സ്വസ്തി

ആത്മസാക്ഷ്യം

സ്വസ്തി

ഞാന്‍, ഉമാദേവി പി. 2015 ആഗസ്റ്റ് ഇരുപത്തിമൂന്നിന് അഞ്ചല്‍ കൊച്ചുകുരുവിക്കോണത്തെ സ്ത്രീകള്‍ക്കായുള്ള ശാരദാമഠം ആശ്രമം സമര്‍പ്പിക്കപ്പെട്ടപ്പോള്‍ സന്ന്യാസം സ്വീകരിക്കാന്‍ ആദ്യമെത്തിയ വ്യക്തി ഞാനായിരുന്നു. ആ മാനസിക സൗകുമാര്യത്തിലേക്ക് എത്തിച്ചേരാന്‍ എന്നെ പ്രാപ്തമാക്കിയത് സേവാശ്രമാചാര്യന്‍ സ്വാമി ഗുരു ജ്ഞാനാനന്ദജി അല്ലാതെ മറ്റാരുമല്ല. 

2005ല്‍ സേവാശ്രമം തേടിയെത്തുന്നതിനുമുമ്പ് കേരളത്തിലെ പ്രശസ്തമായ ഒരാശ്രമത്തില്‍ നിന്ന് ഗ്യഹസ്ഥയായിരിക്കെ തന്നെ സന്ന്യാസം സ്വീകരിച്ചിരുന്നു. ഇതിനു പ്രേരകമായത് ആസ്മയും വിമ്മിഷ്ടവും വിട്ടുമാറാത്ത പനിയുമായിരുന്നു. ഏഴു വര്‍ഷക്കാലം ആ ആശ്രമവിധിപ്രകാരം ജീവിച്ചിട്ടും രോഗശമനം ഉണ്ടായില്ലെന്ന് മാത്രമല്ല, കാലം കഴിയും തോറും ബുദ്ധിമുട്ടുകള്‍ ഏറിക്കൊണ്ടേയിരുന്നു. ഒരു തുള്ളി വെള്ളം തലയില്‍ വീണാല്‍ പനി പിടിക്കും. ശ്വാസം മുട്ടല്‍ കലശലാകും, ദുരിതം പിന്നെ പറയുകയേ വേണ്ട.

