സ്വത്വസാക്ഷി

ആത്മസാക്ഷ്യം

സ്വത്വസാക്ഷി

ഞാന്‍ എന്‍. ശശീന്ദ്രന്‍, ഗ്രീഷ്മം, മാവേലിക്കര. ഞാനും എന്‍റെ ഭാര്യ ആര്‍.വിനിയും രണ്ടു പെണ്‍മക്കളും കഴിഞ്ഞ 24 വര്‍ഷമായി ചെട്ടികുളങ്ങരയില്‍ പ്രവര്‍ത്തിച്ചുവരുന്ന ശ്രീനാരായണ ഗുരുധര്‍മ്മാനന്ദ സേവാശ്രമത്തിലെ ഭക്തരാണ്. അവിടെവരുന്ന ഭക്തജങ്ങള്‍ക്കു ആശ്രമത്തെപ്പറ്റിയും അവിടെനിന്നു ലഭിക്കുന്ന ജീവിത അനുഭവത്തെപ്പറ്റിയും നൂറുനൂറുകാര്യങ്ങള്‍ പറയാനുണ്ട്. വ്യക്തിപരമായി എനിക്ക് വളരെയേറെ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ വ്യത്യസ്തവും ഈ അടുത്തകാലത്തുണ്ടായതുമായ അനുഭവം ഞാന്‍ ഇവിടെ വിവരിക്കട്ടെ.

ശാസ്ത്രം ഇന്നേവരെ കണ്ടെത്തിയിട്ടുള്ള എല്ലാ വേഗതയെയും അതിക്രമിച്ചു ഈശ്വരന് നമ്മുടെ മുന്നില്‍ എത്താന്‍ കഴിയും എന്ന പരമമായ സത്യം ലോക സമക്ഷം വെളിപ്പെടുത്തി കൊണ്ടിരിക്കുന്ന ഒരു പുണ്യ സങ്കേതമാണ് ശ്രീനാരായണ ഗുരുധര്‍മ്മാനന്ദ സേവാശ്രമം. സമാധിസ്ഥനായ ഗുരുധര്‍മ്മാനന്ദജിയുടെ അരുമ ശിശ്യനായ ഗുരു ജ്ഞാനാനന്ദജിയാണ് ആശ്രമാചാര്യന്‍. നമ്മുടെ ചുറ്റുംകാണുന്ന സന്യാസിമാരില്‍ നിന്നും തികച്ചും വ്യത്യസ്തന്‍. സത്യദൈവത്തെ ഭക്തജനങ്ങള്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കുന്ന സന്യാസി.

ആശ്രമത്തില്‍ വരുന്ന ഭക്തജനങ്ങളോട് സാമിജി നല്‍കുന്ന ഉപദേശം ഇത്രമാത്രം നിങ്ങള്‍ ഓരോരുത്തരും അവരവരില്‍ കുടികൊള്ളുന്ന ഈശ്വരചൈതന്യത്തെ, ആത്മസത്യത്തെ ഉണര്‍ത്തുക. അതിനാവശ്യം ഭക്തിയും പ്രാര്‍ഥനയുമാണ്. ആത്മസത്യത്തിന്‍റെ പ്രകാശം നിങ്ങളുടെ മുമ്പില്‍ തെളിയുമ്പോള്‍ നിങ്ങളിലുള്ള അന്ധകാരം അകന്ന്, നിങ്ങളുടെ ഉള്ളം പ്രകാശപൂരിതമാക്കുന്നു, നിങ്ങളെ ബാധിച്ചിരിക്കുന്ന എല്ലാ ദുഖവും നിങ്ങളില്‍ നിന്നകലും. എല്ലാ രോഗത്തിനും പ്രതിവിധി ഉണ്ടാകും.
രണ്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ അനുഭവിക്കേണ്ടിവന്ന മനോവിഷമവും അതിന് ആശ്രമത്തില്‍ നിന്നും ലഭിച്ച പരിഹാരവുമാണ് ഞാന്‍ ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നത്. എന്‍റെ ഇളയമകളുടെ വിവാഹാലോചന നടക്കുന്ന സമയം. ധാരാളം ആലോചന വന്നിട്ടും ഒന്നും അനുയോജ്യമായിവരാതെ ഞങ്ങള്‍ വളരെയധികം വിഷമിച്ചു. സാമ്പത്തികമായും ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയം. അങ്ങനെ ഇരിക്കെ എന്‍റെ ഓര്‍മ്മ ശക്തി മന്ദീഭവിച്ച പോലെ തോന്നല്‍. രാത്രിയില്‍ ഉറക്കം ശരിയാകുന്നില്ല. ഉറങ്ങാന്‍ കിടന്നു 2 മാണി ആകുമ്പോഴേക്കും തല പെരുക്കുന്നതുപോലെ എനിക്കുതോന്നും. അപ്പോള്‍ ഞാന്‍ എഴുന്നേറ്റിരിക്കും. പിന്നീട് എനിക്ക് ഉറങ്ങാന്‍ കഴിയില്ല. ഭക്ഷണത്തോട് വലിയ താല്പര്യമില്ല. എന്നാല്‍ നല്ല വിശപ്പുണ്ടുതാനും. പകല്‍ സമയം മുഴുവന്‍ ശരീരത്തിന് വലിയ ക്ഷീണം, എപ്പോഴും കിടക്കണമെന്നു തോന്നും. ഈ വിവരമൊക്കെ ആശ്രമത്തില്‍ എത്തി സ്വാമിജിയോടുപറഞ്ഞു. അദ്ദേഹം പ്രാര്‍ത്ഥിക്കാമെന്നു പറഞ്ഞു. എന്നാലും മറ്റുള്ളവരുടെ നിര്‍ബന്ധം കാരണം ആശുപത്രിയില്‍ പോയി ഡോക്ടറെക്കണ്ട് ഒരു ചെക്കപ്പ് നടത്താം എന്ന് തീരുമാനിച്ചു. നാട്ടില്‍തന്നെ ഒന്ന് രണ്ടു ഡോക്ടര്‍മാരെ കാണിച്ചു. എന്നാല്‍ യാതൊരു വ്യത്യാസവും ഉണ്ടായില്ല. പിന്നീട് തിരുവല്ലയില്‍ ബിലീവേഴ്സ് ഹോസ്പിറ്റലില്‍ പോയി പരിശോധന നടത്തി, പക്ഷെ കാര്യമായി രോഗങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അവര്‍ കുറച്ചു മരുന്നുകളൊക്കെത്തന്നു. യാതൊരു ഫലവും ഉണ്ടായില്ല. 

ഈ വിവരം സ്വാമിജിയെ ബോധിപ്പിച്ചു, സ്വാമിജി വ്രതശുദ്ധിയോടുകുടി ആശ്രമത്തില്‍ ഭജനമിരിക്കാന്‍ നിര്‍ദ്ദേശിച്ചു. അതനുസരിച്ചു 41 ദിവസം ഞാന്‍ ആശ്രമത്തില്‍ താമസിച്ചു ഭജിച്ചു. ദിവസേനയുള്ള ആശ്രമത്തിലെ ദിനചര്യ സ്വീകരിച്ച് പ്രാര്‍ത്ഥനയും ഭജനവും വായനയുമായി ദിവസങ്ങള്‍ കടന്നു. ഓരോ ദിവസം കഴിയും തോറും രോഗം ഭേദപ്പെട്ടു തുടങ്ങി. തലയിലെ പെരിപ്പ് അകന്നു. രാത്രിയില്‍ സുഖനിദ്ര ലഭിച്ചു തുടങ്ങി. പകല്‍ ആശ്രമലൈബ്രറിയില്‍ നിന്നും പല ആദ്ധ്യാത്മിക ഗ്രന്ഥങ്ങളും കൂടുതലായി പാരായണം ചെയ്യാന്‍ അവസരം ലഭിച്ചു. അങ്ങനെ 41 ദിവസം പൂര്‍ത്തിയാക്കി ഞാന്‍ വീട്ടിലേക്കു തിരിച്ചപ്പോള്‍ എന്‍റെ ആത്മാവിനു പുതിയ ഉണര്‍വ് ലഭിച്ചതായി എനിക്ക് അനുഭവപെട്ടു. എന്നില്‍ നേരത്തെ ഉണ്ടായിരുന്ന പ്രഷര്‍, കൊളസ്ട്രോള്‍ തുടങ്ങിയ രോഗങ്ങള്‍ നോര്‍മല്‍ ആകുകയും എന്‍റെ ശാരീരികക്ഷീണവും മനഃക്ലേശവും അകന്നു, ഞാന്‍ ഉേډഷഭരിതമായ ജീവിതത്തിലേക്ക് കടക്കുകയും ചെയ്തു. 

അതിനു ശേഷം ഇന്ന് വരെ യാതൊരു തരത്തിലുള്ള രോഗങ്ങളും എന്നെ അലട്ടിയിട്ടില്ല. എന്‍റെ സാമ്പത്തിക ബുദ്ധിമുട്ടകള്‍ക്ക് പരിഹാരം ഉണ്ടായി. മകള്‍ക്കു അനുയോജ്യനായ ഒരു വരനെ കണ്ടെത്താനും വിവാഹം ഭംഗിയായി നടത്തുവാനും കഴിഞ്ഞു.
മാറാരോഗം വന്ന ഒരാളുടെ രോഗം മരുന്നും മന്ത്രവുമില്ലാതെ ദൈവീകശക്തിയാല്‍ ഭേദപ്പെടുമ്പോള്‍ ആ രോഗവിമുക്തിയുടെ സുഖം രോഗിയോട് തന്നെ ചോദിച്ചറിയണം. അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടിന്‍റെ തീച്ചൂളയില്‍ നിന്നും രക്ഷപെടുമ്പോള്‍ ദൈവീക ശക്തിയുടെ മഹത്വം നാം ഓര്‍ക്കുന്നു. ആ ഓര്‍മ നമ്മുക്ക് സുഖം തരുന്നു. സമാധാനം തരുന്നു. ശ്രീനാരായണ ഗുരുദേവന്‍ സാക്ഷാല്‍ ഈശ്വരനാണെന്നും ഗുരുവിന്‍റെ ഭൂമിയിലെ സാന്നിധ്യം നമുക്ക് അനുഭവിക്കാന്‍ കഴിയുമെന്നും ഗുരു ജ്ഞാനാനന്ദജി തന്‍റെ ഭക്തരിലൂടെ വെളിപ്പെടുത്തികൊണ്ടിരിക്കുന്നു. ഈ സ്വാനുഭവസ്തരിലൂടെ മഹാസമാധിക്ക് ശേഷമുള്ള ശ്രീനാരായണന്‍റെ തിരിച്ചുവരവിന്‍റെയും അനന്തരപ്രവര്‍ത്തനങ്ങളുടെയും വിളമ്പരമാണ് ഭൂമിയില്‍ സംഭവിക്കുന്നത്. അങ്ങനെ ശ്രീനാരായണന്‍റെ സ്വത്വസാക്ഷികളായ, ജീവിക്കുന്ന അടയാളങ്ങളായി മാറുകയാണ് ഓരോ ഭക്തനും.
ശ്രീനാരായണ ധര്‍മ്മം ജയിക്കട്ടെ!

എന്‍. ശശീന്ദ്രന്‍