അര്‍ച്ചനപ്പൂക്കള്‍

തന്നെത്താനറിയുന്നതാണേറ്റവും ഉജ്ജ്വലമായ ജ്ഞാനവിശേഷം ഹാ!! എന്ന് ഗുരു ധര്‍മ്മാനന്ദമതം. തന്നെത്താനറിഞ്ഞാല്‍, സ്വയമറിഞ്ഞാല്‍, ദൈവത്തെയറിഞ്ഞു. അതില്‍പ്പരം ഒരു ജ്ഞാനവും നേടുവാനില്ല എന്ന് സാരം. അവിടെയാണ് സ്വത്വം വെളിപ്പെടുന്നത്. സ്വത്വം വെളിപ്പെട്ട് കഴിഞ്ഞാല്‍ തന്നില്‍നിന്നന്യമായൊന്നുമില്ല, ദൈവം പോലും. ഈ ഘട്ടത്തിലെത്തിക്കഴിഞ്ഞാല്‍ പിന്നെ സാധകന്‍ മനോപൂജയാണ് അനുഷ്ഠിക്കുന്നത്. അതുതന്നെയാണ് ആത്മപൂജ. പൂപോലെ നിര്‍മ്മലമാകുന്ന മനസ്സാണ് പിന്നെ അര്‍ച്ചനാപുഷ്പം.

ആത്മീയമായ വളര്‍ച്ചയും ബോധവും എല്ലാപേരിലും ഒരുപോലെ അല്ലാത്തതുകൊണ്ട് മനഃപുഷ്പത്തിന്റെ പ്രതീകമായാണ് കാട്ടുപൂക്കള്‍ അര്‍ച്ചനയ്ക്ക്-ഈശ്വരപൂജയ്ക്ക്-ഉപയോഗിക്കുന്നത്. താന്‍ സങ്കല്പിച്ചര്‍പ്പിക്കുന്ന പൂവുപോലെ തന്റെ മനസ്സിനെ നിര്‍മ്മലവും സുഗന്ധപൂരിതവും ധര്‍മ്മനിഷ്ഠവും ത്യാഗതൃഷ്ണയുള്ളതും ആക്കിക്കൊള്ളാമെന്ന പ്രതിജ്ഞയും അങ്ങനെ ആക്കിത്തരേണമേ എന്ന പ്രാര്‍ത്ഥനയും അഥവാ അപേക്ഷയുമാണ് അഖണ്ഡബോധസ്വരൂപത്തില്‍ സമര്‍പ്പിക്കുന്നത്. അതാണ് അര്‍ച്ചനയുടെ സാരാര്‍ത്ഥവും.