പഞ്ചഭൂതങ്ങളില്‍ ഒന്നാണ് ജലം. അത് ദൈവത്തിന്‍റെ വരദാനമാകുന്നു. ജലമില്ലാതെ ഭൂമുഖത്തൊരു ജീവിക്കും നിലനില്‍പ്പില്ല. ഇന്നു ശുദ്ധജലം കുടിക്കാനില്ലാതെ ജനം കഷ്ടപ്പെടുകയാണ്. മഴയെ ആശ്രയിച്ചാണ് ഭൂമിയില്‍ ജലലഭ്യത.
ഭൂപ്രകൃതിയെ ആശ്രയിച്ച്, സൂര്യനും കടലും പര്‍വ്വതവും എല്ലാം കൂടിച്ചേരുമ്പോഴാണ് മഴയുണ്ടാകുന്നത്. സൂര്യപ്രകാശം കടലില്‍ തട്ടി ജലം ആവിയായി ഘനമേഘങ്ങളായി പര്‍വ്വതത്തില്‍ തട്ടി തണുത്തു മഴ ഭൂമിയിലേക്കു വര്‍ഷിക്കപ്പെടുന്നു. ഇടവപ്പാതിയും തുലാവര്‍ഷവുമാണ് നമുക്ക് മഴക്കാലം. പണ്ടൊക്കെ സമയാസമയങ്ങളില്‍ മഴ ലഭിച്ചുകൊണ്ടിരുന്നു, അത് പ്രകൃതിനിയമം. ദൈവസങ്കല്പത്തില്‍ വിഘ്നമുണ്ടാകുമ്പോള്‍ തദനുസൃതമായ മാറ്റം പ്രകൃതിയിലുണ്ടാകും. ഭൗതികശാസ്ത്രത്തിന്‍റെ വളര്‍ച്ചയും പണത്തിന്‍റെ അതിപ്രസരവും കൊണ്ട് മനുഷ്യന്‍ വിശേഷബുദ്ധി നശിച്ച് ജന്തുസമാനം അധഃപതിച്ചു. കുറച്ചു പണക്കൊതിയډാര്‍ പര്‍വ്വതത്തിന്‍റെ ചങ്കു പറിച്ചെറിഞ്ഞു! കുന്നുകള്‍ ഇടിഞ്ഞുവീണു. പഴയകാലത്തുള്ള കുളങ്ങളും നീര്‍ച്ചാലുകളും തടാകങ്ങളും വയലുകളും എല്ലാം നികത്തി കരകളാക്കി. കെട്ടിടങ്ങളോടും മതിലുകളോടും ഭ്രമമുണ്ടായി. മൂന്നാറുപോലെയുള്ള ഭൂഭാഗങ്ങള്‍ പട്ടണങ്ങളായി. രാഷ്ട്രീയാന്ധകാരം ജനങ്ങളുടെ തലയ്ക്കു പിടിച്ചു. കടലും കായലും നികത്തി മഹാസൗധങ്ങള്‍ പടുത്തുയര്‍ത്തി. ആതുരാലയങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളുമാക്കി. ജനങ്ങള്‍ പ്രകൃതിവിരുദ്ധരായി. ഇവിടെയെല്ലാം മതങ്ങളുടേയും രാഷ്ട്രീയമേലാളډാരുടേയും സ്ഥാപിതതാല്പര്യമാണധികവും. ഇങ്ങനെ പാരിസ്ഥിതികാഘാതം മൂലം മഴയില്ലാതെയായി. ഉള്ള ശുദ്ധജലസ്രോതസ്സുകള്‍ അഴുക്കുചാലുകളായി. പമ്പാനദി പോലെയുള്ള പുണ്യനദികള്‍ മലിനപ്പെടുന്നതു ദൈവത്തിന്‍റെ പേരിലാണ്. ഭക്തിയും ദൈവചിന്തയും ഒക്കെ മനസ്സില്‍ക്കൂടി ഉണ്ടാകേണ്ടതാണ്. പിന്നെ എന്തിനാണ് പള്ളികളിലും അമ്പലങ്ങളിലും ഈ ഇടിച്ചുകയറ്റം എന്ന് മനസ്സിലാകുന്നില്ല. ജലം ദുഷിക്കപ്പെടുമ്പോള്‍ മറ്റെല്ലാ ഭൂതഘടകങ്ങളും ദുഷിക്കപ്പെടുന്നു. അങ്ങനെ ശുദ്ധവായുപോലും ലഭിക്കാത്ത സ്ഥിതിവിശേഷത്തിലാണ് കേരളം. പഞ്ചഭൂതങ്ങളുടെ ശുദ്ധീകരണം കൊണ്ടേ മാനവരാശിക്ക് നിലനില്പുള്ളൂ.
