“ഒരു ജാതിരഹിത സമൂഹം നമ്മുക്ക് കെട്ടിപ്പടുക്കണം. ഈ ആശയം നാം പലരുമായി പങ്കുവെച്ചു. ശ്രമിക്കാന്‍ ആരുമില്ല. നമ്മുക്കത് ചെയ്യുവാന്‍ കഴിയുമോ?” ഗുരുവിന്റെ ഈ പ്രഖ്യാപിത ആശയം ധര്മ്മാനന്ദഗുരുദേവന് ഏറ്റെടുത്തു. ശിരസ്സാവഹിച്ച് നട്ടുവളര്‍ത്തി പോഷിപ്പിച്ചു. അതിന്റെ പൂര്ണ്ണകായരൂപമാണ് “അദ്വൈതമതം”. സനാതന മൂല്യത്തിലൂന്നി ത്യാഗാഗ്നിയില്‍ സംസ്കരിച്ചെടുത്ത ധര്മ്മശക്തിയായ് അത് വളരട്ടെ!
പലമതസാരവുമേകം എന്ന പ്രമാണവാക്യം മതങ്ങളുടെ സമന്വയം ഗുരുവിന്റെ അവതാരലക്ഷ്യം തന്നെ എന്ന സൂക്ഷ്മാവബോധത്തിലേക്ക് മനുഷ്യനെ നയിക്കുന്നു.
മതമേതായാലും മനുഷ്യന് നന്നായാല്‍ മതിയെന്ന യുക്തിമഹത്വം സമത്വബോധം സമ്മാനിക്കുന്ന സമഷ്ടിഭാവം ഊട്ടിയുറപ്പിക്കുന്നുണ്ട്.
ഭൂതം, ഭാവി, വര്‍ത്തമാനം; ഗുരു എവിടെയും സമമായുണ്ട്. അവിടുത്തെ വചനങ്ങള്‍ യോജിപ്പിക്കുന്നതും ജ്വലിപ്പിക്കുന്നതും ആനന്ദിപ്പിക്കുന്നതുമായിരുന്നു; ഇന്നും ആണ്. നാളെയും അപ്രകാരം ആയിരിക്കുക്കുകയും ചെയ്യും.
മനുഷ്യനെ ഇഹത്തിലും പരത്തിലും യോജിപ്പിക്കുന്ന, ജ്വലിപ്പിക്കുന്ന, ആനന്ദിപ്പിക്കുന്ന ഗുരു മൊഴിഞ്ഞതും അനുഷ്ഠിച്ചതും പഠിക്കാന്‍ പഠിപ്പിച്ചതും അറിവാണ്. അവിടുന്ന് അറിയാത്തതായി ഒന്നുമുണ്ടായില്ല. ആ ജ്ഞാനപൂര്ണ്ണതയാണ് ഗുരുമഹത്വം. അതുകൊണ്ടാണ് ശ്രീനാരായണഗുരു സ്വയം തത്ത്വസംഹിതയാകുന്നത്. അതിന്റെ ആകെത്തുകയാണ് ഗുരുവിന്റെ അദ്വൈതമതം. തന്റെ മതപ്രതിഷ്ഠയാണ് ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന് എന്ന ധര്മ്മപ്രഖ്യാപനത്തിലൂടെ ഗുരു നിര്‍വ്വഹിച്ചത്.