രക്ഷയില്ലാതെ, ഒരു സ്വാനുഭവസ്ഥ കേരളകൗമുദിയില്‍ പ്രസിദ്ധീകരിച്ച അനുഭവക്കുറിപ്പ് കണ്ടിട്ടാണ് സേവാശ്രമത്തിലേക്ക് പോകാം എന്ന തീരുമാനം ഞാനും എന്‍റെ ഭര്‍ത്താവും കൂടിയെടുത്തത്. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. കര്‍ക്കിടക മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച. ഓലകെട്ടിയമ്പലത്തില്‍ നിന്നും ശാരദാമഠത്തിന്‍റെ മൂലാശ്രമമായ ചെട്ടികുളങ്ങര ശ്രീനാരായണ ഗുരുധര്‍മ്മാനന്ദ സേവാശ്രമത്തിലേക്ക് അധികദൂരമില്ല. ബസ് സ്റ്റോപ്പായപ്പോഴേക്കും മഴയാരംഭിച്ചു. നനഞ്ഞാല്‍ പനി പിടിക്കും, മടങ്ങുകയാണ് ഉത്തമമെന്ന് ഭര്‍ത്താവ പദേശിച്ചെങ്കിലും പുതിയൊരു പ്രതീക്ഷയുമായിറങ്ങിയിട്ട് ലക്ഷ്യത്തിലെത്താതെ മടങ്ങാന്‍ മനസ്സ് സന്നദ്ധമായില്ല. നനഞ്ഞ് തന്നെ ആശ്രമ ത്തിലെത്തി, വസ്ത്രമൊക്കെ പിഴിഞ്ഞുടുത്ത് സ്വാമിജിയെ കണ്ടു. സന്ന്യാസിപ്പകിട്ടുകളില്ലാത്ത ഒരു സാധാരണ മനുഷ്യന്‍! ഞങ്ങളുടെ സന്ദര്‍ശന കാരണം, രോഗദുരിതങ്ങള്‍, ജീവിതം ഒക്കെയും അദ്ദേഹത്തോട് തുറന്നു തന്നെപറഞ്ഞു. ‘പ്രാര്‍ത്ഥിക്കാം’ എന്നായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യപ്രതികരണം. ആദ്യമായിചെല്ലുന്ന ആരോടുമെന്നപോലെ ഭക്തിയെക്കുറിച്ചും പ്രാര്‍ത്ഥനയെക്കുറിച്ചും ഉറപ്പു വരുത്തേണ്ട ജീവിതക്രമത്തെക്കുറിച്ചും പറഞ്ഞു തന്നു. അവിടെയൊരു പുതിയ ജീവിതം രൂപപ്പെടുകയായിരുന്നു. അന്ന് തുണിപിഴിഞ്ഞുടുത്താണ് പ്രാര്‍ത്ഥനയില്‍ പങ്കുകൊണ്ടത് എന്ന് പറഞ്ഞല്ലോ. മഴ കണ്ടാല്‍ പനിക്കുന്ന എനിക്ക് അന്ന് മഴയില്‍ കുതിര്‍ന്നിട്ടും പനിയുണ്ടായതേയില്ല. അതായിരുന്നു സേവാശ്രമത്തിലെത്തി ആദ്യമുണ്ടായ അനുഭവം. അന്നെന്നല്ല, ഇന്നും മഴ നനയേണ്ടി വരാറുണ്ട് പക്ഷേ പനി ഇല്ലേയില്ല. പനിയില്‍നിന്നും കഷ്ടതകളില്‍ നിന്നും ഗുരു എന്നെ കാത്തുരക്ഷിക്കുന്നു. ക്രമേണ ആസ്മരോഗം ഓര്‍മ്മ മാത്രമായി. ഞാന്‍ പൂര്‍ണ്ണമായും രോഗവിമുക്തയായി, ഗുരുദേവ ഭക്തയായി. ജ്ഞാനാനന്ദ സ്വാമികളെ എന്‍റെ ഗുരുവായി സര്‍വ്വാത്മനാ സ്വീകരിച്ചു. 2014 ല്‍, പൊടുംനനെ ആരോഗ്യസ്ഥിതി വഷളായി. എന്തു ചെ യ്യണം എന്നു പറയാനുള്ള കരുത്ത് എനിക്കുണ്ടായിരുന്നില്ല. എല്ലാവരും കൂടി എന്നെ ആശുപത്രിയിലാക്കി, ക്രിട്ടിക്കല്‍ എന്ന് വിധിയെഴുതി, ഐസിയുവിലേക്ക് മാറ്റി. നാല്‍പത്തിയെട്ട് മണിക്കുര്‍ കഴിഞ്ഞേ എന്തെങ്കിലും പറയാന്‍ കഴിയൂ എന്നാണ് ഡോക്ടര്‍ അഭിപ്രായപ്പെട്ടത്. പ്രതികരിക്കാന്‍ കഴിയുന്നില്ലെങ്കിലും ഉളളില്‍ ബോധമുണ്ട്. മനസ്സും ചിന്തയുമൊക്കെ പ്രാര്‍ത്ഥനകൊണ്ട് നിറഞ്ഞു. ഭഗവാന്‍ ശ്രീനാരായണനില്‍ സര്‍വ്വവും അര്‍പ്പിച്ചു കിടന്നു. അപ്പോള്‍ കാണാം ജ്ഞാനാനന്ദ സ്വാമികള്‍, അദ്ദേഹം യാത്രപോകുമ്പോള്‍ ധരിക്കാറുള്ള വസ്ത്രങ്ങളുമണിഞ്ഞ് ഐ.സി.യു. വിന്‍റെ വാതില്‍ തുറന്ന് എന്‍റെ അടുത്തേക്ക് വന്നു. അല്‍പസമയം ധ്യാനനിരതനായി നിന്നു. അപ്രത്യക്ഷമായി! കിടന്ന കിടപ്പില്‍ ഞാന്‍ പരതി. ആരുമില്ല. പക്ഷേ ഒന്നുണ്ടായി, അതുവരെയില്ലാതിരുന്ന ഒരൂര്‍ജ്ജപ്രവാഹം. ഉള്ളുണര്‍ന്നു, ക്രമേണ ശരീരവും. ശരീരബോധവും ശാരീരിക ശേഷിയും തിരികെ ലഭിച്ചു തുടങ്ങി. മരുന്നല്ല രക്ഷയായത്, ഗുരുവാണ്. ആശ്രയിക്കേണ്ടതും ഗുരുവിനെ മാത്രമാണ്. ഡോക്ടര്‍ വിധിച്ചിരുന്ന നാല്‍പത്തിയെട്ടുമണിക്കൂറിനുള്ളില്‍ നിര്‍ബന്ധമായി ഡിസ്ചാര്‍ജുവാങ്ങി ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങി. ഡോക്ടര്‍ ഓര്‍മ്മപ്പെടുത്തുന്നു ണ്ടായിരുന്നു څഞങ്ങള്‍ക്ക് ഒരു ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ലچ. അതു കേട്ടിട്ട് എനിക്ക് ഭയം തോന്നിയില്ല. അഭിമാനം തോന്നി, ഗുരു വിശ്വാസിയായിത്തീരാന്‍ കഴിഞ്ഞതില്‍. ദര്‍ശനാനുഭൂതിനുകരാന്‍ കഴിഞ്ഞതില്‍. എന്‍റെ രോഗം നീക്കിതന്നത് സ്വാമിജിയാണ്. മരുന്നൊഴിവാക്കി തന്നത് സ്വാമിജിയാണ്. എന്‍റെ ഗുരുവും എന്‍റെ ദൈവവും എല്ലാം സ്വാമിജിയാണ്.

