അദ്വൈതമതസാക്ഷ്യം

അധോഗതിയിലേക്കു സഞ്ചരിക്കുന്ന ആത്മാവിനു ഊര്‍ദ്ധമുഖം നല്‍കുകയാണ് മതങ്ങളുടെ ലക്‌ഷ്യം

മനുഷ്യനു മാര്‍ഗ്ഗം തെളിച്ചുകൊടുക്കുന്നതും ജീവിതസഞ്ചാരിയെ ലക്ഷ്യത്തിലെത്തിക്കേണ്ടതും മതമാണ്. ദൈവം ആരുടേയും കുത്തകയല്ല. ഞങ്ങളുടെ ദൈവം നല്ലതും അന്യരുടെ ദൈവം മോശവുമാണെന്ന വാദം അറിവില്ലായ്മയാണ്. അഖണ്ഡമായ സത്യസ്വരൂപത്തെ എങ്ങനെയാണ് ഓരോരോ മതങ്ങള്‍ക്കും ഓരോരോ ദൈവമായി ഭാഗിച്ചെടുക്കാന്‍ കഴിയുക. ഒരു ദൈവം എന്നു പറയുവാന്‍ ഈ വിശ്വാസസമൂഹത്തിന് എന്തവകാശമാണുള്ളത്?

ഹിന്ദുമതത്തില്‍ ധാരാളം ജാതികളുണ്ട്. പല ദൈവങ്ങളും. പലതരം ആചാരങ്ങള്‍ ഓരോ ദൈവത്തിന്‍റെ പേരിലും വെച്ചുപുലര്‍ത്തുന്നു. ക്രിസ്തു മതത്തില്‍ ധാരാളം സഭകള്‍, ഓരോസഭയ്ക്കും പ്രത്യേകം പ്രത്യേകം ആചാരങ്ങള്‍. ഇസ്ലാം മതത്തില്‍ ഷിയാ-സുന്നി- കുര്‍ദ്ദ് വിഭാഗങ്ങള്‍ തമ്മിലാണ് വര്‍ഗ്ഗീയത. ഈ മതങ്ങള്‍ക്കിടയിലെല്ലാം മതപ്പോരുണ്ട്. നാനാത്വത്തില്‍ നിന്നും ഏകത്വം എന്ന് വിളംബരം ചെയ്യാനല്ലാതെ ഏകത്വത്തിലേക്ക് മനുഷ്യനെ നയിക്കുവാന്‍ മതങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല അതുകൊണ്ടാണ് മതാതീത സൃഷ്ടിരഹസ്യവുമായി, അവതാരങ്ങളുടെ പൂര്‍ത്തീകരണമായി നാരായണഗുരു അവതരിച്ചത്. 

നാരായണഗുരു മൊഴിയുന്നത്; അധോഗതിയിലേക്ക് താണുസഞ്ചരിച്ചുകൊണ്ടിരിക്കുന്ന ജീവാത്മാവിന് ഊര്‍ദ്ധമുഖം നള്‍കുകയാണ് മതങ്ങളുടെ ലക്ഷ്യം എന്നാണ്. അതില്‍ കൂടുതലൊന്നും മതത്തിന് ചെയ്യുവാനില്ല. 

പൊരുതു ജയിപ്പതസാദ്ധ്യമൊന്നിനോടൊ-
ന്നൊരു മതവുംപൊരുതാലൊടുങ്ങുവീല
പരമതവാദിയിതോര്‍ത്തിടാതെ പാഴേ
പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധി വേണം.


മതത്തിന്‍റെ പേരില്‍ ഏറെ നഷ്ടം സഹിച്ചവരാണ് ഭാരതീയരും പാകിസ്ഥാനികളും. മതത്തിന്‍റെ പേരിലാണ് രാഷ്ട്രം വിഭജിക്കപ്പെട്ടത്. മഹാത്മജിയുടെ ജീവനെടുത്തതും മതത്തിന്‍റെ പേരിലാണ്. ഹിന്ദുരാഷ്ട്രത്തിനായി ഹിന്ദുക്കളും ഇസ്ലാമിക രാഷ്ട്രത്തിനായി ജിന്നയുടെ നേതൃത്വത്തില്‍ മുസ്ലീങ്ങളും പട നയിക്കുമ്പോള്‍ സമാധാനദൂതനായി മുന്നില്‍ നിന്ന മഹാത്മജിക്കാണ് ജീവന്‍ വെടിയേണ്ടി വന്നത്. അതിര്‍ത്തിയില്‍ ഇന്നും വെടിമുഴക്കം കേള്‍ക്കാം. മതപ്പോര് ഇന്നും അവസാനിച്ചിട്ടില്ല. ഒരു മതം മറ്റൊരു മതത്തോട് പൊരുതി ജയിക്കുക അസാദ്ധ്യമാണ്. മതസത്യം ഗ്രഹിക്കാത്ത മതങ്ങള്‍, തമ്മില്‍ പൊരുതി നശിക്കുകയാകും ഫലം. 

