മംഗലമഹാശക്തി

ഗുരുവാക്ക്

മഹാപ്രളയത്തോടെ ഉണ്ടായതാണ് ഈ പ്രപഞ്ചം. പ്രപഞ്ചമുണ്ടായെങ്കിലും പ്രളയം അവസാനിക്കുന്നില്ല. ആ അഖണ്ഡശക്തിയാണ് പ്രളയപ്രതീതിയുളവാക്കി ഇന്നും മനുഷ്യനെ സ്വാധീനിക്കുന്നത്. കാറ്റും മഴയും വെയിലും മഞ്ഞും കാലാകാലങ്ങളില്‍ തന്നുകൊണ്ടിരിക്കുന്ന ശക്തിയാണത്. ഈ അണ്ഡകടാഹശക്തിയെ അറിവ്, ദൈവം എന്നൊക്കെ പേരുനല്‍കി നാരായണഗുരു നിര്‍വ്വചിച്ചിട്ടുണ്ട്. 

ഈ മഹാശക്തിയാണ് പ്രകൃതിശക്തിയായി ചലിക്കപ്പെടുന്നത്. മനുഷ്യജീവന്‍റെ ഭാഗമായ പ്രകൃതിശക്തിയെ അറിയാതെവന്നാല്‍ പ്രകൃതിദേവത മനുഷ്യനോട് പിണങ്ങും. അതിന്‍റെ താളലയങ്ങളെല്ലാം തെറ്റും. കാറ്റും കൊടുങ്കാറ്റും ചുഴലിയും മഴയും പേമാരിയും പ്രളയവുമാകും. സൂര്യതാപമാകും. സുനാമിയാകും. ഭൂകമ്പങ്ങളാകും. ഈ പ്രകൃതിക്ഷോഭങ്ങളെ തടയുവാന്‍ മനുഷ്യനും ആധുനികശാസ്ത്രത്തിനും കഴിയില്ല. ഈ പ്രകൃതിശക്തിയെ പ്രതിരോധിക്കുവാനുള്ള മംഗലമഹാശക്തി മനുഷ്യനില്‍ ഉറങ്ങിക്കിടക്കുകയാണ്. ആ മഹാശക്തിയെ തൊട്ടുണര്‍ത്തിയാല്‍ മനുഷ്യന് അവന്‍റെ അപാരമായ കഴിവുകള്‍ തിരിച്ചറിയുവാന്‍ കഴിയും. പ്രകൃതിയോടിണങ്ങിയാണ് അതിനെ വരുതിയിലാക്കേണ്ടത്. പിണങ്ങിയാല്‍ നാശമാണ്. പ്രകൃതിശക്തി കീഴ്പ്പെട്ടുനിന്നതുകൊണ്ടാണ് വാടാനപ്പള്ളിയില്‍ കരകാര്‍ന്നെടുത്തുകൊണ്ടിരുന്ന കടലിനെ ഗുരു ശാസിച്ചുനിര്‍ത്തിയത്. സുനാമിത്തിര വന്നിട്ടും വാടാനപ്പള്ളിക്കരയെ സ്പര്‍ശിച്ചില്ല. സ്വര്‍ഗ്ഗവും ഭൂമിയും പാതാളവും നിറഞ്ഞ്, തിങ്ങി, ഘനീഭവിച്ചുനില്‍ക്കുകയാണ് ഈ അണ്ഡകടാഹശക്തി. 

