രണ്ടില്ല, ഏകാത്മകം

ആത്മസാക്ഷ്യം

രണ്ടില്ല, ഏകാത്മകം

എന്‍റെ പേര്, സച്ചിന്‍ സുദര്‍ശനന്‍. കല്ലുമല – തുണ്ടത്തില്‍ കുടുംബാംഗമാണ്. ഇപ്പോള്‍ കോട്ടക് മഹീന്ദ്ര ബാങ്കിന്‍റെ കേരളാ റീജിയന്‍ മാര്‍ക്കറ്റിങ് മാനേജരായി ജോലി നോക്കുന്നു. 

ചെറുപ്രായത്തില്‍ വീട്ടില്‍ കാവും പൂജയും ഉത്സവവുമൊക്കെയുണ്ട്. എനിക്ക് വല്ലാത്ത ആവേശമായിരുന്നു കാവ് സംബന്ധമായ വൃത്തികളിലൊക്കെ. ക്രമേണ കുടുംബം ദുരിതക്കയത്തിലായി. രോഗങ്ങളും ദുര്‍മരണങ്ങളും നാശനഷ്ടങ്ങളും ബിസിനസ്സ് പരാജയങ്ങളും തുടര്‍ക്കഥയായി. രക്ഷ തേടിയുള്ള മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും നെട്ടോട്ടമാണ് ഞങ്ങളെ സേവാശ്രമത്തില്‍ എത്തിച്ചത്. അന്നു മുതല്‍ ഇന്നോളം ദിവ്യാനുഭവങ്ങളുടെ ഘോഷയാത്രയാണ് ജീവിതം. ഏതനുഭവമാണ് പങ്കുവെക്കേണ്ടതെന്നറിയില്ല. എങ്കിലും എന്നെ വ്യക്തിപരമായി ബാധിച്ചതും ഈ അടുത്തകാലത്ത് നിവൃത്തി ഉണ്ടായതുമായ ഒരനുഭവം പറയാം. 

സ്കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ ത്വക്ക് രോഗത്തിന് ചികിത്സ തേടുന്നത് എനിക്കോര്‍മ്മയുണ്ട്. ഓയിന്‍മെന്‍റും മറ്റൗഷധങ്ങളുമൊക്കെ പ്രയോഗിച്ചുപോന്നു. അന്നത് ഒരു സീസണല്‍ രോഗം പോലെയായിരുന്നു. അതായത് ചൂട് കാലത്ത് കടന്നു വരുന്ന അഥിതിയെപ്പോലെ. കാലക്രമത്തില്‍ അതിന്‍റെ സ്വഭാവം മാറി. സ്ഥിരം കൂട്ടാളിയായി മാറിയതുപോലെയുണ്ട്. മരുന്നു കഴിക്കും, കുറച്ച് നാളത്തേക്ക് കുഴപ്പമൊന്നും ഉണ്ടാവില്ല. വീണ്ടും പഴയപടി ചൊറിച്ചിലാവും തടിപ്പാവും ശരീരം കറുക്കും. 

2018 ഡിസംബറില്‍ ചെട്ടികുളങ്ങര സേവാശ്രമത്തില്‍ നിന്നും മരുത്വാമല പിള്ളത്തടം ഗുഹാക്ഷേത്രത്തിലേക്ക് നടത്തിയ വിളംബര പദയാത്രയില്‍ പദയാത്രികനാകാനുള്ള ഭാഗ്യം എനിക്കുണ്ടായി. വൃശ്ചികം ഒന്നു മുതല്‍ 41 ദിവസത്തെ ബ്രഹ്മചര്യാവ്രതം, വ്യക്തിയും കുടുംബവും പരിപാലിച്ചുള്ള വ്രതനിഷ്ഠ. കാലത്തഞ്ചു മുതല്‍ വൈകുംവരെ നാരായണമന്ത്രങ്ങളുരുക്കഴിച്ചുകൊണ്ടുള്ള പദയാത്ര. സന്ധ്യാകാലത്ത് ഇടത്താവളങ്ങളില്‍ സംഘടിക്കപ്പെടുന്ന സായാഹ്നസമ്മേളനങ്ങള്‍, മണ്ഡലവ്രതം പൂര്‍ത്തിയാകുന്ന വെളുപ്പിനുള്ള മലകയറ്റം. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത നവ്യാനുഭവമായിരുന്നു എനിക്കത്. പദയാത്രയുടെ അവസാനദിവസം മരുന്ന് കൊടുത്ത് മയക്കത്തിലാക്കിയിരുന്ന ചൊറിച്ചിലും തടിപ്പുമൊക്കെ പ്രത്യക്ഷപ്പെട്ടു. അടുത്ത ദിവസം തന്നെ വിവരം ജ്ഞാനാനന്ദസ്വാമിജിയോട് പറഞ്ഞു. ഇത് ശരീരങ്ങളില്‍ ലയിച്ചുകിടന്ന സര്‍പ്പവിഷവും സര്‍പ്പാരാധനയില്‍ നിന്നുണ്ടായ ദുഷ്ടും ആത്മാവില്‍ ലയിച്ചുകിടക്കുന്ന നാഗാത്മാക്കളുടെ ചലനവും കാരണം ഉണ്ടാകുന്നതാണ്. കുറഞ്ഞത് 41 ദിവസമെങ്കിലും താമസ്സിച്ചു ഭജിച്ചാലേ ഇതൊക്കെ എടുത്ത് മാറ്റാന്‍ കഴിയൂ എന്നായിരുന്നു സ്വാമിജിയുടെ മറുപടി. പുതിയ ജോലിയില്‍ പ്രവേശിച്ചിട്ട് അധികകാലമായിട്ടില്ലാത്തതുകൊണ്ട് ഇത്ര നീണ്ട അവധി സാധ്യമായിരുന്നില്ല. എങ്കിലും നിരന്തരമായി പ്രാര്‍ത്ഥനയില്‍ പങ്കുകൊണ്ടു. 

