ഗുരുആചാര്യ-പരമ്പര

നാം ഇനിയും പൊടിച്ചുപൊടിച്ചു വരും

പ്രാഗുത്പത്തേരിദം സ്വസ്മിന്‍
വിലീനമഥ വൈ സ്വതഃ
ബീജാദഹ്കുരവത് സ്വസ്യ
ശക്തിരേവാസൃജത്സ്വയം
                     (അധ്യാരോപദര്‍ശനം)

വിത്തില്‍ നിന്നും വൃക്ഷം എപ്രകാരം പടര്‍ന്നു പന്തലിക്കുന്നുവോ, അതുപോലെ ദൈവസങ്കല്പത്താല്‍ ശക്തി സ്വയം സ്പന്ദിച്ച് പൊട്ടി മുളച്ച് വികസിച്ച് വിടര്‍ന്ന് നില്‍ക്കുന്നതാണ് പ്രപഞ്ചം. ദൈവം എന്ന ശബ്ദത്തിന് ഗുരു നല്‍കുന്ന നിര്‍വ്വചനം ജ്ഞാനം അഥവാ അറിവ് എന്നാണ്. നാം ഇനിയും പൊടിച്ചുവരും എന്ന ഗുരുമൊഴിയുടെ അര്‍ത്ഥം പുതിയ ശരീരം സംഗ്രഹിച്ചു വരുമെന്നല്ല. ജ്ഞാനബീജമാണ് അങ്കുരിച്ച് വളര്‍ന്നു പ്രകാശിക്കുന്നത്. ആ സത്യം മറ്റൊരു ജീവാത്മാവിനെ ആശ്രയിച്ചാണ് പൊടിച്ചു വരുന്നത്. ആ അവതാരജ്യോതിസ്സ് കണ്ടെത്തുന്ന ഭക്തസത്തമന്‍റെ കുണ്ഡലിനീപ്രാണനെ പടിപടിയായി തൊട്ടുണര്‍ത്തി ഇന്ദ്രിയങ്ങളേയും മനസ്സിനെയും പിന്തള്ളി ശിഷ്യന്‍റെ അന്തഃകരണ സത്തയെ ആരൂഢമായി അംഗീകരിച്ച് പൂര്‍ണ്ണപ്രജ്ഞനാക്കി ലോകരംഗത്ത് അവതരിപ്പിക്കുന്നു. അങ്ങനെ അദൃശ്യപുരുഷനായി അവതാരോദ്ദേശ്യം പൂര്‍ണ്ണമാക്കുന്നു. ഇപ്രകാരം ജ്ഞാനബീജം പൊട്ടിമുളച്ച് ഏകപൊരുളായി വിളങ്ങിയ ബ്രഹ്മജ്ഞാനിയും കര്‍മ്മയോഗിയുമായിരുന്നു ബ്രഹ്മശ്രീ ഗുരുധര്‍മ്മാനന്ദന്‍.

സ്വാമി ഗുരുധര്‍മ്മാനന്ദജിയുടെ ദിവ്യസമാധിക്കു ശേഷം താന്‍ രൂപകല്പന ചെയ്തെടുത്ത സത്ശിഷ്യനില്‍ ഇപ്രകാരം ജ്ഞാനബീജം പൊട്ടിമുളച്ച് ഏകപൊരുളായി വിളങ്ങുന്നു. അതാണ് ബ്രഹ്മജ്ഞാനിയും കര്‍മ്മയോഗിയുമായ ബ്രഹ്മശ്രീ ഗുരു ജ്ഞാനാനന്ദന്‍. അങ്ങനെ ശ്രീനാരായണ ഗുരുപരമ്പര നിര്‍വിഘ്നം ഒഴുകിക്കൊണ്ടേയിരിക്കുന്നു.