ലോകത്ത് ഇദംപ്രഥമമായി സര്‍വ്വമതസമ്മേളനം നടന്നത് 1893-ല്‍ അമേരിക്കയിലെ ചിക്കാഗോ നഗരത്തിലായിരുന്നു. അന്ന് ഭാരതത്തെ പ്രതിനിധീകരിച്ചത് ശ്രീമത് വിവേകാനന്ദസ്വാമികളായിരുന്നു. ആ മഹാത്മാവിന്റെ മതപ്രസംഗം അമേരിക്കയിലെ സഹോദരീ സഹോദരന്മാര് ശ്രവിക്കുകയും മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു. ഭാരതീയസംസ്കാരത്തിന്റെ സുഗന്ധം പരത്തുന്ന പ്രസംഗം ആ ഭാരതീയ സന്ന്യാസിയെ അദ്വിതീയനാക്കി.
ക്ഷേത്രങ്ങള്‍ മതസ്ഥാപനങ്ങളാണ്. തത്ത്വരഹസ്യങ്ങള്‍ പൂത്തിറങ്ങി ജ്ഞാനസുഗന്ധം പരത്തുന്ന കേന്ദ്രങ്ങളായിരുന്നു ഓരോ ക്ഷേത്രവും. അവിടുന്ന് മനനം ചെയ്തനുഭവമാക്കിയ മതസത്തയുടെ വിളംബരമായിരുന്നു നാരായണഗുരു ആലുവാപ്പുഴയുടെ തീരത്ത് സംസ്ഥാപനം ചെയ്ത അദ്വൈതാശ്രമം. അവിടെ 1924 ഫെബ്രുവരി 10, 11 (കൊല്ലവര്‍ഷം 1099 കുംഭം 20, 21) തീയതികളില്‍ സംഘടിപ്പിച്ച സര്‍വ്വമതസമ്മേളനം, അദ്വൈതമതാചാര്യന് എന്ന നിലയില്‍ ശ്രീനാരായണഗുരു വിളിച്ചുചേര്‍ത്തതായിരുന്നു. ഇത് ലോകത്തെ രണ്ടാമത്തെയും ഏഷ്യയിലെ ആദ്യത്തെയും സര്‍വ്വമതസമ്മേളനം എന്ന മഹാത്ഭുതമായി. അദ്വൈതാശ്രമത്തോടു ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ സമ്മേളനനഗരിയുടെ കവാടത്തില്‍ വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് എന്ന് ആലേഖനം ചെയ്തിരുന്നു. മതം ചര്‍ച്ചാവിഷയമാകുമ്പോള്‍ ഉണ്ടാകാനിടയുള്ള മതമാത്സര്യം ആ ക്രാന്തദര്‍ശി എത്ര ലളിതമായി ഒഴിവാക്കി.
രണ്ടു ദിവസം നീണ്ടുനിന്ന മഹാസമ്മേളനത്തില്‍ ക്രിസ്തുമതത്തെ പ്രതിനിധീകരിച്ച് കെ.കെ കുരുവിളയും ഹിന്ദുമത പ്രതിനിധിയായി മഞ്ചേശ്വരം സഹോദരന്മാര് എന്നറിയപ്പെടുന്ന ശ്രീ. രാമയ്യരും ശ്രീ. രാമകൃഷ്ണയ്യരും, ഇസ്ലാംമതത്തെ പ്രതിനിധീകരിച്ച് മുഹമ്മദ് മൗലവിയും, ആര്യസമാജത്തെ പ്രതിനിധീകരിച്ച് പണ്ഡിറ്റ് ഋഷിറാമും, ബ്രഹ്മസമാജത്തെ പ്രതിനിധീകരിച്ച് സ്വാമി ശിവപ്രസാദും പങ്കെടുത്തു. പ്രസ്തുത സമ്മേളനത്തില്‍ സര്. റ്റി. സദാശിവയ്യര്‍ അദ്ധ്യക്ഷപദം അലങ്കരിച്ചു. ഈ മഹാസമ്മേളനം സംഘടിപ്പിക്കാന്‍ ഭാഗ്യം സിദ്ധിച്ച സത്യവ്രതസ്വാമികള്‍ യോഗത്തില്‍ സ്വാഗതം ആശംസിച്ചു. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന അദ്വൈതമതസംഹിതയുടെ രത്നച്ചുരുക്കം മഹാപണ്ഡിതന്മാര് രണ്ടു ദിവസം ചര്‍ച്ച ചെയ്തു. ഭിന്നാഭിപ്രായമില്ലാതെ അദ്വൈതമതം അംഗീകരിക്കപ്പെട്ടു. അദ്വൈതമതാചാര്യനായി ലോകം നാരായണഗുരുവിനെ അംഗീകരിക്കുന്നതാണ്, ഈ അനുഭവം.
ശ്രീനാരായണഗുരുവിന്റെ മഹാസമാധിക്ക് ശേഷം, താന്‍ കണ്ടെത്തി തപസ്സും വരവും നള്‍കി അനുഗ്രഹിച്ച ശ്രീധര്‍മ്മാനന്ദ ഗുരുദേവന് അദ്വൈതമതദീപശിഖ കരങ്ങളിലേന്തി.
ശ്രീധര്മ്മാനന്ദഗുരുദേവന്റെ ദിവ്യ സമാധിയെത്തുടര്‍ന്ന്, താന്‍ ജ്ഞാനം പകര്‍ന്ന് ആനന്ദസ്വരൂപമായി തെളിച്ചുവെച്ച ശ്രീജ്ഞാനാനന്ദ ഗുരുദീപം കര്‍മ്മയോഗത്തില്‍ വാണരുളുന്നു

