ആശ്രിതര്‍ക്കാശ്വാസമേകുന്ന പാദാരവിന്ദം

ആത്മസാക്ഷ്യം

ആശ്രിതര്‍ക്കാശ്വാസമേകുന്ന പാദാരവിന്ദം

ഞാന്‍ മാവേലിക്കര പല്ലാരിമംഗലത്ത് ശ്രീവത്സത്തില്‍ എം.ആര്‍. രാമചന്ദ്രന്‍. വളരെ യാദൃശ്ചികമായിട്ടാണ് ഞാന്‍, ചെട്ടികുളങ്ങര ശ്രീനാരായണ ഗുരുധര്‍മ്മാനന്ദ സേവാശ്രമത്തില്‍ എത്തിയത്. എന്‍റെ ഭാര്യ വത്സലയുടെ അടുത്തബന്ധുവായ ചെട്ടികുളങ്ങര കുന്നത്ത് പവിത്രത്തില്‍ ശ്രീമതി. ശാന്തി മډഥന്‍ പറഞ്ഞതനുസരിച്ചാണ് ഞാനും കുടുംബവും സ്വാമിയെ സന്ദര്‍ശിക്കുന്നത്. ഞാന്‍ ഒരു ഈശ്വരഭക്തനൊന്നുമായിരുന്നില്ല. എന്നാല്‍ ഒരുതവണ, രണ്ടുതവണ, മൂന്നുതവണ ഇങ്ങനെ ഞാന്‍ എന്‍റെ കുടുംബവുമൊത്ത് സ്വാമിജിയെ ദര്‍ശിക്കുവാനെത്തി. മൂന്നാം ദിവസം സ്വാമിജിയുമായി സംസാരിച്ചു നില്‍ക്കുമ്പോള്‍, ഒരു നിമിഷം സ്വാമിജിയുടെ ചുണ്ട് അനങ്ങാതെ നിന്നു. ആ മുഖം അഗ്നിഗോളത്തിനുള്ളില്‍ വലിയൊരു പൂര്‍ണ്ണചന്ദ്രന്‍റെ വലിപ്പത്തില്‍ എനിക്കു കാണുവാന്‍ ഇടയായി. ഞാനാകെ സ്തബ്ധനായി. ഒരു വാക്കുച്ചരിക്കാനാകാതെ ഞാനങ്ങനെ നിന്നു. എന്‍റെ അടുത്തുനിന്ന ഭാര്യയോ മക്കളോ ആ കാഴ്ചകണ്ടില്ല! അന്നാദ്യമായി സ്വാമിജി ആരെന്ന് ഞാനറിഞ്ഞു. പരമകാരുണികനും ലോകാനുരൂപനുമായ മഹാഗുരു ആ ഹൃദയസരസ്സില്‍ കൂടികൊള്ളുന്നു എന്ന് എനിക്കുറപ്പായി. മടങ്ങിപ്പോകുമ്പോള്‍ എനിക്കുണ്ടായ ദര്‍ശനാനുഭവം ഞാന്‍ ഭാര്യയോടു പറഞ്ഞു. അത് എന്‍റെ കുടുംബത്തിന് വലിയ അനുഗ്രഹവും അത്ഭുതവുമായി. അടുത്ത ഒരു ദിവസം സ്വാമിജിയെ സന്ദര്‍ശിച്ചപ്പോള്‍ ഞാന്‍ ഈ അനുഭവം അദ്ദേഹത്തെ അറിയിച്ചു. അപ്പോഴും ആ മുഖം വളരെ ചൈതന്യവത്തും പ്രത്യേകത ഉള്ളതുമായി എനിക്കുതോന്നി. 

അതിനുശേഷം കുറേദിവസങ്ങള്‍ കഴിഞ്ഞു. എനിക്കും മകള്‍ക്കും ഒരു വാഹനാപകടം ഉണ്ടായി. മാവേലിക്കര കുടുംബക്കോടതിക്കു സമീപത്തുവച്ചായിരുന്നു അപകടം ഉണ്ടായത്. വീട്ടിലുണ്ടായിരുന്ന ഭാര്യ വത്സല വിവരം അറിഞ്ഞ് സ്വാമിജിയെ വിളിച്ച് പറഞ്ഞപ്പോള്‍ “നീ വിഷമിക്കേണ്ട അവര്‍ കുറച്ചു കഴിയുമ്പോള്‍ വീട്ടില്‍ വരും” എന്നു പറഞ്ഞ് സമാശ്വസിപ്പിച്ചു.


