



ശ്രീനാരായണഗുരു ദൈവം തന്നെ
‘ഓം നമോ നാരായണായ?’ എന്നാണോ ‘ഓം ശ്രീനാരായണ പരമഗുരവേ നമഃ’ എന്നാണോ നാം ഭജിക്കേണ്ടത് എന്ന വാദവും പ്രതിവാദവും സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറേ കാലമായി. രണ്ടായാലും എനിക്ക് ഗുരു സര്‍വ്വസ്വവുമാണ്. സര്‍വ്വാന്തര്യാമിയാണ്. അനുഭവംകൊണ്ട് നാം പ്രബുദ്ധരാകുന്നു. സ്വതന്ത്രരാകുന്നു. അനുഭവമാണ് വിദ്യയിലേക്കുള്ള വാതില്‍. അത് നമ്മെ ഉരുക്കി മിനുക്കും. മനുഷ്യനെ പുനര്‍നിര്‍മ്മിക്കും. ജ്ഞാനകോവിദനാക്കും. അത് സ്വാനുഭവത്തിന്‍റെ വെളിച്ചമാണ്. എല്ലാം തെളിക്കുന്ന വെളിച്ചം. കോയിക്കല്‍ ശ്രീ. രഘുവും ശ്രീമതി പൊന്നമ്മയും ആണെന്‍റെ മാതാപിതാക്കള്‍. മുഴുക്കുടിയനായിരുന്ന അച്ഛനെ തിരുത്തി സ്വാത്വികനും കുടുംബത്തിന്‍റെ ഐശ്വര്യവുമാക്കി മാറ്റി, ആദ്യം ഗുരു. കൂലിപ്പണം കള്ളുഷാപ്പില്‍ കെട്ടിവച്ച് തീരുവോളം കുടിച്ച് മരിച്ച് നാശം കഴുകനെപ്പോലെ വട്ടമിട്ട് പറക്കുമ്പോഴാണ് സേവാശ്രമത്തിലെ അത്ഭുതരോഗശാന്തിയെക്കുറിച്ച് അറിയാന്‍ കഴിഞ്ഞത്. അതുവരെയുണ്ടായിരുന്ന സകല വിശ്വാസങ്ങളേയും ആചാരാനുഷ്ഠാനങ്ങളേയും ആഹാരമര്യാദകളേയും തിരുത്തിക്കുറിച്ചതായിരുന്നു സേവാശമാചാര്യന്‍ സ്വാമി ഗുരു ജ്ഞാനാനന്ദജി ഉപദേശിച്ചു തന്ന ശ്രീനാരായണഗുരുവിന്‍റെ പഞ്ചധര്‍മ്മങ്ങള്‍. സത്യം, ആസ്തേയം, അഹിംസ, അവ്യഭിചാരം, മദ്യവര്‍ജ്ജനം. പഞ്ചധര്‍മ്മങ്ങളുടെ സാക്ഷാത്ക്കാരത്തിന് പഞ്ചമഹാ പാപങ്ങളായ മദ്യപാനം, വ്യഭിചാ രം, ഹിംസ, പരദ്രോഹം, ബഹുദൈവാരാധന ഇവ മനസാ, വാചാ, കര്‍മ്മണാ ഉപേക്ഷിച്ച് പഞ്ചശുദ്ധികളായ ഗൃഹശുദ്ധി, വാക്ശുദ്ധി, മന:ശുദ്ധി, ശരീരശുദ്ധി, കര്‍മ്മശുദ്ധി ഇവ പരിപാലിച്ച് ഏകദൈവത്തില്‍ സമര്‍പ്പിതമാനസ്സമായി പ്രാര്‍ത്ഥിക്കാന്‍ ആദ്യം പഠിപ്പിച്ചു. നിത്യപ്രാര്‍ത്ഥനയില്‍ പങ്കാളികളായി. പിന്നെ എല്ലാം അത്ഭുതമായിരുന്നു. വ്യക്തികളും കുടുംബവും പരിഷ്ക്കരിക്കപ്പെട്ടു. മദ്യപാനശീലത്തില്‍ നിന്ന് വിമുക്തനായ പിതാവ്, ഗുരുവിന്‍റെ സ്നേഹാതിശയം ആവോളം പകര്‍ന്നു. അന്ന് ഞാന്‍ കുട്ടിയാണ്. മാറ്റം മനസ്സിലാകുന്നെങ്കിലും അതിലെ ഗുരു വെന്ന പൊരുള്‍ തിരിച്ചെടുക്കാനായിരുന്നോ എന്നു സംശയം.
കണക്ക് ഐശ്ചിക വിഷയമായി ഡിഗ്രി നല്ല മാര്‍ക്കോടെ പാസ്സായി. വൈകിയില്ല, വിവാഹാലോചനകള്‍ വന്നുതുടങ്ങി. ഒന്നില്‍ ഉറച്ചു. ഞാനങ്ങനെ പല്ലാരിമംഗലം പുലി പ്രവടക്കതില്‍ ശ്രീ. അനില്‍കുമാറിന്‍റെ ഭാര്യയായി. ഭര്‍ത്താവിന് സൗത്ത് ആഫ്രിക്കയിലാണ് ജോലി. വിവാഹജീവിതം മറ്റൊരനുഭവതലമാണ്.
അവിടുന്നാണ് അടുത്ത തുടക്കം. എനിക്കുണ്ടായ ഭഗവാന്‍ ശ്രീനാരായണന്‍റെ മഹാസമാധിക്കു ശേഷമുള്ള തിരിച്ചുവരവിന്‍റെ പ്രത്യക്ഷാനുഭവം; അതാണ് എനിക്ക് വായനക്കാരുമായി പങ്കുവയ്ക്കുവാനുള്ളത്.
വിവാഹം കഴിഞ്ഞ് നാലു വര്‍ഷത്തിനു ശേഷമാണ് ഞങ്ങള്‍ക്കൊരു പെണ്‍കുഞ്ഞ് ജനിച്ചത്. ഗര്‍ഭം ധരിച്ചത് മുതല്‍ ഒരു പ്രഗത്ഭനായ ഡോക്ടറുടെ കീഴില്‍ എല്ലാ ചികിത്സകളും സ്കാനിങ്ങുകളും നടത്തിപ്പോന്നു. എല്ലാ പരിശോധനകളും അനുകൂലം. ഏറ്റവും മിടുക്കനായ ഒരു കുട്ടിതന്നെ ഞങ്ങള്‍ക്ക് ജനിക്കുമെന്ന് ഡോക്ടറിന് ആത്മവിശ്വാസം. അദ്ദേഹം ഇക്കാര്യം ഞങ്ങളോട് പങ്കുവയ്ക്കുകയും ചെയ്തു. ഒന്‍പത് മാസം പൂര്‍ത്തിയായതോടെ ഓപ്പറേഷനിലൂടെ ഒരു പെണ്‍കുഞ്ഞ് ജനിച്ചു.
