ഗുരുവും ശിഷ്യനും
ശ്രീനാരായണന്‍റെ ജീവിതകാലത്ത് ശിവഗിരിമഠത്തോടനുബന്ധിച്ച് സ്ഥാപിച്ചിരുന്ന ഗുരുകുലത്തില്‍ വിദ്യാഭ്യാസം ചെയ്യുവാന്‍ ഭാഗ്യം സിദ്ധിച്ച സുകൃതിയായിരുന്നു മാവേലിക്കര ചെറുകോല്‍ കാക്രേത്ത് കുടുംബത്തില്‍ കുഞ്ഞുപിള്ള എന്ന് പൂര്‍വ്വാശ്രമനാമമുള്ള സ്വാമി ഗുരുധര്‍മ്മാനന്ദന്‍. ഗുരുമുഖത്ത് നിന്നും വിദ്യ അഭ്യസിക്കുവാന്‍ അവസരം ലഭിച്ചെങ്കിലും ഗുരുകുലവിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതിനു മുമ്പ് ഗുരു മഹാസമാധിയടഞ്ഞു.
ഭഗവാന്‍ ദേഹവിയോഗം ചെയ്തെങ്കിലും ആ ഗുരുശിഷ്യപാരസ്പര്യം മായാതെ മനമായ് പ്രോജ്ജ്വലിച്ചുകൊണ്ടിരുന്നു. കൗമാരത്തിലും യൗവനാരംഭത്തിലുമെല്ലാം തന്നെ നയിച്ചുകൊണ്ടിരിക്കുന്ന ആ ആദര്‍ശശക്തിയെ താന്‍ അന്വേഷിച്ചുകൊണ്ടിരുന്നു. ഒരു ദിവസം രാത്രി ചെമ്പഴന്തി ഗുരുകുലത്തില്‍ നിദ്രകൊള്ളവേ അശരീരി ഉണ്ടായി. നീ വനത്തില്‍ പോയി തപസ്സ് ചെയ്യണം. അശരീരിയെ ശരണം പ്രാപിച്ച് ഗുരുകുലം വിട്ട്, യാത്രയായി. കുട്ടിക്കാനത്തു നിന്നും വനത്തില്‍ പ്രവേശിച്ചു. ഘോരകാന്താരത്തില്‍ കൂടി അനേകം കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് കുറവന്‍ കുറത്തി മലഞ്ചെരുവിലെത്തി. അവിടെ ശിലാതലത്തില്‍ ഉപവിഷ്ടനായി. മഹാതപസ്സാരംഭിച്ചു.
വനത്തിന്‍റെ കോലാഹലങ്ങളില്‍ നിന്നും മനസ്സിനെ അകറ്റി ഏകാഗ്രപ്പെടുത്തി, ആസനം ഉറച്ചു. ധ്യാനദീപം തെളിഞ്ഞു. ധ്യാനയോഗത്തില്‍ നിന്നും സത്യത്തില്‍ നിന്നും അണുവിട വ്യതിചലിക്കാതെ ആ ദിവ്യ പ്രതിഭ 41 ദിവസം കഠിനതപസ്സനുഷ്ഠിച്ചു. സ്വരൂപദര്‍ശനമുണ്ടായി. സ്വാരൂപ്യം സായൂജ്യം എന്നീ സഹജാവസ്ഥ വന്നുചേര്‍ന്നു. തപസ്സ് സമാപനമായി. താപസ്സന്‍റെ മുമ്പില്‍ ഭഗവാന്‍ പ്രത്യക്ഷമായി. വലതു കരത്തില്‍ പാളപ്പൊതിയും ഇടതുകയ്യില്‍ വടിയും തലയില്‍ പാളത്തൊപ്പിയും; ഇതായിരുന്നു ആഗതന്‍റെ വേഷം. അടുത്തുണ്ടായിരുന്ന കുഞ്ഞരുവിയില്‍ നിന്നും ഇലക്കുമ്പിളില്‍ ജലം നിറച്ച് താപസന്‍റെ കരത്തില്‍ ഒഴിച്ചുകൊടുത്തു. അല്പജലം കുടിച്ചു. പൊതിയഴിച്ചുണ്ണുവാന്‍ കല്പിച്ചു. ഊണുകഴിഞ്ഞ് നോക്കുമ്പോള്‍ ആ തേജോമയന്‍ അപ്രത്യക്ഷമായിരിക്കുന്നു. ഉടന്‍ മുകളില്‍ നിന്നും അശരീരി ഉണ്ടായി. തിരോധാനം ചെയ്ത ശ്രീനാരായണന്‍ തന്നെയാണ് ഞാന്‍, നീ എന്‍റെ തിരിച്ചുവരവിനെക്കുറിച്ച് ലോകത്തെ അറിയിക്കുക, ഞാന്‍ നിന്നോടുകൂടി ഉണ്ടായിരിക്കും. അശരീരിയെ തുടര്‍ന്ന് തപോവാടം വിട്ട് മടക്കയാത്രയായി. നാട്ടിലെത്തി കൂറേ കാലം അവധൂതനായി സഞ്ചരിച്ചു.
