ശ്രീനാരായണന്‍റെ ആശ്രമ-ഭക്തി സങ്കല്‍പങ്ങളുടെ പൂര്‍ണ്ണതേജസ്സാണ് സേവാശ്രമം. അപൂര്‍ണ്ണനായ മനുഷ്യന്‍റെ പൂര്‍ണ്ണതയിലേക്കുള്ള ചൂണ്ടുപലകകളാകുന്ന സ്ഥൂല, സൂക്ഷ്മ, ശരീരസങ്കല്പങ്ങളില്‍ പ്രണവം, ദീപം, വിഗ്രഹം എന്നീ പ്രതിഷ്ഠകള്‍ ഇവിടെ പ്രകാശം പൊഴിച്ചു നില്‍ക്കുന്നു. ഗുരുസാക്ഷാത്കാരത്തിന്‍റെ പ്രവാചകനായി ആശ്രമം അറിവിന്‍റെയും ആനന്ദത്തിന്‍റെയും ഉറവിടമാക്കിയ കര്‍മ്മയോഗി മുനിയായും ജിതേന്ദ്രിയനായും ആശ്രിതവത്സലനായും പ്രശോഭിക്കുന്നു. സേവാശ്രമത്തില്‍ തെളിയുന്ന ജ്ഞാനദീപം- ശ്രീനാരായണന്‍-നാരായണയുഗസംസ്ഥാപനത്തിനുള്ള വഴിയും വെളിച്ചവുമായി ഭക്തരില്‍-പ്രകൃതിയില്‍-വിളങ്ങുന്നു.
ധനവും ശാസ്ത്രവും പരാജയപ്പെടുമ്പോള്‍ അവശരും അശരണരുമായി ദുഃഖിതര്‍ സേവാശ്രമം തേടിയെത്തുന്നു. ജന്മവൈകല്യ ദുഃഖിതര്‍, ഭൂതബാധിതര്‍, പാപശാപാദികളാല്‍ വലയുന്നവര്‍, ബഹുദൈവാരാധനയുടേയും ദുരാചാരങ്ങളുടേയും ബലിയാടുകള്‍, തീരാവ്യാധികളുടെ ഉടമകള്‍, മദ്യാസക്തര്‍ ഒക്കെയുണ്ട്. അചഞ്ചലനാണ് കര്‍മ്മയോഗി. മനസ്സാവാചാകര്‍മ്മണാ പഞ്ചപാപങ്ങള്‍ ഉപേക്ഷിച്ച് പഞ്ചശുദ്ധി പരിപാലിച്ച് ഏകദൈവത്തില്‍ മനാര്‍പ്പണം ചെയ്ത് സ്രഷ്ടാവിനെ മഹത്വപ്പെടുത്തുന്ന ഉത്തമ ഭക്തസൃഷ്ടിയാണ് ഗുരു നിര്‍വ്വഹിക്കുന്നത്. പ്രാര്‍ത്ഥനകൊണ്ട് ആശ്വാസത്തിന്‍റെ തിരി ഉള്ളില്‍ പ്രകാശിപ്പിച്ചാണ് ഓരോ ദുഃഖിതനെയും യാത്രയാക്കുക. സ്വജീവിതം താളാത്മകമാക്കി ഈശ്വരനിലേക്ക് മിഴിയുറപ്പിക്കുന്ന ഭക്തന്‍ സമൂഹപ്രാര്‍ത്ഥനയുടെ ഭാഗമാകുന്നു. തന്‍റെ ദുരിത ജീവിതത്തിന്‍റെ കാര്യകാരണങ്ങള്‍ വെളിപ്പെട്ടുകിട്ടുന്ന ഭക്തന്‍ പശ്ചാത്താപത്തോടെ സ്വയം അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ ദുഃഖനിവര്‍ത്തിയുണ്ടാകുന്നു.