അതു വരെ, കുട്ടി ഒരു സങ്കല്പമായിരുന്നു. സ്വന്തം ചെറുപ്പകാലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍, ചുറ്റുപാടുകളില്‍ കണ്ടനുഭവിച്ചതില്‍ നിന്നും വായനയില്‍ നിന്നുമൊക്കെയായി ഉരുവായ ഒരു സങ്കല്പം. സങ്കല്പത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തി ലേക്കുള്ള ദൂരം ഒരു മയങ്ങി ഉണര്‍വിന്‍റെ ദൈര്‍ഖ്യം മാത്രമായി. മയങ്ങി ഉണര്‍ന്നപ്പോള്‍ കുഞ്ഞ് സങ്കല്പത്തില്‍ നിന്ന് സ്ഥല ശരീരമായി കണ്ണു നിറച്ചു. കാഴ്ച മനക്കടലിരമ്പത്തിന്‍റെ ആവേശം ഉള്‍ക്കൊണ്ടിരുന്നു. ഇടയ്ക്കെപ്പോഴോ മയക്കത്തില്‍ നിന്ന് ശരീരമെന്നപോലെ മനസ്സും ഉണര്‍ന്നു തുടിച്ചു. ഉള്ളം നൊന്തിരുന്നോ? മനസ് നൊന്തിരുന്നോ? രണ്ടു ദിവസം കടന്നുപോയി. മൂന്നാം ദിവസം കുഞ്ഞിന്‍റെ നിറം മാറ്റം ആശങ്കയില്‍ നിര്‍ത്തി. മണിക്കൂറുകള്‍ എണ്ണിനീക്കി. മുന്നേറുംതോറും മഞ്ഞനിറത്തിന് കനമേറിക്കൊണ്ടിരുന്നു. ഒടുവില്‍ ഭര്‍ത്താവും എന്‍റെ അമ്മയും കൂടി കുട്ടിയെ തട്ടാരമ്പലത്തിലുള്ള വി.എസ്.എം ആശുപ്രതിയിലെ ഡോ.പി.എസ്.ഹരീഷിനെ കാണിക്കുവാന്‍ തീരുമാനിച്ചു. കുഞ്ഞിനെ മൊത്തത്തില്‍ ഒന്നു നിരീക്ഷിക്കാന്‍ ഡോക്ടറോട് ആവശ്യപ്പെടണമെന്ന് ഞാന്‍ പ്രത്യകം നിര്‍ദ്ദേശിച്ചു. അവളില്‍ എന്തൊക്കെയോ പ്രത്യേകതകള്‍ ഉണ്ട്. മനസ് അടങ്ങുന്നില്ല. സംശയങ്ങള്‍ ആധിയാവാന്‍ ഇടമുള്ളതു പോലെ മനസ്സ് കുത്തി ഉണര്‍ത്തി ക്കൊണ്ടിരുന്നു. ഭാഗ്യം, ഡോക്ടറിന് പ്രത്യേകിച്ചൊന്നും തോന്നിയില്ല. ഭര്‍ത്താവിന്‍റെ ആശങ്കകള്‍ക്ക് ഡോക്ടര്‍ കൃത്യമായ ഉത്തരം നല്‍കി. കുഞ്ഞിന് ഭാരം 3.250 കിലോഗ്രാം ഉണ്ട്. വലിപ്പമുള്ളതുകൊണ്ടാവാം, കുഞ്ഞിന്‍റമ്മയ്ക്ക് സംശയം. ബിലീറുബിന്‍ രക്തത്തില്‍ കൂടുതലുണ്ട്. എത്രയും പെട്ടെന്ന് അടുത്തുള്ള ആശുപത്രിയിലെ എന്‍. ഐ.സി.വിയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദ്ദേശം തന്നു. അങ്ങനെ കായംകുളത്തെ എബനേസര്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റായി. അവിടെ ചികിത്സിച്ച ഡോ.ഗോള്‍ഡി ഉദയനോട് ഞാന്‍ തന്നെ എന്‍റെ സംശയങ്ങള്‍ അവതരിപ്പിച്ചു. വിശദീകരിച്ചു. ഇതൊക്കെയും എന്‍റെ തോന്നലാണന്നായിരുന്നു ഡോക്ടറുടെ നിഗമനം. എങ്കിലും എന്‍റെ സമാധാനത്തിനെന്നപേരില്‍ എക്കോ, കാര്‍ഡിയോഗ്രാഫി, അള്‍ട്രാസൗണ്ട് സ്കാനിംഗ് (അടിവയറ്റിലും തലച്ചോറിലും) എന്നിവ ചെയ്ത് നോക്കാമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശം വച്ചു. റിസള്‍ട്ട് എന്‍റെ സംശയത്തോട് ചേര്‍ന്നിരിക്കുന്നു. എന്‍റെ സര്‍വ്വനിയന്ത്രണവും വിട്ടുപോയിരുന്നു. ഞാന്‍ അലറിക്കരഞ്ഞു. എന്നെ സമാശ്വസിപ്പിക്കാന്‍ ഡോക്ടര്‍ നന്നേ ശ്രമപ്പെട്ടു. രണ്ടു മാസം നോക്കാം. പിന്നെ എം.ആര്‍.ഐ. സ്കാന്‍ ചെയ്ത് വിശദമായി നോക്കാമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. അപ്പോഴേക്കും ബിലീറൂബിന്‍ നോര്‍മ്മല്‍ സ്റ്റേജില്‍ എത്തിയിരു ന്നു. കുഞ്ഞിന്‍റെ ഭാരവും കുറഞ്ഞു. എങ്കിലും കുഞ്ഞിന്‍റെ രൂപഭാവങ്ങളില്‍ പകടമായ മാറ്റമൊന്നും ഉണ്ടായതായി തോന്നിയില്ല. രണ്ടു മാസം കഴിഞ്ഞ് എം.ആര്‍.ഐ ഉണ്ടല്ലോ അപ്പൊ നോക്കാം എന്ന ചിന്ത യോടെ വീട്ടിലേക്ക് മടങ്ങി. പക്ഷെ എന്‍റെ നോട്ടം സദാപി കുഞ്ഞിന്‍റെ പ്രത്യേകതകളില്‍ ഉടക്കിക്കൊണ്ടി രുന്നു. രണ്ടുമാസം കടന്നുപോയതറിഞ്ഞില്ല. കാഴ്ച്ചക്കാരുടെ നോട്ടവും ഭാവപ്പകര്‍ച്ചയും എന്നെ അലോസരപ്പെടുത്തുന്നതായിരുന്നു. മുറവിളിയെ ദൈവവിളിയാക്കി മാറ്റാന്‍ എനിക്ക് കഴിഞ്ഞിരുന്നു എന്നു തോന്നുന്നു. അന്ന് എം. ആര്‍.ഐ സ്കാന്‍റെ റിസള്‍ട്ട് വരുന്ന ദിവസം ദൈവത്തെ കൂടുതല്‍ വിളിച്ചു മുറുകെപിടിക്കാന്‍ ശ്രമിച്ചു. പിടിച്ചാല്‍ മുറുകാന്‍ അത് ശരീരമല്ലെന്നും നില്‍ക്കാന്‍ അതു ചലിക്കുന്നതല്ലെന്നും അറിയാമായിരുന്നിട്ടും.