ഭുവനദോഷങ്ങള്‍
മനുഷ്യരില്‍ പ്രവൃത്തിദോഷം വളരെയാണ്. ഇതിന് പൊതുവേ പാപം എന്ന് പറയാം. കര്‍മ്മം ചെയ്യുന്നവന്‍ തന്നെയാണ് അതിന്‍റെ ഫലം അനുഭവിക്കുന്നത്. കര്‍മ്മത്താല്‍ ഉളവാകുന്ന പാപഹൃദയത്തില്‍ പൈശാചികശക്തികള്‍ പ്രവേശിച്ച്, ഈ തമോ ശക്തികള്‍, മനസ്സിനെ നിയന്ത്രണത്തിലാക്കി നയിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. ദോഷശാന്തിക്കായാണ് ദുഃഖിതര്‍ സ്വാമി പാദങ്ങളെ സമീപിക്കുന്നത്. അവരുടെ പിതൃക്കള്‍, അവരുടെ ഉപാസനാമൂര്‍ത്തികളായ ഭഗവതി സങ്കല്‍പങ്ങള്‍, ഭഗവതിമാരാര്‍ജജിച്ച ദുര്‍മൂര്‍ത്തികള്‍, അറുകൊലകള്‍, രക്ഷസുകള്‍, യക്ഷിഗന്ധര്‍വ്വകിന്നരന്മാര്‍, പാതാളയക്ഷികള്‍, പാതാളഭൈരവന്‍, നീറ്റില്‍ യക്ഷി, നീറ്ററുകൊല, നാഗയക്ഷി, നാഗഭൂതങ്ങള്‍, ഭൂതരക്ഷസ്സുകള്‍, പടയണികള്‍, മലദൈവങ്ങള്‍, വില്ലും ശരവുമേന്തി വനദുര്‍ഗ്ഗകള്‍ തുടങ്ങി എഴുതിയാല്‍ തീരാത്തവണ്ണം ത്രിലോകങ്ങളിലായി നിലകൊള്ളുന്ന ദുഷ്ടശക്തികളെ മനുഷ്യനില്‍നിന്നും ഈ ആത്മാക്കളുടെ ത്രിലോകങ്ങളുമായുള്ള ബന്ധത്തില്‍ നിന്നും മാന്ത്രികബന്ധങ്ങളില്‍ നിന്നും അകറ്റി അവര്‍ക്കായി കരുതിയിരിക്കുന്ന ചുടലയിലേക്ക് വെക്കുന്നു. സ്ഥൂലജഡം അഗ്നിയില്‍ ദഹിച്ചുമറയുന്നതുപോലെ ആത്മാക്കളുടെ സൂക്ഷ്മശരീരം ഈ തത്വാഗ്നിയില്‍ ദഹിച്ചുമറയുന്നു. നാടന്‍ഭാഷയില്‍ അന്തരചാരികളെ വായനക്കാര്‍ക്കു പരിചയപ്പെടുത്തുന്നെങ്കിലും ഇവയെല്ലാം ബ്രഹ്മതത്വപ്രകാരമുള്ള ഓരോ തത്വങ്ങളാണ്.