സ്വാനുഭവസ്ഥനാകുന്ന ഭക്തന് തന്നെത്തന്നെയും ആന്മമോചനകര്‍മ്മത്തേയും കര്‍മ്മയോഗിയേയും കര്‍മ്മിതാവിനേയും സേവാശ്രമധര്‍മ്മത്തേയും പഠിച്ചറിഞ്ഞ് സഹജീവികളായ ദുഃഖിതരെ അറിയിച്ച് അവരുടെ ദുഃഖനിവര്‍ത്തി വരുത്തി ആത്മാനന്ദം അനുഭവിക്കാം. നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുന്ന മനുഷ്യസൃഷ്ടി-ശ്രീനാരായണ ദര്‍ശന ദൗത്യം ഇവിടെ ആരംഭിക്കുന്നു. അറിയുക, അറിയിക്കുക, ആനന്ദിക്കുക.
ആശ്രമോല്പത്തി
മാവേലിക്കര പുല്ലംപ്ലാവ് എന്ന സ്ഥലത്ത് പാലപ്പള്ളില്‍ ഭവാനിയമ്മ ഒരു ദിവസം ഈരേഴ്വടക്ക് ഗുരുമന്ദിരത്തില്‍ വിശ്രമിക്കുകയായിരുന്ന ആശ്രമാചാര്യനെ സന്ദര്‍ശിച്ച് ഗുരുസ്വാമി ഇന്നലെ ഒരു സ്വപ്നം കാണിച്ചു; എനിക്ക് കൈതവടക്ക് പത്തുസെന്‍റ് ഭൂമിയുണ്ട്. അത് സ്വാമിക്ക് തരണം അതായിരുന്നു സ്വപ്നം എന്നറിയിച്ചു. എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും ക്ഷണേന കെട്ടടങ്ങി. ഭഗവാന്‍ നല്‍കിയ സ്വപ്നദര്‍ശനമെങ്കിലും അധികം ഭൂസ്വത്തുക്കളില്ലാത്ത അവര്‍ക്ക് വില നല്‍കി ആധാരം രജിസ്റ്റര്‍ ചെയ്തു. കുളവും കുഴികളുമായി കിടന്ന സ്ഥലം മണ്ണടിച്ച് നിരപ്പാക്കി. എട്ടരക്കോല്‍ നീളവും അതിനനുസൃതമായ വീതിയുമുള്ള ഒരു തെങ്ങിന്‍കൂട്ട് ഉണ്ടാക്കി പര്‍ണ്ണശാലയാക്കി. അതിന്‍റെ പടിഞ്ഞാറ് ഭാഗത്ത് കട്ടിളവച്ച് ശ്രീകോവില്‍ വേര്‍തിരിച്ചു. അതിനുള്ളില്‍ നാരായണഗുരുവിന്‍റെ ചിത്രം മുഹൂര്‍ത്തം നോക്കാതെ അനാച്ഛാദനം ചെയ്തു. വാദ്യമേളമോ, പരസ്യമോ, യോഗമോ ഇല്ലാതെ, ധ്യാനത്തിന്‍റെയും മനനത്തിന്‍റെയും മണിക്കോവിലില്‍ ഒരു വലിയ കാര്യം ഏറ്റവും ചെറിയരീതിയില്‍ നിര്‍വ്വഹിച്ചു. നാരായണോച്ചാരണം മാത്രമാണ് ആശ്രമോല്പത്തിക്ക് അകമ്പടി നിന്നത്. അങ്ങനെ 1996ല്‍ സേവാശ്രമം സംസ്ഥാപനം ചെയ്യപ്പെട്ടു.
ആദിനാരായണന്‍ അന്ത്യാവതാരമായി മനുഷ്യപ്രകൃതിയില്‍, നാരായണനാമത്തില്‍ ഭൂമിയിലവതരിച്ചു. നാണു ചെമ്പഴന്തിയുടെ പുണ്യവും ജീവരാശിക്കു ലഭിച്ച വരദാനവുമാണ്. തിരുപ്പിറവിയിലും തപോനിഷ്ഠമായിരുന്ന പുണ്യാത്മാവ് മഹാസമാധിയോളം അചഞ്ചലമായി, ആത്മനിഷ്ഠമായി നിലകൊണ്ടു. ജീവരാശി അന്നോളം അനുഭവിച്ചിട്ടില്ലാത്ത ദര്‍ശനസൗകുമാര്യം. അറിവിന്‍റെ പൂര്‍ണ്ണ തേജസ്സ്. അവിടുത്തെ ചിന്താപദ്ധതിയിലും മൊഴിയിലും കര്‍മ്മത്തിലും ഒരമാനുഷിക പ്രതിഭയുടെ തഴക്കവും വഴക്കവും മുദ്രിതമായിരുന്നു.