എം.ആര്‍.ഐ റിസള്‍ട്ട് കിട്ടി. തലച്ചോറിന് യാതൊരു കുഴപ്പവുമില്ല. എം. ആര്‍.ഐ ആവാം ശരി. കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞ് ഡോക്ടര്‍ എന്നെ സമാധാനിപ്പിച്ചയച്ചു. ഞാന്‍ ദിവസങ്ങളല്ല നിമിഷങ്ങള്‍ എണ്ണി ക്കൊണ്ടിരുന്നു. മാസം മൂന്നായി, നാലായി. കുഞ്ഞ് കമഴ്ന്നു വീണു. അവിടെയും എന്തെങ്കിലും കുഴപ്പമുണ്ടോ? അസ്വാഭാവികത എന്തെങ്കിലും ഉണ്ടോ? നിരീക്ഷണം ആവാം, പക്ഷെ പരീക്ഷിക്കാന്‍ കഴി യില്ലല്ലോ. ഞാനാലോചിക്കും, പല ചിന്തകള്‍ എന്നെ അലട്ടിയിട്ടും അവയൊന്നും ഡോക്ടര്‍മാരെ അലട്ടിയില്ലല്ലോ? ഇനി എന്‍റെ സങ്കല്‍പ്പത്തിന്‍റെ, ചിന്തയുടെ, അറിവിന്‍റെ കുഴപ്പമാണോ? എത്രയാലോചിച്ചിട്ടും ചിന്തകളെ കുറയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. ചിന്തകള്‍ക്ക് കുഞ്ഞിനെ മാറ്റാനും കഴിയില്ലല്ലോ. ചിന്തയുടെ ലോകം മാറിക്കൊണ്ടിരുന്നു. അതു പോലെ മനുഷ്യരുടെ നോട്ടവും വാക്കും. പല ദിവസങ്ങളായി കമഴ്ന്നു വീഴുന്ന കുട്ടിതല ചലിപ്പിക്കുന്നില്ല, ഉയര്‍ത്തുന്നില്ല. ഉയര്‍ത്തേണ്ടതല്ലേ, ഇ പ്രായത്തില്‍? നിരീക്ഷണം പുതിയൊരു അറിവിലേക്ക് എത്തിക്കുകയായിരുന്നു. ആരും അറിയാന്‍ ഇഷ്ടപ്പെടാത്തൊരറിവ്.
ഇഷ്ടപ്പെടാത്തത് സ്വന്തമായാല്‍, ക്രമേണ അതിനോട് താദാത്മ്യം പ്രാപിക്കും, അത് ദുഖയാലും. അതാണല്ലോ മനുഷ്യസ്വഭാവം. പക്ഷേ, അത്രത എളുപ്പമാകുമോ? പ്രത്യേകിച്ചും ഈ സമൂഹത്തില്‍. അജ്ഞതയും അഹം ഭാവവും മാത്രം നിഴല്‍വിരിച്ചാടുന്ന ഈ സമൂഹത്തില്‍. എന്‍റെ പുതിയറിവ്, സമൂഹത്തിലേക്ക് നോക്കാനുള്ള എന്‍റെ മനോശക്തിയെ തകര്‍ക്കുന്നതായിരുന്നു.
ഞാന്‍ ഒറ്റപ്പെട്ടതുപോലെ, ഈ സമൂഹത്തിന്‍റെ ഭാഗമല്ലാതായതുപോലെ, സമൂഹത്തിന് ഞാന്‍ വേറിട്ട വസ്തുവായതുപോലെ. കുഞ്ഞിന്‍റെ പിടലി ഒടിഞ്ഞതുപോലെ വീണുകിടക്കുന്നു. എങ്ങോട്ടു തിരിച്ചുവെച്ചാലും അങ്ങോട്ടിരിക്കും. ഇങ്ങോട്ടേക്ക് വരണമെങ്കില്‍ വീണ്ടും തിരിക്കണം! അവിടെയും തീര്‍ന്നില്ല, അടിക്കടിയുള്ള പനി ആശങ്കകളുടെ വിസ്തൃതി വര്‍ദ്ധിപ്പിച്ചു. സങ്കടങ്ങളും വാരിയെടുത്ത് വീണ്ടും ആശുപത്രിയില്‍ അഭയപ്പെട്ടു. ഇത്തവണ, ഡോക്ടറിന് അധികം ചിന്തിക്കേണ്ടിവന്നില്ല. കുഞ്ഞിനെ തിരുവനന്തപുരം എസ്.എ.റ്റി.ഹോസ്പിറ്റലിലെ പീഡിയാട്രിക് ന്യൂറോളജിയിലേക്ക് റഫര്‍ ചെയ്തു. അവിടെനിന്ന്, അതിന്‍റെ തന്നെ ഭാഗമായ പീഡിയാടിക് ജനിറ്റിക്സ് ഡിപ്പാര്‍ട്ടുമെന്‍റിലേക്ക് റഫര്‍ ചെയ്തു. അതിന്‍റെ മേധാവി ഡോ. വി.എച്ച്.ശങ്കറിനെ കണ്ടു. അദ്ദേഹത്തിനും അധികം ചിന്തിക്കേണ്ടിവന്നില്ല. കുട്ടിയുടെ രക്തം കാരിയോടൈപ്പിംഗ് ചെയ്യാനായി വെല്ലൂരിനയയ്ക്കാനുള്ള തീരുമാനം ഞങ്ങളെ അറിയിച്ചു. അപ്പോള്‍ ഒരു കാര്യം കൂടി മനസ്സിലായി ഈ റഫര്‍ ചെയ്യുക എന്നു വച്ചാല്‍, കയ്യൊഴിയലാണ്. കൂടുതല്‍ പറയേണ്ട, സമാധാനിപ്പിക്കേണ്ട, ബോധ്യപ്പെടുത്തേണ്ട, അനുമാനങ്ങള്‍ വേണ്ട. ഇനി എന്ത് എന്നറിയാനുള്ള ആകാംഷയില്‍ നാമോടിക്കൊണ്ടിരിക്കും. ഒടുവില്‍ എല്ലാംകൂടി ഒന്നിച്ചുവരും. എടുക്കണോ, കൊടുക്കണോ, കളയണോ, വെറുക്കണോ എന്നറിയാതെ വലഞ്ഞുപോകുന്ന സങ്കീര്‍ണ്ണമായ അവസ്ഥ. കാരിയോടൈപ്പിംഗിന്‍റെ റിസള്‍ട്ട് വന്നപ്പോള്‍ ഡോക്ടര്‍ അധികസമയം എന്നോട് സംസാരിച്ചു. അതുവരെ പറയാതിരുന്നതെല്ലാം ചേര്‍ത്ത്, ഇനി നാളെ പറയാന്‍ ബാക്കിവെക്കേണ്ട എന്ന് തീരുമാനിച്ചതുപോലെ. എന്‍റെ സംശയങ്ങള്‍ക്ക് അടിവരയിടുന്നതായിരുന്നു പരിശോധനാ റിപ്പോര്‍ട്ട്. മകള്‍ക്ക് “ഡൗണ്‍ സിന്‍ഡ്രാം” എന്ന ജډവൈകല്യം. സംശയിച്ച രോഗമായിട്ടും, പ്രതീക്ഷിച്ച ഉത്ത രമായിരുന്നിട്ടും ഭൂമി കീഴ്മേല്‍ മറിയുന്നതുപോലെ തോന്നി. എന്‍റെ മനോനിയന്ത്രണം കൈമോശം വന്നതു പോലെ. മന:സാന്നിദ്ധ്യം വീണ്ടെടുക്കാനെന്നവണ്ണം ഡോക്ടര്‍ സംസാരിച്ചുകൊണ്ടേയിരുന്നു. അങ്ങനെ വൈകല്യം അംഗീകരിച്ചുകൊണ്ട് അവള്‍ ജീവിച്ചിരിക്കുന്ന കാലം വരെ അവളെ പരിചരിക്കുക, സംരക്ഷിക്കുക. അവളെ നോക്കാന്‍ അവള്‍ക്കൊരിക്കലുമാവില്ല. നാളെയവള്‍ എന്നെയും നോക്കില്ല. അതിനവള്‍ക്കാവില്ല. ശരീരമുണ്ട്, ജീവനും. പക്ഷേ അവള്‍ ജീവനില്ലാത്ത ശരീരംപോലെ തലയുയര്‍ത്താതെ, തലയൊന്നുയര്‍ത്താന്‍ മറ്റൊരാളോടും പറയാന്‍ കഴിയാതെ ജീവഛവമായി ജീവിക്കണം.