ആശ്രമം
ക്ഷേത്രങ്ങള്‍ മതി, ഇനി ആശ്രമങ്ങളും വിദ്യാലയങ്ങളും ഉണ്ടാകട്ടെ. ജനങ്ങള്‍ക്കറിവുണ്ടാകണം എന്നാഗ്രഹിച്ചു. ആശ്രമം എന്ന കൃതിയെഴുതി. അതില്‍ ഇങ്ങനെ രേഖപ്പെടുത്തി. ആശ്രമത്തില്‍ ഇന്ദ്രിയനിഗ്രഹം നേടിയ ഒരാചാര്യനുണ്ടായിരിക്കണം. അവിടെ സംഘവും സഭയുമുണ്ടായിരിക്കണം. സഭയ്ക്കൊരു നേതാവുണ്ടാകണം. ഇപ്പോള്‍ ശിവഗിരികുന്ന് ആശ്രമത്തില്‍ എങ്ങനെയോ അപ്രകാരത്തിലുള്ളതാകണം ആശ്രമത്തിന്‍റെ രൂപഭംഗി. അക്കാലത്ത് ശിവഗിരിമഠം അദ്വൈതാശ്രമമായിരുന്നു. എല്ലാ വിഭാഗത്തിലുമുള്ളവര്‍ ധര്‍മ്മസംഘത്തില്‍ അംഗങ്ങളായുണ്ടായിരുന്നു. ഒന്നിനോടും സംഗമില്ലാത്ത ഒരു സത്തയായിരുന്നു നാരായണഗുരു എന്ന മനീഷി. വിശ്വമാനവികതയുടെ തമ്പുരാന്‍. അറിവിന്‍റെയും ആനന്ദത്തിന്‍റെയും ഇരിപ്പിടം. അതാണ് അദ്വൈതാശ്രമം. നാരായണഗുരുവിന്‍റെ ദേഹവിയോഗത്തിനു ശേഷം തന്‍റെ അവതാരോദ്യേശ്യം പൂര്‍ത്തീകരിക്കുവാന്‍ നിയോഗമുണ്ടായത് ബ്രഹ്മപുണ്യം ശ്രീ ധര്‍മ്മാനന്ദസ്വാമികള്‍ക്കായിരുന്നു. നാരായണഗുരുവിന്‍റെ പിന്‍ഗാമിയായി, അദ്വൈതമതാചാര്യനായി ഭഗവാന്‍ ശ്രീ ധര്‍മ്മാനന്ദസ്വാമികളെ അഭിഷേകം ചെയ്ത് വാഴിച്ചു.
അദ്വൈതമെന്നാല്‍ ദ്വൈതമില്ലാത്തത്, രണ്ടല്ലാത്തത് എന്നൊക്കെയാണര്‍ത്ഥം. അഖണ്ഡസത്യം സൂര്യ, ചന്ദ്ര, ആകാശ, പശു, പ്കഷി ഇങ്ങനെ പലതായി ഭാവനചെയ്തിരിക്കുന്നതാണ് പ്രപഞ്ചശക്തി. ഈ ദ്വൈതശക്തിയെ സംയമനം ചെയ്ത് സമീകരിച്ചും ഏകീകരിച്ചും ഏകാത്മശക്തിയാക്കുന്നതാണ് അദ്വൈതശക്തി. അതായത് സത്യത്തിന്‍റെ പൂര്‍ണ്ണശക്തി, അത് അഗ്നിയാണ്; ജ്ഞാനമാണ്, ആനന്ദമാണ്. ആ അഖണ്ഡബ്രഹ്മശക്തി ശിലയെ ഉരുക്കി, ആ ലാവയില്‍ മറ്റൊരു ശിലയുറപ്പിച്ചു. നാരായണഗുരുവിന്‍റെ പൂര്‍ണ്ണപ്രഭാവം പ്രകടമാകുന്നതാണ് അരുവിപ്പുറത്ത് നടന്ന ഈ സംഭവം. ആ മഹത്ശക്തി ചെളിക്കുണ്ടില്‍ കിടന്ന ഒരു അപരിഷ്കൃതജനതയെ പരിഷ്കരിച്ചു, മനുഷ്യരാക്കി. അതുകൊണ്ട് നാരായണഗുരു പരിഷ്കര്‍ത്താവ് മാത്രമല്ല. അതെ! നമ്മുടെ മുമ്പില്‍ സ്നേഹാതിശയം പൊഴിച്ച ആ മഹാത്മാവ് സാക്ഷാല്‍ ഈശ്വരനാണ്. ഇതു വെറും രചന അല്ല. തെളിയിച്ചു തരാം.
