ആത്മശുശ്രൂഷയിലൂടെ മനുഷ്യനെ നരനാരായണന്മാരാക്കുന്നതാണ് സേവാശ്രമത്തിന്റെ കര്‍മ്മകാണ്ഡം.
ജന്മ, ജീവ, കര്മ്മപാപങ്ങളാല് ജീവന് മലിനപ്പെട്ട് ദുരിതവാരിധിയില്‍ അകപ്പെട്ട മാനവരാശി-രോഗികള്‍, ഭൂതബാധിതര്‍, ജന്മവൈകല്യംക്കാര്, വൈദ്യശാസ്ത്രം കൈവെടിഞ്ഞ നിരാലംബര്‍, നിരക്ഷരതയിലും ദാരിദ്യ്രത്തിലും ജീവിതം തകര്‍ന്ന അശാന്തിയുടെ വൈകൃതങ്ങള്‍; ശ്രീനാരായണന് കൊളുത്തിവച്ച ജ്ഞാനാഗ്നിയില്‍ ആത്മസ്ഫുടം ചെയ്ത് ജീവിതത്തിനൊരു പുനര്ചിന്തയും പരിവര്‍ത്തനവും വരുത്തി അവരെ ഈശ്വരോന്മുഖരായി ചരിക്കാന്‍ പ്രാപ്തരാക്കുന്നു. അതിലൂടെ ജന്മവൈകല്യങ്ങളില്‍ നിന്നും രോഗദുരിതങ്ങളില് നിന്നും ശാപപാദികളില് നിന്നും നിവര്ത്തിയുണ്ടാകുന്നു.
ആത്മമോചനകര്‍മ്മം അഥവാ ആത്മസംസ്കരണക്രിയ
ജീവാത്മാവിനെ പരമാത്മാവില്‍ ഏകീഭവിപ്പിക്കുന്ന കര്‍മ്മമാണ് ആത്മമോചനം. പ്രാണന് മുതല്‍ മൂലനിരസ്കരണി വരെ എല്ലാം ജഡമാണ്. അതു പ്രകൃതിയുടെ ഭാഗമാണ്. പ്രകൃതിക്ക് ചലനമുള്ളതുപോലെ ഉള്ളിലുള്ള ആത്മപ്രകൃതിക്കും ചലനമുണ്ട്.
ജഡചലനം സൂക്ഷ്മത്തില്‍ നിന്നും ആരംഭിച്ച് സ്ഥൂലജഡത്തില് വന്നവസാനിക്കുന്നു. ഇതു സൃഷ്ടി ചലനം കൂടിയാണ്. ഈ ചലനം മരണസമയം വരെ ശരീരത്തില്‍ പ്രകടമാണ്. ശൈശവം, ബാല്യം, യൌവ്വനം, വാര്‍ദ്ധക്യം ഇതൊക്കെ ചലന ലക്ഷണങ്ങളാണ്. സൂക്ഷ്മത്തില്‍ നടക്കുന്ന ചലനത്തിന് പരപ്രകൃതിയെന്നും സ്ഥൂലത്തില്‍ നടക്കുന്ന കര്മ്മചലനത്തിന് അപരപ്രകൃതിയെന്നും അറിയപ്പെടുന്നു. ആത്മാവ് ശരീരം വെടിയുന്നതാണ് മരണം. ജീവന് സ്ഥൂലഭാനത്തില് നിന്നും മറയുന്നതുകൊണ്ട് മരണം പൂര്‍ണ്ണമാകുന്നില്ല. കര്‍മ്മചലനം സൂക്ഷ്മജഡത്തില് നിലനിറുത്തിക്കൊണ്ടാണ് സ്ഥൂലജഡം മറയുന്നത്. സൂക്ഷ്മജഡത്തിലെ ചലനം അടങ്ങുന്ന കാലത്താണ് ആത്മാവിന് ആയുരന്തം സംഭവിക്കുന്നത്. ചലനം സൂക്ഷ്മജഡത്തില് നില്ക്കുന്ന കാലത്തോളം ആത്മാവ് ജനനമരണചക്രത്തില്‍ ചുറ്റിക്കൊണ്ടിരിക്കും.