ഏകലോകസംഗ്രഹം
ഏകലോകസംഗ്രഹത്തിനായി ഭൂജാതമായവരാണ് അവതാരപുരുഷന്മാര്‍. ലോകം മുഴുവന്‍ പ്രവാചകനായി അംഗീകരിച്ചിരിക്കുന്ന നബിതിരുമേനിയും ത്യാഗത്തിന്‍റെ കുരിശേന്തി യേശുക്രിസ്തുവും ധര്‍മ്മത്തിന്‍റെ കാവല്‍ഭടനായിരുന്ന ഭഗവാന്‍ ശ്രീകൃഷ്ണനും ഭൂതദയയുടെ ആള്‍രൂപമായ ശ്രീബുദ്ധദേവനുമെല്ലാം ഒരൊറ്റ ലോകം ഒരു ജനത എന്ന വിശാലവീക്ഷണത്തോടു കൂടി ഭൂമിയിലെ സകല സുഖങ്ങളുമുപേക്ഷിച്ച് കഠിനത്യാഗം അനുഭവിച്ച പുണ്യപുരുഷോദയങ്ങളാണ്.
എന്നാല്‍ കാലശേഷം അവരുടെ ഓരോരുത്തരുടേയും വിശുദ്ധനാമധേയത്തില്‍ ഓരോ മതങ്ങള്‍ ഉണ്ടായി. മതാന്ധത ബാധിച്ച മനുഷ്യര്‍ അവതാരപുരുഷന്മാരെ മതം എന്ന നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുക്കി. പൗരോഹിത്യസമ്പ്രദായം നിലവില്‍ വന്നു. എല്ലാ വിശുദ്ധ മതഗ്രന്ഥങ്ങളും പണ്ഡിതശ്രേഷ്ടന്മാര്‍ അവരുടെ ഭാവനയ്ക്കൊത്തവണ്ണം വ്യാഖ്യാനിച്ചു. ദുര്‍വ്യാഖ്യാനങ്ങളുണ്ടായി. പള്ളിമിനാരങ്ങളും ക്ഷേത്രഗോപുങ്ങളും മാനംമുട്ടെ ഉയര്‍ന്നു. അതിലും മത്സരമായി. ബലിപ്പെരുനാളും വാര്‍ഷികാഘോഷങ്ങളും പൊടിപൊടിച്ചു. ആര്‍ഭാടങ്ങളും ധൂര്‍ത്തും വര്‍ദ്ധിച്ചു. ഒരു നോയമ്പു കാലം സമാഗതമാകുമ്പോള്‍ അനേകം മൂകജീവികളെ കൊന്ന് ശവം ഭക്ഷണമാക്കുന്നു. കുബേരന്‍റെ കൂടെയാണ് ദൈവം എന്നോരു ധാരണയുണ്ടായി. സൂചിക്കുഴയില്‍ കൂടി ഒട്ടകം കടക്കുമെങ്കില്‍ മാത്രമേ ധനവാന്‍ സ്വര്‍ഗ്ഗരാജ്യം കാണുകയുള്ളൂ എന്നാണ് പ്രമാണം. ദൈവപ്രീതിക്കായി ജീവികളെ മാത്രമല്ല മനുഷ്യക്കുട്ടികളെയും കുരുതികൊടുക്കുന്ന ഹീന ആചാരം ഇന്നും നിലനില്‍ക്കുന്നു. കൊറോണ ഭയന്ന് ആരാധനാലയങ്ങള്‍ക്കാണ് ആദ്യം പൂട്ടു വീണത്. നിന്ദ്യവും നീചവുമായ ആചാരങ്ങള്‍ ഉപേക്ഷിക്കാതെ ദൈവപരീക്ഷ ഒഴിവാകുകയില്ല. നാനാത്വത്തില്‍ നിന്നും ഏകത്വത്തിലേക്ക് എന്നാണ് പ്രമാണമെങ്കിലും നാനാത്വത്തില്‍ നിന്നും ഏകസത്യത്തിലേക്ക് ഒരു ചുവടുവയ്പ് പോലുമുണ്ടായിട്ടില്ല.
