നിലവിളക്ക്

നിര്‍മ്മലമായ മനസ്സിന്റെ പ്രതീകമാണ് നിലവിളക്ക്


ദൈവസങ്കല്പം (കെടാവിളക്ക്)
നിര്‍മ്മലമായ മനസ്സിന്‍റെ പ്രതീകമാണ് നിലവിളക്ക്. മനസ്സില്‍ എരിയുന്ന ദ്രവ്യം സ്നേഹമാണ്. പ്രതീകമായ വിളക്കില്‍ എരിയുന്ന ദ്രവ്യം നെയ്യോ, എണ്ണയോ ആകാം. ശ്രീനാരായണഗുരു കാരമുക്ക് ക്ഷേത്രത്തില്‍ മൂന്ന് കവരമുള്ള നിലവിളക്കാണ് പ്രതിഷ്ഠിച്ചത്. ഇതേ മാതൃകയാണ് മൂലാശ്രമമായ ഈഴക്കടവ് ധര്‍മ്മാശ്രമത്തിലും ഇപ്പോള്‍ ചെട്ടികുളങ്ങര സേവാശ്രമത്തിലും പിന്‍തുടരുന്നത്. പ്രതീകങ്ങള്‍ സ്ഥൂലമോ, സൂക്ഷ്മമോ ആകാം. വിഷയങ്ങള്‍ തേടി അലയുന്ന മനസ്സിനെ പ്രതീകങ്ങളിലേക്ക് കേന്ദ്രീകരിച്ച് ഏകാഗ്രപ്പെടുത്തി ഭജിച്ച് മന?സുഖവും ശാന്തിയും നേടാം. ഭക്തിയുടെയും മുക്തിയുടെയും ലാവണ്യം അവിടെ സ്ഫുരിച്ച് പ്രകാശിക്കുന്നു. ത്രിമൂര്‍ത്തീ സങ്കല്പമാണ് വിളക്കിനുള്ളത്. അഖണ്ഡബോധദൈവത്തില്‍ നിന്നും വേര്‍തിരിയുന്ന മൂന്ന് ജ്യോതിര്‍രൂപങ്ങളാണ് ബ്രഹ്മവിഷ്ണുമഹേശ്വരാദി ത്രിമൂര്‍ത്തികള്‍. ശില്പങ്ങളിലും ചിത്രങ്ങളിലും കാണുന്ന ദേവീദേവ സങ്കല്പങ്ങള്‍ കവികളുടേയൊ ശില്പികളുടേയൊ ഭാവനാവിലാസം മാത്രമാണ്. അതിന് സത്യവുമായി ബന്ധമില്ല. പഞ്ചഭൂതങ്ങളുടെ സാത്വികാംശത്തില്‍ നിന്നും പൊന്തിവരുന്ന മനസ്സ് തമോഗുണത്തില്‍ വന്ന് അവസാനിക്കുന്നു. ത്രിഗുണങ്ങള്‍ കലര്‍ന്ന് ഇന്ദ്രിയവിഷയങ്ങളുമായിട്ടാണ് മനസ്സ് സ്പന്ദിച്ചുയരുന്നത്. മനസ്സിന്‍റെ സ്പന്ദനഗതി നിയന്ത്രിച്ച് സത്യത്തോടടുപ്പിക്കുവാനാണ് പ്രതീകങ്ങള്‍ ആവശ്യമായി വരുന്നത്. സത്യം ഇല്ലാത്തിടത്താണ് അന്ധകാരം വീഴുന്നത്. മനസ്സ് സത്യത്തില്‍ നിന്നകലുമ്പോള്‍ അജ്ഞാനം വര്‍ദ്ധിക്കുന്നു. നിലവിളക്ക് ദേവാലയങ്ങളിലായാലും ഭവനങ്ങളിലായാലും നെയ്യോ എണ്ണയോ നിറച്ച് കിഴക്കോട്ടും പടിഞ്ഞാറോട്ടും വടക്കോട്ടും മൂന്ന് തിരിനീട്ടി ദീപം തെളിച്ചാല്‍ ശക്തിയുടെ പൂര്‍ണ്ണ പ്രസരിപ്പുണ്ടാകും. രണ്ടു ദീപനാളങ്ങള്‍ക്ക് പ്രസരിപ്പില്ല. അഞ്ച് തിരി പഞ്ചഭൂത സങ്കല്പംമാണ്. ഏഴ് തിരി സപ്തര്‍ഷി സങ്കല്പത്തിലുള്ള മോക്ഷദീപവും. സൗകര്യം പോലെ ഈ മൂന്ന് സങ്കല്പങ്ങളില്‍ ഒന്ന് സ്വീകരിച്ച് ദീപം തെളിച്ച് ഫലേച്ഛകൂടാതെ ഏകദൈവസങ്കല്പത്തില്‍ ഭജിച്ചാല്‍ ദൈവം കേള്‍ക്കും. ഇഷ്ടദേവതാ സങ്കല്പം ഏതായാലും അത് ബ്രഹ്മപ്രതീകമായിട്ടുവേണം കരുതി സ്തുതിക്കുവാന്‍. ഇതു തന്നെയാണ് സഗുണാരാധനാ സമ്പ്രദായം. ദീപസ്തംഭത്തില്‍ സത്യത്തിന്‍റെയും ധര്‍മ്മത്തിന്‍റെയും കാരുണ്യത്തിന്‍റെയും നീതിബോധത്തിന്‍റെയും ജ്വാലകളാണുള്ളത്. ഋഷിമാരിലൂടെ, പുരുഷാന്തരങ്ങളിലൂടെ കൈമാറിവന്ന ഈ ഭദ്രദീപം കെടുത്തിക്കളയാതെ പാരമ്പര്യം കാത്തുസൂക്ഷിക്കുക. ഓരോ വ്യക്തിയും ഭാരതീയനാകുക. സര്‍വ്വോപരി മനുഷ്യനാകുക.