ഭക്തിയുടേയും ഭജനത്തിന്റേയും ഭാഗമാണ് ശുചിത്വം. ശുദ്ധജലം കൊണ്ട് ശരീരം ശുദ്ധമാക്കാം. സത്യപരിശോധന കൊണ്ട് ജീവന്റെ കേന്ദ്രമായ അന്തഃക്കരണവും. സത്യം വദഃ ധര്‍മ്മം ചരഃ എന്നാണ് വേദവാക്യം. സത്യം പരിപോഷിപ്പിക്കുന്നതെന്തോ അതാണ് ധര്‍മ്മം.
സത്യത്തില്‍ ഉദിച്ചുനില്ക്കുന്ന ശക്തിയാണ് കര്‍മ്മം. ധര്മ്മരൂപം അറിഞ്ഞ് ഭേദമില്ലാതെ കര്‍മ്മം അനുഷ്ഠിച്ചാല്‍ കായശുദ്ധിയും മനഃശുദ്ധിയും ഉണ്ടാകും, വ്യക്തിശുദ്ധിയുണ്ടാകും.
ശുചിത്വം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കാലമാണിത്. എല്ലാ മനുഷ്യരും ജډം കൊണ്ട് അശുദ്ധരും ശൂദ്രരുമാണ്. ചരിത്രപരമായ കാരണങ്ങളാല്‍ കുളിയോ ജപമോ പൂജയോ ഇല്ലാതെ നിരക്ഷരരായി ജീവിച്ചിരുന്ന ഒരു വലിയ ജനസമൂഹത്തോടാണ് ശുചിത്വാചാരം ഗുരു ഉപദേശിച്ചത്. കര്‍മ്മം കൊണ്ട് ബ്രഹ്മത്വം ഉള്ളതും വ്യക്തിത്വമുള്ളതുമായ മനുഷ്യനാകുക എന്നാണ് ഭഗവതോപദേശത്തിന്റെ സാരം.
തത്ത്വവിചാരം ചെയ്ത് ധര്‍മ്മവും കര്‍മ്മവും വസ്തുനിഷ്ഠമായി പഠിച്ചറിഞ്ഞ് ഭേദമില്ലാതെ കര്‍മ്മം അനുഷ്ഠിക്കുമ്പോഴാണ് ഒരു വ്യക്തി ശുദ്ധനും ബുദ്ധനുമാകുന്നത്. ചിന്തയും വാക്കും പ്രവൃത്തിയും എല്ലാം കര്‍മ്മമാണ്. അവ അഭേദമായി അനുഷ്ഠിക്കേണ്ടതാകുന്നു. കാണപ്പെടുന്ന ഉടലുമാത്രമല്ല മനുഷ്യന്. പറങ്കയണ്ടി അതിന്റെ തോടല്ലല്ലോ. തോട് കീറി മാറ്റിയാല്‍ അതിനുള്ളിലാണ് പരിപ്പ്. അതാണ് പറങ്കയണ്ടി. തോട് കളയാം. അതുപോലെ ശരീരങ്ങള്‍ക്കുള്ളില്‍ സ്വയം സാക്ഷ്യപ്പെടുത്തി ഞാന്‍ എന്നു സ്ഫുരിക്കുന്ന ഒരു പുരുഷാകാരമുണ്ട് അതാണ് ഞാന്‍ (മനുഷ്യന്, ആത്മാവ്).
