ഭരണി ആനന്ദോത്സവവും വെബ്സൈറ്റ് പ്രകാശനവും

ചെട്ടികുളങ്ങര, 07 09 2020 : സേവാശ്രമാചാര്യന്‍ സ്വാമി ഗുരു ജ്ഞാനാനന്ദജിയുടെ 81 മത് ഭരണി തിരുനാള്‍ ആനന്ദോത്സവം കോവിഡ് 19 പ്രോട്ടോകോളിനു വിധേയമായും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെയും സമുചിതമായി
ആഘോഷിച്ചു.

കാലത്താരംഭിച്ച ചടങ്ങുകള്‍ ഗുരുവന്ദനം, കൊടിയേറ്റ്, ഗുരുപൂജ, ഹവനം, പ്രാര്‍ഥനായജ്ഞം, സ്നേഹസംഗമം, വെബ്സൈറ്റ് പ്രകാശനം, ഉപഹാരസമര്‍പ്പണം, നല്ല വിദ്യാര്‍ത്ഥിക്കുള്ള ജ്ഞാനാമൃതം അവാര്‍ഡ് വിതരണം, സ്നേഹസദ്യ, ദീപാരാധന എന്നീ ചടങ്ങുകളോടെ പൂര്‍ണമായി.
ഗ്രന്ഥകാരിയും ചെട്ടികുളങ്ങര ശ്രീനാരായണ ഗുരുകുലം ആചാര്യയുമായ ശ്രീമതി ചെപ്പള്ളില്‍ ലേഖാ ബാബുചന്ദ്രന്‍ ഉദ്ഘാടനം ചെയ്ത സ്നേഹസംഗമത്തില്‍ വച്ച് സേവാശ്രമാചാര്യന്‍ സ്വാമി ഗുരു ജ്ഞാനാനന്ദജി സേവാശ്രമത്തിന്‍റെ വെബ്സൈറ്റ് പ്രകാശനം ചെയ്തു. സേവാസമിതിയുടെ ബഹു. പ്രസിഡന്‍റ് ശ്രീ. ആര്‍. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സേവാസമിതി ജനറല്‍ സെക്രട്ടറി ശ്രീ. അനില്‍ .കെ. ശിവരാജ് സ്വാഗതം അര്‍പ്പിച്ചു. ഹംസധ്വനി ആദ്ധ്യാത്മിക മാസികയുടെ ബഹു. എഡിറ്റര്‍ ശ്രീ. എന്‍. ശശീന്ദ്രന്‍ മുഖ്യപ്രഭാഷണവും സേവാസമിതിയുടെ ബഹു. വൈസ് പ്രസിഡന്‍റ് ശ്രീമത് സ്വാമി പ്രേമാനന്ദന്‍ ഉപഹാരസമര്‍പ്പണവും സേവാസമിതിയുടെ ബഹു. മുന്‍ പ്രസിഡന്‍റ് ശ്രീ. കെ. സദാശിവന്‍ ജയന്തിസന്ദേശവും ശ്രീമതി വസന്ത ദേവിയും കുമാരി ധന്യയും അനുഭവസാക്ഷ്യവും അവതരിപ്പിച്ചു. ആചാര്യന്‍ മറുപടിയായി അനുഗ്രഹപ്രഭാഷണം അവതരിപ്പിച്ചു. തുടര്‍ന്ന് സേവാസമിതിയുടെ ബഹു. ഓഡിറ്റര്‍ ശ്രീമതി പ്രസന്നാ ചന്ദ്രന്‍ കൃതജ്ഞതയവതരിപ്പിച്ചതോടെ മംഗളം പാടി യോഗം പിരിഞ്ഞു.