നാരായണഗുരുവിന്‍റെ കാലത്തും 1906 കാലഘട്ടത്തില്‍ മഴയില്ലാതെ ജനങ്ങള്‍ ഏറെ കഷ്ടപ്പെട്ടിരുന്നു. ജനങ്ങളുടേയും മറ്റുപ്രാണികളുടേയും കഷ്ടതകണ്ട് മനമുരുകി ഗുരുദേവന്‍ ഒരു കവിത എഴുതി. അതില്‍ നിന്നും ഏതാനും വരികള്‍ ഇവിടെ കുറിക്കാം.
മുപ്പാരൊക്കെയിതാ മുടിഞ്ഞു മുടിയില്‍
ചൊല്പ്പൊങ്ങുമപ്പും ധരി-
ച്ചെപ്പോഴും പരമാത്മനിഷ്ടയിലിരു-
ന്നീടുന്നു നീയെന്തഹോ!
ഇപ്പാരാരിനിയാളുമിപ്പരിഷയി-
ന്നാരോടുരയ്ക്കുന്നു നിന്‍-
തൃപ്പാദത്തണലെന്നിയേ തുണ നമു-
ക്കാരര്‍ദ്ധനാരീശ്വരാ!
മൂന്നുലോകവും കൊടും ചൂടില്‍ ദഹിച്ചുകൊണ്ടിരിക്കുന്നു. അല്ലയോ ദൈവമേ, ലോക പ്രസിദ്ധമായ ഗംഗാജലം തലയിലേന്തി പരമാനന്ദത്തില്‍ ലയിച്ചിരിക്കുന്ന ഈ ഭൂലോകത്തിന്‍റെ ഉടമയായ അങ്ങയോടല്ലാതെ മറ്റാരോടീ സങ്കടം ഞങ്ങള്‍ ഉണര്‍ത്തിക്കും. അല്ലയോ അര്‍ദ്ധനാരീശ്വരാ, അങ്ങയുടെ കൃപയുണ്ടാകണം, മഴ തരണം എന്ന അപേക്ഷ കാവ്യരൂപത്തില്‍ അഞ്ചുപദ്യങ്ങളായി എഴുതി യെടുത്തപ്പോള്‍ അരുവിപ്പുറത്തു മഴയുണ്ടായി. നെയ്യാറ് നിറഞ്ഞ് കവിഞ്ഞൊഴുകി. അതിനുശേഷം തലശ്ശേരി, ഇലവുംതിട്ട, മെഴുവേലി എന്നീ സ്ഥലങ്ങളിലെ ഭക്തരുടെ അപേക്ഷപ്രകാരം ഭഗവാന്‍ മഴ പെയ്യിച്ചിട്ടുണ്ട്.
മറ്റു ജീവികളേപ്പോലെ മനുഷ്യനും ഒരല്പജീവിയാണ്. അവന്‍ അറിയുന്നത് കടുകോളവും അറിയുവാനുള്ളത് കടലോളവും. അവന്‍റെ അറിവിനും കഴിവിനും പരിമിതികളുണ്ട്. ദൈവത്തെ ആശ്രയിച്ചാണ് മനുഷ്യന്‍ കുറവുകള്‍ പരിഹരിക്കേണ്ടത്. സമസ്ത ജനങ്ങളുടേയും പരമകാരണമാണ് ദൈവം. ദൈവസന്നിധിയെ ആശ്രയിച്ചു ഭജിച്ചാല്‍ ഇന്നും മഴ ധാരാളം ലഭിക്കും. അങ്ങനെ മഴലഭിച്ച ധാരാളം അനുഭവങ്ങള്‍ വിവരിക്കാനാകും. ഗുരുനിന്ദയില്‍ അഭിരമിക്കുന്ന ലോകത്തല്ല ഗുരുമഹിമയില്‍ വിലയിക്കുന്നവരുടെ ലോകത്ത.് ജാതിമതങ്ങള്‍ക്കതീതമായൊരു സംസ്കാരം വളര്‍ന്നുവരണം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അധമപൂജകളും അസ്തമിക്കണം. മനുഷ്യമനസ്സുകള്‍ പൂവ് പോലെ മൃദുവും മനോഹരവും സുഗന്ധമുള്ളതുമാകണം. അപ്പോള്‍ ഇവിടം ദേവാലയമാകും. കേരളം ജലസമൃദ്ധമാകും.
ഓം ശാന്തി.