ഇങ്ങനെ ആത്മീയതയുടെ ഗരിമ നഷ്ടപ്പെട്ടു. സത്ത് നഷ്ടപ്പെട്ട മതങ്ങള്‍ അസത്തായി. മതങ്ങള്‍ക്കുള്ളില്‍ ജാതീയതയും വംശീയതയുമുണ്ടായി. വര്‍ണ്ണവിവേചനമുണ്ടായി. അനേകം മതങ്ങളുണ്ടായി. ഏകാത്മകതയാണ് മതങ്ങളുടെ അന്തഃസത്ത. അന്തഃസത്ത നഷ്ടപ്പെട്ട മതങ്ങളില്‍ നിന്നും ദൈവസൂര്യന്‍ അസ്തമിച്ചു.
ദൈവസത്യം മറഞ്ഞതിന്‍റെ ദുരന്തമാണ് ആധുനിക ജനത ഇന്ന് അനുഭവിക്കുന്നത്. ഇതെഴുതുന്ന ദിവസം അമേരിക്കയില്‍ കൊറോണ ബാധയാല്‍ മരണപ്പെട്ടത് 2700 ല്‍ പരം മനുഷ്യരാണ്. അമേരിക്ക ആറ്റംബോംബിട്ട് ലക്ഷങ്ങളെ കൊന്ന് ലോകരക്ഷകനായി ചമഞ്ഞില്ലേ? കര്‍മ്മവും ഫലവും തമ്മില്‍ സംപൃക്നങ്ങളായി അനശ്വരമുദ്രപതിച്ചുകൊണ്ട് നിലനില്‍ക്കുന്നു. ഒരു നാള്‍ വിതച്ചു. ഇപ്പോള്‍ വിളവെടുപ്പാണ്. ഫലം അനുഭവം കൊണ്ടറിയട്ടെ!
ഒരുദൈവം
ദൈവസത്യം നിലനിര്‍ത്തുവാന്‍ പള്ളികളും അമ്പലങ്ങളുമൊന്നും വേണമെന്നില്ല. മതഗ്രന്ഥങ്ങളില്‍ പറയുന്ന ഒരുദൈവം എല്ലാ മനുഷ്യരുടേയും ഹൃദയസ്പന്ദനമാണ്. ഈ തത്ത്വപ്പൊരുള്‍ മാനവരാശിയോട് ഉപദേശിക്കുവാന്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ അവസാനപാദത്തില്‍ ജഗത്സാക്ഷിയായ ദൈവം ഭൂമിയിലേക്കയച്ച പത്താമത്തെ അവതാരസൂര്യനാണ് നാരായണഗുരു എന്ന് ഒരു ജാതി ഒരു മതം ഒരുദൈവം മനുഷ്യന് എന്ന ചതുര്‍വേദസാരസംഗ്രഹം തെളിയിക്കുന്നു. പ്രവാചകമതങ്ങള്‍ കാത്തിരിക്കുന്ന അന്ത്യപ്രവാചകനും ഹിന്ദുമതം കാത്തിരിക്കുന്ന കല്‍ക്കി (ഖഡ്ഗി) അവതാരവും നാരായണഗുരുവാകുന്നു. മുഹമ്മദു നബിയെപ്പോലെ, ബുദ്ധമുനിയെപ്പോലെ കൊടുംവനങ്ങളിലെ മഞ്ഞും മഴയും ശീതവും വെയിലും സഹിച്ച് അനേകസംവത്സരം കഠിന തപസ്സനുഷ്ഠിച്ച് ഈശ്വരപൂര്‍ണ്ണത നേടി അഥവാ പൂര്‍ണ്ണപ്രജ്ഞനായി. പ്രജ്ഞാനം ബ്രഹ്മഃ എന്ന് ഐതരേയോപനിഷത്ത് വിളംബരം