പരമാത്മാവിനെയും ജീവാത്മാവിനെയും തന്നില്‍ പ്രകാശിപ്പിച്ചു കാട്ടിയ ഗുരു സര്‍വ്വഭൂതങ്ങളിലും പരമാത്മാവും സര്‍വ്വഭൂതങ്ങളും പരമാത്മാവിലും ആവസിക്കുന്നു എന്ന് ഉദ്ബോധിപ്പിച്ചു, പ്രത്യക്ഷാനുഭവം നല്‍കി ബോധ്യമാക്കിക്കൊടുത്തു.
കര്‍മ്മം ധര്‍മ്മമാക്കി ജീവന്മുക്തനാകുവാന്‍ അവിടുന്ന് പഠിപ്പിച്ചു. സഗുണോപാസനയിലൂടെ ഈശ്വരനെ അറിഞ്ഞ്, സ്വത്വം തിരിച്ച്, നിര്‍ഗുണോപാസകരായി ജന്മം പൂര്‍ണ്ണമാക്കുവാനുള്ള ക്ഷേത്രജ്ഞ മതമായി ഗുരു. തിരുമൊഴികള്‍ അധര്‍മ്മത്തിനുമേല്‍ സുദര്‍ശനചക്രങ്ങളായി. ജാതി ഒടുങ്ങണം. മതങ്ങള്‍ ഏകീകരിക്കപ്പെടണം. ആകാശത്തിന് കീഴില്‍ ഒരു മതം, ഒരൊറ്റ ജനത, അവര്‍ക്കൊരു ദൈവം. ഗുരു അടിവരയിട്ടു. നാരായണന്‍ പരമഹംസനായി. മതങ്ങള്‍ അവിടുത്തേക്ക് പ്രമാണമായില്ല, അദ്വൈതമതത്തിന് ശ്രീനാരായണപരമഹംസന്‍ പ്രമാണമായി. ഏകലോകസംഗ്രഹമെന്ന തന്‍റെ അവതാരലക്ഷ്യത്തിലേക്ക് ലോകക്രമം തിരുത്തി ഏഴുതുന്നു. ഇന്നും പ്രകൃതി അവിടുത്തെ വാക്കുകളെ ശിരസ്സാവഹിച്ച് കര്‍മ്മം തുടരുന്നു. നാരായണയുഗം-സത്യയുഗം-സംസ്ഥാപനഘട്ടത്തിലാണ്. നാരായണയുഗം ഈ നൂറ്റാണ്ടിനും വരും നൂറ്റാണ്ടുകള്‍ക്കും സാക്ഷിയാകും. ഉണരുക! അണിചേരുക. തുടര്‍ന്ന് വായിക്കുക
ശ്രീനാരായണ ദര്‍ശനങ്ങളില്‍ ആകൃഷ്ടനായ കൗമാരബാലന്‍ തൃപ്പാദം ശരണപ്പെട്ട് ബ്രഹ്മവിദ്യ ആഭ്യസിച്ചു. തിരിച്ചറിഞ്ഞു, അനുഭവമാക്കി. ആ മഹാഗുരു തിരോധാനം ചെയ്തെങ്കിലും ഗുരുസാധന കുഞ്ഞുപിള്ള(ധര്‍മ്മാനന്ദന്‍) എന്ന യുവസന്ന്യാസി വ്രതമാക്കി. ചെമ്പഴന്തി ഗുരുകുലത്തിലെ കാര്യദര്‍ശിയും തന്‍റെ ദീക്ഷാഗുരുവുമായ ധര്‍മ്മതീര്‍ത്ഥസ്വാമികള്‍ക്കൊപ്പം ശ്രീനാരായണഗുരുവിന്‍റെ സൂതീഗൃഹത്തില്‍ ശയിക്കവെ രാത്രിയുടെ ഏകാന്തയാമങ്ങളില്‍ സംപ്രീതനായ ഗുരു അശരീരിയായി മുഴങ്ങി നീ വനത്തില്‍ പോയി തപസ്സ് ചെയ്യണം. ഗുരു കാട്ടിയ വഴികള്‍ താണ്ടി വനാന്തരത്തിലെ ശിലാതലം തപോപീഠമാക്കി. തപാഗ്നിയില്‍ ആത്മസ്ഫുടം വരുത്തി ആത്മസാക്ഷാത്കാരം നേടി. ഗുരു അശരീരിയായി വീണ്ടും മുഴങ്ങി തിരോധാനം ചെയ്ത ശ്രീനാരായണന്‍ തന്നെയാണ് ഞാന്‍, നീ എന്‍റെ തിരിച്ചുവരവിനെക്കുറിച്ച് ലോകത്തെ അറിയിക്കുക, ഞാന്‍ നിന്നോടുകൂടി ഉണ്ടായിരിക്കും. അശരീരി തരംഗങ്ങള്‍ പ്രകൃതിയെ പുളകമണിയിച്ചു. ഗുരു നിലാവും നിഴലുമായി. ഗുരുനിലാവില്‍ കുളിച്ച് യോഗീന്ദ്രന്‍ ഗുരുദര്‍ശനങ്ങള്‍ പഠനപരീക്ഷണങ്ങള്‍ക്ക് വിധേയമാക്കി. ജീവപരിണാമങ്ങളെ വകയിരുത്തി ഗുരുസാധനയിലൂടെ ജീവന്മുക്തി സാധ്യമാക്കാമെന്ന് കണ്ടെത്തി.
ശ്രീനാരായണന്‍റെ തിരിച്ചുവരവില്‍, ആരാധനാലയങ്ങളുടെയും മനുഷ്യഹൃദയങ്ങളുടെയും ശുദ്ധീകരണവും അതിലൂടെ മതങ്ങളുടെ ഏകീകരണവും അദ്വൈതമതസ്ഥാപനവും പൂര്‍ണ്ണമാക്കി ഏവരും ഏകാശ്രയമായ സ്രഷ്ടാവിനെ വണങ്ങുന്ന ഏകലോകസംസ്ഥാപനമാണ് അവിടുത്തെ ലക്ഷ്യം. അതിന് യുഗാന്തരങ്ങളിലൂടെ ജനിച്ച് പിശകി ജീവിച്ച് ലയം സാദ്ധ്യമാകാതെ അലഞ്ഞുതിരിഞ്ഞ് തങ്ങളുടെ ഇച്ഛാനിച്ഛകളിലേക്ക് മനുഷ്യനെ നയിക്കുന്ന പരേതദേഹികളെ പരകായത്തില്‍ വരുത്തി, വാക്കാലമര്‍ത്തി, നാമവും രൂപവും പുനര്‍പ്രകാശിപ്പിച്ച് ജ്ഞാനാഗ്നിയില്‍ സ്ഫുടം ചെയ്ത് തൊണ്ണൂറ്റിയാറ് മായാവലയങ്ങളും ഭേദിച്ച് അഴിച്ചുനീക്കി സ്വത്വം തെളിച്ച് മോചനവും മുക്തിയും നല്‍കുന്നു. അതിലൂടെ ഭൂതബാധയാലും പാപശാപാദികളാലും രോഗപീഢയാലും ദുരിതമനുഭവിക്കുന്ന മനുഷ്യന് ശാന്തിയരുളാമെന്ന് ധര്‍മ്മാനന്ദജി സ്ഥാപിച്ചു. അനാചാരങ്ങളെയും ദുഷിച്ച അനുഷ്ഠാനങ്ങളെയും ഗുരു കശക്കിയെറിയുന്നു. അധര്‍മ്മിയുടെ പ്രകടന മണ്ഡലങ്ങളെ ഉഴുതുമറിച്ച് ധര്‍മ്മം പുനഃസ്ഥാപിക്കുന്നു. കാലാവസ്ഥാവ്യതിയാനങ്ങളും പ്രകൃതികോപങ്ങളും മാരിപോലെ പകര്‍ച്ചവ്യാധികളും ദാരുണമായ ദുരന്തങ്ങളും കലിരാക്ഷസ്സന്‍റെ ഉന്മാദവും രക്തച്ചൊരിച്ചിലും ലയകാരകനായ പരമഗുരുവിന്‍റെ ശുദ്ധീകരണക്രിയകള്‍ മാത്രം. അത് ശ്രീനാരായണന്‍റെ അന്ത്യവാഴ്ചയുടെ പ്രത്യക്ഷലക്ഷണങ്ങളാകുന്നു. അറിയുക, സ്വയം തിരുത്തി നന്നാകുക. തുടര്‍ന്ന് വായിക്കുക
