മരുത്വാമലപദയാത്ര

ശ്രീനാരായണഗുരു സാക്ഷാല്‍ ഈശ്വരന്‍, ഒരു വിളംബര പദയാത്ര

ഖഡ്ഗി (കല്‍ക്കി) അവതാരമായ ഭഗവാന്‍ ശ്രീനാരായണന്‍ മരുത്വാമലയിലെ പിള്ളത്തടം ഗുഹാക്ഷേത്രത്തില്‍ അനേക സംവത്സരം കഠിനമായ തപസ്സനുഷ്ഠിച്ച് നേടിയതാണ് ജ്ഞാനദീക്ഷ. അതാണ് മരുത്വാമലയുടെ പ്രാധാന്യവും. കഠിനമായ വ്രതശുദ്ധിയും ഭക്തിയും പ്രാര്‍ത്ഥനയും നിര്‍മ്മലമായ മനസ്സും വേണം ആ പുണ്യസ്ഥാനത്ത് അരുമപ്പൊരുളിനെ മുത്തമിടാന്‍. ജ്ഞാനതൃഷ്ണ ആ യുവയോഗിയെ ഋഷിയാക്കി. ഈശ്വരനാക്കി. വിശ്വഗുരുവാക്കി. അനശ്വരനാക്കി. തീര്‍ത്ഥാടനപദയാത്ര ഒരാത്മാന്വഷണവും ആസ്വാദനവുമാണ്. പദയാത്ര പഠനയാത്രയാണ്. വിനോദയാത്രയായി കരുതരുത്. “അറിവ്-അറിയുക, അറിയിക്കുക” എന്ന മഹത്തായ ലക്ഷ്യത്തോടെ വിശ്രമസ്ഥാനങ്ങളില്‍ സത്സംഗങ്ങള്‍ ഒരുക്കി ഏകാക്ഷരമായ, ഓംകാരമൂര്‍ത്തിയായ ശ്രീനാരായണനെ ഖഡ്ഗി അവതാരമായി വിളംബരം ചെയ്യുന്നു. കല്‍ക്കിയുടെ ആയുധമാണ് ജ്ഞാനം, അതാണ് ഖഡ്ഗം. പരിശുദ്ധിയുടെ നിറവില്‍ ആ അണ്ഡകടാഹശക്തി വെളിപ്പെടുന്നു.

മദ്യവര്‍ജ്ജനം, അവ്യഭിചാരം, അഹിംസ, സത്യം, ആസ്തേയം; ഇങ്ങനെ ശ്രീനാരായണഗുരു അനുശാസിക്കുന്ന പഞ്ചധര്‍മ്മം മനസ്സാവാചാകര്‍മ്മണാ അനുഷ്ടിക്കുക. പരിശുദ്ധ ഈശ്വരഭക്തിയുടെ മാര്‍ഗ്ഗം സ്വീകരിക്കുക. അതൊരു ജീവിതചര്യയാണ്. വ്യക്തിയും വീടും പരിശുദ്ധമാകട്ടെ. ഏകദൈവ സങ്കല്പത്തില്‍ പ്രാര്‍ത്ഥിക്കുക. മാര്‍ഗ്ഗം ശുദ്ധമെങ്കില്‍ ലക്ഷ്യപ്രാപ്തി സുനിശ്ചിതമാണ്.

ഓരോ വിശ്രമസങ്കേതവും ഓരോ ജ്ഞാനക്ഷേത്രമാവുന്നു. അദ്വൈതമതസ്ഥാപകനും മതാചാര്യനുമായ ശ്രീനാരായണഗുരു ഹിന്ദുമതവിശ്വാസികളുടെയും ക്രൈസ്തവ മതവിശ്വാസികളുടെയും ഇസ്ലാമികമതവിശ്വാസികളുടെയും പൊതുമതാചാര്യനായി അക്കാലത്തേ ജനസമൂഹം അംഗീകരിച്ചതാണ്. മഹാസമാധിക്കുശേഷം ഒരുജാതി, ഒരുമതം, ഒരുദൈവം മനുഷ്യന് എന്ന നിത്യനൂതന മതസന്ദേശത്തിന്‍റെ കാവല്‍വിളക്കായി വിളങ്ങിക്കൊണ്ടിരുന്ന ജ്ഞാനഗുരുവാണ് ബ്രഹ്മശ്രീ ധര്‍മ്മാനന്ദ ഗുരുദേവന്‍. ആ പുണ്യചരിതന്‍റെ കാലശേഷവും പുത്തന്‍ ജനതയുടെ സമക്ഷം കൊളുത്തിയ അന്ധകാരത്തിലെ ജ്ഞാനദീപവുമായി, അദ്വൈതത്തിന്‍റെ കാവല്‍വിളക്കായി ഞങ്ങള്‍ മരുത്വാമലയിലേക്ക് പദയാത്രയാകുന്നു, ഓരോ വര്‍ഷവും. വിശ്വമാനവികതയ്ക്ക് പുത്തന്‍ ഉണര്‍വ്വേകാന്‍ ഉണ്മയുള്ള ഏവര്‍ക്കും ഞങ്ങളോടൊപ്പം അണിചേരാം.

