ദൈവദശകം

മാനവരാശിയെ അദ്വൈതാനുഭൂതിയുടെ മഹിതബിന്ദുവില്‍ പ്രതിഷ്ഠിക്കുന്ന ഗുരുവിന്റെ അമേയമായ ഉപനിഷത്‌കൃതി

നാമരൂപങ്ങള്‍ക്കതീതനാണ് ദൈവം. സര്‍വ്വപ്രപഞ്ചങ്ങള്‍ക്കും ആധാരമായി നില്‍ക്കുന്ന ആ ആഖണ്ഡശക്തിയെ മഹത്വപ്പെടുത്തുന്നതാകണം പ്രാര്‍ത്ഥന. നിഷ്കാമകര്‍മ്മികളായി ഇച്ഛകളില്ലാത്തവരായി മോക്ഷകുതുകികളായി വേണം പ്രാര്‍ത്ഥന സമര്‍പ്പിക്കാന്‍. മാനവരാശിയെ അദ്വൈതത്തിന്റെ മൂര്‍ത്ത ബിന്ദുവില്‍ പ്രതിഷ്ഠിക്കുന്ന ഗുരുവിന്റെ ദശപ്രാര്‍ത്ഥനയാണ് ദൈവദശകം. ജാതിമതവര്‍ഗ്ഗവര്‍ണ്ണ വ്യത്യാസങ്ങളില്ലാത്ത ഒരു ലോകം, ഇതേറ്റുചൊല്ലുന്ന കാലം വിദൂരമല്ല. നമുക്കും ആ അണികളിലെ മുറിയാത്ത കണ്ണികളാകാം….

ദൈവദശകം – കൃതി

ദൈവമേ കാത്തുകൊള്‍കങ്ങു
കൈവിടാതിങ്ങു ഞങ്ങളെ;
നാവികന്‍ നീ ഭവാബ്ധിക്കൊ-
രാവിവന്‍തോണി നിന്‍പദം.

ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്കുപോല്‍; ഉള്ളം
നിന്നിലസ്പന്ദമാകണം.

അന്ന വസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍.

ആഴിയും തിരയും കാറ്റും
ആഴവും പോലെ ഞങ്ങളും;
മായയും നിന്മഹിമയും
നീയുമെന്നുള്ളിലാകണം.

നീയല്ലോ സൃഷ്ടിയും സൃഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുള്ള സാമഗ്രിയായതും.

നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയേ നീക്കി-
സ്സായൂജ്യം നല്കുമാര്യനും.

നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോര്‍ക്കില്‍ നീ.

അകവും പുറവും തിങ്ങും
മഹിമാവാര്‍ന്ന നിന്‍പദം
പുകഴ്ത്തുന്നു ഞങ്ങളങ്ങു
ഭഗവാനേ! ജയിക്കുക.

ജയിക്കുക മഹാദേവാ!
ദീനാവന പരായണ!
ജയിക്കുക ചിദാനന്ദ!
ദയാസിന്ധോ! ജയിക്കുക.

ആഴമേറും നിന്മഹസ്സാ-
മാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം. 

അപർണരാജൻ കെടാകുളം