ഒന്നു കൂടി വിശദീകരിച്ചാല്‍ മാല, വള, മോതിരം തുടങ്ങിയ ആഭരണങ്ങളിലെല്ലാം മാറ്റമില്ലാതെ തുടരുന്നത് സ്വര്‍ണ്ണമാണ്. ആഭരണങ്ങളുടെ മൂല ദ്രവ്യമാണ് സ്വര്‍ണ്ണം. അതുപോലെ അഖണ്ഡബ്രഹ്മസത്യം പലതാക്കി, അതിന്‍റെ ശില്പി. ക്ഷേത്രങ്ങളില്‍ ഓരോ പ്രതിമ, ഓരോ പ്രതിഭ, അനേകം നാമരൂപങ്ങള്‍. ആഭരണങ്ങളില്‍ സ്വര്‍ണ്ണം എപ്രകാരം മാറ്റമില്ലാതെ തുടരുന്നുവോ അതുപോലെ ഓരോ ക്ഷേത്രത്തിലും ഭാവനചെയ്ത പ്രതിഭകളില്‍ എല്ലാം പിന്‍തുടരുന്നത് ഏകബ്രഹ്മസത്യം മാത്രമാകുന്നു. ബ്രഹ്മസത്യം ഒരു കാലത്തും വിഭജിക്കപ്പെടുന്നില്ല. അതൊരു നിശ്ചലസത്തയാണ്. ഈ അഖണ്ഡശക്തിയാണ് പ്രപഞ്ചോത്പത്തിയുടെ മൂലം. പ്രപഞ്ചത്തിന് സര്‍വ്വാധാരമായിരിക്കുന്നത് ഒരേ ബ്രഹ്മസത്യമാകുന്നു. അതുപോലെ വ്യക്തിശരീരങ്ങള്‍ക്ക് ആശ്രയമായിരിക്കുന്നതും ഈ ബ്രഹ്മസത്യം മാത്രമാണ്. അതുകൊണ്ട് മനുഷ്യന്‍റെ മതം ഒന്നാണ്. അവരുടെ സത്യദൈവം ഒന്നാണ്. ശ്രീനാരായണന്‍റെ അദ്വൈതമതത്തിന് അതിരറ്റ ശക്തിയുണ്ട്, അതിന്‍റെ പ്രവൃത്തിയുണ്ട്. ആ അഖണ്ഡശക്തിയുടെ മുമ്പില്‍ ശാസ്ത്രലോകം നിര്‍നിമേഷരായി നോക്കിനില്‍ക്കുകയാണ്. കൊറോണയുടെ മുമ്പില്‍ ശാസ്ത്രജ്ഞന്മാര്‍ പകച്ചുനില്‍ക്കുകയാണ്.
തപസ്സ് കഴിഞ്ഞു. കുറേക്കാലം ധര്‍മ്മാനന്ദസ്വാമികള്‍ അവദൂതനായി സഞ്ചരിച്ചു. കാലവും സമയവും അടുത്തുവന്നു. ഇക്കാലഘട്ടത്തില്‍ മണപ്പുറത്ത് വീട്ടില്‍ കൊച്ചുകുഞ്ഞിനെ സമുദായാചാരപ്രകാരം വിവാഹം കഴിച്ച് സഹധര്‍മ്മിണിയായി സ്വീകരിച്ചു. ഗൃഹസ്താശ്രമവും സന്യാസാശ്രമവും സംയോജിപ്പിച്ചു. പൂര്‍വ്വിക ഭാരതീയ ഋഷിമാരുടെ പാരമ്പര്യത്തിനു പുനര്‍ജനിയുണ്ടായി. ദാമ്പത്യവല്ലരിയില്‍ രണ്ട് സന്താനങ്ങള്‍ പിറന്നു.