2015-ല്‍ ശാരദാമഠം പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ സന്ന്യസ്ത ശിഷ്യയായി ആശ്രമജീവിതം സ്വീകരിച്ചെത്തിയ ഞാനിന്ന് സന്തുഷ്ടയം സര്‍വ്വോപരി അനുഗ്രഹീതയുമാണ്. ജീവിതത്തെ ശാന്തതയോടെ സമീപിക്കാനും ഭക്തി പ്രചുരുമയില്‍ പ്രാര്‍ത്ഥനാനിരതമായി ഉദ്ധരിക്കപ്പെടാനും ഭഗവത് കൃപയുണ്ടായി. ജീവിതസായാഹ്നം ഭക്തിസാന്ദ്രവും ആനന്ദകരവുമാക്കാന്‍ സ്വാമികടാക്ഷമുണ്ടായി. അമൃതേശ്വരീദേവി എന്ന ദീക്ഷാനാമം നല്‍കി ജ്ഞാനാനന്ദഗുരു അനുഗ്രഹിച്ചു. ഇവിടമാണ് സ്വര്‍ഗ്ഗം. ജീവാത്മ പരമാത്മ സംയോഗത്തിന് വേദിയാകുന്ന ഭൂമിയിലെ സ്വര്‍ഗ്ഗം. ഭഗവത് കാരുണ്യത്തിന് ഓരോ ജീവനും പ്രാപ്തമാകട്ടെ.

ഓം! ശ്രീനാരായണ പരമഗുരവേ നമഃ

അമൃതേശ്വരീദേവി (ഉമാദേവി പി.)