ഇനി അവളെ പരിചരിക്കണമെങ്കിലോ അമ്മയായ ഞാന്‍, അതിനായി പഠിക്കണം. അതിനുള്ള വേദി ഡോക്ടര്‍ തന്നെ പറഞ്ഞുതന്നു. ചില്‍ഡന്‍സ് ഡെവലപ്മെന്‍റ് സെന്‍റര്‍ (CDC), തിരുവനന്തപുരം. അവിടെ കഴുത്തുറയ്ക്കാനും കുഞ്ഞിന് ഇരിക്കാന്‍ കഴിയുമാറ് തയ്യാര്‍ ചെയ്യാനുമുള്ള വ്യായാമങ്ങള്‍ ആദ്യം പഠിക്കണം. പിന്നെ മകളില്‍ അത് പരീക്ഷിക്കണം. പരിശീലിപ്പിക്കണം. എന്‍റെ സമയം കുഞ്ഞിന്‍റെ മാത്രം സമയമായി. കഴുത്തുറക്കാനുള്ള വ്യായാമങ്ങള്‍. എന്നെ പഠിപ്പിച്ചതൊക്കെ ഞാന്‍ അവളില്‍ പരീക്ഷിച്ചുകൊണ്ടിരുന്നു. അവള്‍ക്കതൊക്കെയും മനസ്സിലായോ? എന്തോ? പക്ഷേ, അവളുടെ ശരീരം അവ സ്വീകരിക്കുന്നതായി തോന്നിയതേയില്ല. ഇടയ്ക്ക് കുട്ടിയുടെ പുരോഗതി വിലയിരുത്താനും പുതിയ വ്യായാമം പഠിക്കാനുമായി സി.ഡി.സിയില്‍ പോയി. ഒന്നിനു പിറകേ ഒന്നായി എന്‍റെ പരീക്ഷണങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണുകൊണ്ടിരുന്നു. നീങ്ങിയും നിരങ്ങിയും മൂന്ന് മാസങ്ങള്‍ കടന്നു പോയി. ലഭ്യമായ ഏറ്റവും മികച്ച പരിശീലനമായിരുന്നിട്ടും ഇതേപരിശീലനം നേടിയ സി.റ്റി.സിയില്‍ കണ്ട കുട്ടികള്‍ക്ക് ഉണ്ടായപോലെ ഉള്ള ഒരു മാറ്റവും എന്‍റെ കുട്ടിയില്‍ ഇല്ലെന്ന് എനിക്ക് ബോധ്യമായി. എനിക്ക് ഉറക്കമില്ലാതെയായി. രാത്രിയെന്നും പകലെന്നുമില്ലാതെ ആണല്ലോ എന്‍റെ പരീക്ഷണങ്ങള്‍. ഉറക്കമില്ലായ്മ മാനസികസംഘര്‍ഷം കഠിനമാക്കി. പ്രശ്നത്തിന് യാതൊരു പരിഹാരവും ആകുന്നുമില്ല. ഉറക്കംകൂടി നഷ്ടപ്പെട്ടു എന്ന അവസ്ഥയില്‍ എത്തിനില്‍ക്കുന്നു. ഉറക്കം തച്ചു കെടുത്തിക്കൊണ്ട് ഹൃദയത്തില്‍ തുളച്ചു കയറുന്നകൂരമ്പുകള്‍ എന്‍റെ സര്‍വ്വനിയന്ത്രണങ്ങളും നഷ്ടപ്പെടുത്തി ത്തുടങ്ങിയിരിക്കുന്നു. വിഷയത്തില്‍ നിന്ന് വിഷയങ്ങളിലേക്ക് ജീവിതം വഴിമാറി. ചിന്ത അപ്രസക്തമായി.