Padayatra Geetham

ശ്രീനാരായണഗുരു ഈശ്വരനാണോ? എന്ന ചോദ്യം ബഹുമാനപ്പെട്ട കോടതിയും ഉയര്‍ത്തിയ സന്ദര്‍ഭത്തില്‍ അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ അനുഭവിക്കുന്ന ഗുരുവിനെ ലോകമനസാക്ഷിക്കുമുന്നില്‍ സമര്‍പ്പിക്കുക, അവതരിപ്പിക്കുക, ഗുരു ദൈവംതന്നെയെന്ന വൈദീകരഹസ്യം പ്രഖ്യാപനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പ്രാഥമിക ചര്‍ച്ചകള്‍ രൂപംകൊണ്ടത്.
സ്വാമി ഗുരു ജ്ഞാനാനന്ദന്‍
2013 ഡിസംബര്‍ 21 ശനിയാഴ്ച കലത്ത് 5 മണിക്ക് സ്വാമി ഗുരുജ്ഞാനാനന്ദജി പദയാത്രാ ക്യാപ്റ്റന്‍ അനില്‍.കെ.ശിവരാജിന് കൊടി കൈമാറിക്കൊണ്ട് പദയാത്രയ്ക്ക് സമാരംഭം കുറിച്ചു. മണ്ഡലവ്രതം 41 പൂര്‍ത്തിയായ 26-12-2013 വ്യാഴാഴ്ച കാലത്ത് 5.50ന് മരുത്വാമല ചവുട്ടി പിള്ളത്തടം ഗുഹയില്‍ പ്രാര്‍ത്ഥനയര്‍പ്പിച്ച് പ്രഥമപദയാത്ര യജ്ഞം പൂര്‍ത്തിയാക്കി. ആദ്യതവണ 6-ാം ദിവസമാണ് മലകയറിയതെങ്കില്‍ രണ്ടാമത് പദയാത്ര മുതല്‍ ദൈര്‍ഘ്യം ഏഴ് ദിവസമാക്കി പുനര്‍ക്രമീകരിച്ചു.
എല്ലാ വര്‍ഷവും വൃശ്ചികം 1 ന് പതിനൊന്ന് നാള്‍ മുന്‍പ് മുതല്‍ മണ്ഡലവ്രതം 41 നാള്‍ പൂര്‍ണ്ണമാകുന്ന ദിവസം വരെ വ്രതകാലമായിരിക്കും.
മദ്യപാനം, വ്യഭിചാരം, ഹിംസ, പരദ്രോഹം, ബഹുദൈവാരാധന എന്നീ പഞ്ചമഹാപാപങ്ങള്‍ മനസാവാചാകര്‍മ്മണാ ഉപേക്ഷിക്കുക.

ഗൃഹശുദ്ധി, ശരീരശുദ്ധി, വാക്ശുദ്ധി, മനഃശുദ്ധി, കര്‍മ്മശുദ്ധി ഇങ്ങനെ പഞ്ചശുദ്ധി പരിപാലിക്കുക.

പദയാത്രയ്ക്ക് തയ്യാറെടുക്കുന്ന വ്യക്തി മാത്രമല്ല അയാളുടെ കുടുംബവും വ്രതം സൂക്ഷിക്കേണ്ടതാണ്.

വീട്ടിലോ സേവാശ്രമത്തിലോ തയ്യാറാക്കുന്ന സസ്യാഹാരം മാത്രമേ ഭക്ഷിക്കാവൂ. പുറത്ത്നിന്നുള്ള ആഹാരപാനീയങ്ങള്‍ വ്രതകാലത്ത് നിഷിദ്ധമാണ്.

തണുത്ത ആഹാരം ഒഴിവാക്കണം.

വ്രതകാലത്ത് അന്യഗ്രഹസന്ദര്‍ശനം ഒഴിവാക്കണം.

ഉപയോഗിച്ച വസ്ത്രം കഴുകി വെടിപ്പാക്കി മാത്രം വീണ്ടും ഉപയോഗിക്കാം.
പദയാത്രികരുടെ എണ്ണം പരമാവധി 27 ആയി നിജപ്പെടുത്തിയിരിക്കുന്നു.
പദയാത്ര കടന്നുപോകുന്ന സ്ഥലങ്ങളില്‍ ഒരുക്കുന്ന സ്വീകരണചടങ്ങുകളിലും പദയാത്രാദിവസങ്ങളില്‍ വിശ്രമസങ്കേതങ്ങളിലൊരുക്കുന്ന സായാഹ്ന സ്നേഹസംഗമങ്ങളിലും സേവാശ്രമഭക്തരല്ലാത്തവര്‍ക്കും പദയാത്രയുമായി സഹകരിക്കാം, പങ്കാളിയാകാം.