഭവം ആവര്‍ത്തിക്കപ്പെടുന്നു എന്ന സത്യം എനിക്ക് അനുഭവവേദ്യമായി. പത്തിയൂര്‍ ഗ്രാമപഞ്ചായത്തില്‍ തട്ടാരുവടക്കതില്‍ വീട്ടില്‍ രാജപ്പന്‍ എന്ന ഞാനും എന്‍റെ ഭാര്യ ദേവകിയും സേവാശ്രമത്തിലെ സമൂഹപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്ന സമയം. 2005-ലാണ് സംഭവം. വീട്ടില്‍ ഇടിയും തീയും കാണുന്നതായി കര്‍മ്മജഡത്തില്‍ വെളിപാടുണ്ടായി. വരാനിരിക്കുന്ന പ്രകൃതികോപത്തില്‍ നിന്നുളവാകുന്ന ഈ അപകടത്തില്‍ നിന്നും രാജപ്പനെയും കുടുംബത്തെയും രക്ഷിക്കണമേയെന്ന് സ്വാമിജി പ്രാര്‍ത്ഥിച്ചു. രണ്ടു ദിവസം കഴിഞ്ഞ് ഞങ്ങളുടെ മകള്‍ മിനി ഭര്‍തൃഗൃഹത്തില്‍ നിന്ന് വീട്ടിലേക്ക് വന്നു കയറിയ സമയം വീടിനിടി വെട്ടി. മിനി നിന്ന മുറിയിലുണ്ടായിരുന്ന സകല സാധനങ്ങളും കത്തി നശിച്ചു. മിനിമോളുടെ ഒരു രോമത്തിനുപോലും കേടുണ്ടായില്ല.
ഏതാണ്ട് രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും വീടിനിടിവെട്ടി. വീടിന് സമീപത്ത് നിന്നിരുന്ന നല്ല കായ്ഫലമുള്ള ഏഴ് മൂട് തെങ്ങുകള്‍ കത്തിനശിച്ചു. മുറിയിലുണ്ടായിരുന്ന എല്ലാ ഇലക്ട്രിക് സാധനങ്ങളും കത്തി നശിച്ചു. ഞാനും ഭാര്യ ദേവകിയും ഇടിയുടെ ആഘാതത്തില്‍ താഴെ വീണുപോയി. മിനിട്ടുകള്‍ക്കകം ഞങ്ങള്‍ രണ്ട് പേരും എഴുന്നേറ്റു. ശാരീരികമായി ഒരാപത്തും ഞങ്ങള്‍ക്ക് സംഭവിച്ചില്ല. പ്രകൃതി കോപത്തില്‍ നിന്നുളവാകുന്ന ഈ അപകടത്തില്‍ നിന്നും രാജപ്പനെയും കുടുംബത്തെയും രക്ഷിക്കണമേയെന്ന എന്ന സ്വാമിജിയുടെ ആ ശബ്ദം പ്രകൃതി അന്നും അനുസരിച്ചു. ഞങ്ങള്‍ രക്ഷപെട്ടു.
ദേവകി കഠിനമായ ആസ്ത്മ രോഗത്തിന് അടിമയായിരുന്നു. സ്വാമിയുടെ നിര്‍ദ്ദേശപ്രകാരം നിരന്തരമായി സമൂഹപ്രാര്‍ത്ഥനയില്‍ പങ്കുകൊണ്ടും വ്രതശുദ്ധിയോടെ നോമ്പുനോറ്റും ആ മഹാരോഗം ഒഴിഞ്ഞുമാറി. വര്‍ഷങ്ങളോളം അവള്‍ പിന്നെയും കമ്പനിജോലി നോക്കിയിരുന്നു. ഇന്നും രോഗത്തിന്‍റെ അലട്ടുകളൊന്നുമില്ലാതെ ഗുരുകൃപയില്‍ ഭക്തിപൂര്‍വ്വം ജീവിക്കുന്നു.
