ഒരു ദേശത്തെ നനച്ച്, പച്ചപുതപ്പിച്ച്, മന്ദഗാമിനിയായ് ചുറ്റി ഒഴുകുന്ന അച്ചന്കോവിലാറ്. അതാണാ ഉപദ്വീപിന്റെ സൗന്ദര്യം, ഐശ്വര്യവും. മാവേലിമന്നന്റെ ഇതിഹാസ മുറങ്ങുന്ന മണ്ണ്. കളളവുമില്ല, ചതിവുമില്ല, എള്ളോളമില്ല പൊളിവചനം, മാനുഷ്യരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കുന്ന സ്വര്ഗ്ഗസ്ഥലി. ശ്രീനാരായണ പരമഹംസരുടെ വാത്സല്യബാലശിഷ്യനും, സേവാശ്രമാചാര്യന്‍ സ്വാമി ഗുരു ജ്ഞാനാനന്ദജിയുടെ സംപൂജ്യ ഗുരുനാഥനുമായ ധര്‍മ്മാനന്ദ ഗുരുദേവന് തന്റെ ആദ്ധ്യാത്മിക വൃന്ദാവനമായി ഈഴക്കടവെന്ന ചെറു ഉപദ്വീപ് തിരഞ്ഞെടുത്തത് യാദൃശ്ചികമല്ല, മറിച്ച് ദൈവനിശ്ചയം തന്നെയെന്നത് കാലം തെളിച്ച സൂര്യദീപം പോലെ സ്വയം പ്രകാശിച്ചു നില്ക്കുന്ന സത്യം.
മാവേലിക്കര-മാന്നാര്‍ പാതയില്‍ പ്രായിക്കര നിന്ന് പടിഞ്ഞാറ് ദിശയില്‍ രണ്ടു കിലോമീറ്റര്‍ കടന്നുചെന്നാല്‍ ചെറുകോല്‍ ഈഴക്കടവെന്ന പ്രകൃതിരമണീയമായ, ഗ്രാമദേവത അനുഗ്രഹമാരി ചൊരിഞ്ഞുനില്ക്കുന്ന ധര്മ്മാശ്രമവാടി. അവിടെയാണ് ഭുവനദോഷങ്ങള് നീക്കാനായവതരിച്ച ധര്മ്മാനന്ദഗുരുദേവന് വാണരുളിയ പുണ്യഭൂമിയും സ്വര്ഗ്ഗക്ഷേത്രും.
ചെറുകോല്‍ വാലില്‍ വീട്ടില്‍ ശ്രീ അയ്യപ്പന്റേയും കാക്രോത്ത് തറവാട്ടില്‍ കറമ്പിയുടെയും ഓമല്പുത്രനായി കൊല്ലവര്‍ഷം 1085 ചിങ്ങമാസത്തിലെ വിശാഖം നക്ഷത്രത്തില്‍ ഭൂജാതനായി. മാതാപിതാക്കള്‍ കുഞ്ഞുപിള്ള എന്ന് നാമം ചാര്‍ത്തി ലാളിച്ചുവളര്‍ത്തി. സഹോദരന് മാധവന്.
വളരെ ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ മരണമടഞ്ഞു. മുത്തശ്ശി നങ്ങേലിയമ്മ അങ്ങനെ വളര്‍ത്തമ്മയും പോറ്റമ്മയുമായി. ചെറുപ്പം മുതല്‍ ഭക്തിവിഷയത്തില്‍ ശ്രദ്ധാലുവായിരുന്നു. ക്രമേണ ഭക്തി ജീവിതത്തിന്റെ ഭാഗമായി. മനുഷ്യന്റെ സംസാരദു:ഖം തന്നെ ചിന്താധീനനാക്കി. “സ്വത്തുതന്നാല് സത്തുനല്കാം” എന്ന സന്ന്യാസിയുടെ കരാര്‍ സ്വീകരിച്ച് മാതാവുവകയില് കിട്ടിയ സ്വത്ത് ദാനാധാരം നല്കി. സത്തിനായി സ്വയം സമര്‍പ്പിച്ചു. സന്ന്യാസി തത്ത്വജ്ഞാനിയല്ലെന്നു കണ്ടെത്തിയതോടെ സഹവാസം അവസാനിപ്പിച്ച,് സത്യാന്വേഷിയായി ഇറങ്ങിത്തിരിച്ചു.