രണ്ടുവര്‍ഷവും കൊറോണ ലോക്ക്ഡൗണും വേണ്ടിവന്നു ഭജനത്തിന് അവസരമുണ്ടാകാന്‍. അപ്പോഴേക്കും ശരീരം നിറയെ തടിപ്പും കറുപ്പും അസഹ്യമായ ചൊറിച്ചിലും. ഉറങ്ങിയില്ലെങ്കിലും ചൊറിയാതെ പറ്റില്ലെന്നായിരുന്നു അവസ്ഥ. ഭജനവും പ്രാര്‍ത്ഥനയും 10 ദിവസമായപ്പോഴേക്കും ചൊറിച്ചില്‍ മൂര്‍ദ്ധന്യതയിലെത്തി. ചൂടും നീറ്റലും സഹിക്കാവുന്നതിലുമപ്പുറം. സഹികെടുമ്പോള്‍ സ്വാമിപാദങ്ങളിലോടിയെത്തും. സ്വാമി പ്രാര്‍ത്ഥിക്കും. എല്ലാം ശാന്തമാകും. വൈദ്യനും മരുന്നും എല്ലാം സ്വാമി തന്നെ. അദ്ദേഹം ഞാനൊന്നുമല്ല നാരായണനാണെല്ലാമെന്ന് പറയും. അതെ എല്ലാം നാരായണന്‍ തന്നെ. ദിവ്യംദിവ്യങ്ങളായ അനുഭവങ്ങളുടെ വെളിച്ചത്തില്‍ നിന്നുകൊണ്ട് നോക്കിയാല്‍ ജ്ഞാനാനന്ദനെന്നും നാരായണനെന്നും രണ്ടില്ല. അതേകാത്മസത്തയാണ്. അതാണനുഭവം പറഞ്ഞുതരുന്ന പാഠം. 

41 ദിവസത്തെ ഭജനം പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങുമ്പോള്‍ വടുക്കളുടെ സ്ഥാനത്ത് സ്വാഭാവികമായ തൊലിപ്പുറം. കറുപ്പ് നിറം മാറി സ്വാഭാവിക നിറം കൈവന്നു. ഇതരദൈവങ്ങളില്‍ പ്രത്യേകിച്ചും നാഗാരാധനയില്‍ വിശ്വാസമര്‍പ്പിക്കുന്ന മനുഷ്യന്‍റെ ഗതി അധോഗതി. ഇതരദൈവസങ്കല്പങ്ങളെ ഉപേക്ഷിച്ച് ഏകദൈവത്തില്‍ വിശ്വാസമര്‍പ്പിച്ച് ജീവിക്കുന്നവന് ഊര്‍ദ്ധഗതി. സേവാശ്രമമെന്ന ആതുരാശ്രമം, സേവാശ്രമമെന്ന സര്‍വകലാശാല പകര്‍ന്നുതരുന്ന അറിവ് അന്യൂനമാണ്. തലയുയര്‍ത്തിപ്പിടിക്കാം. ദൈവത്തെ മുറുകെ പിടിക്കാം. ജീവിതം ലക്ഷ്യബോധമുള്ളതാക്കാം. ജ്ഞാനാനന്ദം ലോകത്തെ പവിത്രീകരിക്കട്ടെ.

സച്ചിന്‍ സുദര്‍ശനന്‍