“നിന്നില്‍ നില്ക്കുന്ന പുരുഷാകൃതിയേതാണതാണു ഞാന്‍” എന്ന് ഈശാവാസ്യോപനിഷത്തിലും ശ്രീനാരായണഗുരു വ്യക്തമായി എഴുതി കാണുന്നു. പറങ്കിയണ്ടിത്തോടു പോലെ ഈ ശരീരവും ഉപേക്ഷിക്കുവാനുള്ളതാണ്. അപ്പോള്‍ ഉള്ളിലുള്ള ആത്മസത്തയാണ് അശുദ്ധമാകാതെ സൂക്ഷിക്കേണ്ടത്. വ്രതശുദ്ധികൊണ്ടും ഭക്തിപരമായ ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ടും ഹൃദയാകാശത്തില്‍ വാണരുളുന്ന ആത്മാവിനെ മറച്ചിരിക്കുന്ന അജ്ഞാനമാലിന്യങ്ങള്‍ നശിച്ച് ആത്മജ്ഞാനമുദിക്കുമ്പോഴാണ് ഒരാള്‍ ബ്രാഹ്മണനാകുന്നത്. അല്ലാതെ, പൂണൂല് ധരിച്ചതുകൊണ്ട് ഒരാള്‍ ബ്രാഹ്മണനാകുന്നില്ല. “ബ്രഹ്മജ്ഞാനേന ബ്രാഹ്മണ” എന്നാണ് പണ്ഡിതമതം.
കാഷായത്തില്‍ പൊതിഞ്ഞ ഒരു തുണ്ട് തുണിയല്ല ആത്മീയത. അതിന് പ്രത്യേകിച്ച് നിറമൊന്നുമില്ല. എന്തെന്ന് നിരീക്ഷിച്ചറിയാന്‍ കഴിയാത്ത ജഡശരീരത്തില്‍ ലയിച്ചുകിടക്കുന്ന ആത്മാവിനെ സാധനാശക്തികൊണ്ടുണര്ത്തി ജഡങ്ങളില്‍ നിന്നും ക്രമേണ അകറ്റി മേല്‍ഗതിയിലേക്ക് തിരിക്കുമ്പോഴാണ് ഒരാള്‍ക്ക് ആത്മീയപരിവേഷമുണ്ടാകുന്നത്. ഇതിനൊക്കെ കുറേയേറെ ക്ഷമയും സഹനവും ത്യാഗവുമൊക്കെ ആവശ്യമാണ്. ആത്മീയപരിവേഷമുള്ള മഹാത്മാക്കളാണ് ശിവഗിരിതീര്‍ത്ഥാടന മഹാസമ്മേളനങ്ങളില്‍ പ്രസംഗിക്കേണ്ടത്. ശിവഗിരിയില്‍ ആത്മീയതയല്ലേ ഉള്ളൂ, അനാത്മീയത ഇല്ല. ത്രികരണശുദ്ധി ശീലിച്ച് ക്രമേണ ഇന്ദ്രിയശുദ്ധി, ഗൃഹശുദ്ധി തുടങ്ങിയ പഞ്ചശുദ്ധികള്‍ പാലിച്ച് വേണം ശിവഗിരി തീര്‍ത്ഥാടനത്തിന് പോകുവാന്‍. ഗൃഹശുദ്ധിക്കൊരു വിശദീകരണം കൂടി പറയാം. ആര്‍ത്തവസമയത്ത് സ്ത്രീകള്‍ നാലുകുളിച്ചതിനു ശേഷമേ അടുക്കള തൊടാവൂ, പൂമുഖത്തുലാത്താവൂ. എട്ട് കുളിച്ചതിനു ശേഷമേ ദേവാലയ ശുശ്രൂഷകളില്‍ പങ്കെടുക്കാവൂ.
നാരായണഗുരുവിന്റെ ശാസനകള്‍ നിരാകരിച്ച ആദ്ധ്യാത്മിക മണ്ഡലവും സ്ത്രീസമൂഹവും ഇന്ന് വീട്ടുതടങ്കലിലാണ്. എല്ലാറ്റിനുമൊരു പൊങ്കാലയാണോ, പൂരമഹോത്സവമാണോ പരിഹാരം? ഈ അധമാരാധനകളെല്ലാം നാരായണഗുരു വിലക്കിയതാണ്. തിരുപ്പതി ഉത്സവവും തൃശ്ശൂര്‍പൂരവും ഇത്തവണ നടന്നില്ലല്ലോ? പൊങ്കാല മഹോത്സവം കഴിഞ്ഞല്ലേ ക്ഷേത്രങ്ങള്‍ക്ക് പൂട്ട് വീണത്?
