അക്ഷരവിഗ്രഹം

ഗുരുകവനം

അക്ഷരവിഗ്രഹം (കവിത)

പഞ്ചഭൂതങ്ങളലിഞ്ഞലിഞ്ഞുണ്മയായ്
ദേഹിയും ദേഹവുമെന്ന സങ്കല്പവും
കണ്ണാടിയും വിളക്കും ഹാ പ്രതീകമായ്
ഉപമിച്ചുണ്മയെ കാണുക സാദരം
ആരാധിച്ചന്ധരായ് അന്ത്യം ഭവിക്കാതെ
ആരാധിച്ചക്ഷര ബോധമുണര്‍ത്തുക
അന്ധവിശ്വാസമനാചാരമാദികള്‍
ആത്മനാശത്തിന് ഹേതുഭൂതം സഖേ!
സത്യസ്വരൂപനെ നിത്യം ഭജിക്കണം
ഞാനെന്ന ഭാവമുദിക്കാതിരിക്കണം
പലദൈവമില്ല ‘ഒരു ദൈവമേവം’
എന്ന സനാതന ധര്‍മ്മം പുലരണം
ക്ഷേത്രങ്ങള്‍, ബിംബങ്ങള്‍, മന്ത്രങ്ങളൊക്കെയും
ആത്മപ്രതീകങ്ങള്‍ സത്യസങ്കല്പങ്ങള്‍
നിത്യസ്വരൂപനാമീശ്വരന്‍ വാഴുന്ന
ക്ഷേത്രമാണീദേഹ തത്വം പ്രണാമ്യഹം.
ദേഹാന്തര്‍ഭാഗത്തരുളായ് പൊരുളായ്
പരം പ്രകാശിക്കും വിദ്യയാണീശ്വരന്‍
വായുവും വെളളവുമഗ്നിയും ചേരുന്ന
മൂലപ്രകൃതിയെ വിദ്യയെന്നോതുന്നു
ലിംഗഭേദങ്ങളില്ലാതെയഭേദമായ്
ഭാവം പകരുന്നു വിദ്യയേവര്‍ക്കുമായ്
വിദ്യയെ ചൂഷണം ചെയ്യുന്ന മൂഷികാ
നീയെന്തറിയുന്നു ഹന്ത! സന്താപമേ
ശബ്ദഗന്ധാദികള്‍ നാമെന്നറിയുക
സത്യധര്‍മ്മാദികള്‍ കാത്തു സൂക്ഷിക്കുക
‘ഓമെന്ന്’ നാവിലുണര്‍ന്നുരുവാകട്ടെ
അ,ഉ,മകാരാദി നാമെന്നറിയട്ടെ
അക്ഷരവിഗ്രഹം പാരം പ്രതിഷ്ഠിച്ചു
അര്‍ഘ്യപൂജാദികള്‍ ചെയ്യുവിനേവരും.

Sign up now & get regular updates