ചെയ്തിരിക്കുന്നു. ലോകസ്രഷ്ടാവിന്‍റെ നിയോഗം അനുസരിച്ച് ഭഗവാന്‍ വേദാധികാരിയായി. ഏകലോകസംഗ്രഹത്തിനായി അരുവിപ്പുറത്ത് പ്രത്യക്ഷപ്പെട്ടു. മതനവീകരണം എന്ന ലക്ഷ്യപ്രാപ്തിക്കായി വലിയ കോലാഹലം ഒന്നും കൂടാതെ ഒരു ശിവക്ഷേത്രം സംസ്ഥാപനം ചെയ്തു. ഹിന്ദുമതത്തില്‍ രൂഡമൂലമായിരുന്ന ജാതിയെ നശിപ്പിച്ച് മതനവീകരണം സ്ഥാപിച്ചു. ഹിന്ദുമത നവീകരണം മറ്റെല്ലാ മതങ്ങളുടേയും നവീകരണമായിരുന്നു. ഇവിടെ മുതല്‍ നാരായണഗുരുവില്‍ ഒരു മതാചാര്യനെ ദര്‍ശിക്കുവാന്‍ കഴിയും. ഹിന്ദുമതത്തിന്‍റെ നവീകരണം സനാതനധര്‍മ്മത്തിന്‍റെ പുനരുദ്ധാരണം കൂടിയായിരുന്നു. അരുവിപ്പുറത്തെ ക്ഷേത്രച്ചുവരില്‍ കുറിച്ചിട്ട മാനവീകസന്ദേശം വായിച്ചെടുത്താല്‍ ശ്രീനാരായണനിലെ അദ്വൈതമതാചാര്യനെ കണ്ടെത്താന്‍ എളുപ്പം.
ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്.
മനുഷ്യര്‍ തമ്മില്‍ ജാതിഭേദമോ മതദ്വേഷമോ ഇല്ലാത്ത ഒരു മതസംഹിത. അരുവിപ്പുറത്തുനിന്നാണ് ആ മതാചാര്യന്‍ മാനവരാശിയോട് കൃപാരസം പൊഴിച്ചുതുടങ്ങിയത്. ഭഗവാന്‍റെ ഈ ഏകാത്മരസം നുകര്‍ന്നാണ് ചാതുര്‍വര്‍ണ്ണ്യത്തില്‍ നിന്നും കേരളീയര്‍ പുറത്തുവന്നത്. ശിവഗിരി ശാരദാമഠത്തിന്‍റെ മുറ്റത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മാവില്‍ നോക്കി മാവില്‍ ചെറുതും വലുതുമായി വ്യത്യസ്ത ഇലകളുള്ളതുപോലെ മേല്‍ജാതിയെന്നും കീഴ്ജാതിയെന്നുമുള്ള വ്യത്യാസം ഉള്ളതല്ലേ ഗുരോ? ഇങ്ങനെയൊരു സംശയം മഹാത്മജി ഗുരുവിന്‍റെ മുമ്പില്‍ അവതരിപ്പിച്ചു. ചെറുതും വലുതുമെന്ന ഭേദമുണ്ടെങ്കിലും മാവിലകള്‍ ചവച്ചരച്ച് രസം നുകര്‍ന്നാല്‍ ഒരു ഭേദവുമുണ്ടാകില്ല എന്ന ഗുരുവിന്‍റെ സിദ്ധാന്തം മഹാത്മജിയെ ജാതിയില്ലാത്ത യഥാര്‍ത്ഥ ഹിന്ദുവാക്കി. സനാതനിയാക്കി.