സാന്ത്വനസന്ധ്യ
സ്വാമിജി പറഞ്ഞതുപോലെ കുറേസമയം കഴിഞ്ഞപ്പോള്‍ ഞാനും മകളും വീട്ടിലെത്തി. അപകടം നടക്കുന്നസ്ഥലത്തും എനിക്ക് ഗുരുവിന്‍റെ കരുതലും കാരുണ്യവും ഉണ്ടായി. രണ്ടു മരണംപോലും സംഭവിക്കാവുന്ന അപകടം. ഞങ്ങള്‍ വീണ ഇരുചക്രവാഹനത്തിനു തൊട്ടുപിന്നിലായി ഒരു കാറുവന്ന് തൊട്ടുതൊട്ടില്ല എന്ന പാകത്തില്‍ കിതച്ചുനിന്നു. കാര്‍ ഒരു നെല്ലിട മുന്നോട്ടു വന്നിരുന്നെങ്കില്‍ ഞങ്ങളില്ല. കാറില്‍ വന്നവര്‍ എന്നെ അറിയുന്നവരായിരുന്നു. അതുകാരണം അവര്‍തന്നെ ഞങ്ങളെ ആശുപത്രിയിലാക്കി. ഞങ്ങള്‍ വീണ ക്ഷണം ഏതാണ്ട് 70-72 വയസ്സ് പ്രായംതോന്നിക്കുന്ന ഒരാള്‍ ആ തിക്കിലും തിരക്കിലും ഞങ്ങളുടെ അടുത്തെത്തി. ‘എഴുന്നേല്‍ക്ക് മോളെ’ എന്ന് ഉറക്കെപറഞ്ഞു. ആ സമയം വാഹനങ്ങള്‍ക്കിടയില്‍ അത്രയും പ്രായമുള്ള ഒരാള്‍ എവിടെനിന്നു വന്നു? വീഴ്ചയില്‍ ബോധം നഷ്ടപ്പെട്ട എന്‍റെ മോള്‍ക്ക് പെട്ടെന്ന് പരിസരബോധം വീണു കിട്ടിയത് ‘എഴുന്നേല്‍ക്കു മോളെ’ എന്ന് മുഴങ്ങുന്ന ആ ശബ്ദം കേട്ടപ്പോഴാണ്. അവളതേറ്റുപറയുമ്പോള്‍, അത്ഭുതാനുഭൂതിയുടെ നിറവിലായി ഞങ്ങള്‍ വീണ്ടും. ബോധമില്ലാതെ കിടന്ന മകളെ വിളിച്ചുണര്‍ത്തിയതാരാണ്? പണ്ടായിരുന്നെങ്കില്‍ ഇതൊന്നും ശ്രദ്ധിച്ചെന്നിരിക്കില്ല. പക്ഷേ ഇന്ന് ഭഗവാന്‍റെ കരുതല്‍ അനുഭവമാകുമ്പോള്‍ ശ്രദ്ധിക്കാതെ പാടില്ലല്ലോ. ‘ഭക്തിയുണ്ടാകണം ശ്രദ്ധയുണ്ടാകണം ഭക്തന് വ്യക്തിത്വബോധമുണ്ടാകണം’ എന്നാണ് ജ്ഞാനാനന്ദജി പാടിയറിയിക്കുന്നതുതന്നെ.