സങ്കല്പമല്ല സംഭവിക്കുന്നത്. ആഗ്രഹമല്ല സഫലമാകുന്നത്. മോഹങ്ങള്‍ക്കല്ല ചിറക് മുളച്ചത്. എല്ലാം എതിരാണ്. എല്ലാം പുതുതാണ്. അറിയാത്തതും അനുഭവിക്കാത്തതും ഉത്തരമില്ലാത്ത ചോദ്യം പോലെയാണ്. എന്തു ചെയ്യണമെന്നറിയില്ല. എങ്ങനെ ചെയ്യണമെന്നറിയില്ല. എപ്പോള്‍ ചെയ്യണമെന്ന റിയില്ല. നമ്മുടെ ചിന്തയും നിരാശ്രയത്വവും എത്തിക്കുന്നത് സഹജമായി നമ്മെ വിഴുങ്ങുന്ന നിരാശയിലാണ്. എല്ലാറ്റില്‍ നിന്നും ഒളിച്ചോടാനുള്ള ത്വരയിലാണ്. സാധാരണ ദുരിതങ്ങളേറുമ്പോള്‍ രക്ഷ യായി സ്വീകരിക്കുന്നത് സ്വയംഹത്യയാണ്. ഞാനുറപ്പിച്ചിരുന്നു. ഇനി വയ്യ, മുന്നോട്ട്. ഞാന്‍ എന്‍റെ അമ്മയെ വിളിച്ചു! അമ്മയോട് അത് പറയാനുള്ള ശക്തി എങ്ങനെയുണ്ടായി എന്നറിയില്ല. പക്ഷേ, പറഞ്ഞു; വയ്യാ. ഇനിയെനിക്കു വയ്യ. ഞാന്‍ കുഞ്ഞിനെയും കൊണ്ട് ചാകാന്‍ പോകുവാ. പൊട്ടിത്തെറിച്ചത് കണ്ണീര്‍മുത്തുകളാണോ? ശബ്ദമാണോ? അറിയില്ല. തകരാന്‍ ഒന്നും ബാക്കിയില്ലാത്തിടത്ത് തിരിച്ചറിയാന്‍ പഴുതുമില്ല. പക്ഷെ, അമ്മ വീണില്ല. ഒരുപാട് സഹിച്ച് അനുഭവസമ്പത്തിന്‍റെ ധന്യത അമ്മയില്‍ നിന്നൊഴുകിയെത്തിയ വാക്കുകളില്‍ നിറഞ്ഞു നിന്നു. ഒരു വേള അമ്മയാണോ പറയുന്നത് എന്നു പോലും ഞാന്‍ ശങ്കിച്ചിരുന്നു. ആത്മഹത്യയാണോ പരിഹാരം? നീയെന്താ പഠിച്ചത്? ഗുരു നമ്മെ അതാണോ പഠിപ്പിച്ചത്? വിവാഹം കഴിച്ച് ഒരു കുട്ടിയും കുറച്ച് ദുഖവും വന്നാല്‍ പഴയ കാര്യങ്ങളെല്ലാം മറക്കുമോ? പണം കള്ളുഷാപ്പില്‍ കെട്ടിവെച്ച് അതുകുടിച്ച് തീര്‍ത്ത് നശിച്ച നമ്മുടെ കുടുംബത്തെ മദ്യത്തില്‍ നിന്നും മുക്തമാക്കി നിനക്കച്ഛനെയും എനിക്ക് ഭര്‍ത്താവിനെയും അമ്മയ്ക്ക് മകനെയും തിരിച്ചു തന്നെ ഭഗവാനെ നീ മറന്നോ? അതൊക്കെ പോട്ടെ, എന്‍റെ കുടലിലെ ക്യാന്‍സര്‍ എങ്ങനെയാണ് ഇല്ലാതായതെന്ന് നിനക്കറിയില്ലെ? ഒരു മനുഷ്യനെ മദ്യക്കയത്തില്‍ നിന്ന് രക്ഷിച്ചെടുക്കാമെങ്കില്‍ ഒരു വ്യക്തിയെ ക്യാന്‍സറിന്‍റെ നീരാളിപ്പിടുത്തത്തില്‍ നിന്ന് അടര്‍ത്തി മാറ്റാമെങ്കില്‍ വളരാന്‍ പോലും തുടങ്ങിയിട്ടില്ലാത്ത ഒരു കുഞ്ഞിന്‍റെ രോഗം ഇല്ലാതാക്കാനാണോ ഭഗവാന് കഴിയാത്തത്? അതിന് നമ്മള്‍ അവിടെയും ഇവിടെയും ഇരുന്നാല്‍ പോരാ. നാം അവിടെയെത്തണം. ഗുരുവിന്‍റെ അടുത്ത്. നീ ഇങ്ങ് വന്നാല്‍ മതി. നമുക്ക് ജ്ഞാനാനന്ദജിയുടെ അടുത്തേക്ക് പോകാം. അവിടുന്ന് നമ്മള്‍ ഒരിക്കലും നിരാശരായി മടങ്ങിയിട്ടില്ല; ഇനിയും ദൈവം മടക്കില്ല. നാം ആശ്രയിക്കാതെ ദൈവം ആശ്വസിപ്പിക്കുമോ? അമ്മയുടെ ചോദ്യം പലയാവര്‍ത്തി എന്നെ മുട്ടിവിളിച്ചു.
നാം ആശ്രയിക്കണം. അപ്പോഴാണ് ഭഗവാന്‍ ആശ്രിതവത്സലനാകുന്നത്. സ്വാമിജി അത് പണ്ടും പറയുന്നത് പലയാവര്‍ത്തി കേട്ടിട്ടുള്ളവളാണ് ഞാന്‍. ദുഖം ഖനീഭവിച്ച് രോഗക്കൂട്ടില്‍ ഒക്കെയും വിസ്മൃതമായിരുന്നു. സ്മൃതിയിലേക്കുള്ള ദൂരം അമ്മ വേഗത്തില്‍ വെട്ടിത്തുറന്നതു പോലെ. അമ്മയുടെയടുത്തേക്ക് ഓടിയെത്തണമെന്ന് തോന്നി. ഓടിയാലെത്തുന്ന ദൂരത്തായിരുന്നില്ല. മനസ്സ് ഓട്ടം ആരംഭിച്ചിരുന്നു. ഇനി അവിടെ എത്താതെ നില്‍ക്കില്ല. അത് പണ്ടും അങ്ങനെയായിരുന്നു. പോകണമെന്ന് തോന്നിയാല്‍, ചെന്നേ നില്‍ക്കൂ. അതാണ് ദൈവവിലാസം. ദൈവ മാര്‍ഗ്ഗത്തില്‍ ദൈവം നമ്മോടൊപ്പം നടക്കുന്നു, നമ്മെ നടത്തുന്നു. ഭൗതിക ജീവിതം മുന്നോട്ടുവയ്ക്കുന്ന ഭ്രമക്കാഴ്ചകളിലും അനുഭവങ്ങളിലുമാണ്ടു പോകുന്ന മനുഷ്യന് സദ്ചിന്ത ഉദിക്കണമെന്നില്ല. ക്രമേണ ദൈവചിന്ത അകന്നകന്നുമാറും. ദുഖം അടുത്തടുത്ത് വരും. ഒടുവില്‍ അത് നമ്മെമൂടും വീണ്ടും രക്ഷയ്ക്കായി ദൈവത്തിലേക്ക് തിരിയും. പഴയ തിരി എണ്ണ മുക്കി തെളിച്ച് പ്രകാശിപ്പിക്കുന്നതു പോലെ പുതിയ വെളിച്ചം, പുതിയ പകല്‍, എല്ലാം പുതുതായി തോന്നി. എല്ലാം പുതുതായി ആരംഭിക്കുകയായിരുന്നു.
മാതാപിതാക്കള്‍ എന്നെ ജ്ഞാനാനന്ദ സ്വാമി സമക്ഷം കൊണ്ടു നിര്‍ത്തി. പുതിയ സന്ദര്‍ശക എന്നപോലെ ഞാന്‍ സ്വാമിജിയെ ശ്രദ്ധിച്ചു. സ്വാമിയുടെ ശാസനകളെ പ്രതീക്ഷിച്ചു. അങ്ങനെയാണ് അദ്ദേഹം. നമ്മെ തിരുത്തും. തിരിക്കും, സത്യത്തിലേക്കും നډയിലേക്കും. നډയിലെത്തുവോളം നാമത് തിരിച്ചറിയില്ലെന്നു മാത്രം. സ്വാമി അമ്മയെ കേട്ടുകൊണ്ടിരുന്നു. ഒന്നുകൂടി വ്യക്തമായി. ഞാന്‍ പറഞ്ഞതൊക്കെ അമ്മ സ്വാമിജിയെ അറിയിച്ചിരിക്കുന്നു. ഭക്തയുടെ സങ്കടം സ്വാമിയുടെ സങ്കടമാണ്. ആ സങ്കടക്കടലിലാണ് സ്വാമിയും ഒപ്പം നില്‍ക്കുന്നത്. നീ വിഷമിക്കുകയൊന്നും വേണ്ട നമുക്ക് പാര്‍ത്ഥിക്കാം എന്ന് സ്വാമി പറയുമ്പോള്‍ പ്രതീക്ഷയുടെ പുതുനാമ്പുകള്‍ ഉള്ളില്‍ മുളപൊട്ടി. അത് കണ്ണീര്‍ക്കണമണിഞ്ഞ് പുറത്തുചാടി. പിടിവിട്ടു. പോകാതിരിക്കാന്‍ നന്നേ പാടുപെട്ടു. എല്ലാം അറിയാവുന്ന, സുപരിചിതമായ കാര്യങ്ങള്‍ തന്നെ. മുടങ്ങിയതും മുടക്കിയതും തിരിച്ചെടുക്കുന്നു. അതൊരു പ്രതിജ്ഞപോലെ മനസ്സിലുറപ്പിച്ചു. കുറച്ചുദിവസത്തേക്ക് മറ്റെല്ലാം മാറ്റിവച്ച് കുഞ്ഞിനുവേണ്ടി ജീവിക്കണം, പ്രാര്‍ത്ഥിക്കണം.