അച്ചന്‍കോവില്‍പുഴയുടെ തീരത്ത് ഈഴക്കടവെന്ന ഉപദ്വീപില്‍ മണപ്പുറത്ത് വീടിന്‍റെ കിഴക്ക് ഭാഗത്ത് കുളമായികിടന്നിരുന്ന സ്ഥലം മണ്ണിട്ട് നികത്തി കരഭൂമിയാക്കി. ഭൂമിയുടെ വടക്ക് പടിഞ്ഞാറുഭാഗത്തായി പ്രകൃതികാണിച്ചുകൊടുത്ത സ്ഥാനത്ത് കുറ്റിയടിച്ച് ആശ്രമത്തിന് തറക്കല്ലിട്ട,് പണിതുയര്‍ത്തി. ഓലമേഞ്ഞ് ശ്രീകോവില്‍ വേര്‍തിരിച്ചു. കിഴക്കോട്ട് ദര്‍ശനം നല്‍കി, കിഴക്ക് പടിഞ്ഞാറ് വടക്ക് എന്നീ ദിശകളില്‍ ത്രിമൂര്‍ത്തീ സങ്കല്‍പ്പത്തില്‍ തിരിനീട്ടി ദീപം തെളിച്ചു. പീഠത്തില്‍ നാരായണഗുരുവിന്‍റെ മനോഹരമായ ഒരെണ്ണഛായാചിത്രം അനാവരണം ചെയ്തു. ഒരുദൈവ സങ്കല്‍പത്തില്‍ ഈശ്വരാരാധന സമാരംഭിച്ചു. ഭക്തരുടെ ഇഷ്ടദേവതയാണ് ശ്രീനാരായണന്‍. ഇഷ്ടദേവതാ പ്രീതിക്കായുള്ളതാണ് ഭക്തിയും പ്രാര്‍ത്ഥനയും. ഇഷ്ടദേതാരൂപത്തില്‍ പ്രസാദിച്ച് അനുഭവം നല്‍കുന്നത് അവനവന്‍റെ ആത്മാവ് തന്നെയാണ്. പ്രാര്‍ത്ഥനയും ഭക്തിവിശ്വാസവുമൊക്കെ മറ്റാര്‍ക്കുമുള്ളതല്ല. ഭക്തനുവേണ്ടി ഉള്ളതാണ്. ഇങ്ങനെ മനസ്സിനെ ഏകാഗ്രപ്പെടുത്തി ഭജിക്കുന്നത് സഗുണഭക്തിയെന്നും സഗുണാരാധനയെന്നും അറിയപ്പെടുന്നു. ഇങ്ങനെ ഭക്തിയുടെ സഗുണനിര്‍ഗുണ ഭാവങ്ങള്‍ സമന്വയിപ്പിച്ച് ബിംബവും ദീപവും പ്രണവവും പ്രതിഷ്ഠിച്ചു. ഇവയെല്ലാം ആത്മപ്രതീകങ്ങളും പഠനസഹായികളുമാണ്. സഗുണഭക്തിയില്‍ വളരുന്നവര്‍ക്കുവേണ്ടിയുള്ളതാണ്, നിര്‍ഗുണഭക്തി. നിര്‍ഗുണഭക്തിക്ക് പ്രതീകങ്ങള്‍ ആവശ്യമില്ല. നിര്‍ഗുണത്തില്‍ ആത്മാവ് തുര്യസ്ഥാനത്ത് നിന്ന് മറവില്ലാതെ വിദ്യാസ്വരൂപിണിയായി പ്രകാശിക്കുന്നു. ഇങ്ങനെ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന മാനവീക സന്ദേശത്തിന്‍റെ വിശദീകരണ മുദ്രകള്‍ പ്രകാശനം ചെയ്തു. തത്വപരിശോധനയില്‍ അതിന്‍റെ പരീക്ഷണവും നടത്തി. മഹാസത്യത്തിന്‍റെ പൂര്‍ണ്ണത പ്രതിഫലിച്ചു. ആരുടേയും ആദരവിനും പ്രശംസയ്ക്കും കാത്തുനില്‍ക്കാതെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ആനന്ദംകൊണ്ടു.