അതാണ് ഈ ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അകക്കാമ്പില്ലാത്ത പാഴ്വൃക്ഷങ്ങള്‍ കണക്കെ ആധുനിക മതങ്ങള്‍. ഈ മതങ്ങളെല്ലാം അപ്രസക്തമായിക്കഴിഞ്ഞു. അതിന്‍റെ എല്ലാ ലക്ഷണങ്ങളും ലോകത്ത് പ്രകടമായിക്കഴിഞ്ഞു. ഭഗവദ്ഗീത, ഖുര്‍-ആന്‍, ബൈബിള്‍ തുടങ്ങിയ സകല പ്രമാണങ്ങളുടേയും കര്‍ത്താവായ ദൈവം അധുനീകമതങ്ങളെയെല്ലാം കയ്യൊഴിഞ്ഞു.

2018 ഫബ്രുവരിയില്‍ ജെറുസലേമിലെ ക്രിസ്തുവിന്‍റെ കബറിടപ്പള്ളി അടച്ചു. ഈ പള്ളി യഹൂദരാജ്യമായ ഇസ്രായേല്‍ പിടിച്ചെടുത്തതോടെ കുര്‍ബാന മുടങ്ങി. ഓര്‍ക്കുക, യേശുവിനെ ഒറ്റിക്കൊടുത്തത് ഒരു യഹൂദനാണ്. 2019 ഏപ്രില്‍ മാസത്തില്‍ പാരീസിലെ നോത്രദാം കത്തീഡ്രല്‍ ദേവാലയം അഗ്നിക്കിരയായി. മുഖ്യ ആകര്‍ഷകമായിരുന്ന ഗോഥിക്ഗോപുരം കത്തിയമര്‍ന്നു. 2020-ല്‍ ബേഥ്ലഹേമിലെ നേറ്റിവിറ്റിപള്ളി കൊറോണാ ഭീതിയെത്തുടര്‍ന്ന് പൂട്ടി. കത്തോലിക്കാ സഭയുടെ ആസ്ഥാനമായ ഇറ്റലിയിലാണ് കൊറോണാ വൈറസ് ബാധ അധികരിച്ചതും മരണമേറെ സംഭവിച്ചതും. പോപ്പ് പനിബാധിതനായി വിശ്വാസിസമൂഹവുമായുള്ള സമ്പര്‍ക്കം ഒഴിവാക്കി. ഫ്രാങ്കോ മുളയ്ക്കലിനെപ്പോലെയുള്ള ബിഷപ്പുമാരുടെ കന്യാസ്ത്രീകളോടുള്ള ലൈംഗീക അധിക്രമത്തില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ കൊച്ചിയില്‍ പരസ്യമായി സത്യാഗ്രഹസമരം നടത്തി. സത്യം വിളിച്ചുപറഞ്ഞ സഭയിലെ അമ്മമാര്‍ക്ക് സഭ ശിക്ഷവിധിച്ചിരിക്കുകയാണ്.  സഭ അധോലോകത്തെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിസ്റ്റര്‍ ജെസ്മി വിളിച്ചു പറഞ്ഞു. എല്ലാവിധ പാപമാലിന്യങ്ങളും റോമിലാണല്ലോ അടിഞ്ഞുകൂടുന്നത്. ഹിന്ദുമതത്തിന്‍റെ അനിഷ്വേധ്യമതാചാര്യനാണ് ശ്രീശങ്കരാചാര്യര്‍. ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കേദാര്‍നാഥിലെ തന്‍റെ സമാധിപീഠം ഒലിച്ചുപോയി. ഒപ്പം ക്ഷേത്രവും പൂജാദ്രവ്യങ്ങളും. കാലടിയിലെ ജന്മസ്ഥാനത്തുണ്ടായരുന്ന ക്ഷ്ത്രേത്തില്‍ നിന്ന് ആചാര്യസ്വാമികളുടെ വിഗ്രഹം ഏതോ ജലയാനത്തില്‍ വന്ന കൊള്ളക്കാര്‍ വിദേശത്തേക്ക് കടത്തിക്കൊണ്ടുപോയി. ഇതെല്ലാം ഹിന്ദുമതത്തിന്‍റെ അപചയത്തെയാണ് കാണിക്കുന്നത്. 2018-ലെ പ്രളയകാരണം ശബരിമല ക്ഷേത്രത്തില്‍ പൂജാദികള്‍ മുടങ്ങി. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ശബരിമലയുമായി ബന്ധപ്പെട്ടുണ്ടായ അനിഷ്ടസംഭവങ്ങള്‍ ധാരാളമാണ്. ഒരിക്കല്‍ ശബരിമല ഉത്സവത്തോടനുബന്ധിച്ച് നടന്ന എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞു. ആനപ്പുറത്തിരുന്ന ക്ഷേത്രപുരോഹിതന്‍ താഴത്തുവീണു. അയാളുടെ കയ്യിലിരുന്ന അയ്യപ്പവിഗ്രഹം ഉടഞ്ഞുപോയി. ഇതെല്ലാം പൗരോഹിത്യത്തിന്‍റെ നാശമാണ് കാണിക്കുന്നത്. 