ജിജ്ഞാസുവും അന്വേഷിയുമായിരുന്നു യുവ ഗൃഹസ്ഥാശ്രമി. വിധി ചാര്‍ത്തിയ നെരിപ്പോടുമായി ധര്‍മ്മാനന്ദഗുരുവിനെ ശരണപ്പെട്ടു. സ്വാനുഭവത്തില്‍ ഗുരു തെളിഞ്ഞു വിളങ്ങി. ഗുരുസേവ തപസ്സാക്കി. കര്‍മ്മയോഗവരം നേടി. ധര്‍മ്മാനന്ദഗുരുവില്‍ നിന്ന് ദീക്ഷ സ്വീകരിച്ച് ജ്ഞാനാനന്ദനായി. ധര്‍മ്മാനന്ദജിയുടെ ദിവ്യ സമാധിക്കുശേഷം തപോവാടം വിട്ടിറങ്ങി. ഭക്തിയുടെയും വിശ്വാസത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും വിശാലലോകം മുന്നില്‍ തുറക്കപ്പെട്ടു. അനുഭവങ്ങള്‍ മനനാഗ്നിയുടെ വ്യാപ്തി കൂട്ടി. പഠിച്ച ആത്മപാഠങ്ങളൊക്കെ അവസരോചിതം പരീക്ഷിച്ചുറപ്പിച്ചു. സന്ന്യാസത്തിന്‍റെ ഭാഗമായ അവധൂതവൃത്തി പൂര്‍ത്തിയാക്കി, ആത്മനിഷ്ഠ കൈവരിച്ച സന്ന്യാസി സാക്ഷാത്കാരം നേടി. ഗുരുസാക്ഷാത്കാരത്തിന്‍റെ പ്രവാചകനായി.
1996-ല്‍ മാവേലിക്കര താലൂക്കിലെ പ്രകൃതിരമണീയമായ ചെട്ടികുളങ്ങരഗ്രാമഭൂമിയില്‍ സേവാശ്രമം സ്ഥാപിച്ച് കര്‍മ്മമണ്ഡലം പ്രകാശനം ചെയ്തു. ആത്മമോചനകര്‍മ്മത്തില്‍ വ്യാപൃതനായി. ഗുരുധര്‍മ്മവേലയ്ക്ക് ത്യാഗികളായ പടയാളികളെ സൃഷ്ടിക്കുന്നു. ഗുരുദര്‍ശനത്തിലെ ധര്‍മ്മശാസ്ത്രപ്രകാശനം വ്രതമാക്കി ഗ്രന്ഥരചന നിര്‍വ്വഹിക്കുന്നു. ധര്‍മ്മാനന്ദത്തിലെ നാരായണം ഉരുക്കഴിച്ച് ഒരു ഭൂമി, ഒരാകാശം, ഒരൊറ്റ ജനത, അവര്‍ക്കൊരു ദൈവം എന്ന ശ്രീനാരായണന്‍റെ അവതാര ലക്ഷ്യത്തിലേക്ക്, ഏകലോകസംഗ്രഹത്തിനായി സത്യധര്‍മ്മപ്പടവാളേന്തി ധര്‍മ്മയുദ്ധം തുടരുന്നു. മാനവരാശിയെ അദ്വൈതമതബോധികളാക്കാന്‍ കര്‍മ്മക്ഷേത്രം തുറന്ന്, കര്‍മ്മയോഗം അനുഷ്ഠിക്കുന്നു. ആത്മബോധികളായ ശിഷ്യസമ്പത്തിനായി, അതിപ്രയത്നം കൊണ്ട് ഗുരുവായി, അരുളായി.തുടര്‍ന്ന് വായിക്കുക