ഒരിക്കല്‍ എന്‍റെ രണ്ടു കൈയ്ക്കും കാലിനും കോച്ചിപ്പിടിക്കുന്ന വേദന. കോച്ചിപ്പിടിച്ച് കോച്ചിപ്പിടിച്ച് തളര്‍ന്ന് വീഴുമോയെന്ന് ഞാന്‍ വേവലാതിപ്പെട്ടു. ഗത്യന്തരമില്ലാതെ ഞങ്ങള്‍ ആശുപത്രിയില്‍ പോകാന്‍ തീരുമാനിച്ചു. രാത്രിയാണ്, സ്വാമിജിയെ ഒന്ന് കണ്ടിട്ട് ആ വഴി ആശുപത്രിയിലേക്ക് പോകാം എന്നു വിചാരിച്ചുകൊണ്ട് ആശ്രമത്തില്‍ എത്തി. കാര്യം പറഞ്ഞപ്പോള്‍ സ്വാമിജി എന്നെ വിളിച്ചടുത്തിരുത്തി തലയില്‍ കൈവച്ച് അല്പനേരം പ്രാര്‍ത്ഥിച്ചു. അത്ഭുതമെന്ന് പറയട്ടെ എന്‍റെ സര്‍വ്വനാഡിയും അയഞ്ഞു. സര്‍വ്വവേദനയും മാറി. എനിക്ക് സൗഖ്യമായി. ആശുപത്രിയിലേക്ക് പോയ ഞാന്‍ സ്വാമിജിയെ കണ്ട് രോഗവിമുക്തനായി വീട്ടിലേക്ക് മടങ്ങി!
മകള്‍ മിനിയുടെ ഉദരത്തിലുണ്ടായ ക്യാന്‍സര്‍ രോഗവും ഭഗവാന്‍റെ ദിവ്യാനുഗ്രഹത്താല്‍ മരുന്നും മന്ത്രവും കീമോയുമില്ലാതെ മാറിയത് പറയാതെവയ്യ. മിനിയുടെ ഗര്‍ഭാശയത്തില്‍ മുഴ കണ്ടെത്തി. ക്യാന്‍സറെന്ന് ശാസ്ത്രീയമായി സ്ഥിരീകരിച്ചു. ഗര്‍ഭാശയം നീക്കംചെയ്യാനായിരുന്നു വൈദ്യോപദേശം. ഓപ്പറേഷന് തയ്യാറായിരിക്കുമ്പോഴാണ് സേവാശ്രമത്തിലെത്തി സ്വാമിജിയോട് വിവരം പറഞ്ഞത്. നീ അവളെ ഇങ്ങ് കൊണ്ടുവാ, നമ്മുക്ക് പ്രാര്‍ത്ഥിക്കാം. എന്ന ജ്ഞാനാനന്ദസ്വാമിയുടെ നിര്‍ദ്ദേശം സ്വീകരിച്ച് മിനിയെ ആശ്രമത്തില്‍ കൊണ്ടുവന്നു. സമൂഹപ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു. ഗര്‍ഭാശയത്തോടെ എടുത്ത് മാറ്റണം എന്ന് വിധി എഴുതിയ മുഴ ഭസ്മം പോലെ അലിഞ്ഞ് മാറി. മാത്രമല്ല, അവള്‍ വീണ്ടും ഗര്‍ഭം ധരിക്കുകയും ഒരാണ്‍കുട്ടിക്ക് ജډം നല്‍കുകയും ചെയ്തു. അവനിന്ന് ഡിഗ്രി കഴിഞ്ഞ് നില്‍ക്കുന്നു. ദൈവം തന്ന ഒരവയവവും എടുത്ത് കളയാന്‍ നമ്മുക്ക് അവകാശമില്ല, രോഗം പാപശക്തിയാലുണ്ടാകുന്നതാണ്, പാപപരിഹാരം കണ്ട് രോഗത്തെ മറികടക്കണം എന്ന് ജ്ഞാനാനന്ദജി പറയും. അദ്ദേഹം അത് മറ്റുള്ളവരില്‍ പരീക്ഷിച്ച് വിജയിപ്പിച്ച് കാണിക്കുന്നു. അതാണ് ജ്ഞാനാനന്ദഗുരുവിന്‍റെ ശക്തി. സ്വാമി പറയുമ്പോള്‍ അത് തന്‍റെ ശക്തിയല്ല, നാരായണഗുരുവിന്‍റെ ശക്തിയാണ്. അനുഗ്രഹമാണ്.
ആശ്രയിക്കുന്നവനെ സമാശ്വസിപ്പിക്കുകയും അനുഗ്രഹങ്ങള്‍ കൊണ്ട് അതിശയിപ്പിക്കുകയും ചെയ്യുന്ന ശ്രീനാരായണന്‍ സാക്ഷാല്‍ ഈശ്വരനും ഖഡ്ഗി അവതാരവുമാണെന്ന് തെളിയിക്കാന്‍ മറ്റെന്ത് അനുഭവം വേണം.
ഗുരുധര്‍മ്മം ജയിക്കട്ടെ!