ഇസ്ലാമതത്തിലുണ്ടായ തീവ്രവാദം വിശുദ്ധ ഖുര്‍ ആന്‍റെ അന്തസത്തയ്ക്ക് കോട്ടം വരുത്തി. എന്നാല്‍ മതം ഈ സംഭവത്തെ നിസ്സാരവത്കരിക്കുകയായിരുന്നു.  സൗദിയിലെ മെക്കാ പള്ളി യെമനികളില്‍ നിന്നും ഭീഷണി നേരിടുന്നു. സൗദി യെമനികളുമായി യുദ്ധത്തിലായകാരണം ഉമ്ര ഉത്സവം നടത്താതെ പള്ളി അടച്ചു. 

ഇന്നിപ്പോള്‍ ലോകത്തിലുള്ള സമസ്ത പള്ളികളും മോസ്ക്കുകളും ക്ഷേത്രങ്ങളും അടച്ചുപൂട്ടിയിരിക്കുന്നു. ഇക്കാലമത്രയും നടന്ന പൂജയും വിളക്കും നിസ്കാരവും കുര്‍ബാനയും രഹസ്യകുമ്പസാരവുമെല്ലാം ദൈവം നിഷേധിക്കുന്നു. രഹസ്യാരാധന ദൈവം ഇഷ്ടപ്പെടുന്നില്ല. പരസ്യാരാധന പടച്ചോന്‍ ഇഷ്ടപ്പെടുന്നു. സത്യത്തിന്‍റെ വാള്‍ത്തലകൊണ്ട് അസത്യത്തിന്‍റെ തല തകര്‍ത്തുകളയും എന്ന് വിശുദ്ധ ഖുര്‍ ആനില്‍ നബി തിരുമേനി രേഖപ്പെടുത്തിയിട്ടുണ്ട്. ഖുര്‍ ആന്‍ വചനത്തിന്‍റെ സാക്ഷാത്കാരമാണ് കൊറോണയുടെ വരവ് എന്നുകൂടി വായിക്കേണ്ടിയിരിക്കുന്നു. കണ്ണില്ലാതെ കാണുകയും കാതില്ലാതെ കേള്‍ക്കുകയും മൂക്കില്ലാതെ മണക്കുകയും ചെയ്യുന്ന ചിത്പുരുഷനാണ് ദൈവം. 

