കര്‍മ്മയോഗി

ഗുരുവിന് ഉത്തമനായ ശിഷ്യനും, ശിഷ്യന് സ്വാനുഭവസ്ഥനായ ഗുരുവുമാണ് സമ്പാദ്യം എന്നത് സര്‍വ്വസമ്മതം. ശൈശവത്തിലും കൗമാരത്തിലും ഈശ്വരഭക്തിയില്‍ ശ്രദ്ധാലുവായിരുന്നു ബാലന്‍. സ്വത്തുപേക്ഷിച്ചു. സത്തന്വേഷിച്ചുളളയാത്ര ശിവഗിരി മഠത്തിലെത്തിച്ചു. മഠത്തിലെ ബാലസമാജത്തില്‍ അംഗമായി, ശ്രീനാരായണഗുരു സ്ഥാപിച്ച ഗുരുകുലത്തില്‍ ചേര്‍ന്നു. ഗുരുമുഖത്തുനിന്നും വിദ്യ അഭ്യസിച്ചു. മഹാസമാധിക്കുശേഷം സ്വാമി ധര്‍മ്മതീര്‍ത്ഥരുമൊത്ത് ചെമ്പഴന്തി ഗുരുകുലത്തില്‍ സേവനം അനുഷ്ഠിച്ചു. ഗുരുസാധന വ്രതമാക്കിയപ്പോള്‍ ഗുരുപ്രസാദം ഉണ്ടായി. അന്നൊരു രാത്രി നിദ്രയില്‍ കഴിയവെ ഗുരു അവതരിച്ച മണ്‍കുടിലില്‍ ഒരശരീരി ഉണ്ടായി. “നീ വനത്തില്‍ പോയി തപസ്സ് ചെയ്യണം” അശരീരിയെ ശരണം പ്രാപിച്ച് കുട്ടിക്കാനത്തിന് സമീപമുളള നിബിഢവനത്തില്‍ ഉഗ്രമായ തപസ്സില്‍ മുഴുകി. ആത്മനിഷ്ഠനായി.

41-ാം ദിവസം ഒരുകയ്യില്‍ പാളപ്പൊതിയും മറുകയ്യില്‍ ഊന്നുവടിയും ശിരസ്സിലൊരു പാളത്തൊപ്പിയുമണിഞ്ഞ് ഒരു ദിവ്യരൂപം തപോവാടത്തില്‍ പ്രത്യക്ഷമായി. തൊട്ടടുത്ത അരുവിയില്‍ നിന്നും കൈകഴുകുവാന്‍ ജലമെടുത്തുകൊടുത്തിട്ട് പൊതിയഴിച്ചുണ്ണുവാന്‍ ആജ്ഞാപിച്ചു. ആഹാരം കഴിച്ചു. മുമ്പില്‍ നിന്ന് പുഞ്ചിരിതൂകിയ ആ ദിവ്യരൂപം ക്ഷണമാത്രയില്‍ തിരോഭൂതമായി. ഉടന്‍ തന്നെ മുകളില്‍ നിന്നും വീണ്ടും അശരീരി ഉണ്ടായി. “തിരോധാനം ചെയ്ത ശ്രീനാരായണന്‍ തന്നെയാണ് ഞാന്‍, നീ എന്‍റെ തിരിച്ചുവരവിനെക്കുറിച്ച് ലോകത്തെ അറിയിക്കുക. ഞാന്‍ നിന്നോടു കൂടി ഉണ്ടായിരിക്കും.” സത്യസാക്ഷാത്ക്കാരം നേടിയ മഹാമുനി മാവേലിക്കര ചെറുകോല്‍ ഈഴക്കടവെന്ന ചെറുദ്വീപില്‍ ആശ്രമവും അതിനോടനുബന്ധിച്ച് ഗുരുകുലവും സ്ഥാപിച്ച് കര്‍മ്മനിരതനായി. കുഷ്ഠം, ഭ്രാന്ത് തുടങ്ങിയ മാരകരോഗങ്ങള്‍ സൗഖ്യപ്പെട്ടു. ഊമന്‍ വാചാലനായി. കുരുടനു കാഴ്ച ലഭിച്ചു. ഇങ്ങനെ ഭഗവല്‍ സാന്നിദ്ധ്യം വെളിവായി.

ശ്രീനാരായണ ദര്‍ശനങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വും ഉന്മേഷവും പകരുകയായിരുന്നു ആ യതിവര്യന്‍. ശരീരത്തില്‍ വസിക്കുന്ന ആത്മാവിന് ബുദ്ധിമനസ്സാദി ഇന്ദിയങ്ങളെ പിന്തളളി സ്വരൂപം തിരിച്ചറിഞ്ഞ് ബ്രഹ്മാനുഭവം നേടാം എന്ന് ആ വേദാന്തി ഉദ്ഘോഷിക്കുന്നു. ഈ മഹത് തത്ത്വപ്രകാരം ദേഹം വെടിയുന്ന അരൂപികളായ പരേതദേഹികള്‍ക്ക് മോചനവും മോക്ഷവും കൊടുക്കാം എന്ന് കണ്ടെത്തിയ ആ സത്യപര്യവേക്ഷകന്‍ പാപാകുലരായും ഭൂതഗ്രസ്തരായും രോഗദുരിതങ്ങളില്‍ പെട്ടുഴലുന്ന ദുഃഖിതരെ അതില്‍ നിന്നും മോചിപ്പിച്ച് ദൈവീകസമ്പത്തുളളവരാക്കി, മനുഷ്യരാക്കി മാറ്റാം എന്ന് അനുഭവസ്ഥരിലൂടെ സ്ഥാപിച്ചു.

അദ്ദേഹം സ്ഥാപിച്ച ഗുരുകുലത്തില്‍ 12 വര്‍ഷം സേവനനിരതനായി ഗുരുമുഖത്തുനിന്നും ബ്രഹ്മവിദ്യയഭ്യസിക്കുവാന്‍ ഭാഗ്യം ലഭിച്ച സുകൃതിയാണ് സേവാശ്രമാചാര്യനും കര്‍മ്മയോഗിയുമായ സ്വാമി ഗുരു ജ്ഞാനാനന്ദന്‍. ഗുരു-ശിഷ്യ പാരസ്പര്യത്തിന്‍റെ ഈ അദ്വൈതാനുഭൂതി ഏതൊരു ജിഞ്ജാസുവിനും ജ്ഞാനാനന്ദമായി ഭവിക്കും.