മദ്യമുക്ത കേരളം

ഗുരുവാക്ക്

സുലഭമായി മദ്യം ലഭിക്കുന്ന ഒരു രാജ്യം. യഥേഷ്ടം മദ്യം സേവിച്ച് കൂത്താടുന്ന ഒരു ജനസമൂഹം. മദ്യപാനം ശീലമാക്കിയ അവരോട് കുടിക്കരുതെന്ന് പറഞ്ഞിട്ട് കാര്യമില്ല. അവരുടെ ഇടയില്‍ ബോധവല്‍ക്കരണവും വേണ്ടത്ര ഗുണം ചെയ്യുകയില്ല. മദ്യശാലകള്‍ തുറന്നുവച്ചുകൊണ്ട് നടത്തുന്ന മദ്യവര്‍ജ്ജന ബോധവല്‍ക്കരണം ഒരു പ്രഹസനം മാത്രം. 

മദ്യനിരോധനവും മദ്യവര്‍ജ്ജന ബോധവല്‍ക്കരണവും ഒരേസമയത്ത് ഉണ്ടാകണം. അത് ഫലം ചെയ്യും. മദ്യത്തിന്‍റെ ഉല്പാദനം നിര്‍ത്തിവയ്ക്കുക. ബാറുകളും കള്ളുഷാപ്പുകളും അടച്ചുപൂട്ടുക. മധുരക്കള്ളും പള്ളികളില്‍ വിതരണം ചെയ്യുന്ന വീഞ്ഞും ലഹരിപദാര്‍ത്ഥങ്ങളാണ്. രണ്ടും നിര്‍ത്തല്‍ ചെയ്യുക. ചെറുതിډയില്‍ നിന്നാണ് വലിയ തിډകളിലേക്ക് മനുഷ്യന്‍ കടക്കുന്നത്. മനസ്സിനെ മദിപ്പിക്കുന്ന ചാരായവും മയക്കുമരുന്നുകളും മദ്യത്തിന്‍റെ ഗണത്തില്‍പ്പെടുന്നു.