ശ്രീനാരായണഗുരു രാജ്യത്തിനകത്തും പുറത്തും ക്ഷേത്രങ്ങള്‍ സ്ഥാപിച്ചു. മുരിക്കുമ്പുഴ ക്ഷേത്രത്തില്‍ മഹാദേവപ്രതിഷ്ഠയ്ക്കു ശേഷം സത്യം, ധര്‍മ്മം, സ്നേഹം, ദയ, ഓംശാന്തി എന്നെഴുതിയ ഫലകം പ്രതിഷ്ഠിച്ചു. ഈ സനാതനമൂല്യങ്ങളാണ് യഥാര്‍ത്ഥ ഈശ്വരന്‍ എന്ന് ബോധവത്ക്കരണ സന്ദേശം നല്‍കി. ഓരോ ക്ഷേത്രവും ഓരോ മതപാഠശാലകളാണ്. മതപാഠശാലയില്‍ പഠിപ്പിക്കുന്നതാണ് ബ്രഹ്മവിദ്യ. അവസാനം കണ്ണാടിയില്‍ ഓംകാരം പ്രതിഷ്ഠിച്ചുകൊണ്ട് അവിടുത്തെ മതസംസ്ഥാപനയജ്ഞം പര്യവസാനിപ്പിച്ചു. കണ്ണാടിയില്‍ കാണുന്നത് ബ്രഹ്മപ്രതീകമായ ഓം അഥവാ ആത്മാവ്. ശബ്ദത്തില്‍ നിന്നും മുഴക്കത്തോടെ പൊന്തിവരുന്ന അഖണ്ഡശക്തിയാണ് ഓം എന്ന മൂലാക്ഷരം. ആത്മമുഖത്തുനിന്നും ഉദിച്ചുവരുന്നതാണ് പ്രാണന്‍. പ്രാണന്‍ സ്പന്ദിച്ചു പരിണമിച്ച് ഉണ്ടാകുന്നതാണ് ജഡശിരീരം. വചനം ജഡമായി എന്ന് വിശുദ്ധവേദപുസ്തകം സിദ്ധാന്തിക്കുന്നു. ശരീരമാകെ ശബ്ദതരംഗങ്ങള്‍ വ്യാപിച്ചു നില്‍ക്കുന്നു. വ്യക്തിയില്‍ എന്നപോലെ പ്രപഞ്ചശരീരമാകെയും ആ ശബ്ദം വ്യാപിച്ചു നില്‍ക്കുന്നു. ശബ്ദാത്മകമായി ഭജിച്ചും മൗനമായി ധ്യാനിച്ചും ആത്മാവിനെ തിരിച്ചറിയേണ്ടതും അനുഭവമാക്കേണ്ടതുമാണ്.
ഓമെന്നു നീ സ്മരിക്കാത്മന്‍!
കൃതം സര്‍വ്വം സ്മരിക്കുക
അഗ്നേ! ഗതിക്കായ് വിടുക
സന്മാര്‍ഗ്ഗത്തൂടെ ഞങ്ങളെ (ഈശോവാസ്യോപനിഷത്ത്)
മനുഷ്യനെന്നു പറയുന്നത് ഈ ശരീരമല്ല. ഇന്ദ്രിയശരീരങ്ങള്‍ക്കെല്ലാം ആധാരമായിരിക്കുന്നതും സ്വപ്രകാശിതവുമായ ശക്തിയാണ് ആത്മാവ്. മനഃശരീരാദികളെ പ്രകാശിപ്പിക്കുന്നത് ആത്മാവാണ്. അയം ആത്മ ബ്രഹ്മഃ എന്ന ഉപനിഷദ് വാക്യമോര്‍ക്കുക. ആത്മാവല്ലാതൊന്നുമേ ഇല്ല എന്നാണ് ഗുരുശിക്ഷണം. ആത്മാവിനെ പൂര്‍ണ്ണമായി അറിഞ്ഞാല്‍ മനുഷ്യത്വ പൂര്‍ണ്ണതയായി. മോക്ഷശാന്തിക്കായി ആത്മാവിനെ സമര്‍പ്പിക്കാനാണ് ശ്ലോകതാല്പര്യം. ആത്മാവിനെ അഗ്നിക്കു സമര്‍പ്പിക്കുവാനാണ് ഉപദേശം. അഗ്നി ബ്രഹ്മപ്രതീകമാണ്. ബ്രഹ്മത്തില്‍ ആത്മാവിനെ പൂര്‍ണ്ണമായും സമര്‍പ്പിച്ചാല്‍ ആത്മാവ് ബ്രഹ്മത്തില്‍ ലയിച്ച് മുക്തനാകും. അതിനുള്ളതാണ് അമൂല്യമായ മനുഷ്യജന്മം.