മതവും ശ്രീനാരായണഗുരുവും

ഇത്രയധികം മതങ്ങള്‍ നിലവിലുള്ളപ്പോഴും നാരായണഗുരു തന്‍റേതായി ഒരു മതവും സ്ഥാപിച്ചില്ല.  മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നാണ് അവിടുന്ന് അരുളിചെയ്തത്. മനുഷ്യനില്‍ കൂടിയ ദൈവവും ദേവനുമില്ലെന്ന് തത്വവിചാരം ചെയ്തറിഞ്ഞു. നവംനവങ്ങളായ ആശയങ്ങള്‍ പ്രഫുല്ലമാകുന്ന ക്ഷേത്രങ്ങള്‍ സ്ഥാപിച്ചു. ആശയങ്ങള്‍ വിശദീകരിച്ചുകൊണ്ട് അനേകം വേദാന്തഗ്രന്ഥങ്ങള്‍ രചിച്ചു. വിഗ്രഹാരാധനയെ നിഷേധിക്കുന്നതാണ് അവിടുത്തെ സത്യസങ്കല്പങ്ങളായ ക്ഷേത്രങ്ങള്‍. അതല്ല, നാരായണഗുരു വിഗ്രഹത്തെ ആരാധിക്കാനാണ് വിഗ്രഹങ്ങള്‍ വെച്ചതെന്ന് മലയാളിയായ കേന്ദ്രമന്ത്രി പ്രസംഗിച്ചിരുന്നു. അദ്ദേഹവുമിപ്പോള്‍ കൊറോണയുടെ പരീക്ഷണത്തിലാണെന്നോര്‍ക്കുക. മതനിഷേധവും മതസ്ഥാപനവും പരിചില്‍ സാധിച്ച പരമ സദ്ഗുരോ എന്ന് യുക്തിവാദികൂടിയായ സഹോദരന്‍ അയ്യപ്പന്‍ സമാധിഗാനത്തില്‍ പാടിയിട്ടുണ്ട്. എല്ലാ മനുഷ്യരേയും ഒന്നായി കാണുന്ന സഹോദരഭാവത്തില്‍ സ്നേഹിക്കുന്നതാണ് മനുഷ്യത്വത്തിന്‍റെ മതം. അതെ! എല്ലാ മതതത്വങ്ങളും ഉള്‍ക്കൊള്ളുന്ന അദ്വൈത മതാചാര്യനാണ് ശ്രീനാരായണന്‍. കാലപ്രവാഹത്തില്‍ ശിവഗിരിയില്‍ ഗുരുഭക്തരെ  വേദനിപ്പിച്ച അനേകം സംഭവങ്ങള്‍ ഉണ്ടായി. പോലീസ് മഠത്തില്‍ കയറിച്ചെല്ലേണ്ട അവസ്ഥയുണ്ടായി. എങ്കിലും വലിയ പരിക്കുകളൊന്നും കൂടാതെ ശിവഗിരിമഠവും അനുബന്ധസ്ഥാപനങ്ങളും ഇന്നും നിലനില്‍ക്കുന്നു. 

നാരായണഗുരുവിന്‍റെ മഹാസമാധിക്കുശേഷം അവിടുന്നു സ്ഥാപിച്ച മതത്തിന്‍റെ ആചാര്യനായി അഭിഷിക്തനായ മഹാത്മാവാണ് ബ്രഹ്മശ്രീ ധര്‍മ്മാനന്ദഗുരുദേവന്‍. ആ മഹാത്മാവിന്‍റെ കാലശേഷവും മതസത്തയ്ക്ക് യാതൊരു പോറലുമേല്‍ക്കാതെ തന്‍റെ അദ്വൈതമതം ഇന്നും പോഷിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇത് ശ്രീനാരായണന്‍റെ സ്വത്വപ്രകാശനമാകുന്നു. മനുഷ്യഹൃദയങ്ങളില്‍ വച്ചു പൂജിക്കേണ്ട പത്താമത്തെ അവതാരവും ദിവ്യമൂര്‍ത്തിയുമാണ് ശ്രീനാരായണന്‍. അന്ത്യപ്രവാചകന്‍റെ തിരിച്ചുവരവിനേയും അന്ത്യവാഴ്ചയേയും വിളംബരം ചെയ്യുന്നതാണ് ഇന്ന് ലോകജനതയെ നടുക്കുന്ന കൊറോണ മുതല്‍ കൊടുങ്കാറ്റ്, സുനാമി തുടങ്ങിയ എല്ലാ പ്രകൃതി ചലനങ്ങളും.