എന്നും കാലത്ത് പ്രഭാതപ്രാര്‍ത്ഥനയില്‍ മുടങ്ങാതെ പങ്കെടുക്കാന്‍ സ്വാമിജി നിര്‍ദ്ദേശിച്ചു. ഭര്‍ത്താവിനോടും അദ്ദേഹത്തിന്‍റെ മാതാപിതാക്കളോടും വിവരങ്ങള്‍ പറഞ്ഞു ധരിപ്പിക്കാന്‍ സ്വാമിജി ആവശ്യപ്പെട്ടു. കുഞ്ഞിന് മാറ്റം വരും അപ്പോള്‍ അവരെയും കൂട്ടണം. അപ്പോഴാണ് പ്രാര്‍ത്ഥനയും സമര്‍പ്പണവുമാവുക. നമ്മുടെ വലിപ്പത്തിലല്ല. ദൈവത്തിന്‍റെ മഹത്വത്തിലാണ് സമര്‍പ്പിക്കേണ്ടത്. സമര്‍പ്പണം മറ്റെല്ലാത്തില്‍ നിന്നുമുള്ള വിടുതലാണ്. അപ്പോള്‍ ദുഃഖം വീടൊഴിയും. അതനുഭവമാണ്. ജീവനില്‍ നിറഞ്ഞു നില്‍ക്കുന്ന അറിവാണ്. എന്നിട്ടും, ദൈവമേ! മാറി നില്‍ക്കാന്‍ എനിക്കെങ്ങനെയായി? മാപ്പെന്ന രണ്ടക്ഷരം നെഞ്ചില്‍ ചേര്‍ത്തുപിടിച്ച് ജ്ഞാനാനന്ദസ്വാമി തൃപ്പാദങ്ങളില്‍ സാഷ്ടാംഗം പ്രണമിച്ചു. കുറച്ചു ദിവസത്തേക്കല്ല ഇനി എന്നും എനിക്കു വരണം. എന്‍റെ മകളെ ഉണര്‍ത്തിയെടുക്കണം. ഉണര്‍ത്താനും ഉയര്‍ത്താനും സര്‍വ്വ ശക്തനാകുന്ന ഭഗവാനു മാത്രമേ കഴിയൂ. അവളുമായുള്ള എന്‍റെ സഞ്ചാരം, എന്‍റെ അനുഭവം. അതില്‍ ദൈവം പകല്‍ പോലെ വ്യക്തമാണ്. അവസാനം ഈ ദൈവസന്നിധിയില്‍ ഞാന്‍ മടങ്ങിയെത്തിയിരിക്കുന്നു. കൂടുതല്‍ വ്യക്തതയോടെ ദൈവത്തെ അനുഭവമാക്കാന്‍. ഞാന്‍ മാതാപിതാക്കളോടൊപ്പം ആശമത്തിന് പുറത്തേക്ക് നടന്നു. നാളെ പ്രഭാതപ്രാര്‍ത്ഥനയ്ക്ക് മടങ്ങിവരാന്‍.
പുതിയ പ്രഭാതം. പുതിയ ഒരുക്കം. കാലത്ത് ഏഴ് മണിക്ക് മുന്‍പ് വീടടിച്ചുവാരി പുണ്യാഹം തളിച്ച് കഴുകിവെളുപ്പിച്ച് നിലവിളക്കില്‍ നിറയെ എണ്ണയൊഴിച്ച് നിറദീപം തെളിച്ചുവെച്ചു. കുഞ്ഞിനെയൊരുക്കി ആശ്രമത്തിലെത്തുമ്പോ പ്രഭാതപ്രാര്‍ത്ഥനയ്ക്കുള്ള സമയം ആകുന്നതേയുള്ളൂ. അങ്ങനെ ഒരാഴ്ച ആയപ്പോഴേക്കും ഭജനമിരിക്കാന്‍ നിര്‍ദ്ദേശിച്ചു. ഒരാഴ്ചകൊണ്ട് മാനസ്സികമായ ഒരുക്കം നേടിയെന്ന് ഗുരുവിന് ഉറപ്പുണ്ടായിരിക്കണം. നാലു ദിവസമായിട്ടുണ്ടാകും. പമ്പരംപോലെ ആടിക്കൊണ്ടിരുന്ന കുഞ്ഞിന്‍റെ തല ഉറച്ചു. എന്തത്ഭുതം! മരുന്നില്ലാതെ, വെച്ചുകെട്ടില്ലാതെ, തെറാപ്പിയില്ലാതെ ഒരു ജډത്തേക്കെന്ന് കരുതിയ ദുഃഖത്തില്‍ നിന്ന് വിടുതലായി. ഏതാനും ദിവസങ്ങള്‍ കടന്നു. അവളില്‍ ഒരുണര്‍വ്വ് പ്രകടമായി. എപ്പോഴും കമഴ്ന്ന് കിടന്ന് മാത്രം ഉറങ്ങിയിരുന്ന കുഞ്ഞ് നിവര്‍ന്ന് നേരെ കിടന്നുറങ്ങാന്‍ തുടങ്ങി. എങ്ങോട്ടെന്നറിയാതെ ചലിച്ചുകൊണ്ടിരുന്ന കൃഷ്ണമണി സാധാരണപോലെ ചലിക്കാനാരംഭിച്ചു. ക്രമേണ കുട്ടി തനിയെ ഇരിക്കാനും മുട്ടുകാലില്‍ ഇഴയാനും തുടങ്ങി. കരുവാളിച്ചിരുന്ന കുട്ടിയുടെ കാല്‍വെള്ളകള്‍ സാധാരണ കുട്ടിയുടേതുപോലെ പിങ്കുനിറമായി. അവള്‍ അച്ഛാ, അമ്മ, അപ്പൂപ്പാ അങ്ങനെ ഓരോ പദങ്ങള്‍ സന്ദര്‍ഭാനുസരണം ഉച്ചരിക്കാന്‍ തുടങ്ങി. എന്നോടൊപ്പം ആശ്രമവാസികളും ഭക്തജനങ്ങളും നിറകണ്ണുകളോടെ ഈ മാറ്റങ്ങളെ ഉള്‍സ്വീകരിച്ചു. എന്തു ശോഭയായിരുന്നു ആ കണ്ണീര്‍മുത്തുകള്‍ക്ക്.