ഭ്രാന്ത്, കുഷ്ഠം, ആസ്തമ, അപസ്മാരം, ക്യാന്‍സര്‍, പക്ഷാഘാതം തുടങ്ങിയ തീരാവ്യാധികളുമായി വരുന്ന നിരാലംബര്‍ക്ക് ഒറ്റവാക്കില്‍ സ്വാന്തനമേകുമായിരുന്നു. അന്തകാരശക്തികള്‍ ഏത് നാമരൂപാദികളില്‍ പ്രത്യക്ഷപ്പെട്ടാലും അവയെ വാക്കാലമര്‍ത്തി നാമാവശേഷമാക്കുന്ന ഖഡ്ഗമായിരുന്നു അവിടുത്തെ വാക്കുകള്‍. പാമ്പുകടിയേറ്റ് വന്ന കല്ലുമലക്കാരന്‍ ചെല്ലപ്പന് പ്രാര്‍ത്ഥനകൊണ്ട് മാത്രം മൂര്‍ഖന്‍റെ വിഷം ഇറങ്ങിപ്പോയി. അയാള്‍ അനേകസംവത്സരങ്ങള്‍ പിന്നേയും ജീവിച്ചു.
ഒരിക്കല്‍ പുലിയൂര്‍ നിന്നും തങ്കമ്മയെന്ന യുവതി അമ്മയുമായി ആശ്രമത്തില്‍ വന്നു. സ്വാമി സന്നിധിയില്‍ സങ്കടമുണര്‍ത്തിച്ചു. ജാതകപ്രകാരം തങ്കമ്മയെ 18 പ്രാവശ്യം പാമ്പുകടിക്കണമെന്നുണ്ട്. 18-ാമത്തെ തവണ മരണപ്പെടും എന്നാണ് ജാതകം. 17 തവണ പാമ്പ് കൊത്തി. അടുത്തത് പതിനെട്ട്! ഇന്നുവരെയും അവളുടെ ജാതകത്തിലുള്ളത് മാറ്റമില്ലാതെ അനുഭവിക്കുകയാണ്. ഇല്ല, നിന്നെയിനി പാമ്പു കടിക്കുകയില്ല. സ്വാമി സ്വാന്തനിപ്പിച്ച് വേണ്ട ഉപദേശം നള്‍കി അയച്ചു. സകുടുംബം ഞയറാഴ്ചതോറും പ്രാര്‍ത്ഥനയ്ക്ക് വന്നുകൊണ്ടിരുന്നു. അടുത്ത കറുത്ത പക്ഷം വരുന്നു. ജാതകത്തിലെ സമയമാകുകയാണ്. അടുത്ത ഞായറാഴ്ച പ്രാര്‍ത്ഥന കഴിഞ്ഞ് അമ്മയും മകളും മടങ്ങി.
സന്ധ്യ കഴിഞ്ഞു, കൂരിരുട്ട്. ചെറ്റകൊണ്ട് മറച്ച വീടിന്‍റെ വാതുക്കല്‍ മൂര്‍ഖന്‍ പത്തി വിടര്‍ത്തി നില്‍ക്കുന്നു. വീട്ടിലുള്ളവര്‍ ബഹളം വെച്ചപ്പോള്‍ അയല്‍ക്കാര്‍ കച്ചിയും ഓലയുമൊക്കെ കൂട്ടി തീയിട്ട് വെളിച്ചം തെളിച്ചു. സമയമേറെ കഴിഞ്ഞിട്ടും മൂര്‍ഖന്‍ അനങ്ങുന്നില്ല. രണ്ടും കല്‍പ്പിച്ചാണ് നില്‍പ്പ്. പരിസരവാസികളെല്ലാം കാത്തു നില്‍ക്കുകയാണ്. പൊടുന്നനെ രണ്ടു ഗരുഡന്മാര്‍ രണ്ടു ദിശയില്‍നിന്നും പറന്നു വന്ന് മൂര്‍ഖന്‍റെ പത്തിയില്‍ കൊത്തി, വലിച്ചെടുത്തുകൊണ്ട് പറന്നകന്നു. ഗരുഡന്‍ വന്ന സമയം നിന്നോടു ഞാന്‍ കടിക്കരുതെന്ന് പറഞ്ഞതല്ലേ? എന്നൊരശരീരി ശബ്ദം അമ്മയുടേയും മകളുടേയും കാതുകളില്‍ മുഴങ്ങി. കാലം കഴിഞ്ഞു. തങ്കമ്മ മകന്‍ രാധാകൃഷ്ണനെ ഗുരുകുലത്തിലെ അന്തേവാസിയായി ദാനം ചെയ്തു. ധര്‍മ്മാനന്ദസ്വാമികളുടെ വാക്കുകള്‍ അഗ്നിയാണ്. ഇവയെല്ലാം തന്‍റെ ജീവകാരുണ്യപ്രവര്‍ത്തനത്തിനപ്പുറം അദ്വൈത മതപ്രചരണത്തിന്‍റെ ഭാഗം കൂടിയായിരുന്നു.
