കേരളത്തില്‍ ക്ഷേത്രങ്ങള്‍ കുറവായതുകൊണ്ടല്ല ശ്രീനാരായണഗുരു പുതിയ ക്ഷേത്രങ്ങള്‍ സംസ്ഥാപനം ചെയ്തത്, ഭ്രാന്താലയം എന്ന് പുകള്‍പെറ്റ കേരളത്തെ ദേവാലയമാക്കിയത്. അന്ധവിശ്വാസം, അനാചാരം, ജന്തുബലി, നരബലി, ശൈശവവിവാഹം തുടങ്ങിയ ദുരാചാരങ്ങളുടെ സ്ഥാനത്ത് സത്യധര്‍മ്മാദി മാനുഷികമൂല്യങ്ങളുടെ പുതുകല്പ്പനകളായിരുന്നു അവിടുന്ന് സ്ഥാപിച്ച ക്ഷേത്രങ്ങള്‍. ജനങ്ങള്‍ സങ്കല്പത്തില്‍ നിന്നും വ്യതിചലിച്ച് പോകുന്നത് കണ്ടപ്പോള്‍ ഇനി ക്ഷേത്രങ്ങള്‍ വേണ്ട വിദ്യാലയമാണാവശ്യമെന്ന് തിരുവായ് മൊഴിഞ്ഞു.
അതുപോലെ, ദേശങ്ങള്‍തോറും ശിവഗിരിയിലേതുപോലെ ആശ്രമങ്ങള്‍ ഉണ്ടാകണമെന്ന് അവിടുന്ന് ആശ്രമം എന്ന കൃതിയിലൂടെ പ്രപഞ്ചനം ചെയ്തു. ഓരോ ദേശത്തും സ്ത്രീപുരുഷന്മാര്‍ക്ക് പ്രത്യേകം പ്രത്യേകം ആശ്രമം എന്ന ഗുരുചിന്തയുടെ പ്രത്യക്ഷീകരണമാണ് മാവേലിക്കര ചെട്ടികുളങ്ങരയിലെ ശ്രീനാരായണ ഗുരുധര്‍മ്മാനന്ദ സേവാശ്രമവും, വിതുരയില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള ജ്ഞാനനികേതന്‍ ആശ്രമവും, അഞ്ചലില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള സ്ത്രീകള്‍ക്കായുള്ള ശാരദാമഠം ആശ്രമവും, കെടാകുളത്ത് സ്ഥാപിക്കപ്പെട്ടിട്ടുള്ള സച്ചിദാനന്ദാശ്രമവും. വ്യക്തിതാത്പര്യമല്ല ഈ ആശ്രമങ്ങള്‍. സേവാശ്രമത്തിലൂടെ ദുഃഖനിവര്‍ത്തി നേടിയവരും കേട്ടറിഞ്ഞവരും; ദേശാന്തരങ്ങളില്‍ ജീവിക്കുന്ന കൂടുതല്‍ ദുഃഖിതരിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള മാര്‍ഗ്ഗമെന്ന നിലയില്‍ ആശ്രമം സ്ഥാപിക്കുവാനുള്ള സ്ഥലം ദാനം നല്‍കുകയായിരുന്നു. ഗുരുഭക്തനും റിട്ട. എന്‍ജിനിയറുമായ ശ്രീ. രാജേന്ദ്രന്‍ സ്വന്തം ഭൂമിയില്‍ ആശ്രമം നിര്‍മ്മിച്ച് ഗുരുസമക്ഷം സമര്‍പ്പിച്ചതാണ് സച്ചിദാനന്ദാശ്രമം. ഗുരുഭക്തി അഥവാ ഈശ്വരഭക്തിയുടെ നിറവിലാണ് ആശ്രമം പ്രകാശപൂരിതമാകുന്നത്. ആശ്രമത്തില്‍ ആചാര്യനുണ്ട്. ഭക്തജനങ്ങളും സംഘവുമുണ്ടാകുന്നു, സംഘത്തിന് നേതാവുണ്ടാകുന്നു. ഭഗവാന്‍ ശ്രീനാരായണന്‍ തെളിച്ചുതന്ന ഭക്തിമാര്‍ഗ്ഗം ഇവിടെ ഏകോപിച്ചു വിളങ്ങന്നു. ചരടുജപിച്ചുകെട്ടാതെ, ജ്യോതിഷിയുടെ ചാര്‍ത്തുമായി നടന്നലയാതെ ഭക്തികൊണ്ട് ശരീരരക്ഷയും ഭൂ രക്ഷയും മാത്രമല്ല സര്‍വ്വരക്ഷയും ഗുരുവില്‍ക്കൂടി ലഭിക്കുന്നു. മനുഷ്യന് ദിശാബോധം ഉണ്ടാകുന്നു. മൂല്യച്യുതി അതിന്‍റെ നഗ്നചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് മൂല്യാധിഷ്ഠിതമായ ആശ്രമത്തിന്‍റെ തണലില്‍ മൂല്യബോധമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കുവാന്‍ ഈ ആശ്രമങ്ങള്‍ സഹായിക്കുന്നു. ആശ്രമങ്ങളില്‍ക്കൂടി ഭഗവാന്‍റെ മഹാസമാധിക്കുശേഷമുള്ള പ്രവര്‍ത്തനങ്ങളേയും അവിടുത്തെ അവതാര മഹത്വത്തേയും പ്രകാശിപ്പിച്ച് ധര്‍മ്മപ്രചരണം പുരോഗമിക്കുമ്പോള്‍, പ്രായവും പക്വതയും അറിവുമുള്ള സജ്ജനങ്ങളുടെ കൂട്ടായ്മ നാടിനും ദേശത്തിനും സര്‍വ്വോപരി ലോകത്തിനും വെളിച്ചമായി ജ്വലിക്കും.