തിരുവനന്ദപുരം മെഡിക്കല്‍ കോളേജിലെ ചെക്കപ്പില്‍ കുഞ്ഞിന്‍റെ ഹൃദയത്തിലൊരു വി. എസ്. ഡി. (വെന്‍ട്രിക്കുലാര്‍ സെപ്റ്റല്‍ ഡിഫക്ട്) ഉണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. അതുകാരണം അടിക്കടി പനി ഉണ്ടാവുക പതിവായിരുന്നു. ന്യൂമോണിയ വരാന്‍ സാധ്യതയുണ്ടെന്നും പി.സി.വി. വാക്സിന്‍ എടുക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ഈ വിവരം ഞാന്‍ സ്വാമിജിയെ അറിയിച്ചു. സ്വാമിജി പ്രാര്‍ത്ഥിച്ചു. വാക്സിനെടുക്കേണ്ടതില്ല എന്ന് കല്പനയും വന്നു. നല്ല കുട്ടിയാണല്ലോ, ഞാനനുസരിച്ചു. 11 നാള്‍ കഴിഞ്ഞ് വീട്ടിലേക്കു മടങ്ങി. എന്നും കാലത്തുവരും, കഴിയുന്നത്ര സമയം ആശ്രമത്തില്‍ ചെലവഴിക്കും. വീട്ടിലേക്കു മടങ്ങും. അതായി പതിവ്. കുട്ടിയിലുള്ള ഓരോരോ കുറവുകളും പോരായ്മകളും അപ്പപ്പോ സ്വാമിജിയുടെ മുന്നില്‍ ഭരമേല്പിക്കും. സ്വാമിജി ഓരോന്നും എടുത്തുപറഞ്ഞ് പ്രാര്‍ത്ഥിക്കും. സ്വാമിജിയുടെ പ്രാര്‍ത്ഥന അഥവാ വാക്കിന് പിന്നാലെ പ്രവര്‍ത്തിയുണ്ടെന്ന് ബോധ്യപ്പെട്ടു. എപ്രകാരത്തില്‍ അദ്ദേഹം പ്രാര്‍ത്ഥിക്കുന്നുവോ അപ്രകാരത്തില്‍ കുഞ്ഞില്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടേയിരുന്നു. ഇടയ്ക്ക് വി.എസ്.ഡി. പരിശോധിക്കാന്‍ പറയുകയും അപ്രകാരത്തില്‍ ചെയ്യുകയും ചെയ്തു. ഇത്തവണ ഡോക്ടര്‍ക്കായിരുന്നു അത്ഭുതം. ആ വൈകല്യം ഏതാണ്ട് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. വാക്സിനൊന്നും വേണ്ട എന്നായി ഡോക്ടറും. പനിശല്യം കുഞ്ഞിനെ വിട്ടുമാറിയിരുന്നു. അപ്പോഴാണ് ശ്രദ്ധിച്ചത് പല്ലുമുളയ്ക്കുന്ന സമയം കഴിഞ്ഞിരിക്കുന്നു. വായിലാകെ ഒരു പല്ലേ മുളച്ചിട്ടുള്ളൂ. ആ സങ്കടവും സ്വാമികേട്ടു. സ്വാമി നിവര്‍ത്തിയുണ്ടാക്കി. ദിവസങ്ങള്‍ക്കുള്ളില്‍ മുന്‍നിര പല്ലുകള്‍ മുളച്ചുപൊന്തി. അവള്‍ സ്വന്തമായി പിടിച്ചെഴുന്നേല്‍ക്കാനും നില്‍ക്കാനും പഠിച്ചു. കാലില്‍ സ്വയം ഇഴഞ്ഞുനടക്കും. മറ്റുകുട്ടികളേക്കാള്‍ ശ്രദ്ധയോടെ കാര്യങ്ങള്‍ വീക്ഷിക്കുകയും മനസ്സിലാക്കുകയും അതനുകരിക്കുകയും ചെയ്യുന്നത് ഞങ്ങള്‍ കൗതുകത്തോടെ നോക്കിയിരിക്കും. പ്രാര്‍ത്ഥന കേട്ടാല്‍ അവള്‍ താളം പിടിക്കാനാരംഭിക്കും. പാട്ട് കേട്ടാല്‍ ആടുകയും ചെയ്യും. പത്ത് മാസം പ്രായമുള്ളപ്പോള്‍ അവളെ കണ്ടിട്ടുള്ളവര്‍ക്ക് ഇന്നവളൊരു അത്ഭുത കുഞ്ഞാണ്. ആരും പ്രതീക്ഷിക്കാത്ത മാറ്റം അവള്‍ക്കുണ്ടായി. ഓരോ നിമിഷവും അവള്‍ മാറിക്കൊണ്ടേയിരിക്കുന്നു. അത്ഭുതത്തോടും അതിലേറെ ആകാംഷയോടുമാണ് അടുത്ത അവളിലെ പരിണാമത്ത പ്രതീക്ഷിച്ചു കൊണ്ട് പ്രാര്‍ത്ഥനയോടെ സമയം മുന്നേറുന്നത്.
കുഞ്ഞിന്‍റെ ഈവിധമുള്ള ജനനത്തിന്‍റെ കാരണങ്ങള്‍ ഒക്കെയും പ്രാര്‍ത്ഥനദ്വാരാ വെളിവാക്കപ്പെട്ടു. എന്നും നമുക്കജ്ഞാതമായ നമ്മുടെ ജډരഹസ്യങ്ങള്‍, ഭൂതവും ഭാവിയും വര്‍ത്തമാനവും ഒക്കെ ഇതള്‍വിരിയുന്ന ലോകത്തിലെ ഒരു പക്ഷേ, ഒരേയൊരു സ്വര്‍ഗ്ഗത്തിലാണ് ഞങ്ങളിപ്പോള്‍ എന്ന് പറയാന്‍ എനിക്ക് ഭാഗ്യമുണ്ട്.