നാരായണഗുരുവിനെ മതം മാറ്റാന്‍ പലവുരു ശിവഗിരിമഠത്തില്‍ ചെന്ന ക്രിസ്ത്യന്‍ മിഷനറിമാരോട് “നിങ്ങളെ അടിച്ച് അകത്താക്കും” എന്നാണ് ഗുരു ഒടുവില്‍ പറഞ്ഞത്. ലോകത്തിലുള്ള സകല പള്ളികള്‍ക്കും പൂട്ട് വീണു. മാര്‍പ്പാപ്പയ്ക്ക് വരെ പനിയുടെ ആലസ്യമുണ്ടായി. കേരളത്തിലെ ക്രൈസ്തവസമൂഹം മുന്‍കൈയ്യെടുത്ത് സര്‍വ്വമതപ്രാര്‍ത്ഥന നടത്തിയപ്പോള്‍ ശ്രീനാരായണന്റെ തത്ത്വശാസ്ത്രത്തിന്റെ ഉള്ളിലായി എല്ലാ മതസ്തരും.
നാം അറിയാതെ തന്നെ വിശ്വമാനവീകതയിലേക്ക് ഓരോ ചുവടും വയ്ക്കുകയാണ്. നബി തിരുമേനി സ്വപ്നം കണ്ട വിശ്വസാഹോദര്യവും ശ്രീനാരായണഗുരുവിന്റെ വിശ്വമാനവികതയും ഈ ലോകത്തില്‍ യാഥാര്ത്ഥ്യമായിക്കൊണ്ടിരിക്കുമ്പോള് അതിന്റെ പിന്നിലെ മഹത്ശക്തി അന്ത്യപ്രവാചകനായ ശ്രീനാരായണനാണെന്ന് നിസ്സംശയം കരുതേണ്ടതാണ്, അറിയേണ്ടതാണ്.
സ്ഥൂലസൂക്ഷ്മ ദേഹങ്ങളുടെ ശുദ്ധീകരണം കൊണ്ട് ഹൃദയശുദ്ധിയുണ്ടാകണം. ഹൃദയേശ്വരനായ ജഗദീശ്വരനെ ഹൃദയപുഷ്പം കൊണ്ട് പൂജിച്ചാരാധിക്കണം. അതാണ് ശുചിത്വബോധം കൊണ്ട് ഭഗവാന് ഉദ്ദേശിക്കുന്നത്.
ശ്രീനാരായണഗുരു ശുചിത്വബോധത്തിന്റെ ആള്‍രൂപവും വിശ്വരൂപവുമായിരുന്നു. വേഷം, ഭാഷ, അനന്തതയിലേക്ക് നീണ്ടു വിടര്‍ന്ന പരിശുദ്ധനേത്രങ്ങള്, പരഹൃദയജ്ഞാനം, പാദചലനം, നിദ്ര, ആഹാരക്രമം, കുളി, ജപം, സംഭാഷണചാരുത, നര്‍മ്മഭാഷണം, പ്രസന്നമായ മുഖകമലം. അവിടുത്തെ ഓരോ ശ്വാസനിശ്വാസവും വിശുദ്ധിയാല്‍ സുഗന്ധപൂരിതമായി വിളങ്ങിക്കൊണ്ടിരിക്കുന്നു. സ്വര്ണ്ണവര്ണ്ണകോമളകളേബരം മഹത്തായ വിശുദ്ധിയുടെ ചക്രവാളത്തില്‍ ലോകം മുഴുവന്‍ ശാന്തമായി, ഇതാ നമിച്ചു നില്ക്കുന്നു. അതാണ് ശ്രീനാരായണന്റെ വിശുദ്ധി.
ഓം ശാന്തി.