മനുജജീവിതം വേര്‍പെട്ടുലോകത്തില്‍
കദനമാകവേ നീക്കുന്ന ദൈവമേ
ഭുവനദോഷങ്ങളെല്ലാമകറ്റുവാന്‍
അരുമദാസനില്‍ വാഴുന്ന ദൈവമേ.
നാരായണഗുരുവിന്‍റെ ദേഹവിയോഗത്തിനു ശേഷം ഭുവന ദോഷങ്ങളെല്ലാം നീക്കി എല്ലാ മനുഷ്യര്‍ക്കും ആത്മരക്ഷ നല്‍കുവാന്‍ ഭഗവാന്‍ ഭൂമിയിലേക്കയച്ച അവതാര പുരുഷനാണ് ധര്‍മ്മാനന്ദഗുരുദേവന്‍.
ദേവന്മമാര്‍
ദേവന്മാരെന്നാല്‍ ദൈവശക്തിയാല്‍ ആവരണം ചെയ്യപ്പെട്ടവന്‍ എന്നര്‍ത്ഥമാകുന്നു. ശ്രീഅയ്യപ്പന്‍, സുബ്രഹ്മണ്യന്‍, ഗുരുവായൂരപ്പന്‍ തുടങ്ങി ഏത് ദേവനോ ദേവിയോ; എന്തായാലും, ആ ഋഷിമനസ്സിന്‍റെ സങ്കല്പമാത്രയില്‍ സന്നിധിയിലെത്തുമായിരുന്നു. കാലത്തിന് അനുയോജ്യമായ കുറേ മതഗ്രന്ഥങ്ങള്‍ രചിക്കണം എന്ന സങ്കല്പം ഉണ്ടായപ്പോള്‍ 54 ദേവന്മാര്‍ ആ ദിവ്യസന്നിധിയില്‍ കര്‍മ്മജഡദ്വാരാ പ്രത്യക്ഷമായി. മുട്ടത്ത് പാലയ്ക്കാട്ട് വീട്ടില്‍ സോമന്‍, ഇരമത്തൂര്‍ കുമാരി കൗസല്യ, തിരുവനന്ദപുരത്ത് കൊണ്ണിയൂര്‍ ചെറുപുഷ്പ സദനത്തില്‍ ജസീന്ദ് ഇങ്ങനെ പന്ത്രണ്ട് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളിലാണ് ദേവന്മാര്‍ പ്രത്യക്ഷമായത്. മലയാലപ്പുഴ ഭദ്ര, കൊടുങ്ങല്ലൂര്‍ ഭദ്ര, പാവുമ്പ ഭദ്ര, വിഴന്നേല്‍ ഭദ്ര, കോട്ടൂര്‍ ഭദ്ര തുടങ്ങി രൗദ്രരൂപിണികളായ ദേവിമാരെല്ലാം വരികയും അഗ്നിയുടെ ചൂടറിഞ്ഞവരുമാണ്. മേല്‍ സൂചിപ്പിച്ച 54 ദേവന്മാരില്‍ 51 പേര്‍ മുക്തിയടഞ്ഞു. കവിമന്നവന്‍, നകുലയ്യന്‍, നന്ദാര്‍ജ്ജുനന്‍ എന്നീ മൂന്നുദേവന്മാരെ ഭഗവത്ദാസന് ഗ്രന്ഥരചനാര്‍ത്ഥം ഭഗവാന്‍ നിലനിര്‍ത്തി. ദേവന്മാര്‍ പ്രത്യക്ഷപ്പെട്ട കര്‍മ്മജഡങ്ങളില്‍ ഒന്നായിരുന്ന ജസീന്ദ് ക്രിസ്തീയ സമുദായാംഗമായിരുന്നു. രോഗവിമുക്തിക്കായി അദ്ദേഹം പിതാവുമൊത്ത് ധര്‍മ്മാശ്രമത്തില്‍ അനേകനാള്‍ ഭജനം പാര്‍ത്തിരുന്നു. ഈ സമയത്താണ് ഈ ചരിത്രസംഭവം നടക്കുന്നത്. ആരാണ് രക്ഷകന്‍? മഹാസമാധിക്ക് ശേഷം ശ്രീനാരായണപരമഹംസദേവന്‍, ധര്‍മ്മഗീതാസ്തവം, ധര്‍മ്മഗീതാജ്ഞലി എന്നീ ഗുരുസ്മൃതികളും അന്തകാരത്തിലെ ജ്ഞാനദീപം, മൂന്നു ദേവന്മാര്‍ എന്നീ മതഗ്രന്ഥങ്ങളും ദേവന്മാരുടെ രചനകളാണ്. അന്തകാരത്തിലെ ജ്ഞാനദീപം അന്ത്യകാലത്തിന്‍റെ മതഗ്രന്ഥമായി സേവാസമിതി അംഗീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത് പോരുന്നു.