നരകം കാണുകയും അറിയുകയും അനുഭവിക്കുകയും ചെയ്തുകഴിഞ്ഞാല്‍ സ്വര്‍ഗ്ഗത്തെ മനസ്സിലാ ക്കുവാന്‍ എളുപ്പമാണ്. ഒരുപക്ഷേ ഇരുള്‍ ഉണ്ടായിരുന്നില്ലായെങ്കില്‍, നാം വെളിച്ചത്തെ തിരിച്ചറി യുമായിരുന്നില്ല എന്നതുപോലെ. തിരിച്ചറിവാണ് പ്രധാനം. അത് പ്രാധമികമാണ്. പലപ്പോഴും അന്തി കത്തിലാണ് മനസ്സിലാക്കുക എന്നുമാത്രം. “കാര്യകാരണമില്ലാതെ യാതൊരു ജീവിയും ജനിക്കുന്നില്ലാ ഭൂമിയില്‍” എന്ന ജ്ഞാനാനന്ദ പല്ലവി ഉലയില്‍ ഉരുക്കിമിനുക്കിയ അറിവിന്‍റെ അഗ്നിയാണെന്ന് തിരിച്ചറിയാന്‍ ആ പ്രാര്‍ത്ഥന ചൊല്ലിത്തീര്‍ത്തപ്പോഴൊന്നും എനിക്ക് ബോധ്യം വന്നിരുന്നില്ല. ബോധ്യമായി, അനുഭവത്തിന്‍റെ തീച്ചുളയില്‍ പുനര്‍ജ്ജനിച്ചപ്പോള്‍. ഡൗണ്‍ സിന്‍ഡ്രോം ബാഹ്യശരീരത്തില്‍ കാണുകയും അനുഭവമാകുകയും ചെയ്യുന്ന വൈകല്യങ്ങള്‍ക്ക് കാരണമാകുന്ന ആന്തരീക അവസ്ഥയും ജډനാതന്നെ കുട്ടിയില്‍ നിലനില്‍ക്കുന്നു. കുട്ടിക്ക് മുലപ്പാല്‍ വലിച്ചുകുടിക്കാന്‍ കഴിയുമായിരുന്നില്ല. നേരേ കിടക്കാന്‍ കഴിയുമായിരുന്നില്ല. കഴുത്ത് വള്ളിപോലെ ആടുകയായിരുന്നു. ഹൃദയ വാല്‍വില്‍ ദ്വാരമുണ്ടായിരുന്നു. അങ്ങനെ പറഞ്ഞറിയിക്കാനാവാത്ത എത്രയോ ലക്ഷണങ്ങള്‍. ശാസ്ത്രം ഇതി നൊന്നും കാരണം പറഞ്ഞുതന്നില്ല, ഉത്തരം പറഞ്ഞില്ല. ഭഗവാന്‍ ശ്രീനാരായണന്‍ എല്ലാറ്റിന്‍റേയും കാരണം വെളിപ്പെടുത്തി തന്നു. ചോദിക്കാത്ത ചോദ്യങ്ങള്‍ക്കുപോലും ഉത്തരം തന്നു. കഴിഞ്ഞ ജډത്തില്‍ മകളായിരിക്കുന്ന ജീവാത്മാവ് മാതാപിതാക്കളാല്‍ ബലികൊടുക്കപ്പെട്ടു. കഴുത്ത് മുറിക്കുമ്പോള്‍ ഞരമ്പു കളും അന്നനാളവും എല്ലാം രണ്ടു ഭാഗങ്ങളായി അറ്റുമാറും. അപ്പേള്‍ കഴുത്തിന് എന്തവസ്ഥയാണോ ആ അവസ്ഥയാണ് ഈ ജډത്തില്‍ കുഞ്ഞിന്‍റെ കഴുത്തിനുണ്ടായിരുന്നത്. ആ ബലികര്‍മ്മത്തിന്‍റെ ശക്തികളേയും അനുബന്ധപാപശക്തികളേയും അവളില്‍ നിന്നകറ്റി ആ ജീവാത്മാവിനെ ശുദ്ധീ കരിച്ചപ്പോഴാണ് കുട്ടിയുടെ കഴുത്തുറച്ചത്. ഇത് അനുഭവവുമായി ചേര്‍ത്തുവച്ച് വായിക്കുമ്പോഴാണ് തിരിച്ചറിവുണ്ടാവുക, ഭക്തിയുണ്ടാവുക, ദൈവമുണ്ടാവുക. സ്വാമി പ്രാര്‍ത്ഥിക്കുന്നു. പ്രാര്‍ത്ഥിച്ചതു പോലെ അനുഭവത്തിലാകുമ്പോള്‍ നാം വിശ്വസിക്കുന്നു. ഞരമ്പുകള്‍ വേര്‍പെട്ട് കിടക്കുന്ന അവസ്ഥയിലാണ് ആന്തരീക അവയവങ്ങള്‍ എന്നതുകൊണ്ടാണ് കുഞ്ഞിന് ശക്തിയെടുത്ത് പാല്‍ വലിച്ചു കുടിക്കുവാന്‍ കഴിയാതിരുന്നത്. ഞരമ്പുകളെ യോജിപ്പിച്ച്, ശാക്തീകരിച്ച് ആരോഗ്യവതിയായ കുഞ്ഞിനെ എന്നപോലെ പരിഷ്ക്കരിക്കാന്‍ പ്രാര്‍ത്ഥനവച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കുഞ്ഞ് പാലു വലിച്ചുകുടിക്കുവാന്‍ തുടങ്ങി. ശാസ്ത്രം കാണാത്തതാണ് ഗുരു കണ്ടെത്തി പരിഹരിച്ച് ഭക്തന്‍റെ ഉത്കണ്ഠകളെ ദൂരീകരിക്കുന്നത്. അതിശയിപ്പിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് മകളില്‍ ഭഗവാന്‍ ഉണ്ടാക്കിത്തന്നത്. ഓരോ നിമിഷവും മാറ്റത്തിന്‍റെ കാറ്റ് വീശി ക്കൊണ്ടേയിരിക്കുന്നു. സ്വാമിജിയുടെ പ്രാര്‍ത്ഥനപ്രകാരം ആന്തരികഛായ ക്രമാനുഗതമാകുന്ന മുറയ്ക്ക് അവള്‍ പൂര്‍ണ്ണതയിലേക്ക് വളര്‍ന്നുകൊണ്ടിരിക്കും. ശാസ്ത്രലോകം മരുന്നില്ലായെന്നു പറഞ്ഞ മഹാരോഗം എന്‍റെ കുഞ്ഞില്‍ നിന്നും എടുത്തുമാറ്റിയ ഗുരു സാക്ഷാല്‍ ഈശ്വരന്‍ തന്നെയെന്ന് ലോകത്തോട് എന്‍റെ അനുഭവസാക്ഷ്യത്തിലൂടെ ഞാന്‍ വിളിച്ചുപറയുന്നു. ഭഗവാന്‍ ശ്രീനാരായണഗുരുവിന്‍റെ മഹാസമാധിക്കു ശേഷമുള്ള തിരിച്ചുവരവിന്‍റേയും ലോകത്ത് നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്ന ആത്മശിശ്രൂഷയും ആത്മമോചന കര്‍മ്മവും സ്വാമി ഗുരു ജ്ഞാനാനന്ദജിയിലൂടെ ലോകത്തിന് കാട്ടിക്കൊടുക്കുന്നു. അതിന്‍റെ പ്രത്യക്ഷ തെളിവാണ് എന്‍റെ മകള്‍ അനു കീര്‍ത്തന. ലോകം ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഏറ്റവും മുന്തിയ ജനിതക ശാസ്ത്രജ്ഞനാണ് ശ്രീനാരായണന്‍ എന്നതിന് ഇനിയൊരു തെളിവ് എനിക്കാവശ്യമില്ല. ആലംബഹീനര്‍ക്ക് അത്താണിയായ ആ പരമനിയന്താവിന്‍റെ കാരുണ്യസ്പര്‍ശം ലോകം തിരിച്ചറിയട്ടെ. ശ്രീനാരായണധര്‍മ്മം വിജയിക്കട്ടെ. അവിടുത്തെ അവതാരലക്ഷ്യം സാക്ഷാത്കരിക്കപ്പെടട്ടെ. ഓം നമോ നാരായണായ.
ശുഭം