പര്‍വ്വതങ്ങളും മലയും മണ്ണും മാമരങ്ങളും ആന, കടുവ, പക്ഷി, പാമ്പ് തുടങ്ങി സകല ജീവജാലങ്ങളും കായലും പുഴയും കടലുമെല്ലാം ഈ ഏകശക്തിയുടെ പ്രതിഛായകളാണ്. “ഓം ലോകാനുരൂപായ നമ:”. എറുമ്പു മുതല്‍ സൂര്യന്‍ വരെയെല്ലാം ശക്തിയുടെ രൂപങ്ങളാണ്. ഈ ശക്തിയെ ഒരിടത്തും കാണുവാന്‍ കഴിയുന്നില്ല, മറിച്ച് അതിന്‍റെ പ്രവര്‍ത്തനം കൊണ്ട് ഊഹിച്ചറിയാനേ കഴിയൂ. അഗ്നിയില്‍ വിറക് വീണ് ചാമ്പലാകുന്നതുകൊണ്ട് അഗ്നിക്ക് ദാഹകശക്തിയുണ്ടെന്ന് ഊഹിച്ചറിയാം. കാറ്റുവീശുന്നതുകൊണ്ട് വായുവിന് ചലനശക്തിയുണ്ടെന്ന് ഊഹിച്ചറിയാം. ജലത്തില്‍ ഉപ്പ് ലയിക്കുന്നതുകൊണ്ട് ജലത്തിന് ലയനശക്തിയുണ്ടെന്ന് ഊഹിച്ചറിയാം. ആന തടി പൊക്കിയെടുക്കുന്നതുകണ്ടാല്‍ ആനയ്ക്ക് ശക്തിയുണ്ടെന്ന് ഊഹിച്ചറിയാം. ഈ ശക്തിസ്തംഭങ്ങള്‍ തിരിച്ചറിയാതെ പാറക്കൂട്ടങ്ങള്‍ പൊട്ടിച്ച് തകര്‍ത്തെറിഞ്ഞു. ഭൂമി ഖനനംചെയ്ത് മണ്ണും സ്വര്‍ണ്ണവും പെട്രോളും കല്‍ക്കരിയുമെല്ലാം ഊറ്റിയെടുത്തു. മണലൂറ്റി നദികളുടെ ഗതിതന്നെ തടഞ്ഞു. പാടശേഖരങ്ങള്‍ നികത്തി വമ്പന്‍ കെട്ടിടങ്ങള്‍ പണിതുയര്‍ത്തി. ജലം ഒഴുകാനുള്ള നിര്‍ഗ്ഗമനനാളികള്‍ അടച്ചുകളഞ്ഞു. പ്രകൃതി ദുര്‍ബ്ബലമായി. അതിന്‍റെ താളംതെറ്റി. ഇതെല്ലാം സ്വയം കൃതാനര്‍ത്ഥമാണെന്ന് മന്ദബുദ്ധികളായ നമ്മള്‍ അറിയുന്നുണ്ടോ? പ്രകൃതിക്കേല്‍ക്കേണ്ടി വന്ന ഓരോ മുറിവും മനുഷ്യഹൃദയത്തിനേല്‍ക്കുന്ന ഉണങ്ങാത്ത മുറിവുകളാണെന്ന് പ്രളയം പഠിപ്പിക്കുന്നു. ആഘാതത്തിനൊരു പ്രത്യാഘാതം അത് പ്രകൃതിനിയമം. 

പ്രകൃതിക്ഷോഭം വലിയ നാശം വിതച്ചെങ്കിലും മനുഷ്യരിലെ അറിവിനെ ഉണര്‍ത്തുന്ന പ്രകൃതിയുടെ കനിവുകൂടിയായിരുന്നു പ്രളയവും ഓഖിയും സുനാമിയും മറ്റും. അതുണ്ടാകാനുള്ള പശ്ചാത്തലംകൂടി സൂചിപ്പിക്കാം. ലൈംഗീകാതിക്രമങ്ങളും അമ്മമാരോടുള്ള അനാദരവും, മുക്കിന് മുക്കിന് തുറന്നുവച്ചിട്ടുള്ള മദ്യശാലകള്‍, അറവുശാലകള്‍, വേശ്യാലയങ്ങള്‍, കള്ളുചെത്ത്, കള്ളډാരുടേയും കൊള്ളക്കാരുടേയും തട്ടിപ്പുവീരډാരുടേയും വിളയാട്ടം, ചുംബനസമരം. അവസാനം കന്യാസ്ത്രീകള്‍ക്കുപോലും നിലനില്‍പ്പില്ലാതെയായി. മൂല്യങ്ങള്‍ ചവറ്റുകുട്ടയില്‍! അവസാനം ആ ധര്‍മ്മം സടകുടഞ്ഞെഴുന്നേറ്റു. ആ ധര്‍മ്മശക്തി രോക്ഷം പൂണ്ടതാണ് മഹാപ്രളയത്തിന് കാരണം. പ്രളയത്തില്‍ക്കൂടി ചിലശാസ്ത്രതത്ത്വങ്ങള്‍ ചുരുളഴിയുന്നു. സത്രത്തില്‍ വന്നിരുന്ന് വിശ്രമിച്ചുമടങ്ങുന്നതുപോലെയാണ് മനുഷ്യന്‍റെ ഭൂവാസം. അതൊരല്പകാലമാണ്. വരുമ്പോ ഒന്നും കൊണ്ടുവരുന്നില്ല; ഇടക്കാലത്ത് സമ്പാദിച്ചതൊന്നും മരണസമയം കൊണ്ടുപോകുന്നുമില്ല. അപ്പോള്‍ ഇതിന്‍റെയൊന്നും അവകാശി നമ്മളാരുമല്ല എന്ന് തിരിച്ചറിയണം. ആ മഹാശക്തിയുടെ നിയന്ത്രണത്തിലാണെല്ലാം. പ്രളയജലത്തില്‍ വീടുകള്‍ മുങ്ങിയപ്പോള്‍ ഉടുതുണിക്ക് മറുതുണിപോലും കരുതാതെ എല്ലാം ഇട്ടെറിഞ്ഞ് ക്യാമ്പുകളിലേക്കോടി. എത്രയോ പേര്‍ക്ക് തിരിച്ചുവരാനാകാതെപോയി. മടങ്ങിവന്നവര്‍ക്കോ ഒന്നും അവശേഷിച്ചിരുന്നുമില്ല. ഇതെല്ലാം പ്രകൃതിദേവതയുടെ കളിയെന്ന് തിരിച്ചറിയണം.