മര്‍മ്മാണിവൈദ്യന്‍
ഭഗവല്‍ കൃപകൊണ്ട് അപകടം തരണംചെയ്ത് മൂന്ന് ദിവസമായി, നടക്കാനാവാതെ ഞാന്‍ കട്ടിലില്‍ കിടക്കുന്നു. കാലിനു നല്ലവേദന. കാല് അല്പം മടക്കി പൊക്കിവച്ചാണു കിടക്കുന്നത്. രാത്രി 10 മണി ആയിക്കാണും. ഞാന്‍ നല്ല മയക്കത്തിലായി. ആ മുറിയില്‍ത്തന്നെ മകളും കിടക്കുന്നുണ്ടായിരുന്നു. ഒരു നിമിഷം എന്‍റെ പരിക്കേറ്റ കാല് ആരോ ഒരാള്‍ പിടിച്ച് നേരെവച്ചു. അതിനുശേഷം ആ കാലിന്‍റെ അഞ്ചു വിരലുകളും ചേര്‍ത്തുപിടിച്ച് നന്നായി വലിച്ചുകുടഞ്ഞു. ആ സ്പര്‍ശനം യാഥാര്‍ത്ഥ്യമായിരുന്നു. ഞാന്‍ ഞെട്ടിയുണര്‍ന്നപ്പോഴും വലിച്ചുകുടഞ്ഞപ്പോഴുണ്ടായ അതിവേദന നിലനിന്നിരുന്നു. ഞാന്‍ മകളെ വിളിച്ചുചോദിച്ചു. ‘മോളെ മുറിയില്‍ ആരെങ്കിലും വന്നോഎന്‍റെ കാലില്‍ പിടിച്ചത് ആരാണ്? അപ്പോള്‍ മകള്‍ക്ക് അതിശയം’ അച്ഛാ പെട്ടെന്ന് ഞാനും ഒരു നിമിഷം മയങ്ങിപ്പോയി; ആ സമയം ഭാര്യ അടുക്കളയിലായിരുന്നു എന്നും മുറിയിലേക്കവള്‍ വന്നില്ല എന്നും പറഞ്ഞു. അപ്പോള്‍ത്തന്നെ അനുഭവിച്ചുകൊണ്ടിരുന്ന കാലിലെ വേദനയ്ക്ക് ആശ്വാസമുണ്ടായിരിക്കുന്നതായി അനുഭവപ്പെട്ടു. കാല് കുത്തി നടക്കാറായപ്പോള്‍ ഞങ്ങള്‍ സേവാശ്രമത്തില്‍പ്പോയി സ്വാമിയെ ദര്‍ശിച്ചു. അന്നത്തെ പൊതുപ്രാര്‍ത്ഥന കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി. സന്ധ്യയ്ക്ക് വിളക്ക് കൊളുത്തി ഭാര്യ പ്രാര്‍ത്ഥനാമുറിയില്‍ പ്രാര്‍ത്ഥിക്കുന്നു. ഞാന്‍ തൊട്ടടുത്ത മുറിയില്‍ കിടന്ന് പ്രാര്‍ത്ഥന കേള്‍ക്കുകയാണ്. അപ്പോഴും ഞാന്‍ പെട്ടെന്ന് ഒരുനിമിഷം മയങ്ങിപ്പോയതും ആരോ എന്‍റെ മുറിവേറ്റ കാലിലെ വിരലുകള്‍ മാത്രം മൂന്നുതവണ മെല്ലെ തലോടുന്നതായി സ്പഷ്ടമായി എനിക്കനുഭവപ്പെട്ടു. അതു സ്വപ്നമല്ല. യഥാര്‍ത്ഥത്തില്‍ ഒരു മര്‍മ്മാണി വൈദ്യന്‍റെ സ്പര്‍ശനസുഖം ഞാന്‍ അനുഭവിക്കുകയായിരുന്നു.

എന്‍റെ അനുഭവങ്ങള്‍ എല്ലാം കേട്ടിരുന്ന സ്വാമിജി ‘എല്ലാം ഗുരുവിന്‍റെ സാന്ത്വനസ്പര്‍ശമാണ്, ഭഗവല്‍ ദര്‍ശനമാണ്’ എന്നറിയിച്ചു. ഈ വാക്കുകള്‍ കേട്ട ഞാനും കുടുംബവും മഹാഗുരുവിന്‍റെ കരസ്പര്‍ശം അനുഭവിച്ചറിയാന്‍ കഴിഞ്ഞതോര്‍ത്ത് കോരിത്തരിച്ചു നിന്നുപോയി. ഇന്നു ഞാന്‍ ശുദ്ധഭക്തനും, വിശ്വാസിയുമാണ്. ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. കരുതലും, കാരുണ്യവുമായി പൊന്നുഭഗവാനെ അങ്ങ് ‘എപ്പോഴും ഞങ്ങള്‍ക്കൊപ്പം ഉണ്ടാകേണമേ, കരുണാമയനേ! ആത്മപ്രണാമം!’.

വത്സലാ രാമചന്ദ്രന്‍