മദ്യത്തിന്‍റെ ലഹരി പോരാ എന്നു തോന്നുന്നവരാണ് മയക്കുമരുന്നുകളിലേക്ക് തിരിയുന്നത്. മദ്യം വിഷമാണ് എന്ന് നാരായണഗുരു മന്ത്രിക്കുമ്പോള്‍ കേരളസമൂഹത്തെ മദ്യം അമൃതെന്നപോലെയാണ് ഈഴവ സമൂഹം പ്രോത്സാഹിപ്പിക്കുന്നത്. മദ്യപാനത്തെ എതിര്‍ക്കുന്ന ഒരു ചെറുവിഭാഗം എല്ലാ സമുദായങ്ങളിലും ഉണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. എന്നാല്‍ അവര്‍ക്ക് ശബ്ദമില്ല. കള്ള് ചെത്തരുത് എന്ന് ഗുരു ഉപദേശിക്കുമ്പോള്‍; കള്ള്ചെത്ത് ഈഴവന്‍റെ കുലത്തൊഴിലാണെന്നും കള്ള് ചെത്തി വില്‍ക്കണമെന്നും ശാഠ്യം പിടിക്കുകയാണ് ഈഴവ സമുദായം. തൊഴിലാളി പ്രേമം പറഞ്ഞ് ഒരുപറ്റം മുതലാളിമാര്‍ അത് വിറ്റ് പണമുണ്ടാക്കുന്നു. ഈ തൊഴിലാളി പ്രേമം രാഷ്ട്രീയക്കാരും ഏറ്റെടുത്തിരിക്കുകയാണ്. തൊഴിലാളികളെ കവചമാക്കി കച്ചവടം പൊടി പൊടിക്കുകയാണ്. മുതലാളിമാരുടെ മടിശീല വീര്‍ക്കുമ്പോള്‍ തൊഴിലാളിയുടെ കുടുംബങ്ങള്‍ മുടിയുന്നു. കോടതി വിധിപ്രകാരം മദ്യശാലകള്‍ 500 മീറ്റര്‍ മാറ്റി സ്ഥാപിച്ചു. അപ്പോഴേക്കും സര്‍ക്കാരിന്‍റെ വരുമാനം 5000 കോടി കുറഞ്ഞുപോലും. സര്‍ക്കാരും കുടിയډാരും ഒന്നിച്ചുചേര്‍ന്ന് പ്രതിവിധിതേടി കൊടതിയെ ശരണം പ്രാപിച്ചിരിക്കുകയാണ്. പാവങ്ങളായ തൊഴിലാളികളുടെ വിയര്‍പ്പിന്‍റെ ഗന്ധം ഖജനാവില്‍ നിറയുന്ന സമ്പത്തിലുണ്ട്. അമ്മമാരുടെയും കുട്ടികളുടെയും കണ്ണീരിന്‍റെ ഉപ്പുരസമതിലുണ്ട്. ചിന്ത രണ്ടുതരത്തിലുണ്ട്, ജഡീകമായ ചിന്തയും ആത്മീയമായ ചിന്തയും. ആത്മീയചിന്തയില്‍ ഉദിക്കുന്ന അറിവ് അപ്രായോഗികമെന്നും ജഡീകചിന്തയാണ് പ്രായോഗികമെന്നും വാദിച്ചേക്കാം. പാര്‍ശ്വഫലങ്ങളില്ലാത്ത പ്രായോഗികബുദ്ധിയാണ് ആത്മീയചിന്തയില്‍ പ്രകാശിക്കുന്നത്. കടംവാങ്ങി പലിശ നല്‍കി നാട് ഭരിക്കുന്നത് ഒരു കഴിവല്ല. കുടുംബമായാലും സമുദായമായാലും രാഷ്ട്രീയമായാലും കടക്കാരനായിരിക്കാന്‍ പാടില്ല. ഈ ശരീരം നിജമുള്ളതല്ല. ആത്മാവ് ഏത് സമയവും ശരീരം വിട്ടുപോകാം. മരണം എന്നൊരവസ്ഥ യാഥാര്‍ത്ഥ്യമാണ് എന്ന വിചാരം എല്ലാ മനുഷ്യനും ഉണ്ടായിരിക്കണം. മനുഷ്യന്‍ മറ്റൊരാള്‍ക്ക് കടക്കാരനാകുന്നതുപോലെ ദൈവമുന്നിലും കടക്കാരനാകരുത്. ഭാര്യയെ സ്വപ്നത്തില്‍ പോലും ഓര്‍ക്കാത്തവന്‍, അച്ഛനും അമ്മയ്ക്കും ഉണ്ണാനും ഉടുക്കാനും കൊടുക്കാത്തവന്‍-ഇവരെല്ലാം ദൈവമുന്‍പില്‍ കടക്കാരാണ്. ഇത് എഴുതിത്തള്ളാവുന്ന കടമല്ല. എല്ലാ കടങ്ങള്‍ക്കും ദൈവമുന്‍പില്‍ സമാധാനം ബോധിപ്പിക്കേണ്ടതുണ്ട്. ജീവിതത്തിന് ധാര്‍മ്മികാടിത്തറ ഉണ്ടായിരിക്കണം. ആ ധര്‍മ്മശക്തിയെ വിസ്മരിക്കുന്നതാണ് സര്‍വ്വ നാശത്തിനും കാരണം. ഭരണകര്‍ത്താക്കള്‍ക്ക് ഭരണനൈപുണ്യം വേണം. 

ഈശന്‍ ജഗത്തിലെല്ലാമാ-
വസിക്കുന്നതുകൊണ്ടു നീ
ചരിക്ക മുക്തനായാശി-
ക്കരുതാരുടെയും ധനം.

മറ്റുള്ളവന്‍റെ പണം ആഗ്രഹിക്കുന്നത് അറിവുകേടാണ്. അവനെപ്പോലെ നമുക്കും അറിവും ആരോഗ്യവും തരുന്നത് ദൈവമാണ്. എല്ലാ മനുഷ്യമനസ്സിലും ഈശ്വരനുണ്ട്. ഓരോരുത്തരുടേയും ആവശ്യം ഈശ്വരനറിയാം. ധനത്തിന്‍റെയെല്ലാം അധിപതി ഈശ്വരനാണ്. അതുകൊണ്ട് നീ ആരുടേയും പണം ആഗ്രഹിക്കാതെ ഫലേച്ഛയില്ലാതെ വേല ചെയ്യുക. ഫലം തരേണ്ടത് ഈശ്വരനാണ്. നിസ്വാര്‍ത്ഥ സേവനംകൊണ്ട് കര്‍മ്മക്കെട്ടുകള്‍ പൊട്ടി മുക്തിയുടെ മാര്‍ഗ്ഗം തുറന്നുകിട്ടും. 