പ്രളയത്തിലകപ്പെട്ടുപോയ ഹതഭാഗ്യരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് കൊണ്ടുവന്ന് ക്യാമ്പുകളില്‍ താമസിപ്പിക്കുന്നതിനും അവര്‍ക്കാവശ്യമായ ശുദ്ധജലവും ഭക്ഷണവും മരുന്നും വസ്ത്രവും എല്ലാം എത്തിച്ച് സാന്ത്വനിപ്പിച്ച മലയാളിയുടെ സ്നേഹവും സേവനതൃഷ്ണയും ഒരുമയും സഹനവും വേണ്ടിവന്നാല്‍ ജീവത്യാഗം ചെയ്യുവാനുള്ള ത്യാഗസന്നദ്ധതയും അഭിമാനത്തോടുകൂടിയല്ലാതെ ഒരുമനുഷ്യനും ഓര്‍മ്മിക്കുവാന്‍ കഴിയുകയില്ല. രാഷ്ട്രീയവൈരങ്ങളെല്ലാം മാറ്റിവച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഏകമനസ്സോടെ സന്ദര്‍ഭത്തിനൊത്ത് ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. അപ്പോള്‍ ഒരു മുഖ്യമന്ത്രിക്കുണ്ടായിരിക്കേണ്ട എല്ലാ ഗുണങ്ങളും അദ്ദേഹത്തില്‍ പ്രകടമായി ശോഭിച്ചു. അങ്ങനെ മലയാളികള്‍ എല്ലാവര്‍ക്കും മാതൃകയായി. എത്രസമയംകൊണ്ടാണ് മലയാളി ഇത്രയും മാറിയത്? നവോത്ഥാന നായകന്‍കൂടിയായ ശ്രീനാരായണനാണ് മലയാളിയെ പരീക്ഷിച്ച് പരിഷ്ക്കരിച്ചുകൊണ്ടിരിക്കുന്നത്. 

“ജാതിമതവര്‍ഗ്ഗഭിന്നതകള്‍ എത്തിനോക്കിയതേയില്ല. എല്ലാത്തരം സ്പര്‍ദ്ദകള്‍ക്കും അതീതമായി വിവിധ ജനവിഭാഗങ്ങള്‍ ഒത്തൊരുമിക്കുന്ന കാഴ്ചയാണ്; ദൈവത്തിന്‍റെ സ്വന്തം നാടെന്ന ഖ്യാതി സാര്‍ത്ഥകമാക്കിക്കൊണ്ട് എല്ലാ ദുരിതാശ്വാസകേന്ദ്രങ്ങളിലും പ്രകടമായത്. ജാതിഭേദവും മതദ്വേഷവുമില്ലാതെ എല്ലാവരും സോദരത്വേന കഴിയുന്ന രംഗങ്ങള്‍ കണ്ട് മനുഷ്യത്വമുള്ളവരൊക്കെയും അഭിമാനംപൂണ്ടു. ലോകത്തെ മാതൃകാലോകമാക്കി ഉയര്‍ത്തുന്നതില്‍ ഗുരുദേവദര്‍ശനത്തിനുള്ള ഇന്ദ്രജാല ശക്തിയെന്താണെന്ന് ഈ അവസ്ഥ വിളംബരം ചെയ്യുന്നു”. അനുഗ്രഹീതനായ പ്രൊഫ. എം.കെ.സാനുമാസ്റ്ററുടെ ഈ ദാര്‍ശനികബോധം ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ സുദൃഢമാകട്ടെ! ഈ രണ്ടുസംഭവങ്ങളുടേയും കര്‍മ്മകര്‍ത്തൃത്വം നാരായണഗുരുവിനുള്ളതെന്ന് പ്രത്യേകം പരാമര്‍ശിച്ചുകൊള്ളട്ടെ!

Sign up now & get regular updates