ശ്രീനാരായണ ഗുരുവിന്റെ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായ കൗമാരക്കാരന്, പദയാത്രികനായി ശിവഗിരി മഠത്തിലെത്തി, സ്വാമിപാദം വണങ്ങി, ഗുരുകുലത്തില്‍ ബാലശിഷ്യനായി ചേര്‍ന്ന് ബ്രഹ്മവിദ്യാഭ്യസനം ആരംഭിച്ചു. അത് മൂന്നുവര്ഷമാകുമ്പോഴേക്കും “മഹാസമാധി” സംഭവിച്ചു. മഹാസമാധി ഒരു മണ്ഡലകാലം കഴിഞ്ഞതോടെ പണ്ഡിതനും ധര്‍മ്മസംഘത്തിന്റെ ജനറല്‍ സെക്രട്ടറിയും ശ്രീനാരായണ ഗുരുവിന്റെ വാത്സല്യശിഷ്യനും ചെമ്പഴന്തി ഗുരുകുല കാര്യദര്‍ശിയുമായിരുന്ന ധര്മ്മതീര്ത്ഥസ്വാമികളോടൊപ്പം ചെമ്പഴന്തി വയല്‍വാരത്ത് ഭവനത്തിലായി അന്വേഷി.
ഒരു രാത്രിയുടെ നിശബ്ദതയില്‍ ഒരശരീരി മുഴങ്ങി. “നീ വനത്തിലേക്കു പോകണം”. ദിവസങ്ങള്‍ കഴിഞ്ഞിട്ടും അതിന്റെ മാറ്റൊലി കര്‍ണ്ണപുടങ്ങളില്‍ നിന്ന് മായുന്നില്ല. ധര്മ്മതീര്ത്ഥസ്വാമികളുടെ വാത്സല്യപൂര്‍ണ്ണമായ ഉപദേശം സ്നേഹപൂര്‍വ്വം നിരസ്സിച്ച് 22 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ആ യുവസന്ന്യാസി, സര്‍വ്വസംഗപരിത്യാഗിയായി ദിവസങ്ങള്‍ നടന്ന് കുറ്റിക്കാനം വനത്തിലെ കുറവന്‍കുറത്തി മലയില്‍ എത്തി 41 ദിവസം തീവ്രമായ തപസ്സനുഷ്ഠിച്ചു. ഭഗവല്‍ പ്രത്യക്ഷതയുണ്ടായി. സാക്ഷാത്കാര ചിത്തനായി. പ്രത്യക്ഷദേവന് തിരോഭൂതമായ മാത്രയില്‍ വീണ്ടും അശരീരി മുഴങ്ങി “നീ അന്വേഷിക്കുന്ന ശ്രീനാരായണന് ഞാന്‍ തന്നെ, നീ എന്റെ തിരിച്ചുവരവിനെ ലോകത്തെ അറിയിക്കുക. ഞാന്‍ നിന്നോടുകൂടി ഉണ്ടായിരിക്കും”.
തപസ്സ് പൂര്‍ത്തിയാക്കി, ഗുരുകല്പന(അശരീരി)യുടെ സാക്ഷാത്ക്കാരത്തിനായി സ്വയം സമര്‍പ്പിച്ചു. കര്‍മ്മയോഗിയായി പ്രതിഷ്ഠിതനായി. ധര്‍മ്മസംസ്ഥാപനത്തിനായി പ്രയത്നിച്ചു. ശ്രീനാരായണ ഗുരുവിന്റെ ‘ഏകലോകസംഗ്രഹം’എന്ന അവതാര ലക്ഷ്യത്തിലേക്ക് കര്മ്മരംഗമൊരുക്കി. കര്‍മ്മപൂര്‍ത്തിക്കായി ഗുരുപരമ്പരയില്‍ സത്ശിഷ്യന് ജ്ഞാനാനന്ദനെ കര്‍മ്മയോഗിയായി അവരോധിച്ച് ദേഹം വെടിഞ്ഞു. 1993 നവംബര്‍ 21-ാം തീയതി രാത്രി 9 മണിയ്ക്കായിരുന്നു ദിവ്യസമാധി. ജ്ഞാനാനന്ദജി സന്ന്യാസദീക്ഷയും സന്ന്യാസാശ്രമനാമവും സ്വീകരിച്ച് ധര്‍മ്മാനന്ദ സന്നിധിയില്‍ ഗുരുകുലവാസിയായി 12 വര്‍ഷവും 12 സുദിനങ്ങളും പൂര്‍ത്തിയാക്കിയ ദിവസം ആയിരുന്നു ദിവ്യസമാധി എന്നത് യാദൃശ്ചികമാവാം, മറിച്ച് ഗുരുനിശ്ചയവുമാവാം.’