ഇന്ന് കൊറോണ എന്ന മാരകരോഗവിത്ത് വിതച്ച് ലോകത്തുള്ള സകല മനുഷ്യരേയും ദൈവം തന്‍റെ കരപല്ലവങ്ങളില്‍ ഒതുക്കിയിരിക്കുന്നു. ഒരു കാലത്ത് വഴിനടക്കാനവകാശമില്ലാതെ വീടുകളില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന മനുഷ്യര്‍ക്ക് വഴിതുറന്നുകൊടുത്തപ്പോള്‍ ആ വഴി അപഥസഞ്ചാരത്തിനാണെന്ന് വിചാരിച്ചു, വഴി തുറന്നുകൊടുത്ത മഹാത്മാവിനെ മറന്നു. ഇങ്ങനെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാ മനുഷ്യരും ബന്ധനത്തിലാണ്.
വാതിലുകളടച്ച് വീടിനുള്ളില്‍ ഇരുന്നുകൊള്ളുവാനാണ് ഉത്തരവ്. ആത്മാവിലേക്കുള്ള വഴിയിലെ പാഠഭാഗങ്ങള്‍ ഒന്ന് തുറന്ന് നോക്കിയിരുന്നെങ്കില്‍ ഇന്ന് ഈ ഗതികേട് വരില്ലായിരുന്നു. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന അദ്വൈതവെളിപാട്, മറക്കരുതാരും. മനുഷ്യന്‍ നന്നായാല്‍ പിന്നെ മതമില്ല. മഹത്തായ മാനവികത മാത്രം. പോഷകമൂല്യമുള്ള ഭക്ഷണമുണ്ട്. ആ ഭക്ഷണം കഴിച്ച് അതിലെ പോഷകാംശം രക്തത്തില്‍ ലയിക്കുമ്പോഴാണ് ജീവശരീരം പോഷിക്കുന്നത്. അതുപോലെ ആത്മോപദേശശതകം പോലെയുള്ള വേദാന്തഗ്രന്ഥങ്ങളിലെ ആത്മാംശം ഭക്തന്‍റെ ആത്മാവിലുരുകി ചേരണം. അന്നേ ആത്മാവിന്‍റെ അന്തര്‍ദാഹം ശമിക്കുന്നുള്ളൂ. കൂട്ടിലടച്ച കിളിയേപ്പോലെ ഇന്ന് ആത്മാവ് ശരീരമാകുന്ന പഞ്ജരത്തില്‍ ബന്ധനത്തിലാണ്. വിദ്യാമൃതത്തിനായി ആത്മാവ് കേഴുകയാണ്. ആത്മാവിന്‍റെ കര്‍മ്മബന്ധനമാണ് ലോകജനതയെ കൊറോണയുടെ പേരില്‍ ബന്ധനസ്ഥരാക്കിയിരിക്കുന്നത്.
ദൈവനാമം എന്തുമാകട്ടെ. കര്‍ത്താവെന്നോ, അള്ളാഹുവെന്നോ, രാമനെന്നോ, നാരായണനെന്നോ, ബുദ്ധനെന്നോ എന്തും ആയിക്കൊള്ളട്ടെ “ദൈവം” എന്ന അദ്വൈതസന്ദേശം നമ്മുക്ക് പിന്‍തുടരാം. ശാന്തിമാര്‍ഗ്ഗം ഇതുമാത്രം.