മദ്യപിച്ചും മയക്കുമരുന്നുകള്‍ ഉപയോഗിച്ചും ഏതു ക്രൂരകൃത്യത്തിനും മനുഷ്യന്‍ പാകമായിരിക്കുന്നു. മദ്യം മരുന്നാണെന്ന് ഒരു വൈദ്യശാസ്ത്രവും പറയുന്നില്ല. മതഗ്രന്ഥങ്ങള്‍ മദ്യപാനത്തെ പൂര്‍ണ്ണമായും തള്ളിപ്പറയുന്നു. മദ്യപാനി ഈ ലോകത്തില്‍ അവന്‍റെ ശവക്കല്ലറ തീര്‍ക്കുന്നു, നീ ലഹരിയുള്ളതൊന്നും ഉപയോഗിക്കരുത് എന്ന് ബുദ്ധദര്‍ശനം ഉപദേശിക്കുന്നു. മദ്യപډാര്‍ സ്വര്‍ഗ്ഗരാജ്യം അവകാശമാക്കുകയില്ല, “നീ വീഞ്ഞുകുടിച്ച് മത്തനാകരുത്” എന്നും വിശുദ്ധ വേദപുസ്തകം ഉദ്ബോധിപ്പിക്കുന്നു. “ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നവര്‍ വെറിക്കൂത്തുകാര്‍ എന്നിവരെ പട്ടണത്തിനു പുറത്താക്കുക” എന്ന് വിശുദ്ധ ഖുര്‍ ആനും അനുശാസിക്കുന്നു. 

“മദ്യത്തില്‍ നിന്നും മനുഷ്യന് പാപഭാരം ചുമക്കുവാന്‍ സംഗതിയാകുന്നു. തډൂലം അവന്‍റെ താല്ക്കാലിക സൗഖ്യം സ്ഥൂലത്തിലും സൂക്ഷ്മത്തിലും ഊഹിക്കുവാന്‍ കഴിയാത്ത ഭയാനകമായ അവസ്ഥയെ പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു” എന്ന് സ്വാമി ഗുരുധര്‍മ്മാനന്ദന്‍ താക്കീതു ചെയ്തിരിക്കുന്നു. ലഹരിയുടെ ഈണത്തിലും താളത്തിലും തിരുവനന്തപുരത്ത് നന്ദന്‍കോട് ക്ലിഫ്ഹൗസിനു സമീപം സ്വന്തം മാതാപിതാക്കളെയും സഹോദരിയെയും വാല്യക്കാരിയെയും ചിരിച്ചുകൊണ്ട് കൊന്നൊടുക്കി കേഡല്‍ എന്ന കൊലയാളി ബോധത്തോടുകൂടി ചെയ്തു ഈ ക്രൂരകൃത്യം. ഭരണസിരാകേന്ദ്രത്തില്‍ നടന്ന ഈ കൊടുംക്രൂരത ഭരണാധികാരികളെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. കൊലയാളിയുടെ മനസ്സിനെയാണ് പഠിക്കേണ്ടത്. 

കഴിഞ്ഞ മന്ത്രിസഭ മദ്യനിരോധനം ഏര്‍പ്പെടുത്തി. അതില്‍ ആത്മാര്‍ത്ഥത ഉണ്ടായിരുന്നില്ല. നിരോധനത്തിന്‍റെ ചൂടാറുംമുന്‍പ് നിയമത്തില്‍ മായം ചേര്‍ത്തു. മദ്യം വില്‍ക്കാന്‍ പഴുതുണ്ടാക്കിക്കൊടുത്തു. പിന്നീടുണ്ടായ പുകില്‍ ഒന്നും മറക്കാന്‍ നേരമായിട്ടില്ല. പഴുതിട്ടവര്‍ക്ക് ദൈവം പിഴ ചുമത്തി. എല്ലാവരും സിംഹാസനം വിട്ടിറങ്ങി. അതേരീതിയില്‍ അന്നത്തെ മുന്നണിപോലും ഇന്നില്ല. മദ്യം വിറ്റ് എത്ര സദ്ഭരണം നടത്തിയാലും അത് ദുര്‍ഭരണമേ ആകുകയുള്ളൂ. മദ്യകച്ചവടം നടത്തി ഖജനാവ് നിറച്ച് ഉറച്ചിരുന്ന് ഭരിക്കാം എന്നാരും കരുതേണ്ടാ. മുന്‍പേ പോയവര്‍ക്കുണ്ടായ ദുരനുഭവമായിരിക്കും പിറകേ വരുന്നവര്‍ക്കും ഉണ്ടാവുക. ഒരു മുന്‍വിധിയുമില്ലാതെ കുറേഷാപ്പുകള്‍ പൂട്ടേണ്ടിവന്നു, ആദ്യം. കൊറോണ വ്യാപനത്തിലൂടെ എല്ലാറ്റിനും ഒന്നിച്ചു ദൈവം പൂട്ടിട്ടു. ഗവണ്‍മെന്‍റുകള്‍ക്ക് കഴിയാത്തതും ദൈവത്തിന് കഴിയും. അന്നിട്ടും പഠിക്കാത്തവര്‍ക്കുള്ള നല്ലപാഠം തുടര്‍ന്നുവരും. അതേ, നാം അറിയാതെ തന്നെ നാട് ഗുരുദര്‍ശനത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഗുരുധര്‍മ്മം ജയിക്കട്ടെ!

ഓം ശാന്തി.

Sign up now & get regular updates